Image

നഗരരാഷ്ട്രമായ കോറിന്ത് (യാത്രാവിവരണം 10: സാംജീവ്)

Published on 19 August, 2020
നഗരരാഷ്ട്രമായ കോറിന്ത് (യാത്രാവിവരണം 10: സാംജീവ്)
2018 സെപ്റ്റംബർ 13
“പൗലോസിന്റെ കാൽച്ചോടുകളിലൂടെ” എന്നു നാമകരണം ചെയ്യപ്പെട്ട ഞങ്ങളുടെ യാത്രയുടെ നാന്ദികുറിച്ചത് കോറിന്തു പട്ടണമായിരുന്നു. പുരാതനഗ്രീസിലെ വിഖ്യാത നഗരരാഷ്ട്രമായിരുന്ന കോറിന്തു തന്നെ.

ന്യൂയോർക്കിൽ നിന്നും ടർക്കിഷ് എയർലൈനിൽ ഈസ്റ്റാംബൂളിലേയ്ക്കും അവിടെനിന്നും ഏതൻസിലേയ്ക്കുമാണ് യാത്ര ക്രമീകരിച്ചിരുന്നത്. ദീർഘദൂരയാത്രയുടം ക്ഷീണം കലശലായുണ്ടായിരുന്നെങ്കിലും ഏതൻസ് എയർപോർട്ടിൽ നിന്നും നേരെ കൊറിന്തിലേയ്ക്ക് ടൂറിസ്റ്റുബസ്സിലുള്ള യാത്ര തികച്ചും ആകാംക്ഷാഭരിതമായിരുന്നു.

ഭൂമിശാസ്ത്രം

മെഡിറ്ററേനിയൻകടലിന്റെ രണ്ടു ശാഖകളായ കോറിന്തു ഉൾക്കടലിന്റെയും സാറോണിക്ക് ഉൾക്കടലിന്റെയും മദ്ധ്യത്തിൽ ഭൂപടത്തിൽ ഒരു വരമ്പുപോലെ കാണപ്പടുന്ന കരഭാഗമാണ് കോറിന്ത്. ഇംഗ്ലീഷുഭാഷയിൽ ഈ വരമ്പുകളെ ഇസ്തുമസ് (Isthmus) എന്നാണ് വിളിക്കുക. കോറിന്താണ് പെലോപ്പനിസ് ഉപദ്വീപിനെ ഗ്രീസുമായി ബന്ധിപ്പിക്കുന്നത്. രണ്ട് ഉൾക്കടലുകളെയും ബന്ധിപ്പിക്കുന്ന ഒരു കനാൽ നൂറ്റാണ്ടുകളായി ഭരണകർത്താക്കളുടെയും സാങ്കേതികവിദഗ്ദ്ധരുടെയും സ്വപ്നമായിരുന്നു. റോമൻ ചക്രവർത്തിയായിരുന്ന നീറോ കോറിന്തുകനാൽ നിർമ്മിക്കാൻ ഉത്തരവിട്ടിരുന്നു. യഹൂദന്മാരായ ആയിരം അടിമകളാണ് അതിനുവേണ്ടി നിയോഗിക്കപ്പട്ടത്. എന്നാൽ എഡി 1843ൽ മാത്രമാണ് കോറിന്തുകനാൽ സാധിതപ്രായമായത്. 6.4 കിലോമിറ്റർ നീളവും 21.4 മീറ്റർ വീതിയുമുള്ള ഒരു തോടാണ് കോറിന്തുകനാൽ. ചെറു നൌകകൾക്കുമാത്രം കടക്കാൻ വലിപ്പമുള്ള ഒരു കനാൽ ആണത്.

സാറോണിക് ഉൾക്കടലിന്റെ തീരത്തുള്ള ഒരു ചെറിയ റസ്റ്റാറന്റിൽ ആയിരുന്നു ഞങ്ങളുടെ ഉച്ചഭക്ഷണം തയ്യാർ ചെയ്തിരുന്നത്. പൊരിച്ച മെഡിറ്ററേനിയൻ മത്തിയും വിവിധ പഴവർഗ്ഗങ്ങളും അടങ്ങുന്ന ഭക്ഷണം ആസ്വാദ്യകരമായിരുന്നു. സാറോണിക്ക് ഉൾക്കടലിൽ നിന്നുമുള്ള കുളിർകാറ്റ് ഞങ്ങളുടെ യാത്രാക്ഷീണം അകറ്റി.

ചരിത്രം

കോറിന്തിന്റെ ചരിത്രം ക്രിസ്തുവിനുമുമ്പ് അനേക നൂറ്റാണ്ടുകളിലേയ്ക്ക് പരന്നുകിടക്കുന്നു. നഗരാഷ്ട്രങ്ങളായ അഥേനയുടെയും സ്പാർട്ടായുടെയും മദ്ധ്യത്തിലാണ് കോറിന്ത്. സൂര്യപുത്രനായ കോറിന്തോസ് ആണ് കോറിന്തിന്റെ സ്ഥാപകൻ എന്നാണ് ഐതിഹ്യം. ക്രിസ്തുവിന് 730 വർഷം മുമ്പ് 5000 ജനസംഖ്യയുള്ള ഒരു പ്രബല നഗരരാഷ്ട്രമായിത്തീർന്നിരുന്നു കോറിന്ത്. സമ്പത്തുകൊണ്ടും വ്യാപാരംകൊണ്ടും ആഡംബരജീവിതശൈലികൊണ്ടും അഥേനയെ (Athens) വെല്ലുന്ന നഗരരാഷ്ട്രമായിരുന്നു കോറിന്ത്. ഇനി രസകരമായ ഒരുകാര്യം കൂടി പറയട്ടെ. ഗ്രീക്കുഭാഷയിൽ നിന്നും മലയാളത്തിലേയ്ക്കു കുടിയേറിയ ഒരു പദമാണ് ‘കോപ്പ’. പുരാതന കോറിന്തിലെ പടയാളികളുടെ തലക്കോരികയായിരുന്നു കോപ്പ. നമ്മുടെ കോപ്പപ്പാത്രത്തിന്റെ ആകൃതിയായിരുന്നു അതിനുണ്ടായിരുന്നത്.

ഗ്രീസിന്റെ ഏറ്റവും വലിയ സംഭാവന ജനാധിപത്യമെന്ന ആശയമാണല്ലോ. നഗരരാഷ്ട്രങ്ങളിൽ നിന്നുമാണ് ജനാധിപത്യമെന്ന സങ്കല്പം ഉദയം ചെയ്തത്. എന്നാൽ ഇക്കാര്യത്തിൽ അഥേനയുടെ (Athens) മഹത്വം കോറിന്തിന് അവകാശപ്പെടാൻ കഴികയില്ല. ഇടപ്രഭുക്കന്മാരും നാടുവാഴികളും കാലാകാലങ്ങളിൽ കോറിന്ത് ഭരിച്ചിരുന്നു. നഗരരാഷ്ട്രങ്ങൾ തമ്മിലുള്ള കിടമത്സരങ്ങളും യുദ്ധങ്ങളും ഗ്രീസിലെ നഗരരാഷ്ട്രങ്ങളുടെ ശാപമായിരുന്നു. ബിസി 431 മുതൽ 404 വരെ നടന്ന പെലോപ്പനേഷ്യൻ യുദ്ധത്തിലെ പങ്കാളിത്തവും ഭൂമിശാസ്ത്രപരമായ നിർണ്ണായകസ്ഥാനവും നിമിത്തം കോറിന്ത് സമ്പന്നതയിലേയ്ക്കുയർന്നു.

ബിസി 332ൽ അലക്സാണ്ടർ (Alexander  the  great) കോറിന്ത് പിടിച്ചടക്കി. ബിസി 146ൽ ഗ്രീക്കു മേധാവിത്തം അവസാനിപ്പിച്ചുകൊണ്ട് റോമാക്കാർ കോറിന്ത് കീഴ്പെടുത്തി. അവർ കോറിന്ത് എന്ന വിശ്രുതനഗരം അഗ്നിക്കിരയാക്കി. അതിസമ്പന്നമായ കോറിന്തിനെ കൊള്ളയടിച്ച പണം കൊണ്ടാണ് ‘അക്വാ മാർസിയ’ എന്ന റോമൻ ജലവിതരണപദ്ധതി നടപ്പാക്കിയത്. പുരാതന റോമാപുരിക്ക് ശുദ്ധജലം നല്കിയിരുന്ന 11 ജലവാഹിനികൾ (Aqua ducts)  പ്രസിദ്ധങ്ങളാണല്ലോ. അവയിൽ ഏറ്റവും വലുത് 57 മൈൽ ദൈർഘ്യമുള്ള അക്വാ മാർസിയാ ആയിരുന്നു. ബിസി144ൽ ആണ് അതിന്റെ പണി പൂർത്തിയാക്കിയത്. റോമാക്കാർ പുനഃസൃഷ്ടിച്ച കോറിന്തിൽ ജനസംഖ്യയുടെ നല്ല ഭാഗം യഹൂദർ, ഗ്രീക്കുകാർ, റോമാക്കാർ എന്നിവരായിരുന്നു.

അപ്പോളോക്ഷേത്രം, ബീമാ, അക്രോകോറിന്ത്

ഡോറിക്ക് മാതൃകയിലുള്ള അപ്പോളോക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാണ് യാത്രക്കാരുടെ ശ്രദ്ധയാകർഷിക്കുന്ന ഒരു സുപ്രധാന പൗരാണിക അവശിഷ്ടം. ക്ഷേത്രത്തിന്റെ ഭീമാകാരങ്ങളായ 38 തൂണുകളിൽ 7 എണ്ണം ഇന്നും അവശേഷിക്കുന്നു.

ബിസി 44ൽ ബീമാ എന്ന ന്യായാധിപസ്ഥാനം സ്ഥാപിക്കപ്പെട്ടു. ഇന്നത്തെ സുപ്രിംകോടതിക്കു സമാനമായ സ്ഥാപനമായിരുന്നു ബീമാ. ഗല്ലിയോൻ എന്ന ന്യായാധിപനു മുമ്പാകെ അപ്പൊസ്ഥലനായ പൗലോസ് ഹാജരാക്കപ്പെട്ട സംഭവം ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പുരാതന കോറിന്തിനെ സംരക്ഷിച്ചിരുന്ന ഒരു ശിലാഗിരിശൃംഗമായിരുന്നു അക്രോ കൊരിന്ത്. ഗ്രീക്ക് കാമദേവതയായ അഫ്രൊഡൈറ്റിന്റെ ഒരു ക്ഷേത്രം ഇവിടെ സ്ഥിതിചെയ്തിരുന്നു. രണ്ടായിരത്തോളം ദേവദാസികൾ ഈ ക്ഷേത്രത്തിൽ അന്തേവാസികളായിരുന്നു. റോമൻ അധിനിവേശക്കാലത്ത് പണിചെയ്ത കോട്ടകൊത്തളങ്ങളുടെ അവശിഷ്ടങ്ങളാണ് അക്രോകോറിന്തിൽ സഞ്ചാരികളെ ആകർഷിക്കുന്ന ഒരു പ്രധാന കാഴ്ച.

ഒരു തുറമുഖനഗരത്തിൽ കാണുന്ന എല്ലാ അധാർമ്മികതയുടെയും ഈറ്റില്ലമായിരുന്നു കോറിന്ത്. ‘കോറിന്ത്യൻനാരി’ (Corinthian girl) എന്ന പ്രയോഗം അഭിസാരികയുടെ പര്യായപദമായി മാറി. ഗ്രീക്ക് തത്വചിന്തകനായിരുന്ന പ്ലേറ്റോ ആണ് പ്രസ്തുത പദപ്രയോഗത്തിന്റെ ഉപജ്ഞാതാവ്.

ബൈബിളിലെ കോറിന്ത്

അപ്പൊസ്ഥനായ പൗലോസാണ് കോറിന്ത്സഭയുടെ സ്ഥാപകൻ. അഥേനയിൽ (Athens) നിന്നാണ് അദ്ദേഹം കോറിന്തിൽ എത്തിയത്. 18 മാസം കോറിന്തിൽ താമസിച്ചുകൊണ്ട് പൗലോസ് സുവിശേഷഘോഷണത്തിലും സഭാസ്ഥാപനത്തിലും വ്യാപൃതനായിരുനിനു. കോറിന്തിൽ പൗലോസിനു സഹായമായിത്തീർന്നത് അക്വിലാസും പ്രിസ്കില്ലയും എന്ന ദമ്പതിമാരായിരുന്നു. റോമയിലെ യഹൂദപീഡനം മൂലം കോറിന്തിലേയ്ക്കു കുടിയേറിപ്പാർത്ത ഒരു കുടുംബമായിരുന്നത്. കോറിന്തിലെ അഗോറയിൽ (വ്യാപാരസ്ഥലം) വച്ചാണ് പൗലോസ് അവരെ കണ്ടുമുട്ടിയത്.

പൗലോസ് രണ്ട് ലേഖനങ്ങളാണ് കോറിന്തിലെ സഭയ്ക്കെഴുതിയത്. ബൈബിളിലെ പുതിയനിയമത്തിന്റെ ഭാഗമാണ് പ്രസ്തുത ലേഖനങ്ങൾ. എഫെസൊസിൽ നിന്നെഴുതിയതാണ് ആദ്യലേഖനം. മാസിഡോണിയായിൽ നിന്നുമാണ് രണ്ടാമത്തെ ലേഖനം, എഡി 51ൽ. അധാർമ്മികത നിറഞ്ഞ സാഹചര്യത്തിൽ വിശുദ്ധിയിൽ ജീവിക്കണമെന്ന് പൗലോസ് കോറിന്തിലെ വിശ്വാസികളെ നിരന്തരം ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു.

“നിങ്ങൾ ദൈവത്തിന്റെ മന്ദിരമെന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നുവെന്നും അറിയുന്നില്ലയോ?”

ഞങ്ങളുടെ ഹൃസ്വസന്ദർശനത്തിനു ശേഷം പുരാതന കോറിന്തിനോട് യാത്രപറയുമ്പോൾ ഹൃദയത്തിൽ തിങ്ങിനിറഞ്ഞുനിന്നത് അപ്പൊസ്ഥലനായ പൗലോസിന്റെ കോറിന്തിലെ പ്രേഷിതപ്രവർത്തനവും അവിടെ സംജാതമായ കോറിന്തു സഭയുമായിരുന്നു. കഥ പറയുന്ന കല്ലുകളോട് യാത്രപറഞ്ഞിട്ട് ഞങ്ങളുടെ ബസ്സ് അഥേനയിലേയ്ക്ക് യാത്ര തിരിച്ചു.

നഗരരാഷ്ട്രമായ കോറിന്ത് (യാത്രാവിവരണം 10: സാംജീവ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക