Image

ചിരസ്മരണീയ മണ്ഡോദരി (എഴുതാപ്പുറങ്ങള്‍- 67: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 16 August, 2020
ചിരസ്മരണീയ മണ്ഡോദരി (എഴുതാപ്പുറങ്ങള്‍- 67: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

"അഹല്യ ദ്രൗപദി സീത താര മണ്ഡോദരി തഥാ
പഞ്ചകന്യാ സ്മരേ നിത്യം മഹാപാതക നാശനം''
എന്ന് ചെറുപ്പകാലത്ത് ദിവസവും   'അമ്മ മൂന്നുപ്രാവശ്യം പറയിപ്പിയ്ക്കാറുണ്ട്. അന്ന് അതിന്റെ അര്‍ത്ഥമൊന്നും മനസ്സിലാക്കികൊണ്ടല്ല ഉരുവിട്ടിരുന്നത്. ഭാരതസ്ത്രീകള്‍ പ്രാതഃകാലങ്ങളില്‍ ഈ അഞ്ചു സ്ത്രീകളെ സ്മരിച്ചാല്‍ മഹാപാപങ്ങള്‍  നശിയ്ക്കുന്നു എന്ന് ഹൈന്ദവ വിശ്വാസത്തെപ്പറ്റി പിന്നീടാണ് മനസ്സിലായത്.

രാമായണപാരായണത്തിന്റെ സമാപനദിവസങ്ങളിലേക്ക് അടുക്കുമ്പോള്‍ നമ്മള്‍ ആരും വേണ്ടത്ര പ്രാധാന്യം  നല്‍കാതിരുന്ന രാമായണത്തിലെ ഒരു കഥാപാത്രത്തിലേയ്ക്ക് ശ്രദ്ധതിരിയുകയാണ്.   ലങ്കാരാജ്യത്തിന്റെ  അധിപനും രാക്ഷസരാജാവുമായ രാവണന്റെ ധര്‍മ്മപത്‌നി മണ്ഡോദരിയിലേയ്ക്ക്.  ഒരുപക്ഷെ രാമായണത്തിലെ നിഷേധകഥാപാത്രമായ രാവണന്റെ ധര്‍മ്മപത്‌നി ആയതിനാലാണോ മണ്ഡോദരി എന്ന സുന്ദരിയും സുശീലയും അതോടൊപ്പം പതിവ്രതയുമായ ഇവരെ സീതയ്‌ക്കെന്നോണം പ്രാധാന്യം നല്‍കാതിരുന്നത് എന്നു വേണമെങ്കില്‍ അനുമാനിയ്ക്കാം.  എന്നാല്‍ നമ്മുടെ പൂര്‍വികര്‍ ഭാരതത്തിലെ പുരാണങ്ങളില്‍നിന്നുള്ള ആദരണീയരായ സ്ത്രീകള്‍ക്കൊപ്പം മണ്ഡോദരിയെയും കണക്കാക്കിയിരിക്കുന്നു. രാമായണത്തിലെ പല സാഹചര്യങ്ങളും വിലയിരുത്തുകയാണെങ്കില്‍ മണ്ഡോദരി എന്ന കഥാപാത്രം നമ്മളില്‍ കൂടുതല്‍ മതിപ്പുളവാക്കും. 

അസുരശില്പിയായ മയന്റെയും, അപ്‌സരസ്സായ ഹേമയുടെയും   വളര്‍ത്തുപുത്രിയായിരുന്നു മണ്ഡോദരി. പൂര്‍വ്വജന്മത്തില്‍ മധുര ആയിരുന്ന ഇവര്‍ ഒരു തികഞ്ഞ ശിവഭക്തയായിരുന്നു. വിധി ഇവരെ പാര്‍വ്വതിശാപത്തിനിരയാക്കി. പാര്‍വ്വതിയുടെ ശാപപ്രകാരം മണ്ടൂകമായി (തവള) പന്ത്രണ്ട് വര്‍ഷം ഒരു പൊട്ടക്കിണറ്റില്‍ കിടന്നു. ശ്രീപരമേശ്വരന്റെ അനുഗ്രഹത്താല്‍ പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം തവളയ്ക്കു ശാപമോക്ഷം ലഭിച്ച് ഒരു പെണ്‍കുഞ്ഞായി. അതുകൊണ്ട് തന്നെ ഇവള്‍ക്ക് മണ്ഡോദരി എന്ന നാമധേയം സിദ്ധിച്ചു. ഇവളുടെ വളര്‍ത്തുമാതാപിതാക്കള്‍ക്ക് ഈ കിണറ്റില്‍ നിന്നുമാണ് ഇവളെ ലഭിച്ചത് എന്നും  പറയപ്പെടുന്നു.

മന്ധോദരിയെ പഞ്ചകന്യകമാരില്‍  ഒരാളായി കരുതുന്നത് .മറ്റു നാലുപേരെപോലെ ഇവര്‍ക്കും അടിയുറച്ച ഭക്തിയും, ആത്മീയശക്തിയും ഉണ്ടായിരുന്നു എന്നതുകൊണ്ട് തന്നെയാണ്. സ്വഭാവദാര്‍ഢ്യവും നന്മയില്‍ വിശ്വസിച്ചുകൊണ്ട് കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്ന ആര്‍ജ്ജവവും ഇവര്‍ക്കുണ്ടായിരുന്നു. ജീവിതത്തിന്റെ ഭാഗമായി അനുഭവിയ്‌ക്കേണ്ടി വന്ന കഷ്ടതകളെയും, ദുഃഖങ്ങളെയും തുലനം ചെയ്ത് നിശബ്ദമായി ജീവിതത്തെ നോക്കിക്കണ്ട ഒരു കഥാപാത്രമാണ് മണ്ഡോദരി. പുരുഷ മേധാവിത്വത്തിന്റെ കാലഘട്ടത്തില്‍ ജീവിച്ചിരുന്നിട്ടും ജീവിതത്തെ വളരെ ക്ഷമയോടെ, സഹിഷ്ണുതയോടെ ഇവര്‍ തരണം ചെയ്തു.  ഓരോ ഗുണങ്ങളും വിലയിരുത്തുകയാണെങ്കില്‍ ഒരുപക്ഷെ സീതയോളം തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഉത്തമ  സ്ത്രീരത്‌നമാണ് മണ്ഡോദരി എന്ന് തോന്നിയേക്കാം.

ജീവിതസൗഭാഗ്യങ്ങളില്‍ അഹങ്കരിയ്ക്കുന്ന ഒരു വ്യക്തിത്വമല്ല മണ്ഡോദരിയുടേത്. പണ്ഡിതനും, ശക്തിമാനും, ലങ്കയുടെ രാജാവുമായ രാവണന്റെ പത്‌നിയായിരുന്നു ഇവര്‍.  രാവണനില്‍ മണ്ഡോദരിയ്ക്കു ഇന്ദ്രജിത്ത്, അതികായകന്‍, അക്ഷകുമാരന്‍ എന്നിങ്ങനെ മൂന്നു ശക്തരായ പുത്രന്മാരുണ്ട്. അതില്‍ ഇന്ദ്രജിത് എന്ന മകന്‍ ഇന്ദ്രനെ ജയിച്ചവനാകുന്നു. അതീവസുന്ദരിയായിരുന്നു മണ്ഡോദരി എന്നു പറയപ്പെടുന്നു.സീതാന്വേഷണത്തിനു പുറപ്പെട്ടു ലങ്കയില്‍ എത്തിയ ഹനുമാന്‍ മണ്ഡോദരിയെക്കണ്ട് സീതയാണെന്നു തെറ്റിദ്ധരിച്ചു എന്ന് വാത്മീകി രാമായണത്തില്‍ പറയുന്നുണ്ട്.

അതെ സമയം സീതയെപ്പോലെത്തന്നെ സഹിഷ്ണുതയുടെ പര്യായമായിരുന്നു മണ്ഡോദരി എന്ന് രാമായണ കഥകളില്‍ നിന്നും മനസ്സിലാക്കാം. വിഷയലമ്പടനായ ഭര്‍ത്താവിന്റെ വിശ്വസ്തയായ പത്‌നിയായിരുന്നു ഇവര്‍. സുന്ദരിയായ ഭാര്യ അരികിലുണ്ടായിട്ടും മറ്റു സ്ത്രീകളുമായി രമിയ്ക്കുന്നതില്‍ ഉന്മാദം കണ്ടെത്തുന്ന പുരുഷമേധാവിത്വത്തിന്റെ പ്രതീകമായിരുന്നു രാവണന്‍. ആ കാലഘട്ടത്തെ കഥകള്‍  വിലയിരുത്തിയാല്‍ അന്നത്തെ രാജാക്കന്മാര്‍ക്ക്   ബഹുഭാര്യാത്വവും, സുന്ദരിമാരില്‍ ഭ്രമവും സര്‍വ്വസാധാരണമായിരുന്നുവെന്നു  കാണാം. എന്നാല്‍ രാവണന്‍ എന്ന കഥാപാത്രം ഇതില്‍നിന്നും വ്യത്യസ്തമായി ക്രൂരതയില്‍ ആനന്ദം കണ്ടെത്തിയിരുന്ന രാക്ഷസരാജാവായിരുന്നു. കാരണം ഇഷ്ടം തോന്നുന്ന സ്ത്രീകളെ കൊട്ടാരത്തില്‍ കൊണ്ടുവരികയും ധര്‍മപത്‌നിയായ മണ്ഡോദരിയുടെ മുന്നില്‍വച്ച് അവരോടൊത്ത്  രമിയ്ക്കുകയും ചെയ്യുന്ന ക്രൂരതയും രാവണന്റെ വിനോദമായിരുന്നു എന്നാണു രാമായണത്തിലെ വിവരങ്ങളില്‍ നിന്നും മനസ്സിലാകുന്നത്.  

പഞ്ചകന്യകമാരില്‍ പലരുടെയും സൗന്ദര്യം അധര്‍മരായ രാജാക്കന്മാരെ മത്തുപിടിപ്പിച്ചിരുന്നു.  സുന്ദരിയായ മണ്ഡോദരി ധര്‍മ്മ പത്‌നിയായിരുന്നിട്ടും സീതയെ മോഹിച്ച്  അവരെ തട്ടിക്കൊണ്ടുപോന്നു രാവണന്‍. എന്നിട്ടും പ്രതികരിയ്ക്കാതെ സഹനത്തിന്റെ നിശബ്ദരൂപമായി മാറി മണ്ഡോദരിയിലെ സാധ്വി എന്നതാണ് ശ്രദ്ധേയം. അതേസമയം ലങ്കയില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ സീതയെ രാമന് വിട്ടുകൊടുക്കാന്‍ വിനീതമായി അപേക്ഷിയ്ക്കുന്ന കര്‍ത്തവ്യബോധമുള്ള, രാജ്യസ്‌നേഹമുള്ള രാജപത്‌നിയെയും നമുക്ക് ഇവരില്‍ കാണാം. പുരുഷമേധാവിത്വമുള്ള സമൂഹം പുരുഷനു എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം അനുവദിക്കുമ്പോള്‍ മൗനസാക്ഷിയായി എല്ലാം സഹിക്കുക തന്നെയാണ് പതിവ്രതകള്‍ക്ക് ചെയ്യാന്‍ കഴിയുന്നത്,  കഴിയുക എന്ന യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ മണ്ഡോദരി എന്ന സ്ത്രീ ഒരു പ്രതീകമാകുന്നു. 

ഭര്‍ത്താവ് അപഹരിച്ചുകൊണ്ടുവന്ന സീത തനിക്കും തന്റെ രാജ്യത്തിനും വിപത്താകുമെന്നു മനസ്സിലാക്കിയിട്ടും സീതയോട് മോശമായി പെരുമാറാന്‍ അവരിലെ സ്ത്രീത്വം അനുവദിയ്ക്കുന്നില്ല. രാവണന്റെ ഇങ്കിതങ്ങള്‍ക്ക് വഴങ്ങാതിരുന്നപ്പോള്‍ അദ്ദേഹം സീതയെ വെട്ടാനായി വാള്‍ ഓങ്ങുന്നുണ്ട്. മണ്ഡോദരി അതു തടുക്കുന്നു. സ്ത്രീഹിംസ ചെയ്താല്‍ അങ്ങയുടെ പ്രതാപത്തിനു മങ്ങലേല്‍ക്കുമെന്നു ഉപദേശിച്ച് രാവണനെ പിന്തിരിപ്പിക്കുന്നു. ഇവിടെയും ക്രൂരനായ ഭര്‍ത്താവിനോടുള്ള ഒരു സ്ത്രീയുടെ അമര്‍ഷമല്ല മറിച്ച് ഭര്‍ത്താവിന്റെ സല്‍പ്പേര് കളങ്കപ്പെടാതിരിക്കാനുള്ള ഒരു സഹധര്‍മ്മിണിയുടെ കടമയും,  ഒപ്പം രാജ്യസ്‌നേഹവുമാണ്. 

രാമരാവണ യുദ്ധത്തില്‍ ബലവാന്മാരായ തന്റെ ഓരോ പുത്രന്മാരെയും നഷ്ടപ്പെട്ടപ്പോള്‍  വിങ്ങുന്ന വേദനയോടെ അവര്‍ വിലപിക്കുകയും തന്റെ ഭര്‍ത്താവിന്റെ ജീവനെങ്കിലും രക്ഷിക്കാന്‍വേണ്ടി ശ്രമിക്കുകയും ചെയ്തു. പക്ഷെ തന്റെ കഴിവില്‍ വിശ്വാസമുണ്ടായിരുന്ന അഭിമാനിയായ  രാവണന്‍ അവരുടെ വാക്കുകള്‍ ചെവിക്കൊണ്ടില്ല. അവസാനം തന്റെ പ്രിയതമനും രാമബാണമേറ്റ് വെറും നിലത്ത് മരിച്ചുവീണപ്പോള്‍ അവര്‍ വാവിട്ടു കരഞ്ഞു. എത്രയോ പ്രൗഢിയില്‍ അധികാരത്തില്‍ വാണരുളിയ തന്റെ ഭര്‍ത്താവ് രാജകീയമായ ഒരു ആര്‍ഭാടവുമില്ലാതെ മരിച്ചുകിടക്കുന്നത് അവരെ അത്യധികം വേദനിപ്പിച്ചു എന്നതും ഒരു ഉത്തമ സ്ത്രീയുടെ ഗുണങ്ങളില്‍ ശ്രദ്ധേയം തന്നെ 

മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിയ്ക്കുന്ന ഇന്നത്തെ സ്ത്രീസമൂഹം ഒരുപക്ഷെ   വിലയിരുത്തേണ്ടത് രാമായണത്തിലെ സീത  എന്ന കഥാപാത്രത്തോടൊപ്പം ഗുണനിര്‍ഭരയായ മണ്ഡോദരിയെ കൂടിയാണ്.   എപ്പോഴും  സത്യത്തിന്റെ ഭാഗത്ത് നില്‍ക്കുന്ന, ശാന്തയായ, അല്‍പ്പം പോലും അഹങ്കാരമില്ലാത്ത, അതേ സമയം രാജ്യപത്‌നി എന്ന നിലയില്‍ രാജ്യഭക്തിയും, കുടുംബഭക്തിയും, ഭര്‍ത്തൃസ്‌നേഹവും, പുത്രവാത്സല്യവും നിറഞ്ഞ ഒരു ഉത്തമസ്ത്രീയുടെ ആകെ തുകയാണ് മാണ്ഡോദരി. രാവണന്റെ ധര്‍മ്മപത്‌നി എന്നതിനാല്‍ ഇവരിലെ ഗുണങ്ങള്‍ വേണ്ടത്ര ശോഭിച്ചില്ല. വരുംവരായ്മകളെ മുന്‍കൂട്ടി മനസ്സിലാക്കിയിട്ടും വളരെ പുണ്യവതിയായിട്ടും  ഭര്‍ത്താവിന്റെയോ, പുത്രന്മാരുടെയോ ജീവന്‍ രക്ഷിയ്ക്കാനോ  സംഭവിയ്ക്കാനിരുന്ന  രാജ്യത്തെ ദുരന്തങ്ങള്‍ ഒരു രാജപത്‌നി എന്ന നിലയില്‍ ഇല്ലായ്മചെയ്യാനോ ഇവര്‍ക്ക് കഴിഞ്ഞില്ല. കാരണം  ഇവര്‍  ഒഴുക്കിയ കണ്ണുനീര്‍, കരയാന്‍ മാത്രം വിധിയ്ക്കപ്പെട്ട സ്ത്രീയുടേതായിരുന്നു , അവര്‍ പറഞ്ഞ വാക്കുകള്‍ ഒരിടത്തും ശബ്ദമുയര്‍ത്താന്‍ അവകാശമില്ലാത്ത സ്ത്രീയുടേതായിരുന്നു. നന്മകള്‍ മനസ്സിലുണ്ടായിട്ടും ഭര്‍ത്താവ് ചെയ്ത തെറ്റുകളുടെ മുഴുവന്‍ ഫലവും അനുഭവിച്ച് ജീവിതമെന്ന കണ്ണുനീര്‍ കയത്തിലേക്ക് എറിയപ്പെട്ടവളായിരുന്നു  മണ്ഡോദരി. സ്ത്രീയുടെ ഈ നിസ്സഹായാവസ്ഥയ്ക്കാണ് മാറ്റം വരേണ്ടത്. എങ്കിലും ഇത്രയും പോരായ്മകള്‍ ഉള്ള ഒരു ഭര്‍ത്താവിനൊപ്പം ജീവിതം നയിച്ചിട്ടും സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കാതെ തുലനം ചെയ്ത് തന്റേതായ വ്യക്തിത്വത്തെ പണയപ്പെടുത്താത്ത മണ്ഡോദരിയിലെ സ്ത്രീയെയാണ് മനസ്സിലാക്കേണ്ടതുണ്ട് . 

പുരുഷമേധാവിത്വം കൊടുംപിരി കൊണ്ടിരുന്ന ആ കാലഘട്ടത്തിലും എല്ലാറ്റിനെയും തരണംചെയ്തതുകൊണ്ട് തന്റേതായ സത്യവും, നീതിയും സംരക്ഷിക്കുന്നതിലും, തെറ്റുകളെ ഭര്‍ത്താവിന് ചൂണ്ടി കാണിച്ചുകൊടുക്കുന്നതിലും അവര്‍ വീഴ്ച വരുത്തിയില്ല.

മാരീചനെന്ന മാനിനെ പിന്തുടര്‍ന്നുപോയ ശ്രീരാമന്റെ കരച്ചില്‍കേട്ടു  ഭര്‍ത്തൃ സഹോദരനായ ലക്ഷ്മണനോട് അവിടേയ്ക്ക് പോകാന്‍  സീത ആവശ്യപ്പെടുന്നു. എന്നാല്‍ ജ്യേഷഠന്റെ വാക്കുകള്‍ അതുപോലെ അനുസരിയ്ക്കുന്ന, ജ്യേഷ്ഠന്റെ ശക്തിയില്‍ വിശ്വസിയ്ക്കുന്നു ലക്ഷ്മണന്‍ ആ ആവശ്യം നിരസിയ്ക്കുന്നു. അപ്പോള്‍ ലക്ഷ്മണന്റെ സ്‌നേഹത്തില്‍ സംശയിച്ച സീതദേവി ഒരു സാധാരണ സ്ത്രീയിലേയ്ക്ക്  ഇറങ്ങിവരുന്നതായി കാണാം. എന്നാല്‍ മോശമായ പല സ്വഭാവങ്ങള്‍ക്കും അടിമയായ രാവണന്‍ എന്ന ഭര്‍ത്താവിനോടൊപ്പം ജീവിച്ചിട്ടും തന്റെ വ്യക്തിത്വത്തില്‍ നിന്നും വ്യതിചലിയ്ക്കാതെ, തന്റെ വിശ്വാസങ്ങളെ ഉയര്‍ത്തി പിടിയ്ക്കുന്ന ഒരു സ്ത്രീരത്‌നത്തെയാണ് മണ്ഡോദരി എന്ന കഥാപാത്രത്തിന് രാമായണത്തില്‍ ഉടനീളം നമുക്ക് കാണാന്‍ കഴിയുന്നത്. ഇതും ഉത്തമയായ ഒരു സ്ത്രീയ്ക്കുവേണ്ട ഒരു ഗുണമായി വിലയിരുത്താം.

മണ്ഡോദരി അഞ്ചു കന്യകമാരില്‍ ഒരാളായി ഇന്നും ചിരസ്മരണീയയാണെന്നുള്ളത് തന്നെ അവരുടെ ത്യാഗസുരഭിലമായ ജീവിതത്തിനുള്ള അംഗീകാരമാണ്. സുചരിതയും ധര്‍മ്മനിഷ്ഠയുമുള്ളവളായിരുന്ന മണ്ഡോദരിയെ ഭാരതസ്ത്രീകള്‍ അവരുടെ പുലര്‍കാല പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കുന്നവെന്നത് തന്നെ ആ മഹതിയോടുള്ള ആദരവിന്റെ സൂചനയാണ്. രാമായണത്തിലുടനീളം  സ്വന്തം വേദനകള്‍ കടിച്ചമര്‍ത്തുമ്പോഴും വ്യക്തിത്വം കൈവെടിയാത്ത ഈ കഥാപാത്രത്തെ നമ്മള്‍ കൂടുതല്‍ വിലയിരുത്തേണ്ടതുണ്ട്, ഒരു പക്ഷെ സാക്ഷാല്‍ സീതാദേവിയെക്കാള്‍.
 

Join WhatsApp News
Korason 2020-08-17 12:50:20
രാമായണമാസത്തിൽ വിവിധ രീതിയിൽ, കോണുകളിൽ നിന്നും മനസ്സിൽ പതിഞ്ഞുപോയ കഥാപാത്രങ്ങൾ അവതരിക്കപ്പെട്ടപ്പോൾ, തികച്ചും വ്യത്യസ്തമായ ഒരു നിരീക്ഷണമാണ് മണ്ഡോദരി എന്ന വീക്ഷണം. പലപ്പോഴും കേന്ദ്ര കഥാതന്തുവിനേക്കാൾ മികച്ച സഹകഥാപാത്രങ്ങൾ രൂപപ്പെടുന്നത് കൃത്യമായ സത്വനിരീക്ഷണ പാടവമാണ്, അതിൽ ജ്യോതിലക്ഷ്മി അഭിന്ദനം അർഹിക്കുന്നു. - കോരസൺ
SudhirPanikkaveetil 2020-08-16 16:59:52
ശ്രീമതി ജ്യോതിലക്ഷ്മിയുടെ ലേഖനം വായിച്ചപ്പോൾ സ്ത്രീലമ്പടനായ രാവണന്റെ ഭാര്യയായിട്ടും മണ്ഡോദരി പഞ്ചകന്യകമാരിൽ ഒരാളായി കരുതപ്പെടുന്നു എന്നത് പ്രശംസാർഹം തന്നെ എന്നാലോചിച്ചു . ഒരാളെ ആഘോഷിച്ച് നടക്കുമ്പോൾ പൊതുജനം ചുറ്റിലുമുള്ള നന്മകൾ കാണുന്നില്ല. രാമനെയും സീതയെയും പാടി നടക്കുന്ന രാമായണമാസത്തിൽ മണ്ഡോദരിയെ ക്കുറിച്ച് എഴുതിയ ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാർക്ക് അഭിനന്ദനം,
SreedeviKrishnan 2020-08-18 04:08:19
Jyothi Lakshmi’s portrayal of Mandodari is informative, interesting and to a great extent inspirational. Yes, inspirational in the sense that Mandodari never succumbed to jealousy , revenge etc . At a time when women were considered as nothing but instrumental in satisfying lust , mandodari could not have rebelled So,she stoically remained loyal , devoted wife to her husband At the same time ,she was noble enough to protect Sita from the insane wrath of Ravana Compare mandodari a beautiful Queen to Sita is ridiculous as they are like cheese and chalk Mandodari, no doubt richly deserves to be the topmost Pancharatna with the noble qualities which Sita lacks ,Imagine Sita could stoop down to the level of being mean, ridiculously wicked suspicion about Lakshmana’s refusal to leave her when Marreecha came in disguise!!! A very well written article , refreshingly original congrats Jyothi my good wishes to read more and more articles from you
girishnair 2020-08-18 07:52:19
ജീവിതത്തിൽ പുലർത്തേണ്ട നീതി ബോധം കൊണ്ടും ഒരു വ്യക്തിയുടെ അനാദൃശൃമായ മഹത്വം കൊണ്ടും ഇതിഹാസനായികയായ സീതയേക്കാൾ ഒരുപടി ശ്രദ്ധിക്കപ്പെടേണ്ട കഥാപാത്രമാണ് മണ്ഡോദരി. സഹധർമ്മിണി എന്നാൽ ഭർത്താവിൻറെ ധർമ്മാചരണത്തെ കേവലം പിന്തുടരുകയല്ലെന്നും, സനാതനമായ ധാർമിക മൂല്യങ്ങളെ ധരിച്ചുകൊണ്ട് ജീവിക്കുക എന്നതാണെന്നും സ്വജീവിതം കൊണ്ട് അധാർമികതയെ പ്രതിരോധിക്കാൻ ശ്രമിച്ച മണ്ഡോദരിയെ ധാന്യമാലിനി എന്നാണ് വാല്മീകി രാമായണത്തിൽ ഉടനീളം വിശേഷിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ ഒരു വീക്ഷണത്തിന് അഭിനന്ദനം.
JyothylakshmyNambiar 2020-08-18 17:39:55
അഭിപ്രായങ്ങൾ രേഖപ്പെടുത്തി പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും എന്റെ പ്രത്യേകം നന്ദി
Das 2020-08-20 06:50:29
Great insight ! Traditional myth & ofcourse value adding that plays a fundamental role in a society at large ... Keep it up !!! Advance Onam wishes to emalayalee.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക