Image

അതിരുകൾ സൃഷ്ടിക്കപ്പെടുകയും അഴിക്കപ്പെടുകയും ചെയ്യപ്പെടുന്നതിന്റെ സൂത്രം (ദിനസരി-16: ഡോ .സ്വപ്ന.സി.കോമ്പാത്ത്)

Published on 24 August, 2020
അതിരുകൾ സൃഷ്ടിക്കപ്പെടുകയും അഴിക്കപ്പെടുകയും ചെയ്യപ്പെടുന്നതിന്റെ സൂത്രം (ദിനസരി-16: ഡോ .സ്വപ്ന.സി.കോമ്പാത്ത്)
No great mind has ever existed without a touch of madness 
Aristotle

"വിനയപുരസ്സരം ലോകത്തിലെ, സകല ഭ്രാന്തുകൾക്കും ... "എന്ന സമർപ്പണവാചകത്തോടെയാണ് അജിജേഷ് പച്ചാട്ടിന്റെ രണ്ടാമത്തെ നോവലായ അതിരഴിസൂത്രം ആരംഭിക്കുന്നത്.നാരനെല്ലൂർ എന്ന സാങ്കല്പികപ്രദേശവും അതിന്റെ മധ്യത്തിലുള്ള നാരനെല്ലൂർ മലയും അതിനെ ചുറ്റിപ്പറ്റിയുള്ള മിത്തും നാരനെല്ലൂരിലെ ജനജീവിതവും അവരുടെ സങ്കീർണ്ണമായ വിശ്വാസങ്ങളും ഭയങ്ങളും  അവർ അതിജീവിച്ച പ്രതിസന്ധികളും അവരുടെ നന്മയും നേട്ടവും പൊരുതലും ആത്മവീര്യവുമെല്ലാം നമിത്തിന്റെയും അമീറയുടെയും ഔദ്യോഗികയാത്രയുടെയും പ്രണയത്തിന്റെയും പ്രണയഭംഗത്തിന്റെയും പശ്ചാത്തലത്തിൽ ഭംഗിയായി അവതരിപ്പിക്കുന്ന നോവലാണ് അതിരഴി സൂത്രം.

കോർപ്പറേറ്റ് ആധിപത്യം ,ഭരണവർഗ സ്വാർത്ഥത, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അപചയം തുടങ്ങി സമകാലജീവിതത്തെ ദുഃസഹമാക്കുന്ന സാംസ്കാരികപശ്ചാത്തലങ്ങളെയെല്ലാം  ഫാന്റസിയുടെ ഘടകങ്ങൾ ചേർത്ത് മാറ്റുപിടിപ്പിച്ചാണ് നേരുകളുടെ അസ്ഥിവാരങ്ങളിൽ  ഈ ഭാവനാകൊട്ടാരം പടുത്തുയർത്തിയിരിക്കുന്നത്. പ്രാദേശികമായ മിത്തുകളുടെ സഹായത്തോടെ സാധാരണക്കാർ സംരക്ഷിക്കുന്ന അവന്റെ പ്രകൃതിയെ, അവന്റെ ദേശത്തെ ,അവന്റെ സ്വത്വത്തെ കോർപ്പറേറ്റുകളുടെയും അവർക്ക് ഒത്താശ പാടുന്ന ഭരണകൂടത്തിന്റെയും സ്വാർത്ഥതകൾ  കാർന്നുതിന്നുന്നതിന്റെ ചരിത്രമാണ് അതിരഴിസൂത്രം .അനീതിയെ എതിർക്കുവാൻ ധൈര്യം കാണിക്കുന്നവരെ ഭ്രാന്തരായും, തീവ്രവാദികളായും മുദ്രകുത്തുന്ന നമ്മുടെ ഭരണവർഗരാഷ്ട്രീയ കപടത ഒരു ദാക്ഷിണ്യവുമില്ലാതെ വലിച്ചു കീറുന്ന അനുഭവം

"എക്കാലവും രണ്ടു വ്യക്തികളിലൊരാൾ വഞ്ചിക്കുന്നയാളും മറ്റെയാൾ വഞ്ചിക്കപ്പെടുന്നയാളും ആയിരിക്കും. ആയതിനാൽ വഞ്ചിക്കുന്നയാളിൽ വിശ്വസിച്ചു കൊണ്ട് വഞ്ചിക്കപ്പെടുന്നയാൾ കഴിച്ചുകൂട്ടുന്ന ജീവിതത്തെ ഭ്രാന്ത് എന്നു പറയുന്നു " എന്ന നാരനെല്ലൂർ പഴമൊഴിയിലൂടെയാണ് നോവൽ ആരംഭിക്കുന്നത്. ജാതിയും മതവുമല്ലാതെ മനുഷ്യരെപറ്റി പറയാനും കേൾക്കാനുമാഗ്രഹിക്കുന്ന, അന്ധവിശ്വാസത്തേക്കാൾ യുക്തിയിലേക്ക് നമ്മൾ കൂടുതലടുക്കണമെന്ന് ചിന്തിക്കുന്ന , മലയരിയൻ യന്ത്രങ്ങളിൽ നിന്ന് നമ്മുടെ കാടുകളെയും മലകളെയും രക്ഷിക്കണമെന്ന ദൃഢപ്രതിജ്ഞയുള്ള, നന്മക്ക് വേണ്ടി നാവുയർത്തുന്നവരെ ഭ്രാന്തരായി മുദ്രകുത്തുന്ന സാമൂഹ്യനീതിയെ എതിർക്കുന്ന ,ഫ്രീ ഫ്രീ മൈൻഡ് ഫ്രീ ഫ്രീ ഫ്രീ എന്ന് ഉച്ചത്തിൽ വിളിച്ചു പറയുന്ന ഒരാഖ്യാതാവിന്റ അടുക്കും ചിട്ടയുമുള്ള മാനസിക വിചാരങ്ങളാണ് അതിരഴിസൂത്രം.

അനീതി മഴപോലെ പെയ്യുമ്പോൾ മൗനം കുറ്റകരമാണെന്ന് വിളിച്ചു പറയുന്ന രചനയെന്ന് പ്രസാധകരായ മാതൃഭൂമി ബുക്സ് അവകാശപ്പെടുന്ന ഈ കൃതി അജിജേഷ് പച്ചാട്ടിന്റെ രണ്ടാമത്തെ നോവലാണ്. കഥാകൃത്തെന്ന നിലയിൽ മലയാള സാഹിത്യത്തിൽ സ്വന്തമായൊരിടമുറപ്പിച്ച അജിജേഷിന് നോവൽ സാഹിത്യത്തിൽ ഇനിയും ദീർഘദൂരം സഞ്ചരിക്കാനാവും. ചതിയും വഞ്ചനയും സ്വാർത്ഥതയും ആധിപത്യം ചെലുത്തുന്ന ലോകത്ത് ആണും പെണ്ണും അവരുടെ ജൈവികതയെ വെല്ലുവിളിച്ചുകൊണ്ട് ,അവരുടെ ലിംഗസ്വത്വത്തെ പോലും ഇല്ലാതാക്കി ഉയരത്തിലേക്ക് മാത്രം ഫോക്കസ് ചെയ്തു നടത്തുന്ന പലായനം  സുനിശ്ചിതമായ ആഴത്തിലേക്കുള്ള പതനമാണെന്ന് പ്രഖ്യാപിക്കുന്ന കൃതിയാണ്  അതിരഴിസൂത്രം.


അതിരുകൾ സൃഷ്ടിക്കപ്പെടുകയും അഴിക്കപ്പെടുകയും ചെയ്യപ്പെടുന്നതിന്റെ സൂത്രം (ദിനസരി-16: ഡോ .സ്വപ്ന.സി.കോമ്പാത്ത്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക