Image

ശിപായിക്കോട്ട് (ചെറുകഥ: സാംജീവ്)

സാംജീവ് Published on 20 August, 2020
ശിപായിക്കോട്ട് (ചെറുകഥ: സാംജീവ്)
പല ദശകങ്ങള്‍ക്കു മുമ്പാണ് സംഭവം. തിരുവനന്തപുരം ഗവണ്മെന്റു മോഡല്‍ ഹൈസ്‌ക്കൂളിന്റെ വളപ്പില്‍ പടര്‍ന്നുപന്തലിച്ചു നില്ക്കുന്ന ചക്കരമാവിന്റെ ചുവട്ടില്‍ ഒരു മദ്ധ്യാഹ്നത്തില്‍ പതിവുപോലെ സതീര്‍ത്ഥ്യര്‍ കൂട്ടം കൂടി. ഞങ്ങള്‍ ഏഴെട്ടു പേരുണ്ട്.
'എന്റെ അച്ഛന്‍ മജിസ്‌ട്രേറ്റാണ്.'
'എന്റെ അച്ഛന്‍ ജഡ്ജിയാണ്.'
'എന്റെ വാപ്പാ ഗവണ്മെന്റു സെക്രട്ടറിയാണ്.'
'എന്റെ പപ്പാ കമ്പനി ഡയറക്ടറാണ്.'
'എന്റെ അച്ഛന്‍ വക്കീലാണ്.'
'നിന്റെ അച്ഛന്‍?' രാമന്‍കുട്ടിയാണു ചോദിച്ചത്. അവന്റെ അച്ഛന്‍ ജില്ലാ കളക്ടറാണ്. രാമന്‍കുട്ടിയുടെ ചോദ്യം എന്നോടാണ്. 
ചോദ്യം എന്നോടല്ല എന്നമട്ടില്‍ ഞാന്‍ ഒരു നിമിഷം നിന്നു. സഹപാഠികളുടെ കണ്ണുകള്‍ എന്റെമേല്‍ പതിഞ്ഞു.
'നിന്റെ അച്ഛന്‍?'
ആരാണ് എന്റെ അച്ഛന്‍?
എന്റെ അച്ഛന്‍ ശിപായിയാണ്; വെറും ശിപായി. ഗവണ്മെന്റു പള്ളിക്കൂടത്തിലെ ശിപായി. വെളുത്ത ശിപായിക്കോട്ടിട്ടു നടക്കുന്ന പള്ളിക്കൂടം ശിപായി.
അതു കളക്ടറുടെ മകനോട് എങ്ങനെ പറയും?
ജഡ്ജിയദ്ദേഹത്തിന്റെ മകനോട് എങ്ങനെ പറയും?
അവരെന്തു വിചാരിക്കും?
ഞാന്‍ തട്ടിവിട്ടു.
'എന്റെ അച്ഛന്‍ ഡോ....ഡോക്ടറാണ്.'
'ഏത് ആശുപത്രിയിലാണ്?'
'അത് നിര്‍മ്മലഗിരി ആശുപത്രിയിലാണ്.'
'എവിടെ?'
'നി....നിര്‍മ്മലഗിരി.'
'അതെവിടെ?'
'നെടു....നെടുമങ്ങാട് അടുത്താണ്.'
'നിനക്കു വിക്കുണ്ടോ?'


ഡോക്ടര്‍ക്കു വെളുത്ത കോട്ടുണ്ട്.
ശിപായിക്കും വെളുത്ത കോട്ടുണ്ട്.
ഡോക്ടറുടെ കോട്ടിനു പ്രൗഢിയുണ്ട്. അതു ധരിച്ചാല്‍ അന്തസ്സു കൂടും. അതിനു തൂവെള്ളനിറമാണ്, മാടപ്രാവിന്റെ നിറം. അത് അധികാരത്തിന്റെ ചിഹ്നമാണ്; സേവനത്തിന്റെയും.
രാജകലയുള്ളവനേ അതു ധരിക്കാന്‍ പറ്റൂ.
ഡാക്കിട്ടര്‍ രാജകലയുള്ളവനാണ്. ഡാക്കിട്ടറേമാന്‍ രാജമാന്യരാജശ്രീയാണ്.

ശിപായിക്കോട്ടും വെളുത്തതുതന്നെ.
പക്ഷേ അതു തൂവെള്ളയാകാന്‍ പാടില്ല.
അതിട്ടുകഴിഞ്ഞാല്‍ നട്ടെല്ല് വളയണം.
നട്ടെല്ലു വളഞ്ഞ പാകത്തിനാണ് അതു തുന്നിയിരിക്കുന്നത്.
മണിയന്‍കാളയുടെ കഴുത്തിനു നുകം.
മണിച്ചേരില്‍ നാറാപിള്ളയ്ക്ക് ശിപായിക്കോട്ട്.

ശിപായി മൂത്താല്‍ ഡഫേദാരാകും.
ഡഫേദാരും ശിപായി തന്നെ. വല്യേമാന്റെ ശിപായി.
ഡഫേദാര്‍ക്ക് കൊമ്പന്‍മീശയുണ്ട്.
അധികാരമുണ്ടെന്നു ഭാവിക്കും.
പക്ഷേ അധികാരമില്ല.
ഡഫേദാരുടെ കൊമ്പന്‍മീശ അടിമത്തത്തിന്റെ കൊമ്പന്‍മീശയാണ്.
ഡഫേദാര്‍ക്ക് വാറും വില്ലയുമുണ്ട്.
വെളുത്ത യൂണിഫോറമുണ്ട്.
വെളുത്ത തൊപ്പിയുണ്ട്.
പത്തിഞ്ചു വീതിയുള്ള ചുവന്ന ക്രോസ്ബല്‍റ്റ് വെളുത്ത കോട്ടിനു മുകളില്‍ ധരിക്കണം. അതില്‍ സ്വര്‍ണ്ണംപോലെ തിളങ്ങുന്ന അശോകസ്തംഭമുണ്ട്.
രാജാവിന്റെ കാലത്ത് ശംഖുമുദ്രയായിരുന്നു
കളക്ടര്‍ യജമാനനു ഡഫേദാരുണ്ട്.
ജഡ്ജി യജമാനനും ഡഫേദാരുണ്ട്.
ഒരിക്കല്‍ അച്ഛനും ഡഫേദാരാകും.

എന്റെ അച്ഛന്‍ വളര്‍ന്നത് രാജാവിന്റെ കാലത്തായിരുന്നു.
അച്ഛന്‍ രാജഭക്തനായിരുന്നു.
രാജഭക്തിയോടുകൂടി അച്ഛന്‍ ഇപ്പോഴും ആ പഴയ നല്ലകാലം ഓര്‍ക്കാറുണ്ട്.
ശിപായി ആയാലെന്ത്?
ശ്രീപത്മനാഭന്റെ നാലുചക്രം മാസാമാസം ലഭിക്കുന്നത് നിസ്സാരമാണോ?
അതിന്റെ വില വേറെയാണ്.

മഹാരാജാവും ഒരുവിധത്തില്‍ ഡഫേദാര്‍ തന്നെ. വൈസ്രോയി സായ്പ്പിന്റെ ഡഫേദാര്‍. വൈസ്രോയിയുടെ ദര്‍ബാറില്‍ മഹാരാജാവ് രാജവേഷം ധരിക്കേണം. കിരീടവും മിന്നിത്തിളങ്ങുന്ന രാജവസ്ത്രവും വേണം. കൈയില്‍ ഉടവാള്‍ പിടിക്കേണം. ആ ഉടവാള്‍ അധികാരത്തിന്റെ ചിഹ്നമല്ല, ദാസ്യത്തിന്റെ ചിഹ്നമാണ്. നുകത്തിന്റെ മാറിയ രൂപമാണ് ഉടവാള്‍. അച്ഛനതില്‍ അമര്‍ഷമുണ്ടായിരുന്നു. 

തിരുവിതാംകൂര്‍ എന്ന മഹാരാജ്യത്തിന്റെ ദേശീയഗാനം അച്ഛന്‍ പാടുന്നതു കേട്ടിട്ടുണ്ട്.. കുളിച്ചുകുറിയിട്ട് പുളിയിലക്കരയന്‍ നേര്യത് ഇരുതോളിലൂടെ വളച്ചിട്ട് അച്ഛന്‍ തിരുവിതാംകൂര്‍ ദേശീയഗാനമാലപിക്കും. അപ്പോള്‍ അച്ഛന്റെ മുഖം ഭക്തിസാന്ദ്രമാകും.
'വഞ്ചിഭൂമി പതേ ചിരം
സഞ്ചിതാഭം ജയിക്കേണം
ദേവദേവന്‍ ഭവാനെന്നും
ദേഹസൗഖ്യം വളര്‍ത്തേണം
ത്വചരിതമെന്നും ഭൂമൌ
വിശ്രുതമായ് വിളങ്ങേണം
താവകമാം കുലം മേല്ക്കുമേല്‍
ശ്രീ വളര്‍ന്നുല്ലസിക്കേണം
മാലകറ്റി ചിരം പ്രജാ
പാലനം ചെയ്തരുളേണം
മര്‍ത്യമനമേതും ഭവല്‍
പത്തനമായ് ഭവിക്കേണം
വഞ്ചിഭൂമി പതേ, ചിരം
സഞ്ചിതാഭം ജയിക്കേണം.'


ജനകീയഭരണം വന്നു. പലതും മാറി. പലതും മാറിയില്ല.
വഞ്ചിഭൂമി മാറി. ജനഗണമന വന്നു.
യജമാനന്മാര്‍ മാറി. ദാസന്മാര്‍ മാറിയില്ല.
ദാസ്യരൂപം മാറിയില്ല.


ഒരിക്കല്‍ എന്റെ അച്ഛന്‍ എന്റെ സ്‌ക്കൂളില്‍ വന്നു.
വെളുത്ത ശിപായിക്കോട്ട് ധരിച്ചാണ് അച്ഛന്‍ വന്നത്.
എനിക്ക് നാണക്കേടായി. ഞാന്‍ തല കുനിച്ചു.
അച്ഛന്റെ പരിചയക്കാര്‍ പലരുണ്ട്, എന്റെ അദ്ധ്യാപകര്‍.

എന്റെ അച്ഛന് എന്നെപ്പറ്റി വലിയ അഭിമാനമാണ്.
ഞാന്‍ സ്‌ക്കൂളില്‍ ഏറ്റവുമധികം മാര്‍ക്ക് വാങ്ങുന്ന കുട്ടിയാണ്. 
കളക്റ്ററുടെ മകന് കണക്കിന് 95 മാര്‍ക്ക്; എനിക്ക് നൂറ്.
അച്ഛന്‍ എങ്ങനെ അഭിമാനിക്കാതിരിക്കും?
അച്ഛന്‍ എന്നെ കൈയ്ക്കുപിടിച്ച് അദ്ധ്യാപകരുടെ മുറിയിലേയ്ക്കു കൊണ്ടുപോയി.
'നാറാപിള്ളയുടെ മകന്‍ മിടുക്കനാ.'
'പയ്യന് കണക്കിനു നൂറില്‍ നൂറു മാര്‍ക്കുണ്ട്.'
'ഞങ്ങള്‍ക്ക് ശ്രീക്കുട്ടനെപ്പറ്റി അഭിമാനമാണ്.'
'അവന്‍ നല്ലനിലയില്‍ വരും.'
അദ്ധ്യാപകരുടെ അഭിപ്രായങ്ങള്‍, അഭിനന്ദനങ്ങള്‍.
ഞാന്‍ ജഡ്ജിയുടെയും കളക്റ്ററുടെയും മക്കളെ കടത്തിവെട്ടിയിരിക്കുന്നു.
എനിക്ക് അഭിമാനം തോന്നി.
അച്ഛന്‍ അഭിമാനംകൊണ്ട് തലയുയര്‍ത്തി നില്ക്കുന്നത് ഞാന്‍ കണ്ടു.


പക്ഷേ അച്ഛന്‍ എന്തിന് സ്‌ക്കൂളില്‍ വന്നു? 
അതും ആ ശിപായിക്കോട്ടുമിട്ട്.
ക്ലാസ്സില്‍വച്ച് കണക്കുസാര്‍ ചോദിച്ചു.
'നാരായണപിള്ള പോയോ?'
ഞാനൊന്നും മിണ്ടിയില്ല. രാമന്‍കുട്ടി ചോദിച്ചു.
'നിന്റെ അച്ഛന്‍ ഡോക്ടറല്ലേ?'
ഞാന്‍ പറഞ്ഞു. 'അതേ.'
'പിന്നെ ആരാണു നാരായണപിള്ള?'
ആ ചോദ്യത്തോടൊപ്പം രാമന്‍കുട്ടി എന്നെ തുറിച്ചുനോക്കി. അവന്റെ കണ്ണുകളള്‍ക്ക് ഇത്രയും മൂര്‍ച്ചയുണ്ടോ? 
എന്റെ മുഖം മ്ലാനമായി. ഞാന്‍ വിളറി. ഞാന്‍ അമീബയെപ്പോലെ ചുരുങ്ങി.
ഞാന്‍ പതുക്കെ പറഞ്ഞു.
'എന്റെ.... എന്റെ.... എന്റെ അയല്‍പക്കത്തുള്ളതാ.'
'നിനക്ക് വിക്കുണ്ടോ?'
പിന്നെ രാമന്‍കുട്ടി ഒന്നും ചോദിച്ചില്ല. 


ഏകദേശം അരനൂറ്റാണ്ട് കഴിഞ്ഞു.
ഇന്നു ഞാന്‍ സര്‍വ്വീസില്‍നിന്നും പെന്‍ഷന്‍പറ്റി പിരിയുകയാണ്.
മുപ്പത്തഞ്ചു കൊല്ലത്തെ എന്റെ സര്‍ക്കാര്‍ ഉദ്യോഗത്തെപ്പറ്റി പലരും നല്ല വാക്കുകള്‍ പറഞ്ഞു. 
'കഴിവുള്ള എഞ്ചിനീയര്‍.'
'സത്യസന്ധന്‍.'
'ഡിപ്പാര്‍ട്ടുമെന്റിന് നഷ്ടം.'
പെട്ടെന്ന് രാമന്‍കുട്ടി സമ്മേളനസ്ഥലത്തേയ്ക്ക് വന്നു. ഇന്ന് രാമന്‍കുട്ടി ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്.
എനിക്കു സന്തോഷമായി.
എന്റെ ഏറ്റവും അടുത്തസഹപാഠി എന്നെ അനുമോദിക്കാന്‍ വന്നല്ലോ.
രാമന്‍കുട്ടി പ്രസംഗം ആരംഭിച്ചു.
'ശ്രീക്കുട്ടനെ എനിക്കറിയാം. 
ഞങ്ങള്‍ സഹപാഠികളായിരുന്നു.
ധനവാനായ ഡാക്ടറുടെ ഏകമകന്‍.
പക്ഷേ ലളിതജീവിതത്തിന്റെ ഉടമയായിരുന്നു ശ്രീക്കുട്ടന്‍.
ശ്രീക്കുട്ടന്‍ ക്ലാസ്സില്‍ വന്നിരുന്ന രൂപം എന്റെ മനസ്സില്‍ ഇപ്പോഴും തങ്ങിനില്ക്കുന്നു.
ഒരേ ഒരു ഷര്‍ട്ട്, ഒരു നിക്കര്‍ മാത്രം.'


ഞാന്‍ വിയര്‍ത്തു.
ഇവിടെ ഞാന്‍ പരാജയപ്പെടുകയാണോ? 
അന്ന് ദശാബ്ദങ്ങള്‍ക്കുമുമ്പ്, ഗവണ്മെന്റു മോഡല്‍ ഹൈസ്‌ക്കൂളില്‍ കണക്കുസാാറിന്റെ ക്ലാസ്സില്‍, രാമന്‍കുട്ടിയുടെ ചോദ്യത്തിനുമുമ്പില്‍ ഞാന്‍ പരാജയപ്പെട്ടു. 
'പിന്നെ ആരാണു നാരായണപിള്ള?'
ചോദ്യം ആവര്‍ത്തിക്കപ്പെടുന്നു. അതെന്റെ ഹൃദയത്തിന്റെ അഗാധതയിലേയ്ക്ക് ഊളിയിട്ടിറങ്ങുന്നു.
ഉത്തരം ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല.
മൗനം പരാജയമാണ്, നിഷേധമാണ്.
ഇല്ല, പരാജയം ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല.


ഞാന്‍ ഇടയ്ക്കുകയറി പറഞ്ഞു. 
'ഞാന്‍ ഡാക്ടറുടെ മകനല്ല. എന്റെ അച്ഛന്‍ ഡാക്ടറായിരുന്നില്ല.'
രാമന്‍കുട്ടി പ്രസംഗം നിറുത്തി, എന്നെ തുറിച്ചുനോക്കി.
50 വര്‍ഷങ്ങള്‍ക്കുമുമ്പ് ശ്രീധരന്‍പിള്ളസാറിന്റെ കണക്കുക്ലാസ്സില്‍ വെച്ച് നോക്കിയ അതേ നോട്ടം. 
അവന്റെ കണ്ണുകള്‍ ശരം പോലെയാണ്.. നൂറു മുനകളുള്ള ശരം.
'അപ്പോള്‍ നീ പറഞ്ഞത് സത്യമായിരുന്നില്ലേ?'
'അല്ല, സത്യമായിരുന്നില്ല. 
എന്റെ അച്ഛന്‍ ശിപായി ആയിരുന്നു. 
'വെളുത്ത മുഷിഞ്ഞ ശിപായിക്കോട്ടിട്ടു നടക്കുന്ന ശിപായി നാരായണപിള്ള.'

രാമന്‍കുട്ടി ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു. അവന്‍ പറഞ്ഞു.
'ശ്രീക്കുട്ടാ, സത്യം എനിക്കറിയാമായിരുന്നു.
അന്നേ അറിയാമായിരുന്നു.
പക്ഷേ, നീ ഇത്രയും വളര്‍ന്നല്ലോ. 
കാലമാണ് ഏറ്റവും നല്ല ഗുരു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക