Image

കാളവണ്ടിപ്പുരാണവും, ക്ഷേത്രനഗരങ്ങളും (ശങ്കര്‍ ഒറ്റപ്പാലം)

Published on 22 August, 2020
കാളവണ്ടിപ്പുരാണവും, ക്ഷേത്രനഗരങ്ങളും (ശങ്കര്‍ ഒറ്റപ്പാലം)
എന്റെ ചെറുപ്പകാലത്ത് വാണിയംകുളം, ഒറ്റപ്പാലം മേഖലകളില്‍ ധാരാളം കാളവണ്ടികള്‍ നിലവിലുണ്ടായിരുന്നു. നാട്ടിന്‍പുറങ്ങളിലെ പലചരക്കു കടകളിലേക്കും മറ്റും ചാക്കുകളില്‍ പലവിധ സാധനങ്ങള്‍ കയറ്റി വന്നിരുന്നത് ഇത്തരം കാളവണ്ടികളിലാണ്.

പണ്ട് ഒറ്റപ്പാലത്ത് അമ്മയുടെ വീടിനടുത്ത് ഒരു “LIPTON” കാളവണ്ടി ഉണ്ടായിരുന്നു. “വേശു” എന്നയാളുടെ ഒരു “ഒറ്റക്കാള”വണ്ടി. (സാധാരണ കാളവണ്ടികള്‍ വലിക്കുന്നത് രണ്ടു കാളകളായിരിക്കും. അപൂര്‍വ്വം “ഒറ്റക്കാള” വലിക്കുന്ന ചെറുതരം വണ്ടികളും അക്കാലത്ത് കണ്ടിട്ടുണ്ട്.) “റ”പോലെ വളഞ്ഞ ഒരു പെട്ടിക്കാളവണ്ടി. ഈ കൂടിന്റെ രണ്ടു വശത്തും “LIPTON” ചായയുടെ പരസ്യ പോസ്റ്ററും ഒട്ടിച്ച് ഭംഗിയാക്കിയിരുന്നു. ഒറ്റപ്പാലം ചുറ്റുവട്ടത്തുളള പ്രദേശങ്ങളില്‍ “LIPTON” ചായപ്പൊടിയുടെ വിതരണം നടത്തിയിരുന്നത് ഈ പ്രസ്തുത വണ്ടി ഉപയോഗിച്ചായിരുന്നു.

വാഹന സൗകര്യങ്ങളൊക്കെ വരുന്നതിനു മുമ്പ് ജനങ്ങള്‍ യാത്രകള്‍ക്കും, ചരക്കുമാറ്റത്തിനുമൊക്കെ ആശ്രയിച്ചിരുന്നത് കൂടുതലായും ഇത്തരം കാളവണ്ടികളെ തന്നെയായിരുന്നു.

1892-ല്‍ സ്വാമി വിവേകാനന്ദ, കേരള സന്ദര്‍ശത്തിനെത്തി. ഷൊര്‍ണ്ണൂര്‍ സ്റ്റേഷനില്‍ വണ്ടിയിറങ്ങിയ ശേഷം പിന്നെ തൃശൂര്‍ക്ക് പോയത് കാളവണ്ടിയിലായിരുന്നു എന്ന് രേഖകള്‍ പറയുന്നു. ഇതില്‍ നിന്നും കാളവണ്ടിയുടെ അന്നത്തെ പ്രാധാന്യം മനസ്സിലാക്കാവുന്നതാണ്.

കാളവണ്ടി യാത്രാ ചരിത്രത്തിന് പാലക്കാടു ഭാഗത്ത് വളരെയേറെ പ്രാധാന്യം ഉണ്ടായിരുന്നു.
150-200 എണ്ണത്തോളമുളള കാളവണ്ടികളുടെ നീണ്ട നിര അരമണി കിലുക്കി, അച്ചുതണ്ട് കുത്താണി കിലുങ്ങി, നാട്ടുമണ്‍പാതയിലെ ചെമ്മണ്‍ പരത്തിയുയര്‍ത്തി കാളകള്‍ നടക്കുകയാണ്. ഈറ്റക്കൂടു കെട്ടിയ വണ്ടികളില്‍ കുടുംബസ്ഥരായ ഉള്‍നാടന്‍ ഗ്രാമീണര്‍. ആരും കൗതുകപൂര്‍വ്വം നോക്കിനിന്നു പോകുന്ന വശ്യദൃശ്യം. ഇത് പാലക്കാട്ടെ കിഴക്കനതിര്‍ത്തി ഗ്രാമങ്ങളിലെ 19-ാം നൂറ്റാണ്ടിന്റെ മധ്യം വരെയുളള ചരിത്ര കാഴ്ചയായിരുന്നു.

പൊള്ളാച്ചി ചന്ത, പഴനി, മധുര, രാമേശ്വരം തീര്‍ത്ഥാടന യാത്ര എന്നിവക്കായി അക്കാലത്ത് പാലക്കാട്ടുകാരുടെ സംഘം ചേര്‍ന്ന യാത്രയാണ് മുകളില്‍ പറഞ്ഞത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൊള്ളാച്ചി ചന്തക്ക് ഇതുപോലെ ആയിരക്കണക്കിന് വണ്ടിക്കൂട്ടങ്ങള്‍ പൊള്ളാച്ചിക്കും, തിരിച്ചും യാത്രയുണ്ടാകും. ഉല്പന്നങ്ങള്‍ വില്ക്കാനും, മേടിച്ചുകൊണ്ടുവരാനുമുളള ആഴ്ചാന്തര യാത്ര. ചൊവ്വാഴ്ച വൈകീട്ട് പുറപ്പെട്ട് ആലത്തൂര്‍, കുനിശ്ശേരി, കൊടുവായൂര്‍, പുതുനഗരം, തത്തമംഗലം, വണ്ടിത്താവളം, മീനാക്ഷിപുരം വഴിയാണ് പ്രധാന പൊള്ളാച്ചി യാത്ര. (കൊല്ലങ്കോട്-കൊഴിഞ്ഞാമ്പാറ വഴിയും പോകാം). വണ്ടികളെല്ലാം വൈകീട്ട് വണ്ടിത്താവളം കവലയില്‍ സംഗമിക്കും കവലയില്‍ വടക്കുഭാഗത്തു ചിറ്റൂര്‍ പാതയിലുളള വലിയ മൈതാനത്ത് കാലികളെ അഴിച്ചുവിട്ട് അടുത്തുളള ഇരട്ടക്കുളത്തില്‍ കുളിപ്പിച്ച് വെള്ളം കൊടുക്കും. ഇവിടെയുളള ഭക്ഷണശാലയില്‍ നിന്നും അത്താഴം കഴിച്ച് താഴെ റാന്തലും കൊളുത്തി വണ്ടി പുറപ്പെടും. വഴി കൊള്ളക്കാരെ ഭയന്നാണ് ഈ സംഘയാത്ര. തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങള്‍ ഇതിന് കുപ്രസിദ്ധമാണ്. കാളകള്‍ നിശ്ശബ്ദമായി ചെമ്മണ്‍പാതയുടെ ഇടതുകര പറ്റി നടക്കും. വണ്ടിക്കാരന്‍ വണ്ടിയില്‍ കിടന്നുറങ്ങും. പുലരെ നാലോടെ പൊള്ളാച്ചി ചന്തയിലെത്തും. അവിടെ തീറ്റയും വെളളവും കൊടുത്ത് കാലികളെ വിശ്രമിക്കാന്‍ വിടും. വണ്ടിക്കാരും, കച്ചവടക്കാരും ക്രയവിക്രയങ്ങളിലേക്കു തിരിയും.
കന്നുപൂട്ടാനാവശ്യമുളള “മൈലാന്‍” കാളകളെ വില്ക്കുന്ന ചന്തയാണ് ബുധന്‍ ചന്ത. വ്യാഴം ചന്തയില്‍ ഉപ്പു മുതല്‍ കര്‍പ്പൂരം വരെ കിട്ടും. വാങ്ങിയ ചരക്കുമായി വ്യാഴാഴ്ച സന്ധ്യക്ക് തിരിച്ച്, വെള്ളിയാഴ്ച നാട്ടില്‍ തിരിച്ചെത്തും.

തീര്‍ത്ഥാടന യാത്രകള്‍ ഒരു പ്രത്യേക ഗ്രാമം കേന്ദ്രീകരിച്ചുളള നിരവധി കുടുംബങ്ങള്‍ ചേര്‍ന്നുളള യാത്രയാണ്. വണ്ടിക്കാരും, വാല്യക്കാരും ഈ യാത്രയില്‍ ഉണ്ടാകും. ഈ യാത്രയുടെ രീതി അല്പം വ്യത്യസ്തമാണ്. ആദ്യ ദിവസം ഏതാണ്ട് മുപ്പതു കിലോമീറ്റര്‍ പിന്നിട്ട് രാത്രി പത്തോടെ വണ്ടിത്താവളത്ത് തമ്പടിക്കും. ഇവിടെ അത്താഴം പാകം ചെയ്യലും, കഴിക്കലും. തുടര്‍ന്ന് ഉറക്കം. രാവിലെ 4 മുതല്‍ 10 വരെ യാത്ര. രാവിലെ 10 മുതല്‍ 4 വരെ വഴിയോര കേന്ദ്ര വിശ്രമം. വീണ്ടും രാത്രി 10 വരെ യാത്ര. തുടര്‍ന്ന് ഏതെങ്കിലും കോവില്‍ മൈതാനത്ത് അത്താഴം, ഉറക്കം. അങ്ങിനെ 3-4 ദിവസം കൊണ്ട് പഴനിയിലെത്തും. അവിടെ സത്രത്തില്‍ 2-3 ദിവസം താമസം, ക്ഷേത്രദര്‍ശനം മുതലായവ. തിരികെ ഇപ്രകാരം 3-4 ദിവസയാത്ര. മധുര, രാമേശ്വരം യാത്രാകാലയളവ് ഇതിനേക്കാള്‍ വളരെ ദൈര്‍ഘ്യമേറിയതാണ്. പക്ഷേ ഈ യാത്രാനുഭവം പലര്‍ക്കും സ്വര്‍ക്ഷീയ കുടുംബയാത്രയായിരുന്നു.

1886-ല്‍ പാലക്കാട്-പൊള്ളാച്ചി-രാമേശ്വരം തീവണ്ടി വന്ന ശേഷം കാളവണ്ടി വഴിയുളള ചരക്ക്-തീര്‍ത്ഥാടന യാത്ര ഗണ്യമായി കുറഞ്ഞു. 1920-30 കാലഘട്ടങ്ങളോടെ ബസ് സര്‍വ്വീസും വന്നതോടെ കാളവണ്ടി യാത്രകള്‍ പിന്നെയും ചുരുങ്ങി ഒറ്റപ്പെട്ട ചരക്കുവണ്ടികള്‍ മാത്രമായി. ടാര്‍ റോഡു വന്ന് മോട്ടോര്‍ വാഹന സൗകര്യം വിപുലമായതോടെ ഈ ചരക്കുകാളവണ്ടികളും നിലച്ചു.
ഇത്രയും പഴയ പാലക്കാടന്‍ കാളവണ്ടി പുരാണം.
ഇന്നിപ്പോള്‍ രാജ്യത്തുടനീളം വീതിയേറിയതും മികച്ച റോഡുകളുമുണ്ട്. വാഹനസൗകര്യങ്ങളും ധാരാളം. ഞാന്‍ നീണ്ട പ്രവാസജീവിതം മതിയാക്കി വന്ന് മുംബൈയിലും, ഒറ്റപ്പാലത്തും കഴിയുന്ന സമയത്ത് മിക്കവാറും പുണ്യക്ഷേത്ര ദര്‍ശനങ്ങളൊക്കെ പതിവാണ്. കോയമ്പത്തൂര്‍ പോകുമ്പോള്‍ “മരുതമലൈ” മുരുക ക്ഷേത്രദര്‍ശനം നടത്താറുണ്ട്. പഴനി-മധുര-രാമേശ്വരം യാത്രകള്‍ അടുത്തിടെയായി ഒന്നു രണ്ടു വട്ടം നടത്തിയിട്ടുണ്ട്. സുഹൃത്തുക്കളോ, സഹോദരങ്ങളോ ഒക്കെയായി നാലുപേര്‍ യാത്രയിലുണ്ടാകും. സ്വന്തം വാഹനത്തില്‍ തന്നെയാണ് യാത്രകള്‍. പുലര്‍ച്ചെ ഒറ്റപ്പാലത്തു നിന്നും പുറപ്പെട്ടാല്‍ വൈകുന്നേരത്തോടെ മധുരയിലെത്താം. ഏതെങ്കിലും ഹോട്ടലില്‍ മുറിയെടുത്ത് അന്നത്തെ രാത്രി മധുരയില്‍ കഴിക്കാം. പിറ്റേന്ന് കാലത്ത് കുളിയെല്ലാം കഴിഞ്ഞ് മധുരമീനാക്ഷി ക്ഷേത്രദര്‍ശനം നടത്താം. ഈ ക്ഷേത്രത്തിന്റെ നിര്‍മ്മിതിയും ഇവിടുത്തെ കൊത്തുപണികളും വളരെ പ്രസിദ്ധമാണ്.

വൈകുന്നേരത്തോടെ വീണ്ടും രാമേശ്വരം ലക്ഷ്യമാക്കി യാത്ര. വിജനമായ്, വിശാലമായി പരന്നുകിടക്കുന്ന ഭൂപ്രദേശങ്ങള്‍. മിതമായ വേഗതയില്‍ ശ്രദ്ധയോടെ, സാവധാനത്തിലുളള ഡ്രൈവിങ്ങ്, പരസ്പരം മാറി, മാറി വാഹനം ഓടിച്ചാല്‍ ആര്‍ക്കും അമിതമായ ക്ഷീണം അനുഭവപ്പെടില്ല. അങ്ങിനെ പിറ്റേന്ന് പുലര്‍ച്ചയോടെ രാമേശ്വരം ക്ഷേത്രസന്നിധിയിലെത്തി. ക്ഷേത്രസമുച്ചയത്തിന്നടുത്തു തന്നെ കാര്‍ പാര്‍ക്കിങ്ങ്. വിശ്രമകേന്ദ്രങ്ങളും ഉണ്ട്. അവിടെ വിശ്രമിച്ച് രാവിലെ കുളിയെല്ലാം കഴിഞ്ഞ ശേഷം ക്ഷേത്രത്തിനടുത്തുളള സമുദ്രത്തില്‍ സ്‌നാനവും, സമുദ്രതീരത്ത് പ്രത്യേകം സജ്ജീകരിച്ചിട്ടുളള സ്ഥലത്ത് ബലിതര്‍പ്പണം, കര്‍മ്മങ്ങളും നടത്താം.
അതിനു ശേഷം ക്ഷേത്രത്തിനകത്തുളള 22 പുണ്യതീര്‍ത്ഥ കിണറുകളിലെ വെള്ളം കോരി തലയിലൊഴിച്ചു കുളിക്കുന്നത് രാമേശ്വരത്തെ പുണ്യമായൊരു ചടങ്ങാണ്. അതിനു ശേഷം ഈറന്‍ മാറിവന്ന ശേഷമാണ് ഭഗവാനെ തൊഴാനായി പോകേണ്ടത്. ക്ഷേത്രദര്‍ശന ശേഷം “ധനുഷ്‌ക്കോടി”യിലേക്ക് പോകാം.
രാമേശ്വരത്തു നിന്നും ഏതാണ്ട് 20 കിലോമീറ്റര്‍ ദൂരം വരും ധനുഷ്‌കോടിയിലെത്താന്‍. രാമേശ്വരത്തോടൊപ്പം ധനുഷ്‌കോടിയും പുണ്യസ്ഥലമായി കരുതുന്നു. പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന “രാമസേതു” ഇവിടെ നിന്നും ആരംഭിക്കപ്പെടുന്നു എന്നും കരുതുന്നു.
1964-ല്‍ ഉണ്ടായ അതിഭീകരമായ കൊടുങ്കാറ്റിലും, കടല്‍ക്ഷോഭത്തിലും, വെള്ളപ്പൊക്കത്തിലും നാമാവശേഷമായി പോയ ഒരു കൊച്ചു നഗരമായിരുന്നു ധനുഷ്‌കോടി. മദിരാശിയില്‍ നിന്നും ധനുഷ്‌കോടി വരെ പണ്ട് തീവണ്ടി ഗതാഗതം ഉണ്ടായിരുന്നു. ഇവിടെ നിന്നും ശ്രീലങ്കയിലേക്ക് Ferry service ഉം ഉണ്ടായിരുന്നു. ധനുഷ്‌കോടിയില്‍ നിന്നും ശ്രീലങ്കയിലേക്ക് കടല്‍മാര്‍ക്ഷം 33 കി.മീ. ദൂരം മാത്രമാണുളളത്. പഴയ പ്രതാപങ്ങളെല്ലാം ഇന്ന് ഓര്‍മ്മകളായി മാത്രം അവശേഷിക്കുന്നു.

ഇന്ന് ധനുഷ്‌കോടി “Ghost Town” എന്ന പേരില്‍ അറിയപ്പെടുന്നു. ചുരുക്കം ചില മുക്കുവ കുടുംബങ്ങള്‍ ഒഴിച്ചാല്‍ ധനുഷ്‌കോടിയില്‍ ഇന്ന് ആള്‍താമസമില്ല. പഴയ റെയില്‍വെ സ്റ്റേഷന്റെയും ചില കെട്ടിടങ്ങളുടെയും കുറെ ഭാഗങ്ങള്‍ ഇപ്പോഴും അവിടവിടെ ഉയര്‍ന്നു നില്‍ക്കുന്നതു കാണാം. കാലത്ത് 6 മുതല്‍ വൈകീട്ട് 6 വരെ മാത്രമേ ഇവിടെ സന്ദര്‍ശകരെ അനുവദിക്കുകയുളളൂ. രാത്രിയുടെ ഏകാന്തതയില്‍ വിജനമായ ഇവിടം പ്രേതനഗരി തന്നെ.

ഞങ്ങള്‍ ധനുഷ്‌കോടി സന്ദര്‍ശനവും കഴിഞ്ഞ് ഉച്ചയോടെ മടക്കയാത്ര ആരംഭിച്ചു. പഴനി ക്ഷേത്രം കൂടെ സന്ദര്‍ശിച്ചു വേണം തിരിച്ച് ഒറ്റപ്പാലത്തേക്ക് മടങ്ങാന്‍. പഴനിയില്‍ എന്റെ ഒരു സുഹൃത്ത് അജയ് കുമാറിന്റെ “Cool Homes” എന്നൊരു റിസോര്‍ട്ട് ഉണ്ട്. അജയ്‌നെ വിളിച്ച് രാത്രി താമസ സൗകര്യം ഏര്‍പ്പാടു ചെയ്തു. രാത്രി 8 മണിയോടെ പഴനിയിലെത്തി റിസോര്‍ട്ടില്‍ വിശ്രമിച്ചു. അജയ് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. അങ്ങിനെ ഭക്ഷണമെല്ലാം കഴിച്ച് ഉറക്കം. കാലത്ത് കുളിയെല്ലാം കഴിഞ്ഞു പഴനി മുരുകന്‍ ക്ഷേത്രസമുച്ചയത്തിന്റെ അടിവാരത്തിലെത്തി, മലകയറ്റം ആരംഭിച്ചു. അങ്ങിനെ പഴനിമല മുകളിലെത്തി. നല്ല തിരക്കുണ്ടായിരുന്നെങ്കിലും മറ്റു ഭക്തരോടൊപ്പം ക്യൂവില്‍ നിന്നു. സാവധാനം മുരുകസന്നിധിയില്‍ എത്തി. ദര്‍ശനം ലഭിച്ചു. പ്രസാദവും വാങ്ങിയശേഷം പുറത്തുകടന്നു. മലമുകളില്‍ നിന്നും നോക്കിയാല്‍ ചുറ്റും പച്ച പിടിച്ച കൃഷിത്തടങ്ങളും, ജലാശയങ്ങളുമെല്ലാം മനോഹരമായ ഒരു കാഴ്ച തന്നെയാണ്. മുകളിലെ ദേവസ്വം കൗണ്ടറില്‍ നിന്നും പഴനി ക്ഷേത്രത്തിലെ മുഖ്യ പ്രസാദമായ പഞ്ചാമൃതവും വാങ്ങി സാവധാനം മലയിറങ്ങി.

തിരിച്ച് റിസോര്‍ട്ടില്‍ എത്തി. ഉച്ച ഭക്ഷണത്തിനു ശേഷം ഒറ്റപ്പാലത്തേക്ക് യാത്ര തിരിച്ചു. അങ്ങിനെ ഒരു നീണ്ട തീര്‍ത്ഥയാത്രയും കഴിഞ്ഞ് രാത്രിയോടെ ഒറ്റപ്പാലത്ത് തറവാട്ടു വീട്ടില്‍ എത്തിച്ചേര്‍ന്നു.


കാളവണ്ടിപ്പുരാണവും, ക്ഷേത്രനഗരങ്ങളും (ശങ്കര്‍ ഒറ്റപ്പാലം)
Join WhatsApp News
SudhirPanikkaveetil 2020-08-22 17:25:58
ഈ വഴിയും ഈ മരത്തണലും പൂവണി മരതക പുൽമെത്തയും കല്പനയെ പുറകോട്ടു ക്ഷണിക്കുന്നു കഴിഞ്ഞ രംഗങ്ങൾ തെളിയുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക