Image

മൗനം (കവിത: ദീപ ബിബീഷ് നായർ (അമ്മു)

Published on 22 August, 2020
മൗനം (കവിത: ദീപ ബിബീഷ് നായർ (അമ്മു)
ഭഞ്ജിക്കുകയീ മൗനത്തെയിനിയെങ്കിലും
ഏറെ വൈകിയിരിക്കുന്നതറിയുക നീ
കാത്തിരിക്കാനാകാതെ ഉരുകിയീ
ഭൂമിയുംകണ്ണുനീർ പൊഴിക്കുന്നിതാർദ്രയായ്

തിമിരക്കാഴ്ചകൾ നിൻ മുന്നിലിതാ
നിറഞ്ഞാടുന്നതറിയാതെ പോകയോ
കട്ടപിടിച്ചൊരാ നിണമുതിർന്ന ചേലകൾ
പൊത്തുമാ, വാർത്തകളെത്തുന്നിവിടെയും

അധികാരദണ്ഡുകൾ ചെളി വാരുന്നിവിടെ
അന്യോന്യമെറിയുന്നതൊന്നുമാത്രം
മതവിദ്വേഷവിത്തുകൾ വിതറിയൊരു കൂട്ടർ
മനുഷ്യരെയകറ്റുന്നൊരു മതിൽ കെട്ടുന്നു

നീതി തേടി നാമലയുന്നു ചുറ്റിലും
തെരുവുകൾ യുദ്ധക്കളമാകുന്നിവിടെയും
ഇരുട്ടുവഴികളിൽ ഒളിച്ചിരിക്കുന്നു മരണവും
മരുപ്പച്ചതേടിയലയുന്നു മനുഷ്യരും

മഹാമാരിയും, വ്യാധിയും കുരുക്കുന്നു
മുറുക്കുന്നു മരണത്തിൻ പാശവും
മുറവിളി കൂട്ടുന്നനാഥരെപ്പോലെ നാം
മറുതീരമണയാനായ് നോക്കുന്നു ചുറ്റിലും

ഇനിയുമിവിടെയുണ്ടോ ഒരു ജീവിതം
ഇനിയുമുണ്ടോ ശുഭദമാം വാർത്തകൾ
ഇന്ന് കണ്ടു മടുത്തൊരാ കാഴ്ചകൾ
ഇനിയുമവശേഷിപ്പൂ ബാക്കിയായ്......


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക