Image

ഫ്‌ലോറിഡ ഹില്‍സ്‌ബോറോ കൗണ്ടി ടാക്‌സ് കളകടറായി ടി.കെ. മാത്യു മല്‍സരിക്കുന്നു

Published on 18 August, 2020
ഫ്‌ലോറിഡ ഹില്‍സ്‌ബോറോ കൗണ്ടി ടാക്‌സ് കളകടറായി ടി.കെ. മാത്യു മല്‍സരിക്കുന്നു

ടാമ്പ, ഫ്‌ലോറിഡ: ടാമ്പ ഉള്‍പ്പടെ മൂന്നു നഗരങ്ങളുള്ള ഹില്‍സ്‌ബോറൊ കൗണ്ടിയുടെ ടാക്‌സ് കളക്ടറായി ചെങ്ങന്നൂര്‍ കല്ലിശേരി സ്വദേശി ടി.കെ. മാത്യു മല്‍സരിക്കുന്നു.

ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദങ്ങളുള്ള മാത്യു കുറെ കാലം ടാക്‌സ് കളക്ടറുടെ ഓഫീസില്‍ ജോലി ചെയ്തിട്ടുണ്ട്. അവിടത്തെ കെടുകാര്യസ്ഥതയും അമിത ചെലവുകളുമെല്ലാം നേരിട്ട് അറിയാം. സ്വന്തം ബിസിനസിലേക്കു ചുവടുമാറിയ മാത്യുവിനു ഒരു ഉപഭോക്താവ്, ഈ ഓഫീസില്‍ നിന്നു പ്രതീക്ഷിക്കുന്നതെന്തെന്നും വ്യക്തമായറിയാം. ബിസിനസ് രംഗത്തു നിന്നുള്ളവര്‍ക്കാണു കൂടുതല്‍ കാര്യക്ഷമായി ജനങ്ങള്‍ക്ക് സേവനമെത്തിക്കാനാവുക എന്നും മാത്യു കരുതുന്നു.

1991-ല്‍ അമേരിക്കയിലെത്തിയ മാത്യു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാണ്. പ്രൈമറി ഇല്ലാതെ തന്നെ പാര്‍ട്ടിയും നേതാക്കളും മാത്യുവിനെ എന്‍ഡോഴ്‌സ് ചെയ്തു. രണ്ടു പാര്‍ട്ടികള്‍ക്കും ഏകദേശം തുല്യ ശക്തിയുള്ള സ്ഥലമാണിത്. നിലവിലെ ടാക്‌സ് കളക്ടര്‍ വിരമിക്കുന്നതിനാല്‍ ഇത് ഓപ്പണ്‍ സീറ്റാണെന്ന മെച്ചവുമുണ്ട്. ഡമോക്രാറ്റിക് പ്രൈമറി ഇന്നാണ്. എതിര്‍ സ്ഥാനാര്‍ഥി ആരെന്ന് ഇന്ന് അറിയാം.

ജനങ്ങള്‍ക്ക് ഉയര്‍ന്ന ജീവിതനിലവാരം ഉറപ്പാക്കാന്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ തല്പരനാണെന്ന് മാത്യു ഇതിനോടകം തെളിയിച്ചതാണ്. രാജ്യത്തെ തന്നെ ഒന്നാം നിരയിലേക്ക് ഹില്‍സ്‌ബോറോയിലെ ടാക്‌സ് കളക്ടര്‍ ഓഫീസിനെ ഉയര്‍ത്തുകയാണ് ലക്ഷ്യം.

ഉപഭോക്താവായും ബിസിനസുകാരനായും ടാക്‌സ് കളക്ടര്‍ ഓഫീസ് ഉദ്യോഗസ്ഥനായും ഉള്ള പ്രവര്‍ത്തിപരിചയം തന്നെയാണു മാത്യുവിന്റെ മുതല്ക്കൂട്ട്.

ഓഫീസിന്റെ പ്രവര്‍ത്തന രീതികളും പോരായ്മകളും മനസിലാക്കിയ ഒരാള്‍ എന്ന നിലയില്‍ മാത്യു ഇലക്ഷനില്‍ വിജയിച്ചാല്‍ ഒരുപാട് കാര്യങ്ങള്‍ പരിഹരിക്കപ്പെടാനും സുതാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ജനങ്ങളുടെ സമയവും പണവും ലാഭിക്കുകയും വ്യക്തിപരമായ വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുമെന്നാണ് അദ്ദേഹം മുന്നോട്ടു വയ്ക്കുന്ന വാഗ്ദാനം.

പുതുതായി ജീവനക്കാരെ നിയമിക്കുകയും ജോലിക്കാര്‍ക്ക് ശമ്പളവര്‍ധനവും കൂടുതല്‍ പരിശീലനവും ആനുകൂല്യങ്ങളും അടങ്ങുന്ന പാക്കേജ് നടപ്പാക്കുകയും ചെയ്യുക അദ്ദേഹം ലക്ഷ്യമിടുന്നു. പൊതുജനത്തീനു മികച്ച സേവനം ലഭിക്കാന്‍ അതാവശ്യമാണെന്നു മാത്യു ചൂണ്ടിക്കാട്ടുന്നു. മറ്റ് കൗണ്ടി ഡിപ്പാര്‍ട്ട്‌മെന്റുകളുമായി യോജിച്ച് പ്രവര്‍ത്തിക്കും. ടാക്‌സ് കളക്റ്റര്‍ ഓഫീസിന്റെ ശാഖകള്‍ മറ്റു സ്ഥലങ്ങളില്‍ തുറക്കുന്നതും പരിഗണിക്കും. സമൂഹത്തിനുള്ള നന്ദി സൂചകമായി വെറ്ററന്‍സ്, ഫസ്റ്റ് റെസ്‌പോണ്ടേഴ്‌സ്, നിയമപാലകര്‍ തുടങ്ങിയവര്‍ക്ക് സേവനങ്ങളില്‍ മുന്‍ ഗണന നല്‍കും.

ടാമ്പ മേഖലയില്‍ കൊറോണ വൈറസിന്റെ ശക്തി ഒട്ടൊന്നു കുറഞ്ഞിട്ടുണ്ടെന്നു മാത്യു കരുതുന്നു. ജനങ്ങള്‍ ഇറങ്ങി നടക്കുന്നുണ്ട്. പേടിച്ച് എത്രകാലം വീട്ടിലിരിക്കും?

ഫ്‌ലോറിഡ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചെയര്‍ സെനറ്റര്‍ ജൊ ഗ്രുടെഴ്‌സ് മാത്യുവിനു പിന്തുണ പ്രഖ്യാപിച്ച പ്രമുഖരില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യന്‍ സമൂഹവും സജീവമായി തുണക്കുന്നു. അഡൈ്വസറി ബോര്‍ഡ് ചെയര്‍ പ്രശസ്തനായ ഡോ. സാക്ക് സക്കറിയയാണ്. കാമ്പെയിന്‍ ചെയര്‍ മുന്‍ ഫൊക്കാന പ്രസിഡന്റ് കമാന്‍ഡര്‍ ജോര്‍ജ് കോരത്. ഫൈനാസ് കമ്മിറ്റി ചെയര്‍ ഫോമാ നേതാവ് ജയിംസ് ഇല്ലിക്കല്‍. മലയാളി അസോസിയേഷന്‍ ഓഫ് സെന്റ്രല്‍ ഫ്‌ലോറിഡ പ്രസിഡന്റായിരുന്ന മൂത്ത സഹോദരന്‍ സല്‌മോന്‍ മാത്യൂ ആണു കാമ്പയിന്‍ ഡയറക്ടര്‍.

നാലു വര്‍ഷമാണു ടാക്‌സ് കലകടറുടെ കാലാവധി. 1.5 മില്യന്‍ ജനങ്ങളും മൂന്നു എയര്‍പോര്‍ട്ടും കൗണ്ടിയിലുണ്ട്. 900,000 വോട്ടര്‍മാര്‍.

മാത്യുവിന്റെ പിതാവ് ഫാ. ടി.എം. മാത്യുസ് തൈക്കൂട്ടത്തില്‍ ടാമ്പ സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് വികാരിയാണ്. മാതാവ് ശോശാമ്മ മാത്യു. സല്‌മോന്‍ മാത്യുവിനെ കൂടാതെ തോമസ് മാത്യു, ജേക്കബ് മാത്യു എന്നീ സഹോദരരുമുണ്ട്. എല്ലാവരും ടാമ്പയില്‍.

വയലാ ഇടിക്കുള എം.എല്‍.എയുടെ പൗത്രി സ്വരൂപ് ആണ് പത്‌നി. ഈഥന്‍, 14. സൈറസ്, 4, എന്നിവര്‍ മക്കള്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക