Image

തിരുവോണ പുലരി (കവിത: ജയശ്രീ രാജേഷ്)

Published on 17 August, 2020
തിരുവോണ പുലരി (കവിത: ജയശ്രീ രാജേഷ്)
മഴ വീണു കുളിരുന്ന
തൊടിയിലെ പ്ലാവിൻ മേൽ
കുയിലൊന്നു പാടി
പൊൻ ചിങ്ങമായി

മുറ്റത്തെ വെണ്മയായ്
ശാലീന സുന്ദരി
തുമ്പപ്പൂ അഴകിന്റെ
വെണ്പരപ്പായ്

വാഴതടത്തിലെ
കൂമ്പിന്റെ തേനിൽ
മതിമറന്നണ്ണാനും
താളമിട്ടു

പൊൻ വെയിൽ തട്ടിയ
മഞ്ഞിൽ തിളങ്ങി
മുക്കുറ്റി  ശൃംഗാരി
പുഞ്ചിരിച്ചു

കയ്യാല മോളീന്ന്
എത്തി വലിഞ്ഞൊരു
മത്തപ്പൂ ഭംഗിയിൽ
കണ്ണിറുക്കി

കുന്നിൻ നിറുകയിൽ
കണ്ണാടി നോക്കിയ
കണ്ണാന്തളി മെല്ലെ
ചോന്നു നിന്നു

വേലിപടർപ്പിലെ
നീലപ്പൂ കാറ്റേറ്റ്
നാണത്താൽ മെല്ലെ
മുഖം മറച്ചു

കാവിലെ കുങ്കുമം
പൊൻവർണ്ണമേകിയാ
കാറ്റിന്റെ ഊഞ്ഞാലിൽ
 ചാഞ്ഞു നിന്നു

പൂക്കൂട നെയ്യണം
പൂക്കൾ പറിക്കണം
വന്നല്ലോ പൊൻചിങ്ങം
തുമ്പി തുള്ളാൻ

അടച്ചിട്ട വാതിലിൻ
പുറകിൽ നിന്നെല്ലാർക്കും
മനം കൊണ്ടു തീർത്തിടാം
തിരുവോണ പൂക്കളം....

         
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക