Image

ചിങ്ങമാസം (കവിത- ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ Published on 17 August, 2020
ചിങ്ങമാസം (കവിത- ദീപ ബിബീഷ് നായര്‍)
കരിവളക്കിലുക്കങ്ങള്‍ ചാര്‍ത്തിയ കര്‍ക്കിടം
കദനങ്ങളേറെ വിതറിയല്ലോ
പത്തിലക്കാലവും പഞ്ഞവുമേറിയാ
പതിവുപോല്‍ കര്‍ക്കിടം യാത്രയായി

പാടവരമ്പൊക്കെ ചേറും ചെളിയുമായി
പേമാരിയെല്ലാം കവര്‍ന്നെടുത്തു
പുത്തരിവേവുമാ നറുമണമേകുവാന്‍
ഓണമിങ്ങെത്തിയോ കൂട്ടുകാരെ?

ആവണിമാസത്തെ മാടിവിളിക്കുവാന്‍
ആവില്ലെനിക്കിന്നീ വേളയിലും
ആടിയുലഞ്ഞൊരാ ജീവിതപ്പാതയില്‍
അടിപതറി വീണല്ലോ വറുതിയിലും

ചിങ്ങം പിറന്നതറിഞ്ഞില്ല, പൊന്നിന്‍
തുമ്പികള്‍ പാറിപ്പറന്നില്ല
സ്വര്‍ണ്ണക്കതിരിന്‍ പൊന്‍കണി നല്‍കി
വയലേലകളിവിടെയുണര്‍ന്നില്ല

ഓണസ്മൃതികളയവിറക്കാമിന്ന്
ഓണപ്പാട്ടിന്റെ താളങ്ങളോര്‍ത്തെടുക്കാം
ഒരുമയോടൊന്നായ് വീണ്ടെടുക്കാമിന്ന്
ഓണത്തിന്‍ മധുരിക്കും നല്ല കാലം.....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക