Image

മണ്ണിലെ ദൈവങ്ങൾ (കഥ: സുഗുണ സന്തോഷ്)

Published on 22 August, 2020
മണ്ണിലെ ദൈവങ്ങൾ (കഥ: സുഗുണ സന്തോഷ്)
പകലിന്റെ തിരി താഴ്ത്തി സന്ധ്യ മൗനമായിക്കടന്നു വന്നു.കാത്തിരിപ്പിന്റെ കയ്പ്പുനീരീറക്കി വീണ്ടും അവൾ ആ മൊബൈലൊന്ന് എടുത്തു നോക്കി ഇല്ല, ആരും വിളിച്ചിട്ടില്ല.ഉണ്ണി വയറുകൾ രണ്ടും പട്ടിണിയിലായിട്ട് ദിവസം കുറേയായി.  റേഷനരിച്ചോറ്, കഞ്ഞിയായി, ചതച്ചു മുളകുപൊടി തടവിയ പച്ചമാങ്ങയായി, ചുട്ടചക്കക്കുരുവായി, ഉണ്ടായിരുന്ന രണ്ടച്ച് ശർക്കരയും പൊടിച്ചിട്ട് പാനകം പോലെ കൊടുത്തു. ഇനിയും ഇവർ വിശന്ന് കരയുമ്പോൾഎന്ത്  കൊടുക്കും. മൂന്നും, അഞ്ചും വയസായ പിഞ്ചു മക്കൾ നല്ല ഉറക്കമാണ്. നിറഞ്ഞ വയറുമായിട്ടല്ല. പട്ടിണിയുടെ രേഖ തെളിഞ്ഞ് വീണ് കിടപ്പുണ്ടാവയറുകളിൽ. ചെറിയവൾക്ക് നല്ല പനിയും ഉണ്ട്. അവൾ കണ്ണുകൾ തുടച്ചു. പല പ്രമാണികളും തുടർച്ചയായി ഒച്ചപ്പാടുണ്ടാക്കിക്കൊണ്ടിരുന്ന ഫോൺ ഇപ്പോൾ ഏകദേശം മരിച്ചമട്ടാണ്. വിയർപ്പിന്റെയും, സിഗരറ്റിന്റേയും, മദ്യത്തിന്റെയും ഒക്കെ മണമായിരുന്നു എപ്പൊഴും തന്റെ ദേഹത്തിന്. ഇപ്പൊഴതില്ല. അവൾ സ്വയം അവളെയൊന്ന് വിലയിരുത്തി.

വേശ്യാവൃത്തി ജീവിതമാർഗ്ഗമായി തിരഞ്ഞെടുത്തതിൽ പിന്നെ ഇങ്ങനെ ഒരവസ്ഥ ഉണ്ടായിട്ടില്ല.ഒരുപാട് തവണ പോലീസ് സ്റ്റേഷനിൽ കയറേണ്ടി വന്നപ്പൊഴും ഇറക്കിക്കൊണ്ടുവരാൻ ആളുണ്ടായിരുന്നു.ഈ ഫോണിലേക്ക് റീചാർജ്ജ് ചെയ്യാനും, വിളിക്കാനും എത്രയോ പേരുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ?

അവൾ മില്ല് മുതലാളി രാഘവന്റെ ഫോണിലേക്ക് വിളിച്ചു. ഒരൊറ്റ റിങ്ങിൽ അയാൾ ഫോൺ  കട്ട് ചെയ്തു. പലതവണ തന്റെ ശരീരത്തിലൂടെ ഇഴയുമ്പോഴും അയാൾ പറഞ്ഞതവൾ ഓർത്തു.

"നിനക്ക് ഞാനില്ലെ പെണ്ണെ? നിന്റെ ഈ ഭ്രാന്തുപിടിപ്പിക്കുന്ന സൗന്ദര്യത്തിന് എന്തു നൽകിയാലും അധികമാവില്ല. ഞാനിവിടെ വന്നുപോവുമ്പോൾ നിനക്കൊരു കുറവും ഉണ്ടാവില്ല"

അയാൾ പറഞ്ഞത് ശരിയാണ് അയാളിപ്പോൾ വന്നുപോകുന്നില്ലല്ലോ. അയാളുടെ മുഖമോർത്തപ്പോൾ അവൾക്ക് വെറുപ്പ് തോന്നി. പെട്ടെന്നാണ് ടാക്സി ഡ്രൈവറുടെ കാര്യം ഓർത്തത്. കൂടെ കിടക്കുമ്പോൾ മറ്റുള്ളവരെപ്പോലെ ഭംഗിവാക്കുകളൊന്നും  പറയില്ലെങ്കിലും പറഞ്ഞ കാശ് തരും.ഇടയ്ക്ക് തനിക്കുള്ള  ഇരയുമായും വരാറുണ്ട്.

"ചേട്ടാ, മിനിയാണ്"

"ങാ, പറയൂ, അയ്യോ ഇപ്പൊ ഓട്ടം വരാൻ പറ്റില്ലല്ലോ. "

"ചേട്ടാ മക്കൾ പട്ടിണിയാണ്. "

അവൾ ധൃതിയിൽ പറഞ്ഞു.

"ങാ, മനസിലായി... ഇപ്പോൾ ഓട്ടം പോവില്ല ചേട്ടാ, നാടൊട്ട്ക്ക് ലോക്ഡൗൺ ആണ്. വാഹനങ്ങൾ  ഒന്നും ഓടില്ല.പുറത്തിറങ്ങിയാൽ പോലീസാണ് ഒരു രക്ഷയുമില്ല."

അടുത്ത് അയാളുടെ കുടുംബമുണ്ട്, ആ സംസാരത്തിൽ നിന്ന് അവൾക്കത് മനസിലായി.

വിശ്വസിച്ച് സ്വന്തം കുടുംബത്തെ മറന്ന് ഒരുത്തന്റെ കൂടെ ഇറങ്ങി വന്നതാണ്. കടുത്ത വർണ്ണങ്ങളിൽ ചാലിച്ച സ്വപ്നങ്ങൾ തുടക്കത്തിൽ തന്നെ കണ്ണുനീർ വീണ് ഇളകിയൊഴുകാൻ തുടങ്ങിയിരുന്നു.എന്നും ദുരിതങ്ങൾ മാത്രം സമ്മാനിച്ച ദാമ്പത്യ ജീവിതം. മദ്യപിച്ച് വീട്ടിലെത്തുമ്പോൾ കൂടെ ആരെങ്കിലും കാണും. വെറുമൊരു കുപ്പി മദ്യത്തിന്റെ വിലയായിരുന്നു അയാൾക്ക് തന്റെ സ്ത്രീത്വം എന്ന് മനസിലായിത്തുടങ്ങിയ നാളുകൾ.ആരോടും പരാതി പറയാനില്ലെന്ന് മനസിലായ മനസ് അതുമായി പൊരുത്തപ്പെട്ടു തുടങ്ങി. സ്വന്തം ഭാര്യയെ മറ്റൊരുവനെ ഏൽപ്പിച്ച് മദ്യത്തിന്റെ മയക്കത്തിൽ എല്ലാം മറന്നു ഉറങ്ങുന്ന മനുഷ്യനാണ് മനസിൽ ഭർത്താവ് എന്ന സങ്കൽപ്പം. രാത്രി തന്നിലേക്കു നീളുന്ന പൈശാചികതയുടെ മുദ്രകൾ പകൽ വെളിച്ചത്തിൽ മറയ്ക്കാൻ പോലും ആവാത്തതായി. അത് ചുണ്ടുകളിലും, കവിളുകളിലും,കഴുത്തിലും മാറിലും ഒക്കെ മാറി, മാറി പതിഞ്ഞുകൊണ്ടിരുന്നു. ഇതിനടയിലേക്ക് ദൈവം കടത്തിവിട്ട രണ്ടു ജീവന്റെ പിതൃത്വത്തെ ചൊല്ലിയായിരുന്നു പിന്നീടുള്ള വഴക്കുകൾ. കഴുത്തിൽ കിടക്കുന്ന മഞ്ഞച്ചരടിൽ കോർത്ത താലി ഒരു ഭാരമായി തോന്നിതുടങ്ങിയ നാളുകളിൽ ദൈവം തന്നെ അത് തിരിച്ചെടുത്തു. മദ്യപിച്ച് വരുന്നവഴി ഏതോ വണ്ടിയിടിച്ചിട്ട് നിർത്താതെ പോയതാണ്. ആ റോഡിൽ തന്നെ ശ്വാസം നിലച്ചിരുന്നു.പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെട്ടതായി അന്ന് തോന്നിയില്ല. പകരം ഒരു തരം മരവിപ്പായിരുന്നു.
അന്നും ഇതുപോലെ കുറച്ച് ദിവസം ഒറ്റപ്പെടലിന്റെ വേദനയോടൊപ്പം  പട്ടിണിയും അനുഭവിച്ചു.
കുഞ്ഞു മക്കളെ വിട്ട് ജോലിക്ക് പോകാൻ പറ്റാതെ എന്തുചെയ്യണമെന്ന് ആലോചിച്ചിരിക്കുമ്പോൾ നാട്ടിൽ ഈ തൊഴിലുമായി  അറിയപ്പെടുന്ന ആലീസ് ആണ് ഈ തൊഴിലിലേക്ക് നയിച്ചത്. മുറുക്കി ചുവപ്പിച്ച ചുണ്ടുകളും, മറയില്ലാത്ത ഇടുപ്പും,വയറും, മറയ്ക്കാതെ മറച്ച മാറും എല്ലാം അതുപോലെ താനും പതിയെ പകർത്തുകയായിരുന്നില്ലെ?, അതെ, തന്റെയാ മാറ്റത്തിൽ ഉരുത്തിരിഞ്ഞ ശരീരവും സൗന്ദര്യവും തന്നെയാണ് പെണ്ണിന്റെ ചൂടും, ചൂരും തിരയുന്നവരെ ഇവിടെ എത്തിച്ചത്. തെറ്റും ശരിയും ഒന്നും തിരിച്ചറിയാനാവാത്ത വിധം ആലീസിന്റെ സുഖകരമായ ജീവിതം തന്നെ ഒരു കാന്തിക ശക്തിപോലെ ഈ തൊഴിലിലേക്ക് ഇഴുക്കുകയായിരുന്നു.അല്ലെങ്കിലും ഇനിയെന്ത് പാതിവ്രത്യം. പതിയുള്ളപ്പൊഴേ പലരും പങ്കുവച്ച തനിക്കിനി ആ പേര് ചേരില്ലല്ലോ. അന്നു മുതൽക്ക് താൻ  വെളുത്ത് മെലിഞ്ഞ് സുന്ദരിയാണെന്നും, പെണ്ണഴകിന്റെ കാന്തികശക്തിയാണെന്നുമൊക്കെയുള്ള ഓർമ്മപ്പെടുത്തലുമായി രാത്രികളും, പകലുകളും വന്നും പോയുമിരുന്നു. പലരുടേയും കരവലയത്തിൽ ഒരു പാവയെപ്പോലെ കിടന്നിട്ടുണ്ട്.  കൂര വീട്ടിലെ അരണ്ട വെളിച്ചത്തിൽ സ്വന്തം ശരീരം വിൽപനയ്ക്ക് വക്കുമ്പോൾ, പലരും  ആ മാംസത്തെ തിന്നാതെ തിന്ന് കടന്നുപോകുമ്പോൾ ഇതേ കൂരയിലെ തടുപ്പിന് പിറകിൽ തന്റെ മക്കൾ വിശപ്പറിയാതെ ഉറങ്ങിയിരുന്നു.പക്ഷെ ഇന്ന് ഈ മഹാമാരി ജീവനിൽ നിന്ന് ജീവിനിലേക്ക് ഒരു കാട്ടുതീപോലെ പടരുകയാണ് അണക്കാനാവാതെ നെട്ടോട്ടമോടുന്ന ജനതയും. ഇതിൽ  തന്നെപ്പോലെ ഒന്നും മിണ്ടാനാവാതെ എത്രയെത്ര കുടുംബങ്ങൾ  പട്ടിണിയിലായിക്കാണും.തൊഴിലനുഭവം കൊണ്ട് ഏറ്റവും ഭീകരമായി കേട്ടറിഞ്ഞതും, കണ്ടറിഞ്ഞതും ഐയ്ഡ്സ് എന്ന മഹാരോഗമാണ്. പലരും  ശരീരത്തിന്റെ കിതപ്പടക്കി കടന്നുപോകുമ്പോഴും ഭയന്നതും അതിനെ മാത്രമാണ്. അതിലും വലിയ ദുരന്തങ്ങൾ ഉണ്ട് എന്ന ഓർമ്മപ്പെടുത്തലുമായി കാലം വിളഞ്ഞ് നിൽക്കുമ്പോൾ മനുഷ്യൻ കൊയ്യുന്നത് പട്ടിണിയും, ഭീതിയുമാണിപ്പോൾ.

ചെറിയ മകൾ കുഞ്ഞാറ്റ ഉറക്കത്തിൽ ഒന്ന് ഞെരങ്ങി. എങ്ങാനും എഴുന്നേറ്റ് കരഞ്ഞാലോ എന്ന് ഭയന്ന് അവൾ വേഗം തന്റെ വിരൽ വായിൽ വച്ചുകൊടുത്തു. അതും നുണഞ്ഞ് അവൾ വീണ്ടും ഉറക്കമായി. അവൾ കുറച്ചു നേരം എന്തുചെയ്യണമെന്നറിയാതെ ഇരുന്നു. ഉണങ്ങിക്കരിഞ്ഞ മുല്ലപ്പൂ ആ മുറിയുടെ മൂലയിൽ ചില ഓർമ്മപ്പെടുത്തലുമായി കിടപ്പുണ്ട്. ഒന്ന് രണ്ട് മദ്യക്കുപ്പികളും.
ചുമരിൽ തൂക്കിയിട്ടിരിക്കുന്ന കൊച്ചു കണ്ണാടിക്കുമുന്നിൽ അണിഞ്ഞൊരുങ്ങി നിന്നിട്ട് ദിവസങ്ങളായി.

വീണ്ടും മിനി ഫോണെടുത്തു.

"ബഷീറേ വരുന്നോ??വല്ലതും തന്നാൽ മതി."

"എന്റെ പൊന്നു മിനി ഇതിലേക്ക് വിളിക്കല്ലേ, ഞാൻ വീട്ടിലാണ്. "

എല്ലാവരും വീടുകളിൽ ഒതുങ്ങി. ആർക്കും ഇപ്പോൾ തിരക്കില്ല. ഭീതിയുടെ വാത്മീകങ്ങളിലാണ് എല്ലാവരും. മിനി പലരേയും മാറി, മാറി വിളിച്ചു. അഞ്ചിന്റെ പൈസയില്ല, പുറത്തേയ്ക്കിറങ്ങാനാവില്ല, എന്നൊക്കെയാണ് മറുപടി. ചിലർ ആരാണെന്ന് പോലും അറിയാത്ത മട്ടിലാണ് സംസാരം.

അവൾ പഴയ സാരി കഷ്ണം കൊണ്ട് മറച്ച കർട്ടൻ വകഞ്ഞ് മാറ്റി കൊച്ചു സിമന്റ് ജനലയിലൂടെ ദൂരേയ്ക്ക് നോക്കി. അങ്ങ് ദൂരെ കുടിലിൽ അരണ്ട വെളിച്ചം കാണുന്നുണ്ട്. പതിവുപോലെ അയാൾ ബീഡി വലിക്കുകയാണ്. ഇവിടെ വരുന്നവരുടെ കണെക്കെടുക്കാൻ എന്നും ഉണ്ടാവും ബീഡിയിൽ നിന്ന് ബീഡിയിലേക്ക്  തീ പകർന്ന് ആ തിണ്ണയിൽ. പകൽ വെളിച്ചത്തിൽ കണ്ടാൽ തുറിച്ചു നോക്കും ആ നോട്ടത്തിന് പലപോഴും പല അർത്ഥങ്ങളും, വ്യാഖ്യാനങ്ങളുമാണെന്ന് മിനിയ്ക്ക് തോന്നിയിട്ടുണ്ട്.തന്റെ ജീവിതത്തിലേക്കുള്ള നേർക്കാഴ്ചയാണ് ആ കണ്ണുകൾ. മദ്യപാനിയായ അയാൾ ഭാര്യയെ ചവിട്ടിക്കൊന്നതാണെന്നും പറയുന്നുണ്ട്. ശരിയായിരിക്കാം, മോർച്ചറിയിൽ ശവങ്ങളെ വെട്ടിമുറിച്ചും കൂടെ കഴിഞ്ഞും അയാൾ ഒരു മൃഗമായി മാറിക്കഴിഞ്ഞിരിക്കണം. ഭാര്യ മരിച്ച്, മക്കളുമില്ലാതെ ഒറ്റയ്ക്ക് കഴിയുന്ന അയാൾക്ക് ഏകദേശം അറിയാം ഇവിടെ വന്നു പോകുന്നവരുടെ കണക്ക്. രണ്ട് മൂന്ന് തവണ വന്നുപോകുന്നവർ സമ്മാനിച്ച ജീവനെ നശിപ്പിക്കാനായി ആശുപത്രിയിൽ പോയപ്പോൾ അയാളുടെ  കൺമുന്നിൽപ്പെട്ടിരുന്നു. അയാളെ ഭയക്കേണ്ടതില്ലെങ്കിലും എന്തുകൊണ്ടോ അന്ന് ആ മുഖത്തേയ്ക്ക് നോക്കാനായില്ല.ഭാര്യയെകൊന്നവൻ എന്ന പേരുകൊണ്ടോ, മോർച്ചറി ജോലിക്കാരനായതുകൊണ്ടൊ എന്നറിയില്ല. പക്ഷെ അയാളെ കാണുന്നതു തന്നെ വെറുപ്പാണ് മിനിയ്ക്ക്. എങ്കിലും ഇപ്പോൾ കുട്ടികളുടെ നിലവിളിയും, ബഹളവും അയാളുടെ സ്വൈര്യ ജീവിതത്തെയും ബാധിക്കുന്നുണ്ടാവും.

പെട്ടെന്ന് ഒരു ഫോൺ വന്നു. മിനി ഓടിചെന്ന് ഫോണെടുത്തു. ഇറച്ചിക്കടക്കാരൻ പൗലോസായിരുന്നു.

"എടീ നീയവിടെ എന്തെടുക്കാ?? പെണ്ണുമ്പിള്ള പ്രസവത്തിന് പോയേക്കുവാ, ഇത് നാലമത്തെയാ മൂന്നും അവൾടെ കൂടെ പോയി. നിന്റെ അടുത്തു വരാമെന്ന് ആശ്വസിച്ചിരിക്കുമ്പോഴാ ഈ ദീനവും, മാരണവും ഒക്കെ. നീ സുഖിക്കുന്ന എന്തെങ്കിലും ഒക്കെ പറയ്. ഞാനൊന്ന് ഉറങ്ങട്ടെ."

അയാൾ നന്നായി മദ്യപിച്ചിട്ടുണ്ട്. അവൾമനസുകൊണ്ട് അയാളെ ശപിച്ചു. എങ്കിലും പ്രതീക്ഷ കൈവിട്ടില്ല.

"അത്, ചേട്ടാ, ഞാൻ വിളിക്കാനിരിയ്ക്കായിരുന്നു. ഈ രാത്രി മുഴുവൻ നമുക്ക് സംസാരിക്കാം. പക്ഷെ,"

"എന്നതാടി...ഒരു പക്ഷെ...?"

"ചേട്ടാ, ഒരു നൂറു രൂപ താ ചേട്ടാ,  കഞ്ഞിക്ക് അരി മേടിക്കാനാ. കൊച്ചുങ്ങള് രണ്ടുംപട്ടിണിയാ പനിയും ഉണ്ട്."

"എന്റെ മിനി നീ കഥയൊന്നും അറിഞ്ഞില്ലെ ഇറച്ചി വെട്ടില്ലെടീ, ഇപ്പൊ എല്ലാവരും പച്ചക്കറിയാ കഴിക്കുന്ന് തൊഴിലില്ലാതെ ഞാനെവിടുന്ന് എടുത്ത് തരാനാ? മാത്രമല്ല കൊച്ചിന് സോക്കേടാനും പറഞ്ഞ് നീ  വാങ്ങിച്ച അഞ്ഞൂരൂപ  തരാനുണ്ട്. മറക്കാതെ തന്നേക്കണേ...ഇനിയിപ്പൊ അടുത്തൊന്നും അത് നിന്റടുക്കൽ വന്ന് ഈടാക്കാനൊന്നും കഴിയില്ല. തമ്മിൽ കണ്ടാൽ പകരുന്ന ദീനമാ പെണ്ണെ. നിന്റെ തൊഴിൽ ഇനി നടക്കൂന്ന് തോന്നുന്നില്ല.പിന്നെ അരിയും ഭക്ഷണവും ക്കെ ഇനി വഴിയെ വരൂന്നേ. നീ പേടിക്കാതെടീ,...."

അയാൾ പറഞ്ഞുകൊണ്ടേയിരുന്നു.അവൾ ഫോൺ കട്ട് ചെയ്തു. അയാൾ പറഞ്ഞത് ശരിയാണ്. എല്ലാവരിലും ഒരു പ്രത്യാശയുണ്ട്.ഈ പകർച്ചവ്യാധിക്കപ്പുറം ചില സ്വപ്നങ്ങൾ ഉണ്ട്. പക്ഷെ തന്നെതിരഞ്ഞിനി അടുത്തൊന്നും ആരും വരില്ല. അതുകൊണ്ടുതന്നെ മുഴുപ്പട്ടിണിക്കാരി ഇനി എന്ത് സ്വപ്നം കാണാൻ. കാലിയായ, കാളുന്ന വയറിന് മുകളിലുള്ള മനസിൽ സ്വപ്നങ്ങൾ പൂക്കാറില്ലല്ലോ.അവൾ വീണ്ടും ആ ജനാലയ്ക്കരികിലെത്തി. അയാൾ ആ തിണ്ണയിൽ തന്നെ ഇരിപ്പുണ്ട്. ആർക്ക് ജോലിയില്ലെങ്കിലും ഇയാൾക്ക് ഇപ്പൊഴും തിരക്കുള്ള ജോലിയാണ്. അവൾ വെറുതെ ഓർത്തു.

മക്കളുടെ ചോര ഊറ്റിക്കുടിക്കുന്ന കൊതുകിനെ കൈകൊണ്ടടിച്ച് കൊന്ന് ആ ചാണകം മെഴുകിയ തറയിൽ അവൾ അവരെ പറ്റിചേർന്ന് കിടന്നു.അടുത്തൊന്നും മക്കൾക്കൊപ്പം കിടന്ന രാത്രികൾ... ഓർമ്മയിലില്ല.

"പട്ടിണിയെക്കാൾ നല്ലത് മരണമല്ലെ?" അവൾ സ്വയം ചോദിച്ചു. വിഷം വാങ്ങാൻ പോലും കാശില്ലാത്ത അവസ്ഥ ഇനി മരണത്തെ കുറിച്ച് മാത്രം സ്വപ്നം കാണുന്നതായിരിക്കും നല്ലത്.അവൾ എപ്പൊഴോ അറിയാതെ മയങ്ങി.

ആംബുലൻസിന്റെ ശബ്ദം കേട്ടാണ് ഉണർന്നത് നേരം നന്നെ വെളുത്തിരിക്കുന്നു. നാട് മുഴുവൻ വീട്ടിൽ അടച്ചിരിപ്പാണ്. വണ്ടികൾ ഓടുന്നില്ല. അതുകൊണ്ട് ഇത് ആക്സിഡന്റ് കേസൊന്നും ആയിരിക്കില്ല. പടർന്നു പിടിക്കുന്ന ദീനം തന്നെ.അത് നിയന്ത്രമില്ലാതെ പടരുകയാണെന്ന്  ആ ഭയാനകമായ ശബ്ദം ഓർമ്മപ്പെടുത്തുന്നു. അപ്പൊ തന്റെ ശരീരത്തിന് വിലപറയാൻ അടുത്തൊന്നും ആരും ഈ വഴി വരില്ല. അവൾ തന്റെ അവസ്ഥ ഒന്നുകൂടി ഉറപ്പിച്ചു. മക്കൾ രണ്ടുപേരും കണ്ണു മിഴിക്കുന്നത് തന്നെ വിശന്നു കരഞ്ഞുകൊണ്ടായിരിക്കും. അവൾ എഴുന്നേറ്റു തന്റെ മുടിയൊന്ന് ചുറ്റിക്കെട്ടി.ചെറിയ കണ്ണാടിയിൽ നോക്കി ചുണ്ടിൽ നല്ല കട്ടിയിൽ ചുവപ്പുചായം തേച്ചു. ഒന്നൊരുങ്ങി. തകരവാതിൽ ശബ്ദമുണ്ടാക്കാതെ പതിയെ ചാരി ഇറങ്ങി നടന്നു. പല ചാളപ്പുരയ്ക്കു മുന്നിലൂടെയും, പിന്നിലൂടെയും  നടന്ന് റോഡരുകിലെത്തി. അവിടെമാകെ പോലീസുകാരാണ്.

"എടീ, പോയേ, നിന്റെ തൊഴിലൊന്നും നടക്കില്ല.വലവീശാനിറങ്ങിയേക്കുവാണ് അവള് മനുഷ്യന്റെ കൈയ്ക്ക് പണിയുണ്ടാക്കല്ലേ... വീട്ടിൽ പോവാൻ നോക്ക്"

"അത്, സാറെ..."

"നിന്നോടല്ലെടീ പോവാൻ പറഞ്ഞത്?"

ആ ഗർജ്ജനം കേട്ട് അവൾ തിരികെ നടന്നു. വഴിയിൽ വീണ്ടും അവൾ അയാളെ കണ്ടു. പതിവുപോലെ അയാൾ അവളെ തുറിച്ചു നോക്കി. അവൾ തലതാഴ്ത്തി നടന്നു.ആശുപത്രിയിലേക്ക് പോവുന്ന വഴിയാവും. ദീനം വന്നപ്പോൾ ഇയാൾക്ക് മാത്രം  തിരക്ക് കൂടിക്കാണും. ഈ പകർച്ചവ്യാധിയിൽ ദുരിതം അനുഭവിക്കുന്നവരേയും, പോലീസുകാരേയും, ഡോക്ടർമാരേയും, നഴ്സുമാരേയും ഒക്കെ പത്രത്തിലും, ടിവിയിലും കാണിക്കുന്നു. പക്ഷെ തന്നെപ്പോലെ ശരീരം വിറ്റ് ജീവിക്കുന്നവരെക്കുറിച്ച് ആരെങ്കിലും ഒന്ന് ഓർത്തിരുന്നെങ്കിൽ... അവൾ മനസിൽ അങ്ങിങ്ങായിചിതറി ക്കിടന്നിരുന്ന ചിന്തകൾ ഒരുക്കിക്കൂട്ടി തീകൊടുത്ത് ഊതികത്തിച്ച് വേഗം നടന്നു നീങ്ങി. എന്നും പുന്നാരം പറയാനും,തന്റെ മാംസഭാഗങ്ങളെ അളന്ന് തിട്ടപ്പെടുത്താനും  വഴിയരികിൽ ഇരിക്കാറുള്ള ഒരുത്തനേയും എവിടെയും കാണാനില്ല.അവൾ എത്തുമ്പൊഴേയ്ക്കും മക്കൾ എഴുന്നേറ്റിരുന്നു.ഒരു കട്ടൻചായപോലും കൊടുക്കാനില്ല.ചുടുവെള്ളവും, പച്ചവെള്ളവും കൊണ്ട് കരയുന്ന മക്കളുടെ വിശപ്പടക്കാനാവില്ലെന്ന് മിനിയ്ക്ക് തോന്നിത്തുടങ്ങി. രണ്ടു പേരും സാരിയിൽ തൂങ്ങി കരഞ്ഞ് പിറകേ നടക്കാൻ തുടങ്ങി. രണ്ട് പേരും നന്നെ ക്ഷീണിച്ചിട്ടുണ്ട്.അവളിലെ മാതൃത്വം നിശ്ശബ്ദമായി തേങ്ങി. ആരും ഒന്ന് അന്വേഷിക്കാൻ പോലും വരില്ല. അതിനാൽ ഇപ്പോൾ മരണമാണ് ഏറ്റവും ഉചിതമായ കാര്യം. താനില്ലാത്ത ലോകത്ത് ഈ പെൺകുട്ടികളെ തനിച്ചാക്കാനാവില്ല. എന്തെങ്കിലും ആഹാരം പാകം ചെയ്ത് അവസാനമായി ഒന്ന് വാരികൊടുക്കാൻ കഴിഞ്ഞെങ്കിൽ. അവൾ വെറുതെ കാലി പാത്രങ്ങളിൽ ഒന്നുകൂടി പരതി. ഒന്നും ഇല്ല. ഇന്നത്തെ രാത്രികൊണ്ട് എല്ലാം ആവസാനിപ്പിക്കണം. നേരം സന്ധ്യയോടടുത്തു. മനസിന് വല്ലാത്ത ഭാരം. നാട്ടുപ്രമാണിമാരടക്കമുള്ള എണ്ണംപറഞ്ഞ പകൽമാന്യൻമാരെല്ലാം  നല്ലവരായിരിക്കുന്നു. പലരാത്രികളിലും, കുട്ടികൾക്കുള്ള ഭക്ഷണവും, പലഹാരങ്ങളും ഒക്കെയായി വന്ന് തന്നെ സന്തോഷിപ്പിച്ചിരുന്നവർ തന്നോട് ഒന്ന് മിണ്ടാൻ പോലും തയ്യാറല്ല.

കുട്ടികളുടെ മരണം എങ്ങിനെയെങ്കിലും ഉറപ്പുവരുത്തണം. എന്നിട്ട് താനും....

അവൾ അതോർത്തപ്പോൾ ഒന്ന് ഞെട്ടി. രാത്രികൾ പകലുകളാക്കിയവളുടെ ഇപ്പോഴത്തെ അവസ്ഥയുടെ നടുക്കം നൽകിയ  ഉൾക്കാളലാവാം അത്. കുട്ടികൾ കാലിപാത്രങ്ങൾ നിരത്തി ചോറ് വച്ച് കളിക്കുന്നു. അവൾ ആ മുഖങ്ങളിലേക്കൊന്ന് നോക്കി. പിന്നെ നിറഞ്ഞ കണ്ണുകൾ തുടച്ചു.

പുറത്ത് ആരോ ചുമയ്ക്കുന്ന ശബ്ദം കേൾക്കുന്നു. അവൾ ഓടിചെന്ന് വാതിൽ ഒരു ശബ്ദത്തോടെ തുറന്നു. മുന്നിൽ നിൽക്കുന്നു. ആ പരുക്കനായ മനുഷ്യൻ.അയാൾ മാസ്ക് ധരിച്ചിട്ടുണ്ട്. അവൾ ഒരു നിമിഷം അയാളെ തെറ്റ്ധരിച്ചു. ഒന്നും മനസിലാവാതെ പകച്ച് നിന്നു.

അയാൾ തന്റെ തല മുന്നിലെ മൺതിണ്ണയിൽ ഇരുന്ന സഞ്ചികളിലേക്ക് നീട്ടി. അപ്പൊഴാണ് അവൾ അത് കണ്ടത്. രണ്ടു സഞ്ചി നിറയെ സാധനങ്ങൾ. പച്ചക്കറിയും, പലവ്യഞ്ജനങ്ങളും, പലഹാരങ്ങളും. അവളുടെ കണ്ണുകൾ അയാൾക്കുമുന്നിൽ നിറഞ്ഞ് തിളങ്ങി.അവൾ എന്തെങ്കിലും പറയാനൊരുങ്ങും മുൻപ് അയാൾ ഒന്നും മിണ്ടാതെ തിരിഞ്ഞ് നടന്നു. അവളത് നോക്കി നിന്നു. പെട്ടെന്ന് അയാൾ തിരിഞ്ഞു നിന്നു.

"എല്ലാം കഴുകിയെടുക്ക്, എന്നിട്ട് കുട്ടികൾക്ക് കൊടുത്താൽ മതി. ശവങ്ങൾ വെട്ടിനുറുക്കിയ കൈയ്യാണ്. ആർക്കൊക്കെ ദീനമുണ്ടെന്ന് പറയാനാവില്ല"

അതും പറഞ്ഞ് അയാൾ നടന്നകന്നു.
ഒരുപക്ഷെ അവൾ ആദ്യമായിട്ടായിരിക്കും അയാളുടെ ശബ്ദം കേൾക്കുന്നത്. അവൾ രണ്ടും സഞ്ചിയും എടുത്ത് അകത്തേക്ക് നടന്നു.

സഞ്ചിയിൽ നിന്നും ബിസ്കറ്റ് പൊതിയെടുത്ത് മക്കൾക്ക് നൽകുമ്പോൾ എന്തുകൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പിയിരുന്നു.അതിൽ ഒരെണ്ണം വായിലിട്ട് ചുമരിൽ ചാരിയിരുന്ന് അവൾ വീണ്ടും സ്വയം ഒന്ന് വിലയിരുത്തി. തൊഴിൽ സമ്മാനിച്ച ദേഹത്തെ മുറിവുകൾ എല്ലാം ഉണങ്ങിത്തുടങ്ങിയിരിക്കുന്നു. അയാളിൽ നിന്ന് കേട്ട ആ ശബ്ദം, അത് ദൈവത്തിന്റേതായിരിക്കാം. നന്മ വറ്റാത്ത മണ്ണിലെ പരുക്കനായ ദൈവത്തിന്റെ...അവൾ വെറുതെ ഓർത്തു. സൂര്യൻ മറഞ്ഞെങ്കിലും ഒരു തരി വെട്ടവുമായി ചന്ദ്രൻ മുകളിൽ നിലയുറപ്പിച്ചിരുന്നു.

അങ്ങ് ദൂരെ ആ കൂരയുടെ തിണ്ണയിൽ ഇരുന്ന് ബീഡിക്ക് തീ പകർന്ന് അയാൾ നോക്കുമ്പോൾ ആ വേശ്യയുടെ കുടിലിലെ അടുപ്പിലും പുക ഉയരുന്നുണ്ടായിരുന്നു.


Join WhatsApp News
OruPennu 2020-08-23 10:16:25
"സാഹചര്യങ്ങളുടെ അഭാവമാണ് " പലരുടെയും സദാചാരം- sarasamma
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക