Image

കുമ്പനാട്ട് ഒരു ഷാജഹാന്‍ ചക്രവര്‍ത്തി : റോസ് മേരി

Published on 20 August, 2020
കുമ്പനാട്ട് ഒരു ഷാജഹാന്‍ ചക്രവര്‍ത്തി : റോസ് മേരി
കാഞ്ഞിരപ്പള്ളിക്കാരി ക്രിസ്ത്യാനിയായ റോസ് മേരി എഴുത്തിന്റെ ലോകത്തെ കാവൽമാലാഖയാണ്. കവിതകളെന്ന പോലെയോ അതിലധികമോ വശ്യമാണ് റോസ് മേരിയുടെ കുറിപ്പുകൾ . മൃദുവും സ്നേഹാതുരവുമായ വാക്കുകൾ കൊണ്ട് മാധുര്യക്കൊട്ടാരമൊരുക്കുന്ന പ്രിയപ്പെട്ട റോസ് മേരിയുടെ എഴുത്ത് ഇ-മലയാളിയിൽ വായിക്കാം..
ആദ്യം കുമ്പനാട്ട് ഒരു ഷാജഹാൻ ചക്രവർത്തി..
ചുറ്റും തിളയ്ക്കുന്ന എരിവെയില്‍. ഒരു ചെറുകാറ്റുപോലും വീശുന്നില്ല. ആ ഉച്ചച്ചൂടിനെ തരിമ്പും വകവെക്കാതെ, മാമ്മച്ചന്‍ അത്യുത്സാഹത്തോടെ, അങ്ങനെ മുന്നോട്ടുനീങ്ങുകയാണ്. പള്ളിയുടെ ചരല്‍മുറ്റം കടന്ന്, തൊട്ടാവാടികള്‍ പടര്‍ന്നു കയറിയ ഒറ്റയടിപ്പാതയും കടന്ന്, ഈ പഹയന്‍ എങ്ങോട്ടാണാവോ വെച്ചുപിടിക്കുന്നത്?
''ഇതൊരു കുറുക്കുവഴിയാണ് കേട്ടോ, ഇതിലേ പോയാല്, നമ്മക്ക് എളുപ്പത്തിലങ്ങെത്താം. കാറുപോകാന്‍ വീതിയൊള്ള വേറൊരു രസ്യന്‍ വഴിയൊണ്ട് ഞാന്‍ സെക്രട്ടറിയായിരുന്നപ്പം വെട്ടിച്ചതാ!'' കുത്തുകല്ലുകള്‍ ചാടിക്കയറി, ചെറിയൊരു സമതലത്തില്‍ എത്തിച്ചേര്‍ന്ന മാമ്മച്ചന്‍ വെളിപ്പെടുത്തി. അവിടെയെത്തിയപ്പോള്‍ അദ്ദേഹം വല്ലാതെ കിതച്ചു
തളര്‍ന്നിരുന്നു. സില്‍ക്കു ജുബ്ബ നനഞ്ഞുകുതിര്‍ന്നു. 
അവിചാരിതമായാണ് അന്നു ഞങ്ങള്‍ മാമ്മച്ചനെ കണ്ടുമുട്ടിയത്. പി.വി. മാമ്മനെന്ന പീടികമുറിയില്‍ മാമ്മന്‍ വര്‍ഗ്ഗീസ്, ഭര്‍ത്താവിന്റെ പഴയകാല സതീര്‍ത്ഥ്യനാണ്. ഒരു സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു 
ഞങ്ങള്‍. ചടങ്ങുകളുടെ അമിതദൈര്‍ഘ്യവും അസഹനീയമായ ചൂടും നിമിത്തം വല്ലവിധേനയും പുറത്തുകടന്ന്, ഒരു കല്‍ത്തറമേല്‍ വിശ്രമിക്കുമ്പോഴാണ്, സാക്ഷാല്‍ മാമ്മച്ചന്‍ കടന്നുവരുന്നത്....
കാലം,മാമ്മച്ചനില്‍, വമ്പിച്ച മാറ്റങ്ങളാണ് വരുത്തിത്തീര്‍ത്തിരിക്കുന്നത്. പണ്ട്, കാറ്റടിച്ചാല്‍ പാറിപ്പോവുന്ന ഒരു ഉണക്കക്കൊഞ്ചിനെപ്പോലെ മെല്ലിച്ചിരുന്ന ആള്‍, തടിച്ചുകൊഴുത്ത് മടക്കുകള്‍ വീണ താടിയും വിസ്തൃതമായ കുടവയറുമൊക്കെയായി ഒരലസജന്മിയുടെ രൂപത്തിലായിരിക്കുന്നു.
മാമ്മച്ചന്‍ പത്തിരുപത്തിരണ്ടു വര്‍ഷം സൗദിയിലായിരുന്നത്രേ. വേണ്ടതിലേറെ സമ്പാദിച്ചുകഴിഞ്ഞു. ഒരു കൂറ്റന്‍ 
മണിമാളികയും പൂന്തോട്ടവും കാവല്‍ക്കാരനും നിരവധി നായ്ക്കളുമൊക്കെയായി, ഒരു ധനാഢ്യനിണങ്ങുംവിധം, ഇപ്പോള്‍ വിശ്രമജീവിതം നയിച്ചുവരുന്നു.
ഏറെക്കാലംകൂടി കണ്ടുമുട്ടിയതിന്റെ അത്ഭുതാഹ്ലാദങ്ങള്‍ ഒന്നടങ്ങിക്കഴിഞ്ഞപ്പോള്‍ സമീപസ്ഥര്‍ കേള്‍ക്കാതിരിക്കാനായി, ശബ്ദം താഴ്ത്തിക്കൊണ്ടങ്ങേര്‍ പറഞ്ഞു: ''ഈ കല്യാണോന്നൊക്കെ പറയുന്നത് എന്തൊരു ബോറന്‍ പരിപാടിയാ! 
നമ്മളു ജനിച്ചപ്പം തൊട്ടിതു വരെ എത്ര ആയിരം കല്യാണങ്ങളുകൂടി! ഈ കെട്ടലും വാഴ്ത്തലും എടപാടുകളുമൊക്കെ എനിക്കിപ്പം സഹിക്കാമ്മേല, വാ, നമ്മക്കൊരിടം വരെ ഒന്നു പോയേച്ചുവരാം! ഞാന്‍ നിങ്ങളെ നല്ല ഒന്നാന്തരമൊരു സ്ഥലത്തു കൂട്ടിക്കൊണ്ടു പോകാം. ഒരു ചെറിയ ജോളീറൈഡ്!''
അതേക്കുറിച്ച് ഒരു പര്യാലോചിക്കാന്‍പോലും സമയം നല്കാതെ, അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ, ഞങ്ങളുടെ കൈയും പിടിച്ചുവലിച്ച് മാമ്മച്ചന്‍ പുറപ്പെട്ടുകഴിഞ്ഞു. തണലില്ലാത്ത വഴികളും ആള്‍നടപ്പില്ലാത്ത പുല്‍പ്രദേശങ്ങളും ചെറുകയറ്റങ്ങളും ഒക്കെക്കൂടി യാത്ര തീരെയും രസകരമായിരുന്നില്ല.
തന്റെ ദേഹഭാരത്തെ തൃണംപോല്‍ ഗണിച്ച്, കിതപ്പുകളെ വിസ്മരിച്ച് ആവേശഭരിതനായിത്തന്നെ മാമ്മച്ചന്‍ മുന്നേറുകയാണ്. ചില്ലറ കാടുപടലങ്ങളും ഉരുളന്‍കല്ലുകളും മണ്‍തിട്ടകളുമൊക്കെ മറികടന്ന് മാമ്മച്ചന്‍ കാട്ടിയ വഴിയേ ഞങ്ങളുമങ്ങനെ കയറിപ്പോവുകയാണ്. നടന്നുനടന്ന് ഒടുക്കം എത്തിച്ചേര്‍ന്നത് ഒരു ശവക്കോട്ടയിലാണ്. ഇതെന്തുകഥ? എനിക്കൊന്നും പിടികിട്ടിയില്ല.
ചെറുതും വലുതുമായ നിരവധി കുഴിമാടങ്ങള്‍ പിന്നിട്ട് മുമ്പോട്ടു പാഞ്ഞ മാമ്മച്ചന്‍, ഒരു കൂറ്റന്‍ മാര്‍ബിള്‍കെട്ടിനു ചുവട്ടില്‍ ഏതാണ്ട് അസ്തപ്രജ്ഞനായി നിന്നുംകൊണ്ടു പറഞ്ഞു:''ഇതാ നമ്മളെത്തിപ്പോയി, ഇവിടം! ഇവിടമാണു ഞാന്‍ പറഞ്ഞ സ്ഥലം!''
കിതപ്പും തളര്‍ച്ചയും നിമിത്തം ഏറെ നേരത്തേക്ക് ഒരു വാക്കുപോലും നേരേ ചൊവ്വേ അങ്ങേര്‍ക്ക് ഉരിയാടാനായില്ല. ഓടിത്തളര്‍ന്ന ഒരാവിയന്ത്രം കണക്കെ, ആളവിടെ കുഴഞ്ഞിരിപ്പായി. കൊടുങ്കാറ്റില്‍പ്പെട്ടു ഛിന്നഭിന്നമായ ഒരു കൂറ്റന്‍ യാനപാത്രം വല്ലപാടും കരയ്ക്കടിഞ്ഞ മാതിരിയുണ്ടായിരുന്നു ആ ഇരിപ്പ്. വിസ്തൃതമായ ആ സാധനത്തിനു ചുവട്ടിലിരുന്ന്, ക്ഷീണമകറ്റിയശേഷം അദ്ദേഹം ഞങ്ങള്‍ക്കു കാര്യങ്ങള്‍ വിശദമാക്കിത്തന്നു.
ഏറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇഹലോകവാസം വെടിഞ്ഞ അപ്പനമ്മമാരോടുള്ള ആദരസൂചകമായി, അവരുടെ കുഴിമാടത്തിന്മേല്‍ പ്രിയ പുത്രന്‍ പടുത്തുയര്‍ത്തിയ കല്ലറയാണത്രേ, ആ മാര്‍ബിള്‍ പ്രസ്ഥാനം, ശരിക്കും കാണേണ്ട ഒരു കാഴ്ചതന്നെയാണത്.
രാജസ്ഥാനില്‍ നിന്നും മാമ്മച്ചന്‍ നേരിട്ടുപോയി വാങ്ങിക്കൊണ്ടുവന്ന മുന്തിയ ഇനം മാര്‍ബിള്‍കൊണ്ടാണ്, അത് തീര്‍ത്തിരിക്കുന്നത്. നെടുനീളത്തില്‍ ഒരു വെണ്ണക്കല്‍ സ്ലാബ്. അതിന്റെ ഒത്ത നടുക്കായി, തുറന്നു വെച്ച ഒരു വേദ
പുസ്തകം. അതില്‍ കൊത്തിവെച്ച വിശുദ്ധവചനങ്ങള്‍. സ്ലാബിന്റെ നാലുകോണിന്മേല്‍ മാര്‍ബിളില്‍ത്തന്നെ തീര്‍ത്ത റോസാപ്പൂക്കളും മുന്തിരിക്കുലകളും.
തലയ്ക്കല്‍ ഇരുവശത്തുമായി ചിറകുവിരിച്ച മാലാഖമാര്‍. അവര്‍ക്കു മേലെ, പൂത്തുലഞ്ഞു നില്ക്കുന്ന ഒരു മാര്‍ബിള്‍ വൃക്ഷം. ചില്ലകളില്‍ പാറുന്ന വെണ്‍പിറാക്കള്‍. കാല്‍ച്ചുവട്ടില്‍ പതിച്ച ബ്രാസ്സ് ഫലകത്തിന്മേല്‍ പീടികമുറിയില്‍ കീവറിച്ചന്റേയും പത്‌നിയുടെയും ജനനമരണത്തീയതികള്‍ ആലേഖനം ചെയ്തിരിക്കുന്നു.
ചുറ്റോടുചുറ്റും ശ്രദ്ധാപൂര്‍വ്വം വെച്ചുപിടിപ്പിച്ച പുല്‍പ്പരപ്പ്. അവിടം കൊണ്ടും തീരുന്നില്ല. പുല്‍മൈതാനത്തിനുചുറ്റും പിത്തളകൊണ്ടു തീര്‍ത്ത ഒരു ചുറ്റുവേലി. ബലിഷ്ഠമായ ആ വേലിച്ചങ്ങലയുടെ സാംഗത്യം മാത്രം എനിക്കു തീരെയും ബോദ്ധ്യമായില്ല.
താന്‍ പണിയിച്ച ആ അനശ്വര സ്മാരകത്തിന്മേല്‍ കയ്യൂന്നിനിന്ന് പോക്കറ്റില്‍ നിന്നും ഒരു സിഗരറ്റെടുത്ത് ആഞ്ഞുവലിച്ചുകൊണ്ട് മാമ്മച്ചന്‍ ഒരു വിശാലമന്ദസ്മിതം പൊഴിച്ചു. എന്നിട്ട് മുഖത്തു തുള്ളിത്തുളുമ്പുന്ന അഭിമാനത്തെ മറച്ചുവെക്കാന്‍ വൃശാശ്രമമെന്നപോല്‍ ഉദാസീനമായൊരു ചുമല്‍വെട്ടലോടെ അദ്ദേഹം പറയുന്നു:
''ഓ, ഇതിനൊത്ത എന്തോന്നു കാര്യമിരിക്കുന്നു! ചത്തുപോയോര്‍ക്കുവേണ്ടി നമ്മള് ഇത്രേമെങ്കിലുമൊക്കെ ചെയ്യണ്ടായോ? നല്ലകാലത്തോളം ഈ ബൂമീല് വാഴണോങ്കില് നമ്മള് അപ്പനപ്പൂപ്പന്മാരെ ബഹുമാനിക്കണമെന്നല്ല്യോ വചനം!''
അതൊന്നുമല്ല പെങ്ങളെ, തമാശ! ഇതിന്റെ പണി നടക്കുന്ന കാലത്ത്, ഓരോ എന്തിരുവന്മാരങ്ങനെ പമ്മിപ്പരതി നടക്കുവാ, എന്റെ മേസ്തിരിമാരെ റാഞ്ചാന്‍! എന്തോത്തിനാ? അവന്മാര്‍ക്കും ഇതുപോലൊന്നു പണീക്കാന്‍! ഞാന്‍ വിടുമോ? അങ്ങുനാഗരുകോവിലിനും അപ്പുറത്തുള്ള ഒരു പട്ടിക്കാട്ടൂന്നു പൊക്കീതാ, ഞാനെവമ്മാരേ! കല്ലറേടെ പാറ്റേണാണെങ്കില് ഞാനമ്മേരിക്കേലൊള്ള അളിയച്ചാരെക്കൊണ്ടു പ്രത്യേകം പറഞ്ഞു വരുത്തീതാ! ഇവിടെങ്ങുമില്ലാത്തൊരു മോഡലു വേണോന്ന് എനിക്കു വെല്ല്യ നിര്‍ബന്ധവാരുന്നു.
പക്ഷെ, ഈ കരേലൊള്ള സകല വന്താനും വരത്തേമൊക്കെ നമ്മടെപ്പോലത്തെ കല്ലറ തട്ടിക്കൂട്ടുവാണേല് പിന്നെ എനിക്കെന്തോന്നു വെല? പിന്നെ ആണാന്നും പറഞ്ഞു നടന്നിട്ടു വെല്ല കാരോമൊണ്ടോ? അതു കൊണ്ടു പണി കഴിയുന്നതുവരെ ഞാന്‍ മേസ്തിരിമാരെ വന്‍ബന്തവസ്സിലുവെച്ചു.
പണിതീര്‍ന്നതും ആ രാത്രിതന്നെ കയ്യോടെ ഞാനവമ്മാരുടെ പണിക്കൂലീം ആയിരം രൂപ സമ്മാനോം വെച്ചുനീട്ടിയേച്ച് കുത്തിനുപിടിച്ച് ഒരു വെരട്ടങ്ങു വെരട്ടി. അതായത്, ഒരു നിമിഷംപോലും ഇനി ഇവിടെങ്ങു കണ്ടുപോകരുതെന്ന്. രായ്ക്കുരാമാനം സ്ഥലം വിട്ടോളണമെന്ന്.
ഇനി ഈ പ്രദേശത്തെങ്ങാനും കണ്ടുപോയാല്, ആരടെയേലും കല്ലറ പണി ഏറ്റെടുത്തന്നെറിഞ്ഞാല്, ഞാനവന്മാരെ 
കാച്ചിക്കളേമെന്ന്! പാവങ്ങള് വെരണ്ടുപോയി. എന്റെ പൊന്നേ, നേരംവെളുക്കാന്‍പോലും നില്ക്കാതെ, ആദ്യം കണ്ട ചരക്കുലോറിയേല്‍ക്കേറി, ഒള്ള ജീവനും കൊണ്ട് അവമ്മാര് അതിര്‍ത്തി കടന്നു!'' തളര്‍ന്നു കുഴയുംവരെ മാമ്മച്ചന്‍ 
ചിരിയോടു ചിരി!
തിരികെ നടക്കുമ്പോള്‍ മുഖത്തു പെട്ടെന്ന് ഗൗരവഭാവം. ''അടുത്ത മാസം അച്ചായന്റെ പത്താം ചരമവാര്‍ഷികമാ. ഒരു വെയ്റ്റിങ് ഷെഡ്ഡു പണിതിടാമെന്ന് ആദ്യം വിചാരിച്ചു. പിന്നെയാലോചിച്ചപ്പഴ്, അതൊക്കെ വെല്ല്യ പബ്ലിസിറ്റിയാവും. 
എനിക്കതൊന്നും തീരെ ഇഷ്ടമല്ല. വലതു കൈകൊണ്ടു ചെയ്യുന്നത് ഇടതുകൈ  അറിയരുതെന്നല്ല്യോ പ്രമാണം. അതുകൊണ്ട് ഇരുചെവി അറിയാതെ ഞാന്‍ വല്ല നിര്‍ദ്ധന യുവതികളുടേം കല്യാണം നടത്തിച്ചേക്കാമെന്നു വിചാരിക്കുവാ.''
മാമ്മച്ചന്റെ പിതൃഭക്തിയെക്കുറിച്ചു കേട്ടപ്പോള്‍ മറ്റു ചങ്ങാതിമാരുടെ മുഖത്ത് അമര്‍ത്തിപ്പിടിച്ച കുസൃതിച്ചിരി. കാര്യങ്ങളുടെ പശ്ചാത്തല വിവരണം കേട്ടപ്പോള്‍ എന്റെ മനസ്സ് ചിരിക്കും. കരച്ചിലിനുമിടയ്ക്കുള്ള അവസ്ഥയിലായി.
മാമ്മച്ചന്റെ പിതാവായ പീടികമുറിയില്‍ കീവറീച്ചന്‍ നിര്‍ദ്ധനനായ ഒരു കൃഷീവലനായിരുന്നു. നാലുപെണ്‍മക്കള്‍ക്കിടയിലെ ഏക ആണ്‍ സന്തതിയായിരുന്നു മാമ്മച്ചന്‍. വളരെയേറെ കഷ്ടപ്പെട്ടും കിടപ്പാടും പണയപ്പെടുത്തിയുമൊക്കെയാണ് അവര്‍ മാമ്മച്ചനെ പഠിപ്പിച്ചത്.
പഠിച്ചുയര്‍ന്ന് ഗള്‍ഫില്‍ എത്തിപ്പെട്ട മാമ്മച്ചന് മെച്ചപ്പെട്ട ഉദ്യോഗം ലഭിച്ചു. പിന്നീടയാള്‍ ഒരു ധനികപുത്രിയെ മാംഗല്യം ചെയ്തു. അധികം വൈകാതെതന്നെ, നമ്മുടെ കഥാപുരുഷന്‍, തന്റെ വൃദ്ധമാതാപിതാക്കളെയും സഹോദരിമാരെയുമൊക്കെ മറന്നുതുടങ്ങി. അവധിക്കു നാട്ടില്‍ വരവുതന്നെ വളരെ അപൂര്‍വ്വമായി.
വളരെ പാടുപെട്ടാണ് കീവറീച്ചനും കുടുംബവും ശിഷ്ടജീവിതം തള്ളിനീക്കിയത്. തികച്ചും നിരാലംബവും ദയനീയവുമായ അന്ത്യം. അപ്പനമ്മമാര്‍ മണ്ണോടുമണ്ണടിഞ്ഞ്, ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞു നാട്ടിലെത്തിയ മാമ്മച്ചന്‍ പഴയ വീടിന്റെ സ്ഥാനത്ത് ഒരു രമ്യഹര്‍മ്മ്യം തീര്‍പ്പിച്ചു. 
അടയാളമായി, കേവലമൊരു മരക്കുരിശു മാത്രം നാട്ടപ്പെട്ടിരുന്ന അവരുടെ കുഴിമാടത്തിന്റെ സ്ഥാനത്തു ലക്ഷങ്ങള്‍ ചെലവിട്ട് തന്റെ പ്രൗഢിക്കിണങ്ങും വിധത്തില്‍ കമനീയമായ ഒരു കല്ലറയും പണിതുയര്‍ത്തി. എന്നിട്ട് അത്യാവശ്യം 
പൊതുക്കാര്യങ്ങളിലൊക്കെ ഇടപെട്ട് ആത്മസംതൃപ്തി തുളുമ്പുന്ന ഒരു നിറചിരിയോടെ അങ്ങനെ ജീവിച്ചു വാഴുന്നു.
പണ്ടുപണ്ട്, ഒരു ഷാജഹാന്‍ ചക്രവര്‍ത്തിയുണ്ടായിരുന്നു നമുക്ക്; പ്രിയപത്‌നിക്കു സ്മാരകം തീര്‍ക്കുവാനായി സമര്‍ഖണ്ഡില്‍നിന്നാണ് അദ്ദേഹം ശില്പികളെ കൊണ്ടുവന്നത്. ഒടുക്കം, അപൂര്‍വ്വമനോജ്ഞമായ ആ വെണ്ണക്കല്‍ക്കുടീരം പണിതുതീര്‍ന്നപ്പോള്‍ ഇനി അത്തരമൊരു സൗധം മറ്റൊരിടത്തും തലപൊക്കരുത് എന്ന ഉദ്ദേശ്യത്തോടെ, ചക്രവര്‍ത്തി, ആ രാജശില്പികളുടെ കരഛേദം നടത്താന്‍ കല്പനയായത്രേ.
അതീവ ശോചനീയമായിരുന്നു ചക്രവര്‍ത്തിയുടെ അന്ത്യം. പുത്രന്‍ ഔറംഗസേബിനാല്‍ തടവിലാക്കപ്പെട്ട അദ്ദേഹം, കാരാഗൃഹത്തിന്റെ അഴികള്‍ക്കിടയിലൂടെ, അങ്ങകലെക്കാണായ താജ്മഹലിനെ നോക്കി നോക്കി തകര്‍ന്ന ഹൃദയത്തോടെ അന്ത്യനാളുകള്‍ ചെലവഴിച്ചത് പുസ്തകത്താളുകളിലൂടെ നമ്മള്‍ വായിച്ചറിഞ്ഞതാണല്ലോ...
ചരിത്രം ആവര്‍ത്തിച്ചേക്കുമോ? 
ദൈവമേ, അന്ത്യനാളുകളില്‍ നമ്മുടെ പീടികമുറിയില്‍ മാമ്മച്ചനും കാരാഗൃഹവാസമായിരിക്കുമോ, ജീവിതം വെച്ചുനീട്ടുന്നത്? 
പുത്രന്മാരില്‍ ആരെങ്കിലുമൊരാള്‍ അദ്ദേഹത്തെ വല്ല തൊഴുത്തിന്റെ പിന്നാമ്പുറത്തോ വിറകുപുരയുടെ ചായ്പിലോ മറ്റോ ബന്ധനസ്ഥനാക്കിയേക്കുമോ? 
വെണ്ണക്കല്ലില്‍ പടുത്തുയര്‍ത്തിയ ആ ശവകുടീരവും നേക്കിയിരുന്നാവുമോ, ഇദ്ദേഹത്തിന്റെയും അന്ത്യം? 
നേരിയ ഉള്‍ക്കിടിലത്തോടെ ഞാനാലോചിച്ചുപോകുന്നു....
കുമ്പനാട്ട് ഒരു ഷാജഹാന്‍ ചക്രവര്‍ത്തി : റോസ് മേരി
Join WhatsApp News
2020-08-20 18:21:46
കവിതയിലായാലും കഥയിലായാലും റോസ്‌മരിയുടെ വാക്കുകൾ ചേക്കേറുന്നത് സുഖശീതളമായ പച്ചമരക്കൊമ്പുകളിലാണ്. ഈമലയാളിയിൽ കണ്ടതിൽ സന്തോഷം, സ്വാഗതം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക