Image

ഓര്‍മ്മകളിലെ അച്ചോയി അപ്പച്ചന്‍ (ഫിന്നി കോര, ഡാലസ്)

Published on 21 August, 2020
ഓര്‍മ്മകളിലെ അച്ചോയി അപ്പച്ചന്‍ (ഫിന്നി കോര, ഡാലസ്)
അച്ചോയി അപ്പച്ചന്‍ എന്നു ഞങ്ങള്‍ ഏറെ സ്‌നേഹത്തോടെ വിളിച്ചിരുന്ന ഡോക്ടര്‍ അച്ചോയി മാത്യൂസ് എന്റെ വല്യമ്മച്ചിയുടെ സഹോദരനായിരുന്നു. ഞാന്‍ ജനിക്കുന്നതിനു വര്‍ഷങ്ങള്‍ക്കു മുമ്പേ അമേരിക്കയിലേക്ക് കുടിയേറിയ തന്റെ അമ്മാവനെക്കുറിച്ച് അമ്മ പറഞ്ഞ അറിവുകളാണ് ആദ്യം ഉണ്ടായിരുന്നത്. കവിത എഴുതുന്ന, നന്നായി പ്രസംഗിക്കുന്ന, മദാമ്മയെ കല്യാണം കഴിച്ച, സുന്ദരനായ ഒരു വലിയ മനുഷ്യന്റെ ചിത്രമായിരുന്നു അമ്മയിലൂടെ പകര്‍ന്നുകിട്ടിയത്. എട്ടോ ഒമ്പതോ വയസ്സുള്ളപ്പോഴാണ് ഞാനാദ്യമായി അദ്ദേഹത്തെ കാണുന്നത്.

കോട്ടയം കളക്‌ട്രേറ്റിലെ സര്‍ക്കാര്‍ ഉദ്യോഗവും, തലപ്പാടി ഐ.പി.സി സഭയിലൂടെ ശുശ്രൂഷയും ചെയ്തുകൊണ്ടിരുന്നപ്പോഴാണ് തുടര്‍ പഠനത്തിനായി അദ്ദേഹം 1961-ല്‍ അമേരിക്കയിലെത്തുന്നത്. ലോംഗ് ഐലന്റ് ബൈബിള്‍ കോളജിലെ ദൈവശാസ്ത്ര പഠനം അദ്ദേഹത്തിന്റെ പഠനസപര്യയ്ക്ക് ആരംഭം കുറിച്ചു. കേരളത്തില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം പില്‍ക്കാലത്ത് അമേരിക്കയില്‍ നിന്നും എം.ബി.എ, ഡോക്ടറേറ്റ് എന്നിവ കരസ്ഥമാക്കി. ജമൈക്കയില്‍ നിന്നും പഠനത്തിനായി എത്തിയ സഹപാഠി കൂടിയായ ടെറ്റാനയെ ജീവിതസഖിയാക്കി. ജമൈക്കയില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയിരുന്ന സ്വീഡീഷ് ദമ്പതികളുടെ പുത്രിയായിരുന്നു ടെറ്റാന. ജാക്ക്, കവിത, പ്രീത എന്നിവരാണ് മക്കള്‍. മലയാള ഭാഷയേയും, സംസ്കാരത്തേയും ഏറെ സ്‌നേഹിച്ചിരുന്ന എഴുത്തുകാരന്‍കൂടിയായ അദ്ദേഹം പ്രിയ പുത്രിക്ക് കവിത എന്ന പേര് നല്‍കി.

നാട്ടില്‍ വരുമ്പോഴെല്ലാം എല്ലാ ബന്ധുക്കളേയും സുഹൃത്തുക്കളേയും സന്ദര്‍ശിക്കുന്ന വ്യക്തിയായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങളുടെ ഭവനത്തിലെ നിത്യ സന്ദര്‍ശകനായിരുന്നു അച്ചോയി അപ്പച്ചന്‍. എന്റെ മാതാവിന്റെ രോഗാവസ്ഥയില്‍ അന്നു ലഭ്യമായിരുന്ന എല്ലാ ചികിത്സയും ലഭ്യമാക്കുവാന്‍ അദ്ദേഹം ഏറെ പരിശ്രമിച്ചിരുന്നു. മരണക്കിടക്കയില്‍ അമ്മയെ സന്ദര്‍ശിച്ചതൊക്കെ മായാത്ത ചിത്രങ്ങളായി നിറഞ്ഞുനില്‍ക്കുന്നു. കേരളത്തില്‍ നിന്നും അമേരിക്കയിലേക്ക് പോകുന്നതിനു മുമ്പെതന്നെ സുവിശേഷവേലയില്‍ ഏറെ സജീവമായിരുന്നു. ഒരിക്കല്‍ അദ്ദേഹവും സുഹൃത്തുക്കളും ചേര്‍ന്നു പാലക്കാട്ടേക്ക് നടത്തിയ സുവിശേഷയാത്രയിലെ ഒരു സംഭവം എന്നോട് പറഞ്ഞത് ഞാനോര്‍ക്കുന്നു.

പാലക്കാട് പരസ്യയോഗവും ലഘുലേഖ വിതരണവുമൊക്കെ നടത്തിക്കഴിഞ്ഞപ്പോള്‍ കൈയ്യില്‍ പണമില്ല. ഭക്ഷണം കഴിച്ചിട്ടു രണ്ടു ദിവസമായി. കൂടെയുള്ള സുഹൃത്തുക്കളും വല്ലാതെ തളര്‍ന്നു. പാലക്കാട് റെയില്‍വേ സ്റ്റേഷനിലെ പൈപ്പില്‍ നിന്നു വെള്ളവും കുടിച്ച് തളര്‍ന്നിരിക്കുമ്പോള്‍ അപരിചിതനായ ഒരു മനുഷ്യന്‍ വന്നു മൂന്നുപേരോടും തന്നോടൊപ്പം വരുവാന്‍ നിര്‍ദേശിച്ചു. അദ്ദേഹം അവരെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി വയര്‍ നിറയെ ഭക്ഷണം വാങ്ങിക്കൊടുത്തു. മൂന്നുപേരും നന്നായി കഴിച്ചു. ഭക്ഷണശേഷം നോക്കുമ്പോള്‍ കൊണ്ടുവന്ന ആളെ കാണാനില്ല. എങ്ങനെ പണം കൊടുക്കും? പകച്ചു നില്‍ക്കുമ്പോഴാണ് കൗണ്ടറില്‍ ഇരുന്ന ആള്‍ പറയുന്നത് "അയാള്‍ നിങ്ങളുടെ കാശ് തന്നിട്ടാണ് പോയത്' എന്ന്. സത്യത്തില്‍ അതൊരു ദൈവദൂതനാണെന്നാണ് അച്ചോയി അച്ചന്‍ എന്നോട് പറഞ്ഞത്.

ഒരിക്കല്‍ കോട്ടയത്ത് ഒരു യോഗത്തില്‍ അദ്ദേഹം പറഞ്ഞ ഒരു ഓര്‍മ്മ: ബാല്യകാലം, ചരിത്രാധ്യാപകന്‍ സൗത്ത് അമേരിക്കന്‍ രാജ്യങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നു. അര്‍ജന്റീനയുടെ തലസ്ഥാനം ബ്യൂണസ് അയേഴ്‌സ്. ആദ്യമായാണ് ഇങ്ങനെയൊരു സ്ഥലത്തേക്കുറിച്ച് കേള്‍ക്കുന്നത്. സ്ഥലനാമ കൗതുകംകൊണ്ട് മനസ്സില്‍ പ്രാര്‍ത്ഥിച്ചു. ദൈവമേ എനിക്ക് ബ്യൂണസ് അയേഴ്‌സില്‍ പോകണം. പില്‍ക്കാലത്ത് ഒരു മിഷണറി പ്രവര്‍ത്തകനായി ആ മഹാ നഗരം സന്ദര്‍ശിക്കുവാന്‍ അവസരം ലഭിച്ചു. നിങ്ങളുടെ ചെറിയ ആഗ്രഹം പോലും ഒരു കേവല കൗതുകം കൊണ്ട് നടത്തുന്ന പ്രാര്‍ത്ഥന പോലും ദൈവം സാധിപ്പിക്കും എന്നതാണ് ജീവിതാനുഭവത്തില്‍ നിന്നുള്ള സന്ദേശമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇംഗ്ലീഷ്- മലയാളം ഭാഷകളില്‍ ഏറെ നിപുണനായിരുന്ന അദ്ദേഹം സാഹിത്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. അനേകര്‍ക്ക് അമേരിക്കന്‍ ഐക്യനാടുകളില്‍ എത്തുവാന്‍ വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തിട്ടുണ്ട്. തങ്ങളുടെ ചെറുപ്പത്തില്‍ ന്യൂയോര്‍ക്കിലെ ഭവനം ഒരു ഹോട്ടലിനു തുല്യമായിരുന്നുവെന്ന് അച്ചോയി അപ്പച്ചന്റെ മക്കള്‍ കുടുംബ സദസ്സുകളില്‍ അഭിമാനത്തോടെ പറയുന്നത് കേട്ടിട്ടുണ്ട്. നാട്ടില്‍ നിന്നും ആദ്യമായി എത്തുന്നവര്‍ക്ക് ജോലിയും പാര്‍പ്പിടവുമൊക്കെ ലഭ്യമാകുന്നതുവരെ കൂടെ താമസിപ്പിക്കുകയും പരിചരിക്കുകയും ചെയ്യുന്നത് ഏരുവര്‍ക്കും ഏറെ താത്പര്യമായിരുന്നു. കുടുംബ ബന്ധങ്ങളില്‍ ഏറെ പ്രാധാന്യം നല്‍കിയ ആളാണ് അപ്പച്ചന്‍. ഞങ്ങളുടെയൊക്കെ മക്കളുടെ ജന്മദിനം പോലും ഓര്‍ത്തിരുന്ന് വിളിച്ച് ആശംസകള്‍ നേരില്‍ പറയുന്ന രീതി അദ്ദേഹത്തിനുണ്ടായിരുന്നു. രണ്ട് ചില്‍ഡ്രന്‍സ് ഹോമുകള്‍ നടത്തിയിരുന്നു. അര്‍ഹരായ നിരവധി ആളുകളെ അദ്ദേഹം സഹായിച്ചുകൊണ്ടിരുന്നു. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും, സുവിശേഷ വിദ്യാഭ്യാസത്തിനും താങ്ങും തണലുമായിരുന്നു.

വ്യക്തിപരമായി അച്ചോയി അപ്പച്ചന്റെ മരണം എനിക്കേറെ സങ്കടകരമാണ്. ഹൃദയത്തോട് ചേര്‍ത്തുവെച്ച ഒരാളുടെ വിയോഗം. 

(ഫിന്നി കോര, ഡാലസ്)

ഓര്‍മ്മകളിലെ അച്ചോയി അപ്പച്ചന്‍ (ഫിന്നി കോര, ഡാലസ്)
ഓര്‍മ്മകളിലെ അച്ചോയി അപ്പച്ചന്‍ (ഫിന്നി കോര, ഡാലസ്)
ഓര്‍മ്മകളിലെ അച്ചോയി അപ്പച്ചന്‍ (ഫിന്നി കോര, ഡാലസ്)
Join WhatsApp News
ThomasTOommen 2020-08-22 00:01:18
Thank you for your touching testimony. Pastor Achoy was a true pioneer. We will miss him very much. Kindly join our special video meeting to reminisce and celebrate his ministry and life hosed by the Pioneer Club next week. Date and Time will be announced. Thomas T Oommen Secretary, Pioneer Club
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക