Image

നീലച്ചിറകുള്ള മൂക്കുത്തികൾ - 26 - സന റബ്സ്

Published on 16 August, 2020
നീലച്ചിറകുള്ള മൂക്കുത്തികൾ - 26 - സന റബ്സ്
സഞ്ജയ് പ്രണോതിയുടെ കൈകകള്‍ക്കുള്ളില്‍നിന്നും മൈത്രേയി തന്റെ കൈ വലിച്ചെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അയാളാ പ്രതിമയ്ക്ക് കേടുപറ്റാതിരിക്കാന്‍ അവളുടെ വിരലുകളെ അകത്തിപ്പിടിച്ചിരുന്നു. ഒടുവിലവള്‍ ബലം വിട്ടപ്പോള്‍ കൈകള്‍ സ്വതന്ത്രമായി. “ലുക്ക്‌ മിത്രാ, നിനക്കിഷ്ടപ്പെട്ടത് നീയായി നഷ്ടപ്പെടുത്തുമ്പോള്‍ പിന്നീട് പശ്ചാത്തപിച്ചിട്ടു കാര്യമുണ്ടോ?”

അവള്‍ അടങ്ങുമെന്ന് സഞ്ജയിന് യാതൊരു പ്രതീക്ഷയുമില്ലയിരുന്നു. ദാസിന് മകളുടെ സ്വഭാവരീതികള്‍ എന്തെന്നുപോലും അറിയില്ലെന്ന് അയാള്‍ക്ക്‌ ആ ക്ഷണം മനസ്സിലാവുകയും ചെയ്തു. എല്ലാം നോക്കിനിന്ന ദാസ്‌ അപ്പുറത്ത് പോയി ദീര്‍ഘനിശ്വാസത്തോടെ സോഫയിലിരുന്നു. “മിത്രാ, ഞാന്‍ മനപൂര്‍വം നിന്റെ കൂടെ ഇരിക്കാത്തതല്ല. നമ്മള്‍ പുറപ്പെടുമ്പോഴേ ഞാന്‍ ചാന്‍സുകള്‍ പറഞ്ഞിരുന്നു. എന്താണ് നിനക്ക് മനസിലാവാത്തത്?”

മൈത്രേയി പൊട്ടിത്തെറിച്ചു. “അച്ഛന് എപ്പോഴാണ് തിരക്കില്ലാത്തത്‌? അച്ഛന്‍ എന്‍റെ ബര്ത്ഡേയ്‌ക്ക് വരാറുണ്ടോ? നാനിയുടെ ജന്മദിനം ഓര്‍ക്കാറുണ്ടോ? അച്ഛന്‍ മാത്രമേ നാനിക്ക് മകനായുള്ളല്ലോ, ഞാനല്ലേ അച്ഛന്റെ ഒരേയൊരു മകള്‍... എന്നിട്ട് ഞങ്ങളുടെ എന്തെങ്കിലും ആവശ്യത്തിന് അച്ഛനെ വിളിച്ചാല്‍ കിട്ടാറുണ്ടോ? അച്ഛന്റെ അച്ഛന്റെ ജന്മദിനമോ മരണദിനമോ വന്നാലും നാനി എത്ര വിളിച്ചാലും അച്ഛന്‍ ഫോണ്‍ എടുക്കാറുണ്ടോ? എടുക്കും പാതിരാത്രിക്ക്; വരും പലപ്പോഴും വളരെ ലേറ്റായി ഗിഫ്റ്റും വലിച്ചോണ്ട്; അച്ഛന്റെ സെലിബ്രിറ്റി കാണിക്കാന്‍ കഴിയുന്ന സ്ഥലമാണെങ്കില്‍ അങ്ങോട്ട്‌ വിളിച്ചയുടനെ ഓടിച്ചെല്ലുമല്ലോ... നാണമില്ലാതെ...”

ദാസിന്റെ കണ്ണുകള്‍ ഉരുളുന്നതും ചുവക്കുന്നതും കണ്ട മിലാന്‍ എഴുന്നേറ്റു മൈത്രേയിയുടെ അരികിലേക്ക് ചെന്നു. “ശരിയാണ് മിത്ര പറയുന്നത്. പറയാന്‍ അവള്‍ക്ക് അച്ഛനല്ലേയുള്ളൂ, അവള്‍ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ലല്ലോ. എന്തായാലും ഇപ്പോള്‍ വിദേത് പോയാലത് മിത്രയെ വല്ലാതെ വിഷമത്തിലാക്കും. മീറ്റിംഗ് പോസ്റ്റ്‌പോണ്ട് ചെയ്യാനോ അല്ലെങ്കില്‍ മറ്റൊരു റപ്രസന്റെറ്റിവിനെ വിടാനോ പറ്റില്ലേ?”

അയാള്‍ കണ്ണുകളടച്ച്‌ ചിന്താധീനനായി കുറേനേരമിരുന്നു. പിന്നീട് സംസാരിച്ചുതുടങ്ങി. “മിത്രാ, കുറെ കാലമായി നടത്താന്‍ ഉദേശിച്ച ഒരു പ്രൊജക്റ്റ് അതിന്റെ എംഡിയുമായി സംസാരിക്കുകയാണിപ്പോള്‍.  എന്റെ പല ബിസിനസ് പാര്‍ട്ണര്‍മാരും അവിടെയുന്ടെങ്കിലും അവരെല്ലാം ആ പ്രോജെക്ക്റ്റ് അവരുടെതാക്കാന്‍ ശ്രമിക്കയാണ്. നീ ചോദിച്ചേക്കാം ഒരെണ്ണം നഷ്ടപ്പെട്ടാല്‍ അത് നിസ്സാരമല്ലേ എന്ന്. നീയിപ്പോള്‍ പറഞ്ഞ ഓരോ കാര്യങ്ങള്‍ക്കും നിങ്ങള്‍ വിളിക്കുമ്പോള്‍ ഞാന്‍ ഓടിവന്നിരുന്നെങ്കില്‍ ഓരോന്നോരോന്നായി നമുക്ക് നഷ്ടപ്പെടുമായിരുന്നു. ഇപ്പോള്‍ ഒന്ന് നഷ്ടപ്പെട്ടാല്‍ നമുക്കൊന്നുമില്ല. എന്നാല്‍ ഇന്നത്തേത് വെറുമൊരു മീറ്റിംഗ് അല്ല.  ഈ മീറ്റിംഗില്‍ അവസാനനിമിഷംവരെ അവര്‍ കളിക്കുന്ന പ്ലേ എനിക്കറിയണം. എന്റെ കൂടെ നില്‍ക്കുന്നവരെയും കൂടെനില്‍ക്കുന്നു എന്ന് ഭാവിച്ചു ചതിക്കാന്‍ നോക്കുന്നവരെയും എനിക്കറിയണം. പുറത്ത് കത്തിയും ഉള്ളില്‍ പത്തിയുമുള്ളവരെ കാണാന്‍ കണ്ണുകള്‍ തുറന്നുവെക്കണം. സ്പോട്ടില്‍ ഞാനുണ്ടെങ്കില്‍ മാത്രമേ  അതെല്ലാം മനസ്സിലാക്കാന്‍ കഴിയൂ. ആരെയും അമിതമായി  വിശ്വസിക്കാന്‍ ഇപ്പോഴെനിക്ക്‌ ആവുന്നില്ല. എനിക്കറിയാം നീയിതൊന്നും മനസ്സിലാക്കാന്‍ ശ്രമിക്കുകയേയില്ലെന്ന്. ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ എന്നൊരുകാര്യത്തെക്കുറിച്ച് നീ കേട്ടിട്ടുണ്ടോ? നേരിട്ട് വിവരങ്ങള്‍ അറിയുക എന്ന്? മറ്റൊരാള്‍ നമുക്ക് പറഞ്ഞുതന്നാല്‍ അറിയുന്നതല്ല നമ്മള്‍ അവിടെ ഉണ്ടാകുമ്പോള്‍ നേരിട്ട് കിട്ടുന്ന വിവരങ്ങള്‍.”

ആരും മിണ്ടാതെ നിമിഷങ്ങള്‍ പൊഴിഞ്ഞുപോയി. ദാസ്‌ മകളെ നോക്കി. “ഞാന്‍ വരാം, ലഞ്ച് കഴിഞ്ഞിട്ട് ഇറങ്ങാം.”

മൈത്രേയിയുടെ മുഖത്ത് ഒരു ചിരിവന്നു മാഞ്ഞുപോയി. അവള്‍ മുഖം തിരിച്ചു അയാളെ നോക്കി. “നോക്കേണ്ട; എനിക്കെന്തിലും വലുത് നീയാണ്. നിനക്ക് വേണ്ടിയാണല്ലോ ഈ പാടെല്ലാം പെടുന്നത്.” മിലാന്‍ അത്ഭുതത്തോടെ ദാസിനെ നോക്കി.  സ്നേഹവാനും സാഹചര്യങ്ങള്‍ക്ക് വഴങ്ങുന്ന പിതാവുമായി അയാള്‍ എത്ര വേഗം സമരസപ്പെട്ടു!

മൈത്രേയി എഴുന്നേറ്റ് വന്നു അയാളെ കെട്ടിപ്പിടിച്ചു. “എനിക്കുവേണ്ടി അച്ഛനിപ്പോള്‍  കോടികളുടെ ബിസിനസ് താറുമാറാക്കേണ്ട, യു കാന്‍ ഗോ..”

“വേണ്ടാ, നിന്റെ പൊട്ടിത്തെറിക്കാനുള്ള കഴിവിനെ ഊട്ടിവളര്‍ത്തിക്കോ. നിന്നോടുള്ള സ്നേഹം എന്‍റെ ദൗര്‍ബല്യമായി നീ എടുക്കരുത് മിത്രാ...” ദാസ്‌ അവളുടെ കൈകള്‍ വിടുവിച്ചു.

സഞ്ജയ്‌ ഇടപ്പെട്ടു. “സാരമില്ല മിത്രാ, നമുക്ക് മൂന്നുപേര്‍ക്കും പോകാം, അച്ഛന്‍ ടെന്‍ഷനില്ലാതെ പോകട്ടെ, നിനക്ക് ഇഷ്ടമുള്ളയിടത്തെക്കുതന്നെ   പോയേക്കാം.... പോരെ..”

“അതെവിടെ?” ദാസ്‌ പുരികമുയര്‍ത്തി.

“പ്രതിമകള്‍ ഉണ്ടാക്കുന്ന സ്ഥലമില്ലേ ഇവിടെ കൊല്‍ക്കത്തയില്‍, കുമർതുളിയില്‍ അവിടെ പോകാം. മിത്ര ആഗ്രഹിച്ച പ്രതിമകള്‍ കിട്ടുമോ എന്ന് നോക്കാം.”

“പോകുന്നുണ്ടെങ്കില്‍ അവിടെ ആരെയെങ്കിലും ഏര്‍പ്പാടാക്കിത്തരാം. സ്ഥലങ്ങള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടേണ്ടിവരില്ല.” 

ദാസ്‌ തന്റെ ഫോണില്‍ സെക്രട്ടറിയുടെ നമ്പര്‍ ഡയല്‍ ചെയ്തു. “എന്തായാലും നമ്മളൊരു സെലിബ്രിറ്റി സ്റ്റാറ്റസില്‍ പോകാതിരിക്കയാണ് നല്ലത്. ആളും ബഹളവും കൂടുമ്പോള്‍ അതിലേക്കാണ് കൂടുതല്‍ ശ്രദ്ധ വരിക.” ദാസ്‌ ഓര്‍മ്മിപ്പിച്ചു. “എന്തായാലും നിങ്ങള്‍ പോയി വരൂ, ഞാന്‍ വരാന്‍ രാത്രിയായാലും എന്റെ മകള്‍ പിണങ്ങുകയില്ലല്ലോ...”

“ഇല്ലയില്ല, ഞങ്ങള്‍ പുറത്തെല്ലാം കറങ്ങി അടിച്ചുപൊളിച്ചേ തിരിച്ചുവരൂ...” മിലാന്‍ പറഞ്ഞപ്പോള്‍ ദാസ്‌ അവളെ നോക്കി. ഇത്രയും നേരമായിട്ടും മിലാനോട് ഒന്നും കാര്യമായി സംസാരിച്ചില്ലെന്നും അയാളോര്‍ത്തു.

ഒരു കണക്കിന് മൈത്രെയിയുടെ പിണക്കവും കോപവും നന്നായെന്നു സഞ്ജയിന് തോന്നാതിരുന്നില്ല. അതുകൊണ്ട് കാര്യങ്ങളെല്ലാം നേരായ വഴിയില്‍ പെടുന്നെനെ നിവര്‍ന്നു. മിലാനോടുള്ള മൈത്രേയിയുടെ അടുപ്പക്കുറവ് ഒരിക്കലും മിലാന്‍ എന്ന വ്യക്തിയോടോ നടിയോടോ അല്ല. അത് അച്ഛന്‍ വിവാഹം കഴിക്കാന്‍ പോകുന്ന, തങ്ങളുടെ കുടുംബത്തില്‍ അംഗമാകാന്‍ പോകുന്ന ആളോടുള്ള അനിഷ്ടമാണെന്ന് സഞ്ജയിന് നേരത്തെ മനസ്സിലായിരുന്നു.

ദാസ്‌ അപ്പോള്‍ത്തന്നെ യാത്രപറഞ്ഞു പോയി. ലഞ്ചിനുശേഷം മൂന്നുപേരും കൊല്‍ക്കത്ത നഗരത്തിലെ പ്രതിമകള്‍ ഉണ്ടാക്കുന്ന പ്രസിദ്ധമായ കുമര്‍തുളിയെന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. ദാസ്‌ ഏല്‍പ്പിച്ച സെക്യൂരിറ്റിവ്യൂഹം അല്പം ദൂരെയായി അവരെ പിന്തുടര്‍ന്നിരുന്നു. നോര്‍ത്ത് കൊല്‍ക്കത്തയില്‍ നിന്നും കുമര്‍തുളിയിലേക്ക് ഏകദേശം ഒരു മണിക്കൂര്‍ കാര്‍ ഓടിയിരുന്നു. കുമര്‍തുളിയിലെ ഇടുങ്ങിയ വഴികളിലൂടെ  യാത്രചെയ്യുമ്പോള്‍ മിലാന് താനേതോ സിനിമാലൊക്കേഷന്‍ തേടിപ്പോവുകയാണെന്ന് തോന്നാതിരുന്നില്ല.

“എന്താണ് അങ്കിള്‍ ഇവിടെത്തന്നെ നമ്മള്‍ വരാന്‍ കാരണം? മറ്റു സ്ഥലങ്ങളിലും പ്രതിമകള്‍ ഉണ്ടാക്കുന്നില്ലേ?” ഒട്ടും വൃത്തിയില്ലാത്ത വഴിയിലൂടെ കാര്‍ നീങ്ങിയപ്പോള്‍ മൈത്രേയി ചോദിച്ചു. ഓടകളില്‍ നിന്നും ഗലികളില്‍ നിന്നുമുള്ള അസഹനീയമായ ഗന്ധം മൂക്ക്പൊത്താന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. ഇതിനിടയില്‍ പശുപതിലാല്‍  എന്നൊരാള്‍ അവരുടെ കാറില്‍ സഹായത്തിനായി കയറിയിരുന്നു.

“കുമര്‍തുളിയിലാണ് വളരെ പണ്ടുതൊട്ടേ പ്രതിമകള്‍ നിര്‍മ്മിക്കപ്പെടുന്നത്. ‘കുമര്‍’ എന്നാല്‍ പോട്ടര്‍ അല്ലെങ്കില്‍ നിര്‍മ്മാതാവ്,ശില്പി എന്നൊക്കെയാണ് അര്‍ഥം വരുന്നത്. ‘തുളി’ എന്നാല്‍ പ്രദേശം, വില്ലേജ് എന്നൊക്കെയും പറയും. ഏകദേശം മുന്നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇങ്ങനെ ഒരു പ്രത്യേക വര്‍ഗം കുമര്‍തുളിയിലേക്ക് കുടിയേറിപ്പാര്‍ത്തത്‌.” സഞ്ജയ്‌ വിശദീകരിച്ചു.
“അതെ...” പശുപതി തുടര്‍ന്നു. “കൊല്‍ക്കത്തയേക്കാള്‍ കൂടുതല്‍ പ്രായമുണ്ട് കുമര്‍തുളിയ്ക്ക്. പതിനേഴാം നൂറ്റാണ്ടിലെ കൃഷ്ണനഗരവുമായി ബന്ധമുള്ള മൂന്ന് ചെറിയ ഗ്രാമങ്ങള്‍ ചേര്‍ന്നതില്‍ ഒന്നായിരുന്നു ഗോബിന്ദപുര്‍. മണ്ണ് കുഴച്ച് ആകര്‍ഷകമായി രൂപങ്ങള്‍ നിര്‍മ്മിക്കുന്ന ഒരുവിഭാഗം ജനങ്ങള്‍  കൃഷ്ണനഗരത്തില്‍ നിന്നും ആ കാലത്ത് ഭാഗീരഥിനദിയുടെ കരയിലേക്ക് കുടിയേറി. ഗോബിന്ദപുര്‍ എന്ന മനോഹരമായൊരു ഗ്രാമവും അവര്‍ പണിതീര്‍ത്തു. ആ സമയത്താണ് ഗോബിന്ദപുരിയുടെ തീരത്ത്  ഗ്രാമവാസികള്‍ ജീവിച്ചിരുന്ന നദീതടത്തില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി വില്യം കോട്ട നിര്‍മ്മിക്കാന്‍ പ്ലാനിട്ടത്‌. ആ സ്ഥലം ഈസ്റ്റ് ഇന്ത്യാ കമ്പനി മൊത്തത്തില്‍ എടുക്കുകയായിരുന്നു. അതുകൊണ്ട് ഗോബിന്ദപുരത്തുനിന്നും എല്ലാവരും കുമര്‍തുളിയിലേക്ക് ചേക്കേറി. പിന്നീട് അവര്‍ ദേവീദേവന്മാരുടെ രൂപങ്ങളും മറ്റു ശില്പങ്ങളും ഉണ്ടാക്കുന്നതില്‍ അതിവിദഗ്ദരും പ്രശസ്തരുമായി.”

കയ്യേറ്റവും അധിനിവേശവും ചരിത്രത്തിന്‍റെ എല്ലാ കോണുകളിലും ഉണ്ടല്ലോ എന്ന് സഞ്ജയ്‌ ഓര്‍ത്തു. സംസാരിച്ചുകൊണ്ടിരിക്കെ കാര്‍ ചെറിയ തെരുവിലെത്തി. മുന്‍കൂട്ടി പറഞ്ഞതനുസരിച്ച് അവരെ സ്വീകരിച്ചു കൊണ്ടുപോകാനുള്ള ആളുകള്‍ തയ്യാറായി നിന്നിരുന്നു. പിന്നീട് കാല്‍നടയായിട്ടായിരുന്നു യാത്ര. ചിലയിടത്ത് റൊട്ടികളുണ്ടാക്കുന്ന കടകളില്‍നിന്നും തീക്ഷ്ണഗന്ധമുയരുന്നു. തന്തൂരിയടുപ്പിലെ കനത്ത മണം. ഓവുചാലില്‍ കെട്ടിക്കിടക്കുന്ന ജലത്തിലെല്ലാം ഈച്ചകളും പ്രാണികളും വേസ്റ്റ്കൂമ്പാരങ്ങളും... മൈത്രേയി ബാഗില്‍ നിന്നും തൂവാലയെടുത്ത്‌ അതിലേക്കു ഏതോ പെര്ഫും സ്പ്രേ ചെയ്തു ആ തൂവാല മൂക്കില്‍ അമര്‍ത്തിപ്പിടിച്ചു നടന്നു.

 മുന്നോട്ടുപോയപ്പോള്‍ വിശാലമായി കിടക്കുന്ന ഒരു ഏരിയ പശുപതിലാല്‍ അവര്‍ക്ക് കാണിച്ചുകൊടുത്തു. “ഇവിടെ നിന്നാണ് ശില്പങ്ങള്‍ നിര്‍മ്മിക്കാനുള്ള കറുത്ത മണ്ണ് കുഴച്ചെടുക്കുന്നത്. പശിമയുള്ള നല്ല കറുത്ത മണ്ണാണിവിടെ.”

“ഭാഗീരഥി നദി ഇപ്പോഴില്ലേ അച്ഛാ?” മിലാന്‍ അനേഷിച്ചു.

“ഉണ്ട്, അതാണ്‌ ഇപ്പോഴത്തെ ഹുഗ്ളീ നദി.”

തെരുവുകളിലെല്ലാം ആളുകള്‍ തിരക്കിലായിരുന്നു. ഓരോ തെരുവിലും കടകളിലും ആയിരക്കണക്കിന് പ്രതിമകള്‍ സന്ദര്‍ശകരെ നോക്കിയിരുന്നു പുഞ്ചിരി തൂകി.  മനോഹരമായി അലങ്കരിച്ചതും അലങ്കാരങ്ങള്‍ ഇല്ലാത്തതും പണിതുകൊണ്ടിരിക്കുന്നതുമായ ധാരാളം ശില്പങ്ങള്‍ പലയിടത്തും കൂടിക്കിടന്നിരുന്നു. ഒരു ചെറിയ വഴിയുടെ രണ്ടു ഭാഗത്തുമായി നിരനിരയായി കാണപ്പെട്ട കടകള്‍ക്കിടയിലൂടെ കഷ്ട്ടിച്ചു നടന്നു അവര്‍ ചുവന്ന ചാന്തിട്ട് മിനുക്കിയ ഒരു വീടിന്റെ കോലായിലേക്ക് കയറി.  നിവര്‍ന്നു നില്‍ക്കുന്ന വലിയ ശില്പങ്ങള്‍ അവിടെ നിറയെ കണ്ടു.
വീടല്ല അത് ദുര്‍ഗാശില്പങ്ങള്‍ ഉണ്ടാക്കുന്ന കടതന്നെയായിരുന്നു. അതിനു പുറകു വശത്തേക്ക് പശുപതി അവരെ കൂട്ടിക്കൊണ്ടുപോയി. കുറെ സ്ത്രീകളും പുരുഷന്മാരും അല്പം മുതിര്‍ന്ന കുട്ടികളുമെല്ലാം കൂടിയിരുന്ന് കറുത്ത മണ്ണ് കുഴക്കുന്നു. ചിലയിടത്ത് വെളുത്ത മണല്‍ കണ്ടു. സഞ്ജയ്‌ വിരല്‍ചൂണ്ടിയിടത്തേക്ക്  എല്ലാവരും നോക്കി. 
“അതാ അവിടെ നിങ്ങളുടെ ദൈവങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ഈശ്വരത്തെരുവ് !!മനുഷ്യരുടെ വിരല്‍ത്തുമ്പുകളിലൂടെ ദൈവങ്ങളുടെ പിറവി ഇവിടെ സമ്പൂര്‍ണ്ണം! നമുക്ക് വേണ്ട ദേവതയുടെ മോഡല്‍ പറഞ്ഞുകൊടുത്താല്‍ മതി. എല്ലാമെല്ലാം കണിശമായി നല്‍കപ്പെടും...” ചെറുചിരിയോടെ സഞ്ജയ്‌ പറഞ്ഞപ്പോള്‍ മിലാന്‍ അയാളില്‍നിന്നും നോട്ടം മാറ്റി.

“ഇതെന്താണിത്?” വെളുത്ത മണല്‍ ചൂണ്ടി മൈത്രേയി ചോദിച്ചു.

“ഇത് ചുണ്ണാമ്പുമണല്‍ ആയിരിക്കും...” സഞ്ജയ്‌ അതില്‍ നിന്നും അല്പം വാരിയെടുത്ത് മൂക്കിനോടടുപ്പിച്ചു. “യെസ്... കാല്‍ഷ്യം.”

“എന്തെല്ലാമാണ് ഇത്തരം പ്രതിമകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഇന്ഗ്രെടിയന്റ്സ്?” ചോദ്യംകേട്ട സഞ്ജയ്‌ പൊട്ടിച്ചിരിച്ചു. “എന്റെ മിത്രാ, ഇതെന്താ ഫുഡ്‌ ആണോ ഉണ്ടാക്കുന്നെ ഉപ്പും മുളകും പാകത്തിന് ചേര്‍ത്തിട്ടു ഇളക്കാന്‍?”

മൈത്രേയിയുടെ മുഖത്തൊരു ചമ്മലുണ്ടായി. “ഐ മീന്‍...അങ്കിള്‍...”

“മനസ്സിലായി. ഒരുകൂട്ടം തൊഴിലാളികളുടെ നാലഞ്ചുമാസത്തെ കഠിനമായ അധ്വാനമാണ് നാം ഈ  കാണുന്ന രൂപങ്ങള്‍. മുളയോ സ്ട്രോയോ കട്ടിയുള്ള വൈക്കോലോ ഉപയോഗിച്ച് ആദ്യം ഉണ്ടാക്കാന്‍ പോകുന്ന രൂപത്തിന്റെ മോഡലുകള്‍ രൂപപ്പെടുത്തുന്നു.  അവയിൽ മണ്ണ് ചേർത്തു  കുഴച്ചു പരുവപ്പെടുത്തും. ഈ കറുത്ത മണ്ണിന്റെകൂടെ ഗംഗാ നദിയുടെ തീരത്തുള്ള മണലും അല്പം ചേര്‍ക്കാറുണ്ട്. ഗോമൂത്രം, ചാണകം എന്നിവയും കലര്‍ത്തും. ഇതെല്ലാംകൂടി കുഴച്ചാണ് മണ്ണ് പരുവപ്പെടുത്തുന്നത്. എന്നിട്ട് ഉണക്കും. ഗോമൂത്രവും ചാണകവും പുണ്യവസ്തുവായി കണക്കാക്കുന്നുണ്ടല്ലോ പണ്ടേ മുതൽ."

"ചാണകത്തിന് അണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ടല്ലോ. അതുകൊണ്ടാണോ ഇവിടെ ഉപയോഗിക്കുന്നത്? " മൈത്രേയി ചോദിച്ചു. 

" ഒരു കാരണം അതാവണം. മുൻപത്തെ നദീതട സംസ്‍കാരങ്ങളിൽ തൊഴിൽ തന്നെ കാലിമേയ്ക്കലും കൃഷിയും ആയിരുന്നു. അന്ന് സുലഭമായി ലഭിച്ച വസ്തുക്കൾ അവർ ഉപയോഗിച്ചു. മാത്രമല്ല കളിമണ്ണും ചാണകവും പശിമയ്ക്കു പറ്റിയ കൂട്ടും ആണല്ലോ...."
മിലാന്‍ ഓരോ പ്രതിമയും സൂക്ഷ്മമായി പരിശോധിക്കുകയായിരുന്നു. പല പ്രതിമകളുടെയും കണ്ണുകള്‍ തുറക്കാത്തത് അവളെ വിസ്മയിപ്പിച്ചു. “ഇതെന്താണ് കണ്ണുകള്‍ ഇങ്ങനെ?”

പശുപതി ആ പ്രതിമയുടെ അരികിലേക്ക് വന്നു. “പ്രതിഷ്ടയുടെ നേരത്തോ ഉത്സവങ്ങളിലെ ചടങ്ങുകളിലേക്ക് ഒരുക്കുന്ന  സമയത്തോ ആണ് ശില്പങ്ങളുടെ മിഴികള്‍ തുറക്കുക. അതൊരു പവിത്രമായ ചടങ്ങാണ്. ‘ചോക്കു ദാന്‍’ എന്ന പേരിലാണ് ഈ ചടങ്ങ് അറിയപ്പെടുന്നത് തന്നെ. ശില്പങ്ങളില്‍ ആണെങ്കില്‍ കണ്ണുകള്‍ കൊത്തിയുണ്ടാക്കും. ഇവിടെ രൂപങ്ങളില്‍ വരച്ചുംചേര്‍ക്കുന്നു. മണ്ണില്‍ കുഴച്ചവയായതിനാല്‍ സുന്ദരമായ്‌ നിറങ്ങള്‍ ചാലിച്ചെഴുതിയും കണ്ണുകള്‍ വരച്ചുചേര്‍ക്കാം. അതിനായി നിറങ്ങളും പച്ചിലച്ചാറുകളും പൂക്കളുടെ നീരുമൊക്കെ ഉപയോഗിക്കുന്നു."

തന്‍റെ ഇഷ്ടവിനോദമായ  ഫാര്‍ബികേക്ക് ഉണ്ടാക്കുമ്പോള്‍ അവയുടെ കണ്ണുകള്‍ തെളിയെച്ചെടുക്കുന്നത് മൈത്രേയി ഓര്‍ത്തു. 
പൂജിക്കാന്‍ ഉപയോഗിക്കുന്ന ദുര്ഗാപ്രതിമകളുടെ മുന്നില്‍ ചെറിയ പാക്കറ്റുകളില്‍ ഭദ്രമായിവെച്ചിരിക്കുന്ന മണല്‍ മൈത്രേയി കണ്ടു. “ഇതെന്താണിത്?”

മിലാനും അതില്‍നിന്നും ചില പാക്കറ്റുകള്‍ എടുത്തുനോക്കി. “അറിയില്ല, എന്തെങ്കിലും ഉദ്ദേശം ഉണ്ടായിരിക്കാം...”

സഞ്ജയ്‌ അകത്തേക്ക് വന്നപ്പോള്‍ അവര്‍ ചോദിച്ചു. സഞ്ജയിന്റെ മുഖത്തൊരു മന്ദസ്മിതമുണ്ടായി. “ഇതിലടങ്ങിയ വസ്തുത സ്ത്രീകള്‍ക്ക് ഏറ്റവും ബഹുമാനം നല്‍കുന്ന ഒരു വിവരമാണ്.”

അതെന്താണ് എന്ന ജിജ്ഞാസയില്‍ മിലാന്‍ അച്ഛന്റെ മുഖത്തേക്ക് നോക്കി. “ദുര്‍ഗയുടെ അവതാരം മഹിഷാസുരവധവുമായി ബന്ധപ്പെട്ടാണല്ലോ, ദേവദാസികളുടെ കഥയുമായി ആ സംഭവങ്ങള്‍ ഇഴചേര്‍ന്നുകിടക്കുന്നതിനാല്‍ തന്റെ പ്രതിമകള്‍ ഉണ്ടാക്കുമ്പോള്‍ ദേവദാസികളുടെ വാസസ്ഥലത്തുള്ള അല്പം മണ്ണ്കൂടി വേണമെന്നത് ദുര്‍ഗാമാതാവിന്റെ ആഗ്രഹമായി കരുതപ്പെടുന്നു. പഴയ ദേവദാസികളുടെ പരമ്പരയൊന്നും ഇന്ന് കാര്യമായി ഇല്ലാത്തതിനാല്‍ ഇപ്പോഴുള്ളവര്‍ ആ മണ്ണിനായി ആശ്രയിക്കുന്നത് വേശ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തെ മണ്ണാണ്.”

“യൂ മീന്‍ പ്രോസ്റ്റിട്ട്യൂസ്..” അത്ഭുതം കൊണ്ട് മൈത്രേയിയുടെ കണ്ണുകള്‍ വിടര്‍ന്നു.

“അതെ. വേശ്യകള്‍. അവര്‍ താമസിക്കുന്ന സ്ഥലത്തെ അല്പം മണ്ണെടുക്കുന്നത്  ഈ ആവശ്യത്തിന് പുണ്യമായി കരുതുന്നു. അതൊരു ആചാരത്തിന്റെ ഭാഗമായതിനാല്‍ ആര്‍ക്കും വിരോധമില്ല. പൂജാരി അവിടേക്ക് ചെന്ന്  വേണ്ട അര്‍ച്ചനയും ഭാവുകങ്ങളും ആശിര്‍വാദങ്ങളും നല്‍കിയാണ്‌ ആ മണ്ണ് കൊണ്ടുവരുന്നത്. ആ സ്ഥലത്തു താമസിക്കുന്ന സ്ത്രീകളുടെ സമ്മതം തേടുന്നു. അതെടുക്കുന്ന വീടുകളിലെ സ്ത്രീകള്‍ വലിയൊരു  ബഹുമാനമായിത്തന്നെ ഈ കര്‍മ്മത്തെ കരുതുന്നു.”

“ഇത് അവിടെത്തെ സ്ത്രീകള്‍ കൊടുക്കാന്‍ വിസ്സമ്മതിച്ചാലോ?”

“അങ്ങനെയൊരു പ്രശ്നം ഉദിക്കുമോ? പ്രത്യേകിച്ച് ആചാരങ്ങളില്‍ വീണലിയുന്ന ഇവിടുത്തുകാര്‍? ശരി മിത്രാ, നിനക്ക് വേണ്ട ദേവതയെ നീ ഓര്‍ഡര്‍ ചെയ്യുന്നില്ലേ? ഐ മീൻ ഭംഗിയുള്ള ദൈവത്തെ?"

“അച്ഛന്‍ മിത്രയെ അധികം കളിയാക്കേണ്ട, അല്ലേ മിത്രാ?” മിലാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ മൈത്രേയി ചിരിച്ചു.

“കളിയാക്കണമല്ലോ, എങ്കിലല്ലേ മറ്റേ സാധനങ്ങള്‍ ഓരോന്നായി അഴിഞ്ഞുപോകൂ...” സഞ്ജയ്‌ മൈത്രേയിയെ വാരാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കിയില്ല.

“എന്ത് അഴിഞ്ഞുപോകുമെന്ന്?”

“തന്റെ ഈഗോ.... റായ് വിദേതന്‍റെ മകളുടെ ഈഗോ... സെലിബ്രിറ്റി പൊന്‍തൂവലുകള്‍....”

രാവിലെ നടന്ന കാര്യങ്ങളെക്കുറിച്ചാണ് സഞ്ജയ്‌ ഉദ്ദേശിച്ചതെന്നു മനസ്സിലായെങ്കിലും അതൊന്നും തന്നെ ബാധിച്ചിട്ടേയില്ലെന്ന മട്ടില്‍ മൈത്രേയി വളരെ കൂള്‍ ആയി നടന്നു. അവളെന്തോ സഞ്ജയിനെ ഇഷ്ടപ്പെടുന്നു എന്നത് വ്യക്തമായിരുന്നു. ആ അടുപ്പം അച്ഛന്‍ നന്നായി ഉപയോഗിക്കുന്നു എന്നത് മിലാനും മനസ്സിലായി. മിലാന്‍ ഗൂഡമായ ചിരിയോടെ അവരുടെയൊപ്പം നടന്നു.
തന്‍റെ നാനിക്ക് നല്‍കാന്‍ കഴിയുന്ന വലിയൊരു ദുര്‍ഗാപ്രതിമയെ  കാണാനായി മൈത്രേയിയുടെ കണ്ണുകള്‍ അലഞ്ഞു. കുറെയേറെ തിരഞ്ഞിട്ടും കാണാതെ അവള്‍ മടുത്തപ്പോള്‍ സഞ്ജയ്‌ ഒരു പരിഹാരം പറഞ്ഞു. “എന്തിനിത്ര തേടുന്നു? ആ ചെറിയ പ്രതിമ നല്‍കൂ, അതുപോലെ ഒരെണ്ണം ഉണ്ടാക്കിയാല്‍ പോരെ? കയ്യിലുള്ള ചെറിയ പ്രതിമയെ നല്‍കി അതുപോലെയൊരെണ്ണം ഉണ്ടാക്കാന്‍ സഞ്ജയ്‌ നിര്‍ദ്ദേശിച്ചു.

എന്തോ ഓര്‍ത്തിട്ട് മൈത്രേയി പറഞ്ഞു. “അല്ലല്ല, ഒന്ന് പോരാ, രണ്ടെണ്ണം വേണം...”

“ഇപ്പോള്‍ ഒരെണ്ണമല്ലേ നല്ലത്? അത് പൂര്‍ത്തിയായി കണ്ടതിനുശേഷം വേറൊന്നു പറഞ്ഞാല്‍ പോരേ? ചിലപ്പോള്‍ എന്തെങ്കിലും മാറ്റമോ നിര്‍ദേശമോ ഉണ്ടെങ്കില്‍ അടുത്തതില്‍ നമുക്കത് ചൂണ്ടിക്കാണിക്കാമല്ലോ” 
ഒരെണ്ണം മതിയെന്ന് അങ്ങനെ തീരുമാനമായി. അല്‍പനേരംകൂടി ചുറ്റിനടന്നു അവര്‍ മടങ്ങാന്‍ തീരുമാനിച്ചു.

“അച്ഛാ, ഇതിപ്പോ രൂപങ്ങള്‍ ഉണ്ടാക്കുന്നത്‌ നമ്മള്‍ കണ്ടില്ലല്ലോ, അതെവിടെയാ?”

മിലാന്റെ അനേഷണത്തിനു മറുപടിയായി വലിയ വലിയ പുരകളും ഷെഡ്ഡുകളും ചൂണ്ടിക്കാട്ടി പശുപതി പറഞ്ഞു. “ദുര്‍ഗാപൂജയുടെ ആഘോഷങ്ങള്‍ക്കായി ഒരുക്കുന്ന രൂപങ്ങള്‍ അവിടെയാണുള്ളത്. അവ ശില്പങ്ങളായിമാറിക്കഴിഞ്ഞു. ഇനി മിനുക്കുപണികള്‍ മാത്രമേയുള്ളൂ. നിങ്ങള്‍ മറ്റൊരു ദിവസം അറിയിച്ചിട്ട് വന്നാല്‍ രൂപങ്ങള്‍ മണ്ണില്‍നിന്നും രൂപമെടുക്കുന്നത് കാണാം. അതാണല്ലോ കാണേണ്ടത്.”

തിരികെ മടങ്ങുമ്പോള്‍ മൂവരും സന്തോഷത്തിലായിരുന്നു. “അങ്കിള്‍ എങ്ങനെയാണ് ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കിയത്?” കാറില്‍വെച്ച് ഇതുവരെയെടുത്ത വീഡിയോറെക്കോര്‍ഡ്സ് ഒന്നുകൂടെ പരിശോധിക്കുമ്പോള്‍  മൈത്രേയി ചോദിച്ചു. 

സഞ്ജയ്‌ പുഞ്ചിരിച്ചതേയുള്ളൂ. തന്റെ ചെറുപ്പകാലത്തിലെ പത്രപ്രവര്‍ത്തകന്റെ വേഷം അയാളുടെ മനസ്സിലൂടെ മിന്നിമാഞ്ഞുപോയി.
ഹോട്ടലില്‍ തിരികെയെത്തിയയുടനെ മൂവരും തങ്ങളുടെ മുറികളിലേക്ക് മടങ്ങി. “ഞാന്‍ രാത്രി മടങ്ങും.... സീ യൂ അഗൈന്‍ മൈ ഡാര്‍ലിംഗ്...” അയാള്‍ മൈത്രേയിയെ നോക്കി.

“ഒഹ് അങ്കിള്‍... വളരെ നല്ലൊരു സമയമായിരുന്നു നമുക്ക് കിട്ടിയത്. അപ്രതീക്ഷിതം! ഐ വില്‍ മിസ്സ്‌ യൂ....” അല്പം വാടിയ മുഖത്തോടെ മൈത്രേയി മുന്നോട്ടുവന്നു അയാളെ കെട്ടിപ്പിടിച്ചു.

“മീ റ്റൂ. .. എന്തായാലും നമ്മള്‍ ഒരു ഫാമിലിയാകുകയല്ലേ... അപ്പോള്‍ ചാന്‍സുകള്‍ ഇനിയുമുണ്ടല്ലോ..” മിലാനെ ചൂണ്ടി സഞ്ജയ്‌ പറഞ്ഞു. “ഇതാ നിന്‍റെ ചങ്ങാതി നില്‍ക്കുന്നു. കാണാന്‍ തോന്നുമ്പോള്‍ നിങ്ങള്‍ രണ്ടുപേരും  മുംബൈയ്ക്ക് പറന്നാല്‍ മതി.”

മിലാനും അച്ഛനെ കെട്ടിപ്പിടിച്ചു. എന്നിട്ട് അവള്‍ മൈത്രേയിയുടെ മുഖത്തേക്ക് നോക്കി. “ആദ്യം ചോദിക്കേണ്ടിയിരുന്നത് ഞാന്‍ ഇപ്പോള്‍ ചോദിക്കുന്നു മിത്രാ... ഇഷ്ടമായോ എന്നെ?”

തന്‍റെ തോൾബാഗ് ഊർന്നുപോയത് എത്തിപ്പിടിച്ച്‌ മൈത്രേയി മിലാന് നേരെ തിരിഞ്ഞു. “ലവ് യൂ സൊ മച്ച് ദീദി... വെല്‍ക്കം ടൂ ഔര്‍ ഫാമിലി...” 

രണ്ടുപേരും ആലിംഗനത്തിലര്‍ന്നപ്പോള്‍ മിലാന്‍ ആരാധനയോടെയും നന്ദിയോടെയും തന്‍റെ അച്ഛനെ നോക്കി. മിസ്‌ മിലാന്‍ എന്ന വിളിയില്‍ നിന്നും ദീദിയിലേക്കുള്ള ദൂരത്തിന് കുറുകെ പാലം കെട്ടിയ ആ മനുഷ്യന്‍ മകളെ നോക്കി കണ്ണിറുക്കിച്ചിരിച്ചു നടന്നുപോയി.

                                             (തുടരും )
നീലച്ചിറകുള്ള മൂക്കുത്തികൾ - 26 - സന റബ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക