Image

പിൻവിളി (കവിത: രാജൻ കിണറ്റിങ്കര)

Published on 23 August, 2020
പിൻവിളി (കവിത: രാജൻ കിണറ്റിങ്കര)
ഭർതൃ ഗൃഹത്തിലേക്ക്
യാത്ര തിരിക്കുമ്പോൾ
ഒരു നിമിഷം അവൾ
പിൻതിരിഞ്ഞു
നിന്നപ്പോൾ...
അയൽക്കാർ
അടക്കം പറഞ്ഞു
പിന്നോട്ടാണ് നോട്ടം
ചെക്കൻ്റ ഗതി
പുറകോട്ട് തന്നെ
അമ്മ ശകാരിച്ചു
ശുഭകാര്യത്തിന്
ഇറങ്ങുമ്പോൾ
തിരിഞ്ഞു നിൽക്കാതെ
അച്ഛൻ കോപിച്ചു
നിന്ന് തിരിയാതെ
വേഗം
നടക്കാ അങ്ങട്
കൂടെയുള്ളവർ
ധൃതികൂട്ടി
ഇനിയും വൈകിയാൽ
മുഹൂർത്തം തെറ്റും
നിഴൽ മായാത്ത
ഒരു കൗമാരവും
കളിച്ചു തീരാത്ത
ഒരു ബാല്യവും മാത്രം
മുറ്റത്ത് നിന്ന്
വിങ്ങിപ്പൊട്ടി....
ഇത്ര ധൃതി പിടിച്ച്
എന്തിനാ
ഇപ്പോൾ തന്നെ ??

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക