Image

ഗ്ലോബല്‍ നായര്‍ മഹാ സമ്മേളനം ഡാളസില്‍

മന്മഥന്‍ നായര്‍ Published on 03 June, 2012
ഗ്ലോബല്‍ നായര്‍ മഹാ സമ്മേളനം ഡാളസില്‍
ഡാളസ്‌: എന്‍.എസ്‌.എസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ഗ്ലോബല്‍ മഹാസമ്മേളനം ഡാളസില്‍ വെച്ച്‌ ഒക്‌ടോബര്‍ 5,6,7,8 തീയതികളായി നടത്തും. ലോക നായര്‍ സമുദായ ചരിത്രത്തില്‍ ആദ്യമായി നടത്തുന്ന ഈ സമ്മേളനത്തിന്റെ വിശദാംശങ്ങള്‍ എന്‍.എസ്‌.എസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ പ്രസിഡന്റും, ഗ്ലോബല്‍ എന്‍.എസ്‌.എസ്‌ പ്രസിഡന്റുംകൂടിയായ കെ.ജി. മന്മഥന്‍ നായരാണ്‌ അറിയിച്ചത്‌.

നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഈ മഹാസമ്മേളനം കേരളത്തിലും കേരളത്തിനു പുറത്തും താമസിക്കുന്ന നായര്‍ കുടുംബങ്ങളെ ഏകോപിപ്പിക്കുന്നതിനും നായര്‍ സമുദായ കൂട്ടായ്‌മയുടെ അഭംഗുരമായ വളര്‍ച്ചയ്‌ക്കും ഉപയുക്തമാകുമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.

സാമൂഹ്യ-സാംസ്‌കാരിക സംഘടനകള്‍ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളിലെ പരമ്പരാഗത പരിപാടികളില്‍ നിന്നും വ്യത്യസ്‌തമായി നായര്‍ സമുദായത്തിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയ്‌ക്കും പുരോഗതിക്കും ഉതകുന്ന കാലാനുസൃതവും നൂതനവുമായ ആശയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്‌ നടത്തുന്ന ഈ സമ്മേളനം സവിശേഷതകള്‍ നിറഞ്ഞതാണ്‌. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മാട്രിമോണിയല്‍ അലയന്‍സ്‌ മീറ്റ്‌, എന്റര്‍പ്രണേഴ്‌സ്‌ ഗൈഡന്‍സ്‌ മീറ്റ്‌ എന്നിവ പ്രവാസി നായര്‍ കുടുംബങ്ങള്‍ക്ക്‌ അത്യധികം ഉപകരിക്കും.

വിവാഹപ്രായമെത്തിയ കുട്ടികള്‍ക്ക്‌ തമ്മില്‍ കാണുവാനും, അവരുടെ രക്ഷിതാക്കള്‍ക്ക്‌ തമ്മില്‍ ബന്ധപ്പെടുവാനും ആശയവിനിമയം നടത്തി വിവാഹബന്ധം വരെ ഉറപ്പിക്കുവാനുമുള്ള വേദി ഈ സമ്മേളനം വഴി സൗകര്യപ്പെടുത്തിയിരിക്കുന്നത്‌ വലിയ ആകര്‍ഷണമായി കരുതാം. ഭാവിയില്‍ ഉചിതമായ ബന്ധം സ്ഥാപിക്കുവാന്‍ അനുയോജ്യമായ കുടുംബങ്ങളുമായി പരിചയപ്പെടുവാനും ബന്ധം നിലനിര്‍ത്താനും ഈ സമ്മേളനം തുടക്കംകുറിക്കും. പരസ്‌പരം ഇഷ്‌ടപ്പെട്ട്‌ അനുയോജ്യരാണെന്ന്‌ ബോധ്യപ്പെട്ടാല്‍ ജാതകപ്പൊരുത്തം വരെ പരിശോധിച്ച്‌ വിവാഹം ഉറപ്പിക്കുവാന്‍ വേണ്ട ക്രമീകരണങ്ങളും സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കും. പ്രസിദ്ധ ജ്യോതിഷ പണ്‌ഡിതനായ കാണിപ്പയൂര്‍ നാരായണന്‍ നമ്പൂതിരിയും അദ്ദേഹത്തിന്റെ ജ്യേഷ്‌ഠ സഹോദരന്‍ വാസ്‌തുവിദ്യാ ശാസ്‌ത്രജ്ഞനായ കാണിപ്പയൂര്‍ കൃഷ്‌ണന്‍ നമ്പൂതിരിയും ഈ സമ്മേളനത്തില്‍ ആദ്യന്തം പങ്കെടുക്കുന്നതാണ്‌. സമ്മേളനത്തില്‍ പങ്കെടുക്കുന്നവരുടെ സൗകര്യാര്‍ത്ഥം നാരായണന്‍ നമ്പൂതിരി സമ്മേളന വേദിയില്‍ ജാതകവിശകലനങ്ങള്‍, ജ്യോതിഷ വിശകലനങ്ങള്‍ മുതലയാവയ്‌ക്കുള്ള സൗകര്യങ്ങള്‍ നല്‌കുന്നതാണ്‌.

ലോകമെമ്പാടുമുള്ള നായര്‍ വ്യവസായ പ്രമുഖരെ ഉള്‍പ്പെടുത്തിക്കൊണ്ട്‌ നടത്തുന്ന എന്റര്‍പ്രണേഴ്‌സ്‌ ഗൈഡന്‍സ്‌ മീറ്റ്‌ വ്യവസായ തത്‌പരരായ നായര്‍ അംഗങ്ങള്‍ക്ക്‌ വളരെ ഉപകാരപ്രദമായിരിക്കും. പുതുതായി വ്യവസായ സംരംഭങ്ങളില്‍ ഏര്‍പ്പെടുവാനാഗ്രഹിക്കുന്നവര്‍ക്ക്‌ വേണ്ട നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‌കുന്ന `വ്യവസായ ശില്‍പശാല' ഈ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്‌.

കേരളത്തിന്‌ അകത്തും പുറത്തും അവശത അനുഭവിക്കുന്ന അനാരോഗ്യരും നിര്‍ധനരും ആയ വിധവകള്‍ക്കുവേണ്ടി എന്‍.എസ്‌.എസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക നടപ്പിലാക്കാന്‍ ആഗ്രഹിച്ചിരുന്ന `എന്‍.എസ്‌.എസ്‌ വിധവാ പദ്ധതി' ഈ സമ്മേളനത്തിലൂടെ യാഥാര്‍ത്ഥ്യമാകുകയാണ്‌. വളരെയധികം ശ്രേയസ്‌കരമായ ഈ പദ്ധതി നിരവധി വ്യവസായ പ്രമുഖരുടേയും നോര്‍ത്ത്‌ അമേരിക്കന്‍ എന്‍.എസ്‌.എസിന്റേയും നിസ്വാര്‍ത്ഥമായ സഹകരണം കൊണ്ടുമാത്രമാണെന്ന്‌ മന്മഥന്‍ നായര്‍ അനുസ്‌മരിച്ചു.

അതിസമര്‍ത്ഥരും എന്നാല്‍ സാമ്പത്തിക ക്ലേശം അനുഭവിക്കുന്നവരുമായ നായര്‍ വിദ്യാര്‍ത്ഥിനീ-വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി `വിദ്യാഭ്യാസ സഹായനിധി' പദ്ധതിയും ഒരു നാഴികക്കല്ലായിരിക്കും. ഒരു കോടി രൂപയോളം സമാഹരിച്ച്‌ നടപ്പിലാക്കുന്ന ഈ പദ്ധതി നോര്‍ത്ത്‌ അമേരിക്കന്‍ എന്‍.എസ്‌.എസിന്റെ സമുദായ സ്‌നേഹത്തിന്റെ ഉത്തമദൃഷ്‌ടാന്തമാണ്‌.

സമ്മേളനത്തില്‍ വിവിധ കലാപരിപാടികളും, പ്രായമായവര്‍ക്കുവേണ്ടിയുള്ള തിരുവാതിര മത്സരവുമുണ്ടായിരിക്കും. ഡാളസിലെ പ്ലാനോ നഗരത്തിലുള്ള മാരിയട്ട്‌ ഹോട്ടലില്‍ സൃഷ്‌ടിച്ചെടുക്കുന്ന മന്നം നഗറിലായിരിക്കും പരിപാടികള്‍ അരങ്ങേറുക. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി നായര്‍ കുടുംബങ്ങള്‍ എത്തിച്ചേരും. കേരളത്തിലെ നായര്‍ സര്‍വീസ്‌ സൊസൈറ്റിയുടെ നായക നേതൃത്വവും, സാംസ്‌കാരിക നായകരും, കേന്ദ്ര-സംസ്ഥാന മന്ത്രിമാരും സമ്മേളനത്തില്‍ പങ്കെടുക്കും.

നായര്‍ സമുദായത്തിന്റെ സര്‍വ്വതോമുഖമായ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുക, അതിലേക്കായുള്ള കര്‍മ്മപദ്ധതികള്‍ക്ക്‌ രൂപകല്‍പ്പന നല്‍കുക, വിദ്യാഭ്യാസവും ധനപരവുമായ മുന്നേറ്റത്തിന്‌ നായര്‍ സമുദായത്തിനുവേണ്ട ആര്‍ജ്ജവം പകരുക, സംസ്‌കാര പരമായ വളര്‍ച്ചയും ഉയര്‍ച്ചയും കൈവരിക്കുവാന്‍ നായര്‍ സമുദായാംഗങ്ങളെ തയാറെടുപ്പിക്കുക എന്നിവയാണ്‌ സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

സമ്മേളനത്തിന്റെ വിജയത്തിനായി എല്ലാ നായര്‍ സമുദായ സ്‌നേഹികളുടേയും സഹകരണം സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മന്മഥന്‍ നായര്‍ (214 675 1201), സത്യജിത്ത്‌ നായര്‍ (405 613 1829), പ്രമോദ്‌ നായര്‍ (972 800 9285), മല്ലിക പണിക്കര്‍ (469 487 9906).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക