Image

രവിക്കുട്ടനെ കണ്ടു....ഇപ്പോൾ കുളമാക്കീൽ ജയകൃഷ്ണൻ : ഡോ. കുഞ്ഞമ്മ ജോർജ്

Published on 17 August, 2020
രവിക്കുട്ടനെ  കണ്ടു....ഇപ്പോൾ  കുളമാക്കീൽ ജയകൃഷ്ണൻ :  ഡോ. കുഞ്ഞമ്മ ജോർജ്
പതിനൊന്നു മക്കൾക്കൊപ്പം അപ്പൻ വളർത്തിയ രവിക്കുട്ടൻ എന്ന് സ്നേഹപ്പേര് വിളിച്ച രവീന്ദ്രൻ എന്ന ആനയെക്കുറിച്ച് ഡോ. കുഞ്ഞമ്മ ജോർജ് എഴുതിയ ഓർമ്മക്കുറിപ്പിന് ഒരു അനുബന്ധം കൂടി..

അന്വേഷണത്തിനൊടുവിൽ 'കുളമാക്കിൽ ജയകൃഷ്ണൻ അഥവാ ജെ.കെ എന്ന പേരിൽ സി.പി.ഐ നേതാവ് കൃഷ്ണപ്രസാദിന്റെ സംരക്ഷണയിലാണ് രവിക്കുട്ടൻ എന്ന് മനസ്സിലായി. ആലപ്പുഴയിലെ ഒട്ടുമിക്ക അമ്പലങ്ങളിലും തിടമ്പേറ്റുന്ന ഡോ. കുഞ്ഞമ്മയുടെ രവിക്കുട്ടൻ നാട്ടുകാരുടെ ഓമനയാണ്. കുറുമ്പൊന്നും കാട്ടാത്ത സൗമ്യശീലൻ ..

വായിക്കുക.

ഓഗസ്റ്റ് 12നു ലോക ഗജദിനത്തോടനുബന്ധിച്ചു എന്റെയൊരു കുറിപ്പ് ഇ- മലയാളിയിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഞങ്ങളുടെ വീട്ടിൽ ഞങ്ങൾ പതിനൊന്നു മക്കൾക്കൊപ്പം പന്ത്രണ്ടാമനായി വന്നിറങ്ങിയ ഒന്നര വയസ്സുകാരൻ രവീന്ദ്രൻ എന്നു പേരുള്ള ആനക്കുട്ടിയെ ആധാരമാക്കി ആയിരുന്നു അതു. 

ഞങ്ങൾ രവിക്കുട്ടൻ എന്നും അപ്പൻ കൊച്ചേ എന്നും ഇവനെ ഓമനിച്ചു വിളിപ്പേരാക്കി. ഞങ്ങളുടെ വീട്ടിലെ രവിയുടെ ദീർഘകാല -35 വർഷത്തെ- കഥ വലിച്ചു വാരി എഴുതുക എന്റെ ഉദ്ദേശമേ ആയിരുന്നില്ല. ഒരാന വീട്ടിൽ ഉള്ളത് അത്ര ആനക്കാര്യമല്ലെന്നും, ആന വന്നാൽ ഇല്ലം മുടിയുമെന്നുള്ളത് സത്യമാണെന്നും, ആനയ്ക്ക് നല്ല ഓർമശക്തി ഉണ്ടെന്നും, ഇവർക്ക് മരണവും മറ്റും അറിയുവാനുള്ള എന്തോ ത്രികാല ജ്ഞാനമുണ്ടെന്നും, ഇവർ മഹാ സ്നേഹികളാണെന്നും ഇവർ കാട്ടിൽ തന്നെ വളരട്ടെ എന്ന ആഹ്വാനവുമായി ഞാൻ കുറിപ്പവസാനിപ്പിച്ചു. 

എന്നാൽ അതിൽ വിട്ടു പോയ ഒരു കാര്യമുണ്ട്, ആനകൾക്ക് കോപം, പക വൈരാഗ്യം എന്നിവയുണ്ടോ? ഉണ്ട്‌ എന്ന് തന്നെ ഞാൻ പറയും. ഒരിക്കൽ കുറച്ചു ചക്കച്ചുളകളും തിന്നു കൊണ്ടു ഞാൻ രവിയുടെ അരികിൽ കൂടി നടന്നുപോകവേ അവൻ തുമ്പിക്കയ്യു പൊക്കി വാ തുറന്നു. കയ്യിൽ അവശേഷിച്ച വെറും രണ്ട് ചുളകൾ ഞാൻ അവന്റെ വായിലേക്കിട്ടു. 'ആനവായിൽ അമ്പഴങ്ങ ', അല്ല പിന്നെ അവൻ തുമ്പിക്കയ്യ് നീട്ടി എന്റെ ശിരസ്സിനു നേരെ ഒരേറ്. പുറകോട്ടു പെട്ടെന്ന് മാറിയത് കൊണ്ടു രക്ഷപെട്ടു.

ഇങ്ങിനെ ഓരോ അരിശം തീർക്കൽ പതിവായിരുന്നു. അടുത്തത് വായിച്ചു ആരും ഞെട്ടരുത്. ഞാൻ ജനിക്കുന്നതിനു മുൻപ് തന്നെ പേരപ്പന്റെ വീട്ടിൽ ഉണ്ടായിരുന്ന രാമചന്ദ്രൻ എന്ന പ്രസിദ്ധനായ കൊമ്പൻ ഏഴ് പേരെ കൊന്നിട്ടുണ്ട്. ഏഴും പാപ്പാന്മാർ ആണ്. രണ്ട് കൊലയെങ്കിലും എനിക്കു ഓർമ്മ വെച്ചതിൽ പിന്നെയാണ്. തണ്ണി അടിച്ചു വരിക, ആനയ്ക്ക് ആഹാരം സമയത്തു കൊടുക്കാതിരിക്കുക, അതിനെ വെറുതെ വല്ലാതെ ഉപദ്രവിക്കുക ഇതൊക്കെയാണ് പൂർവ വൈരാഗ്യങ്ങൾക്കു കാരണങ്ങൾ. മദപ്പാട് അഥവാ നീരുകാലത്തു ചില ആനകൾ ഉപദ്രവകാരികൾ ആകാറുണ്ട്. 
 
ഞാനെഴുതിയ ആ കുറിപ്പിന് നല്ല സ്വീകാര്യത ആയിരുന്നു. പലരും രവിയുടെ വിടവാങ്ങലിൽ സങ്കടപ്പെട്ടു. ചിലർ വാട്സ് ആപ്പിലും, ഫോണിലും വ്യക്തിപരമായ അന്വേഷണങ്ങൾ അറിയിച്ചു. ചിലരൊക്കെ ഞാൻ ഉടനെ രവിയെ അന്വേഷിച്ചിറങ്ങണമെന്നും എവിടെ ഉണ്ടെങ്കിലും രവിയെ കണ്ടു പിടിക്കണമെന്നും ശഠിച്ചു. ഈ കൂട്ടത്തിൽ പല പ്രമുഖരും ഉണ്ടായിരുന്നു. കവയത്രി റോസ് മേരി ഫോണിൽ അരമണിക്കൂറിലധികം സംസാരിച്ചു. "അപ്പോൾ ഡോക്ടറെ ഈ ഒന്നര വയസ്സുകാരനെ നിങ്ങൾ എങ്ങിനെയാണ്‌ വളർത്തി വലുതാക്കിയത്, എന്തൊക്കെ ആഹാരമാണ് കൊടുത്തിരുന്നത് "-മാഡത്തിന്റെ സംസാരശൈലി, ഒന്നോർത്തു നോക്കിയേ, -പഞ്ഞിപഞ്ഞി പോലത്തെ വാക്കുകൾ ഓരോന്നു പെറുക്കിയെടുത്തു കൂട്ടിവച്ചു വരികളാക്കുന്ന റോസ് മേരിയുടെ സംസാരം കേട്ടപ്പോൾ ഈ കാഞ്ഞിരപ്പള്ളിക്കാരിയുടെ മനസ്സിലും ഒരാന ഭ്രാന്തി ഉണ്ടെന്നു എനിക്കു മനസ്സിലായി. 

ഞങ്ങളുടെ നാട്ടിലുണ്ടായിരുന്ന 'കുന്നേൽ 'ആനയെ അറിയുമോ എന്നായി അടുത്ത ചോദ്യം. ഏഴുവട്ടം ന്നെന്റെ മറുപടി. 

Geetha citizen, ഹേമലത നിലയങ്ങോട് ഇവർ എന്റെ ആന ഓർമകൾ കൂട്ടിവച്ച് ഒരു പുസ്തകമാക്കണമെന്നു പ്രോത്സാഹിപ്പിച്ചു. നിലയങ്ങോട്കാർക്ക് പണ്ട് ആനയൂള്ളതായി എനിക്കറിയാം. എന്റെ അപ്പന് എന്തു കൊണ്ടാണ് രവിയെ കാണാതെ കടന്നു പോകേണ്ടി വന്നത് എന്നതായിരുന്നു നിലയങ്ങോടിന്റെ വലിയ സങ്കടം. അതിനും മറുപടി എഴുതി ഹേമലതയെ ഞാൻ ആശ്വസിപ്പിച്ചു. 

കൂട്ടത്തിൽ വേറിട്ടു നിന്ന രണ്ട് വരികൾ ഗീതാ ബക്ഷിയൂടേതായിരുന്നു. ഒരു parable പോലെ തോന്നിച്ച ഡിവൈൻ edge ഉള്ള വരികൾ. അതിങ്ങനെ. "ഡോ. കുഞ്ഞമ്മയുടെ ഓർമയുടെ വഴിയിലൂടെ രവി ഇപ്പോൾ എന്റെ നൊമ്പരമായിരിക്കുന്നു. ചാച്ചന്റെ മരണത്തിൽ സങ്കടപെടുന്ന പന്ത്രണ്ടാമത്തെ പുത്രനായിരുന്നു അവൻ.. ഭാഗവത കഥകളിൽ ചിത്രകേതു എന്ന രാജാവിനോട് നാരദ മുനി പറയുന്നുണ്ട് ആത്മാവിന്റെ കാര്യം കൈമാറ്റം ചെയ്യപ്പെടുന്ന മൃഗങ്ങളെ പോലെ ആണെന്ന്. പുതിയ ഉടമ വരുമ്പോൾ അതിനു പുതിയ പേരായി, ജീവിതമായി. പക്ഷെ ആത്മാവ് ഓരോ ശരീരം വെടിയുമ്പോഴും അതെല്ലാം മറക്കും. കൈ മാറ്റം ചെയ്യപ്പെടുന്ന മൃഗമോ, ഉടമയോ ഒന്നും മറക്കില്ല "

ഇതെന്നെ ഒന്നു വിറപ്പിച്ചു. "നല്ല എഴുത്തു "എന്നു പ്രോത്സാഹിപ്പിക്കാൻ 'ഗീതേച്ചി "മറന്നില്ല. ഇതു കുറച്ചുകൂടി വലുതാക്കിക്കൂടെ എന്ന ഒരു ആഹ്വാനം ബാക്കി വച്ചു "ഗീതേച്ചി". 

ഇതിനു ശാരദക്കുട്ടി ടീച്ചറുടെ നല്ലൊരു കയ്യടി കിട്ടി. എനിക്കല്ല. 'നല്ല എഴുത്തു'എന്ന ഒരു സർട്ടിഫിക്കറ്റ് എനിക്കും കിട്ടി. എന്നു വച്ചാൽ A+ കിട്ടും പോലെ ആണത്. ആനയെ കുറിച്ചെഴുതിയാൽ ടീച്ചർ അത്രയും പറയും എന്നെനിക്കറിയാം. കാരണം തിരുനക്കര അമ്പലത്തിൽ ഉത്സവത്തിന് വരുന്ന ആനകളെല്ലാം ശാരദക്കുട്ടി ടീച്ചേർക്കു സ്വന്തം.

 അതിലൊരു ഗജകേസരി -മസ്തകം മറയ്ക്കുന്ന നെറ്റിപ്പട്ടം കെട്ടിയ ഇവന്റെ പുറത്തു തിടമ്പ് പിടിച്ചിരിക്കുന്ന മസ്തകം പോലത്തെ മാറുള്ള പുരുഷ കേസരിയുടെ മുഖത്ത് തെളിയുന്ന തിടമ്പിന്റെ വെട്ടത്തിൽ ഒളികണ്ണിട്ടു നോക്കുന്ന ടീച്ചറുടെ കൗമാര കാലങ്ങൾ. ആനപ്പുറത്തിരുന്നു പ്രേമിക്കുന്ന പല രൂപങ്ങളെയും ടീച്ചറുടെ എഴുത്തിൽ കാണാം. (പെണ്ണ് കൊത്തിയ വാക്കുകൾ -പ്രണയത്തിന്റെ വിചാര ഭാഷ. ).

'രവിഓർമകൾ 'വായിച്ച എല്ലാവരുടേയുംഅഭിപ്രായം /ആഗ്രഹം രവിയെ ഞാൻ വീണ്ടും അന്വേഷിക്കണം എന്നതാണ്. രവി ഉണ്ടോ ഇല്ലയോ എന്നറിയുക, ഉണ്ടെങ്കിൽ എവിടെ? ആരുടെ ഉടമസ്ഥതയിൽ, എന്തു വീട്ടു പേരിൽ, ഏതു പേരിൽ. ?
വലിയ ടാസ്ക് ആണ് കേട്ടോ. പലരും സഹായിക്കാമെന്നേറ്റു. ചില elephant അസോസിയേഷൻ വഴി കണ്ടു പിടിക്കാമെന്നു ഗീതാ citizen. ഗീതേച്ചിയും ചില ഉപാധികൾ പറഞ്ഞു തന്നു. ചെറിയ ഒരു ക്ലൂ തരൂ, നമുക്കു കണ്ടു പിടിക്കാമെന്ന് ആൻസി സാജൻ. ചുരുക്കി പറഞ്ഞാൽ രവിയെ കയ്യോടെ വായനക്കാർക്കു മുൻപിൽ കൊണ്ടിട്ടു കൊടുക്കുക എന്റെ ബാധ്യത ആയി. 

കഴിഞ്ഞ മൂന്നു ദിവസങ്ങൾ അതിനു വേണ്ടിയുള്ള തോരാത്ത അന്വേഷണങ്ങൾ ആയിരുന്നു. ഇതിന്റെ ഫലങ്ങൾ എല്ലാം പ്രോത്സാഹ ജനകങ്ങൾ ആയിരുന്നു. അതായിരുന്നു ഈ യജ്ഞത്തിന് പിന്നിലെ വിജയം. എന്റെ സഹോദര പുത്രൻ ജോഷിയെ തന്നെ ഞാൻ വിളിച്ചു. കൊച്ചുമക്കളിൽ അവനാണ് ആന ഭ്രാന്ത് ഉള്ളതെന്ന് എനിക്കറിയാം. അവൻ ജനിക്കുമ്പോൾ തന്നെ രവി വീട്ടിലുണ്ട്. രവിയുടെ വരവിന്റെ ആരവങ്ങളൊന്നും അവന്റെ മനസ്സിൽ ഇല്ല. പക്ഷെ രവി പടിയിറങ്ങി പോകുമ്പോൾ അവനു പതിനെട്ടു വയസ്സ് കാണും. 

ഞാൻ അവനോടു ചോദിച്ചു നീയെന്റെ fb പോസ്റ്റ്‌ കണ്ടില്ലേ, രവിയെ കുറിച്ചുള്ള അന്വേഷണങ്ങളുടെ പ്രവാഹമാണിപ്പോൾ. രവി ഇപ്പോൾ എവിടെ ഉണ്ട്‌?. അവൻ രണ്ട് ആനപ്പടങ്ങൾ അയച്ചു തന്നു ഇപ്പോഴത്തെ രവി എന്നു പറഞ്ഞു. രവിയിപ്പോൾ ആലപ്പുഴയിൽ കൃഷ്ണ പ്രസാദ് എന്ന ആളിന്റെ ഉടമസ്ഥതയിൽ, കുളമാക്കിൽ ജയകൃഷ്ണൻ (ജെ.കെ)എന്ന പേരിൽ അറിയപ്പെടുന്നു എന്ന പുതിയ അറിവെനിക്കു തന്നു. അങ്ങേർക്കു വേറെയും അഞ്ചാറ് ആനകൾ ഉണ്ടെന്നും യൂ ട്യൂബിൽ തിരഞ്ഞാൽ  എല്ലാം കിട്ടുമെന്നും അവന്റെ വെളിപ്പെടുത്തൽ. 

നോക്കുമ്പോൾ ശരിയാണ്. ജനപ്രിയൻ കുളമാക്കിൽ ജയകൃഷ്ണൻ, ഉടമസ്ഥൻ കൃഷ്ണ പ്രസാദ്, പുതിയ പാപ്പാൻ അപ്പു -പക്ഷെ ഇവരാരും ജയകൃഷ്ണന്റെ പൂർവാശ്രമം വെളിപ്പെടുത്തുന്നില്ല. കിട്ടിയ വിവരങ്ങൾ ഉടനെ fb ഫ്രണ്ട്‌സ് നെ അറിയിച്ചു കൊണ്ടിരുന്നു. അറിവ് കൂടി മനസ്സു തുടുത്തപ്പോൾ പെട്ടെന്നങ്ങു് എഴുതാമെന്ന് തോന്നി. അപ്പോൾ പെട്ടെന്ന് എം കൃഷ്ണൻ നായരെയും എം.ടി സാറിനെയും ഓർമ വന്നു. അവര് പറയുന്നത് പെട്ടെന്ന് മനസ്സു തുടുത്തു വന്നാൽ ഒന്നും എടുത്തു ചാടി എഴുതരുതെന്നാണ്. കൈ പുറകിൽ കെട്ടി ഒരു മുറി ബീഡിയും വലിച്ചു കുറച്ചു ദിവസം ആലോചിച്ചു നടക്കുക. എന്നിട്ടും എഴുതിയില്ലെങ്കിൽ ശ്വാസം മുട്ടുമെന്നു തോന്നിയാൽ മാത്രം എഴുതുക. 

ഈ ചിന്തകൾ എനിക്കും പുതിയ വെളിപാടുകൾ തന്നു. ഞാനതു ആൻസിയുമായി പങ്കു വച്ചു. 100% ഉറപ്പില്ലാതെ വെറുതെ ഒരു ജയകൃഷ്ണൻ ഞങ്ങളുടെ പഴേ രവിക്കുട്ടൻ ആണെന്ന് എങ്ങിനെ എഴുതും. തെറ്റാണെങ്കിൽ ശരിക്കുള്ള ഉടമസ്ഥന് എന്നെ എന്തും ചെയ്യാം. അതു രവി തന്നെ എന്നു ഞാൻ തീരുമാനിക്കുവാൻ രണ്ട് കാരണങ്ങൾ ഉണ്ട്‌. ഒന്ന് അവന്റെ മുഖഛായ ഞാൻ ഒരിക്കലും മറക്കില്ല. രണ്ട് അവന്റെ കഠിന അസുഖ കാലത്ത് അവനു intravenous glucose, amino acids ഒക്കെ കൊടുത്തിരുന്നത് ear ലോബിലെ വെയ്‌നിൽ കൂടിയാണ്. അന്ന് നരമ്പിനു വെളിയിൽ വന്ന (extravasate) fluid അവിടെ നീർക്കെട്ടും, പഴുപ്പും ഉണ്ടാക്കി. അവ ട്രിം ചെയ്തു നീക്കിയതിന്റെ അടയാളങ്ങൾ വലത്തേ ear lobe il വ്യക്തമായും, ഇടതു സൈഡിൽ ചെറുതായും രണ്ട് ഫോട്ടോയിലും കാണാം. 

മനസ്സിനറിയാവുന്നതേ കണ്ണുകൾ കാണു എന്നൊരു ചൊല്ലുണ്ട്. നിങ്ങൾ നോക്കിയാൽ കണ്ടേക്കില്ല. എന്നാലും തെറ്റ് പറ്റാം. വീട്ടിലെ മറ്റു സഹോദരങ്ങളും ഉറപ്പ് പറയുന്നില്ല. കൃഷ്ണ പ്രസാദ് സി.പി.ഐയുടെ നേതാവ് ആണെന്നുള്ള അറിവിൽ തൂങ്ങി ആൻസി സാജൻ, കണ്ണൻ എന്ന ഒരു എ.ഐ.വൈ.എഫ് പ്രവർത്തകന്റെ മൊബൈൽ നമ്പർ തന്നു. ഇയാൾക്ക് ഉറപ്പായും കൃഷ്ണ പ്രസാദിന്റെ നമ്പർ അറിയാമെന്നു പറഞ്ഞു. 

കണ്ണനെ വിളിച്ചപ്പോൾ ആദ്യം കണ്ണൻ എടുത്തില്ല, ഞാനൊരു മെസ്സേജ് അയച്ചിട്ടു. ഞാൻ so and so, ഒരു ആനക്കാര്യം സംസാരിക്കാൻ കൃഷ്ണ പ്രസാദിന്റെ നമ്പർ ഒന്ന് തരണം എന്നൊക്കെ പറഞ്ഞു. കണ്ണൻ തിരിച്ചു വിളിക്കുകയും നമ്പർ അയച്ചു തരികയും ചെയ്തു. കൃഷ്ണപ്രസാദിനെ വിളിച്ചപ്പോൾ  പരിധിക്കു പുറത്ത് .  എന്നാൽ പെട്ടെന്നു തന്നെ അദ്ദേഹം തിരിച്ചു വിളിച്ചു. ഒരു നിമിഷം എന്റെ ചങ്ക് നിന്നു പോയി. എന്റെ പേര്, ഊര്, പാലാ പ്രവിത്താനം ഞള്ളിയിൽ വീട് എന്നൊക്കെ പറഞ്ഞതേ കെ.പിക്കു കാര്യം പിടികിട്ടി. 

രവിയുടെ ഒന്നര വയസ്സുള്ളപ്പോൾ മുതലുള്ള ഓർമകളാൽ തുടുത്തു നിന്ന എന്റെ മനസ്സ് ഒരു മലവെള്ളപ്പാച്ചിൽ പോലെ ഒഴുകി. അവസാനം ഞാൻ ചോദിച്ചു -ജയകൃഷ്ണൻ ഞങ്ങളുടെ രവി തന്നെ അല്ലേ? ജിഞ്ജാസയുടെ നിമിഷങ്ങൾക്കിടം തരാതെ അദ്ദേഹം പറഞ്ഞു -'അതേ'. 

ആ ഒരു നിമിഷം ഞാൻ പൂത്തുലഞ്ഞു പോയി. ഒരിക്കലും ഇടയ്ക്ക് കയറി സംസാരിക്കാതെ അദ്ദേഹം എല്ലാം കേട്ടിരുന്നു. 1966 ഫെബ്രുവരി 6 - ന് ഒന്നര വയസ്സിൽ വീട്ടിലേക്കുള്ള അവന്റെ വരവ്, കിണ്ടിയിൽ നിന്നും പാൽ വായിലോഴിച്ചു കൊടുത്തത്, വീട്ടിലുണ്ടാക്കിയ നെയ്യ് ചേർത്തു കുഴച്ച ചോറ് കൊടുത്തത്, ജൂലൈ മാസത്തിലെ സുഖചികിത്സ, അപ്പോൾ കൊടുക്കുന്ന അങ്ങാടി മരുന്നു ചേർത്തരച്ച കോഴിയോ, താറാവോ, ആട്ടിറച്ചിയോ ചോറിൽ ഒളിപ്പിച്ചു തല്ലി തീറ്റിച്ചത്, ചിലപ്പോൾ ഇതിനു ശേഷം വരുന്ന വയറിളക്കം, അപ്പോൾ വീട്ടിലെ മരണ മൂകത. കൊച്ചു കുട്ടികൾ പോലും രവിക്കസുഖം വന്നാൽ ചിരിക്കില്ല, കരയില്ല, അവധി ദിവസങ്ങളിൽ ഞങ്ങളും നാട്ടുകാരുമൊക്കെ ചേർന്നു ചകിരി ചെത്തി ആനയെ കുളിപ്പീര്, കുളി കഴിഞ്ഞാൽ ഞങ്ങളെ പിന്നിലാക്കി അവന്റെ വീട്ടിലേക്കുള്ള ഓട്ടം, പന്തണ്ട് പടികൾ  ചവിട്ടിക്കയറി അമ്മയുടെ കയ്യിൽ നിന്നും ഒരു ഉരുള ചോറൂണ്, പിന്നെ മുറ്റത്തു കളിച്ചു നടന്നു കുറുമ്പ് കാട്ടുക, ആട്ടുകല്ല് ആട്ടിനോക്കുക പശുവിന്റെ കാടി വെള്ളം മറിച്ചു കളയുക, അവസാനം രണ്ടുകുഞ്ഞടി പാപ്പാന്റെ കയ്യിൽ നിന്നും വാങ്ങി ആനത്തറിയിലേക്ക് നടക്കുക. 

എല്ലാം ഞാൻ കൃഷ്ണ പ്രസാദിനോട് ഒറ്റ ശ്വാസത്തിൽ പറഞ്ഞു. അവസാനം ഞാൻ കൃഷ്ണ പ്രസാദിനോട് ചോദിച്ചു 'രവിക്ക് 'ഇപ്പോൾ എത്ര വയസ്സുണ്ടാകും എന്നാണ് വിചാരം. ഒരിടവേള. ഞാൻ പറഞ്ഞു , വീട്ടിൽ വരുമ്പോൾ അവനു വയസ്സ് ഒന്നര. ഇപ്പോൾ 2020  ഞങ്ങൾ രണ്ടാളും മനക്കണക്കു കൂട്ടി, രണ്ടാളും ഒന്നും പറഞ്ഞതുമില്ല. ഞാനെഴുതിയ കുറിപ്പിന് രണ്ടാം ഭാഗമായി ഇതു ചേർക്കുന്നതിൽ വിരോധമില്ലല്ലോ എന്ന്  ചോദിച്ചു. ഇല്ല ഇട്ടോളൂ എന്നദ്ദേഹം. അദ്ദേഹം രവിയുടെ ഒരു recent video ഉടനെ തന്നെ അയച്ചു തന്നു. അവർക്കുള്ള ആനകളിൽ ഏറ്റവും പ്രായമായവൻ. ജനസമ്മതൻ. ഉടമസ്ഥനും പുതിയ പാപ്പാൻ അപ്പുവും ഒരേ സ്വരത്തിൽ പറയുന്നു ...  15വർഷമായി ഇവിടെ ആയിട്ട്. നാടൻ ആന, 18 നഖങ്ങൾ, ഒന്പതര അടിയിലധികം പൊക്കം, നല്ല തലയെടുപ്പ്, വണ്ണമുള്ള എടുത്ത കൊമ്പുകൾ. 

ഇവന് ചെല്ലപ്പേര് വല്ലതും, രണ്ടുപേരും പറഞ്ഞു 'കൊച്ചേ'കൊച്ചേ എന്നാണ് വിളിക്കുന്നത്‌. 

കൊച്ചേ എന്ന് എന്റെ ചാച്ചൻ വിളിച്ച പേരാണ്, രവിയപ്പോൾ തല കുലുക്കി കുറുകും. ആ പേര് കൊല്ലത്തു പോയി, വർക്കലയ്ക്കു പോയി, തിരിച്ചിപ്പോൾ ആലപ്പുഴയിലും. 

രവിക്ക് കൊമ്പ് മെല്ലേ നീണ്ടുതുടങ്ങിയപ്പോൾ മുതൽ ചാച്ചൻ ഒരു സ്വയം നിർമിത കൊമ്പുതാങ്ങി ഉണ്ടാക്കി കൊമ്പെടുപ്പിനും, തലയെടുപ്പിനും വേണ്ടി. അവനു ഉയരം കൂടുന്നതനുസരിച്ചു ഇതും ഉയർത്തി കൊടുത്തു കൊണ്ടിരുന്നു. അവന്റെ നല്ല സ്വഭാവങ്ങളും വീട്ടിൽ പഠിപ്പിച്ചവ തന്നെ. ചൊട്ടയിലെ ശീലം ചുടലെ വരെ എന്നല്ലേ. വീഡിയോയിൽ രവിക്ക് കൂച്ചുവിലങ്ങും, മുൻ പിൻ കാലുകൾ കൂട്ടി കെട്ടിയിരിക്കുന്നതും കണ്ടിട്ട് എനിക്കു ഇഷ്ടമായില്ല. 

പത്തു വയസുള്ള വീട്ടിലെ കുട്ടികൾക്ക് പോലും അവൻ ചട്ടമനുസരിക്കുന്നവനായരുന്നു. ഇന്റർവ്യൂ ഇടങ്കേടാകാതെയിരിക്കാൻ ആയിരിക്കും അങ്ങനെ ചെയ്തത്.

ഫോൺ സംഭാഷണം നിർത്തും മുൻപ് ഞാൻ കൃഷ്ണ പ്രസാദിനോട് പറഞ്ഞു ; കൊവിഡ് കഴിയുമ്പോൾ ഞങ്ങളൊരു പട രവിക്കുട്ടനെ കാണാൻ വരുന്നുണ്ട്. അദ്ദേഹം സ്നേഹപൂർവം സ്വാഗതം പറഞ്ഞു.

 പിന്നീട് കുറച്ചു നേരം വിഷാദം എന്നെ പിടി കൂടി. നമ്മുടെ വീട്ടിൽ വളർത്തിയ, വളരേണ്ട ഒരു കുഞ്ഞ് മറ്റൊരു വീട്ടിൽ വളരുന്നു. 

രണ്ടാമത്തെ സഹോദരനെ രവിയുടെ പടം കാട്ടിയപ്പോൾ ജോയിച്ചേട്ടനും പറഞ്ഞു, രവി പോയി ഇനി എനിക്കൊരാനയെയും കാണണ്ട. 
ഇതൊരു മനുഷ്യാവസ്ഥയാണ് കൂട്ടുകാരെ...
നന്ദി..
സഹോദരപുത്രൻ ജോഷി മാത്യുവിന്
ആൻസി സാജന്
ഗീതാ ബക്ഷിക്ക്
ഗീതാ സിറ്റിസണിന്
പിന്നെ
കൃഷ്ണപ്രസാദിനും
പിന്നെ
അപ്പുവിനും
സ്നേഹത്തോടെ
ഡോ. കുഞ്ഞമ്മ ജോർജ്ജ്    
                                                                             രവിക്കുട്ടനെ കാണാൻ ...     javascript:nicTemp();                 
രവിക്കുട്ടനെ  കണ്ടു....ഇപ്പോൾ  കുളമാക്കീൽ ജയകൃഷ്ണൻ :  ഡോ. കുഞ്ഞമ്മ ജോർജ്രവിക്കുട്ടനെ  കണ്ടു....ഇപ്പോൾ  കുളമാക്കീൽ ജയകൃഷ്ണൻ :  ഡോ. കുഞ്ഞമ്മ ജോർജ്
Join WhatsApp News
Poornima 2020-08-17 10:24:11
Beautiful writing aunty.. very evocative too.. keep writing..
SudhirPanikkaveetil 2020-08-17 14:27:34
ഹൃദ്യമായ വിവരണങ്ങൾ . അഭിനന്ദനം ഡോക്ടർ കുഞ്ഞമ്മ ജോർജ്ജ് .
MV 2020-08-17 15:24:33
Thank you for sharing of the precious memories , also helping to see the glimpses of issues related to the spiritual world and 'Illam ' around us . The 'syncretism ' that all faiths are sort of same , thus , the honor given to certain entities that promote lies that deny the sacredness of the body by belief in reincarnation - The Incarnation has been to counter same . Christians believe in Resurrection , not reincarnation . Elephants and such who participate in festivals that promote the lie , not much wonder if they show demonic rage at times and take it out , ' unpredictably ' - except as planned by such powers . Such is very unlike cruel animals that became tame aroumd holy saints , such as St.Francis and the wolf .The miracle of being protected from a rampaging elephant , in the same Alapuzha area , with one family with devotion to The Precious Blood , by trusting in the power of The Lord , to sanctify and purify life's sufferings ; their house spared , the elephant raising its trunk as though smelling something in the air and walking away is the incident reported .The many Hail Mary prayers - to promote the truth of the sacredness of life , that Ravi would have heard in his earlier time - may be same does help him to this day , to be protected from cruelty . Wish the author the best , that she would try to see the fuller truth , also getting a bit more deeper into spiritual realms of our history , how our negligences and injustice of not sharing the faith to those who deserved to know same , our worldliness by conforming to the ways and values of those around have all contributed to the loss of faith , the 'Illam destruction ' ...May His mercy be with us all and our generations .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക