Image

ശ്രീമദ് വാല്മീകി രാമായണം. മുപ്പത്തിരണ്ടാം ദിനം സംഗ്രഹം: (ദുർഗ മനോജ്)

ദുർഗ മനോജ് Published on 16 August, 2020
ശ്രീമദ് വാല്മീകി രാമായണം. മുപ്പത്തിരണ്ടാം ദിനം സംഗ്രഹം: (ദുർഗ മനോജ്)

ഉത്തരകാണ്ഡം തൊണ്ണൂറ്റി രണ്ടു മുതൽ ഫലശ്രുതി വരെ

ഭരത നിർദ്ദേശപ്രകാരം അശ്വമേധം നടത്തുക  എന്ന നിശ്ചയത്തിൽ രാമനെത്തി. ഇനി ഒരുക്കങ്ങൾ ആരംഭിക്കുകയാണ്. യജ്ഞത്തിനുള്ള കറുകറുത്ത നിറമുള്ള ലക്ഷണ യുക്തമായ കുതിരയെ രാമൻ അയച്ചു. ഋത്വിക്കുകളോടൊത്ത സേനയെ ലക്ഷ്മണനൊപ്പം അശ്വത്തെ കാക്കുവാൻ നിയോഗിച്ച ശേഷം, രാമൻ യജ്ഞ ഭൂമിയായ നൈമിഷത്തിലേക്കു പോയി. എല്ലാം അവിടെ തയ്യാറായിരുന്നു. സുഗ്രീവനും അനുചരന്മാരും അതിഥികളെ സത്ക്കരിക്കുവാൻ നിയുക്തരായി. എല്ലാ അതിഥികളേയും വിധിപോലെ സത്ക്കരിച്ചു.എല്ലാവിധ ദാന കർമ്മങ്ങളും നടത്തി. ഓരോ വ്യക്തിയേയും സന്തുഷ്ടരാക്കി രാമൻ.

ഈ സമയം വാല്മീകി മഹർഷിയും പരിവാര സമേതം യജ്ഞ ഭൂമിയിലെത്തി.അവർ അവിടെ പർണ്ണശാല ചമച്ചു.മഹർഷി തൻ്റെ രണ്ടു പ്രിയ ശിഷ്യരോടു പിറ്റേന്നു യജ്ഞ ഭൂവിലെ പാതയോരങ്ങളിലൂടെ ശ്രുതിമധുരമായ ശബ്ദത്തിൽ രാമകഥ പാടണമെന്ന് ആവശ്യപ്പെട്ടു. അതു കേട്ടു രാജാവ് യജ്ഞ സദസിലേക്കു ക്ഷണിച്ചാൽ അവിടെ വച്ചും ശ്രുതിമധുരമായി പാടിക്കേൾപ്പിക്കണമെന്നു ആവശ്യപ്പെട്ടു. ആരെന്നു ചോദിച്ചാൽ വാല്മീകി ശിഷ്യരെന്നു മാത്രം പറയുവാൻ ഉപദേശിച്ചു.

പിറ്റേന്നു രണ്ടു ശിഷ്യരും രാമകഥ ആലപിച്ചു തുടങ്ങി. ഇതു രാമനും കേട്ടു.രാമൻ അവരെ സദസ്സിലേക്കു കൂട്ടുവാൻ കല്പിച്ചു. എല്ലാവരും നിരന്ന സദസ്സിൽ കുട്ടികൾ ഗാനമാലപിച്ചു തുടങ്ങി. ആ നാദവിസ്മയത്തിൽ ഏവരും അതിശയിച്ചു. ഗാനം പൂർത്തിയാക്കവേ രാമൻ ആ ഗായകർക്കു ഉചിതമായ സമ്മാനങ്ങൾ നൽകുവാൻ ഭരതനോടു ആവശ്യപ്പെട്ടു. എന്നാൽ ഗായകർ സ്വർണ്ണമോ വെള്ളിയോ കൈക്കൊണ്ടില്ല. അവർ ആരെന്ന ചോദ്യത്തിനു വാല്മീകി ശിഷ്യരെന്നു ചൊല്ലി അവർ മടങ്ങി. യജ്ഞത്തിനിടയിൽ നിത്യവും രാമായണ ഗാനം പാടുവാൻ രാമൻ അവരോട് ആവശ്യപ്പെട്ടു. അതനുസരിച്ചു യജ്ഞത്തിനനുസരിച്ചു രാമകഥയും പുരോഗമിച്ചു. ഒടുവിൽ ഗാനത്തിനു നടുക്കുവച്ചു ആ ബാലന്മാരായ കുശലവന്മാർ സീതാ പുത്രരെന്നറിഞ്ഞ്, ആ സദസ്സിൽ വച്ചു, സീത സദ് വൃത്തയെങ്കിൽ, നിഷ്പാപയെങ്കിൽ മഹാമുനിയുടെ അനുമതിയോടെ ആത്മശുദ്ധി വരുത്തട്ടെയെന്നു മുനിയോടു പറയുവാൻ ദൂതരെ അയച്ചു.
മുനി അതു കേട്ടു. എന്നിട്ടു  പതിവാക്യം തന്നെ സ്ത്രീകൾക്കു മുഖ്യം. നാളെ സീതാ ശപഥം നടക്കും.ആരൊക്കെ അതു കാണുവാൻ ആഗ്രഹിക്കുന്നുവോ അവർക്കൊക്കെ അവിടെ സന്നിഹിതരാകാമെന്നു പറഞ്ഞു.

അടുത്ത ദിവസം മുനിയുടെ പിന്നാലെ, രാമനെ മാത്രം നിനച്ചു സാധ്വിയായ സീത  സദസിലെത്തി. അവിടെ വെച്ചു വാല്മീകി സീത പരിശുദ്ധയാണെന്നു രാമനു മുന്നിൽ സത്യം പറഞ്ഞു. അതു കേട്ടു രാമൻ, ലോക ഭയത്താലാണു താൻ സീതയെ ഉപേക്ഷിച്ചതെന്നും, സീത, ജനമധ്യത്തിൽ ശുദ്ധയെന്നു തെളിയിക്കട്ടെ എന്ന് ആവശ്യപ്പെട്ടു.

അതു കേട്ടു സീത കൂപ്പുകൈയ്യോടെ ഭൂമിദേവിയോടു ഇങ്ങനെ പ്രാർത്ഥിച്ചു. രാമനെ ഒഴിച്ചു മറ്റാരേയും ഇന്നുവരെ നിനച്ചിട്ടില്ലെങ്കിൽ, ഭൂമിദേവി എനിക്കു ഇടം നൽകുമാറാകട്ടെ.

സീതയുടെ പ്രാർത്ഥന ധരണീദേവി കേട്ടു. പെട്ടന്നു ഭൂമി പിളർന്ന് ഒരു സിംഹാസനം ഉയർന്നു വന്നു. അതിൽ നിന്നും ധരണീദേവി സീതയെ ആശ്ലഷിച്ചു കൈ പിടിച്ചു മടിയിലിരുത്തി ഭൂമിക്കടിയിലേക്കു അന്തർധാനം ചെയ്തു. അതു കണ്ടു രാമൻ ശോകാർത്തനായി. പിന്നെ കോപത്തോടെ ഭൂമിയോടു സീതയെ മടക്കിത്തരൂ എന്ന് ആവശ്യപ്പെട്ടു. എന്നാൽ ദേവന്മാർ അതു തടഞ്ഞു.ഒപ്പം ഭവിഷ്യത് കാണ്ഡമായ ഉത്തരകാണ്ഡം അദ്ദേഹം ഒറ്റക്കു കേൾക്കണമെന്നും ആവശ്യപ്പെട്ടു.അങ്ങനെ ഉത്തരകാണ്ഡവും കേട്ടു, കാര്യങ്ങൾ ഗ്രഹിച്ചു,
യജ്ഞവും പൂർത്തിയാക്കി മക്കളേയും കൂട്ടി രാമൻ അയോധ്യയിൽ തിരികെ എത്തി. പിന്നീടും ധാരാളം യജ്ഞങ്ങൾ നടന്നു. കാലം പോകവേ മൂന്ന് അമ്മമാരും ദേഹം വെടിഞ്ഞു.

ഈ സമയം, ഭരതൻ്റെ മാതുലൻ യുധാജിത് തൻ്റെ ഗുരു ഗാർഗ്യനെ അയോധ്യയിലേക്കയച്ചു. അദ്ദേഹം യുധാജിതിൻ്റെ ആവശ്യം രാമനെ അറിയിച്ചു.
സിന്ധുവിൻ്റെ ഇരുകരകളിലുമായി ഗന്ധർവ്വന്മാർ കാത്തു രക്ഷിക്കുന്ന ദേശമുണ്ട്. അതു കീഴടക്കിയാൽ രണ്ടു പുരങ്ങളാക്കി മാറ്റാം എന്ന യുധാജിതിൻ്റെ ആവശ്യം മാനിച്ചു രാമൻ, ഭരതനെ അതിനായി നിയോഗിച്ചു.ഭരതൻ അവിടെയെത്തി യുദ്ധത്തിൽ ഗന്ധർവ്വന്മാരെ തോൽപ്പിച്ചു തിരികെ അയോധ്യയിലെത്തി.

എല്ലാവരും സന്തോഷത്തോടെ വസിക്കെ രാമൻ, ലക്ഷ്മണ പുത്രന്മാർക്കു ഭരിക്കുവാൻ രണ്ടു പുരങ്ങൾ നിർദ്ദേശിക്കുവാൻ ഭരതനോടു പറഞ്ഞു.
അങ്ങനെ, ചന്ദ്രകേതുവിന്, ചന്ദ്രകാന്തമെന്ന പുരവും, അങ്ഗദനു കാരുപഥ ദേശവും ഭരതൻ നിർദ്ദേശിച്ചു. ആ ദേശം കീഴടക്കി കുമാരന്മാരുടെ അഭിഷേകവും നടത്തി.

കാലം കടന്നു പോകവേ, കാലൻ താപസ രൂപമെടുത്ത് അയോധ്യയിൽ എത്തി. മറ്റാരും കേൾക്കാതെ രാമനോടു മാത്രം സംസാരിക്കണമെന്നു ആ താപസൻ ആവശ്യപ്പെട്ടു. ലക്ഷ്മണനോടു രാമൻ തൻ്റെ മുറിക്കു പുറത്തു മറ്റാരും കടക്കാതെ കാവൽ നിൽക്കുവാൻ ആവശ്യപ്പെട്ടു. ആരെങ്കിലും കടന്നുവെന്നാൽ മരണശിക്ഷ നൽകുമെന്നും അറിയിച്ചു. താപസ രൂപത്തിൽ വന്ന കാലൻ, രാമനു ഭൂമിയിൽ പാർക്കേണ്ട കാലം കടന്നിരിക്കുന്നുവെന്നും ദേവലോകത്തേക്കു മടങ്ങി വരണമെന്നും അപേക്ഷിച്ചു. അവർ സംഭാഷണം തുടരവേ, പൊടുന്നനെ ദുർവ്വാസാവു മഹർഷിയും പരിവാരങ്ങളും അവിടെ വന്നു ചേർന്നു. അദ്ദേഹം ഒരു കഠിന തപസിലായിരുന്നുവെന്നും അത് അവസാനിപ്പിക്കുവാൻ രാമൻ്റെ കയ്യിൽ നിന്നും ജലപാനം കഴിക്കണമെന്നും അതിനാൽ കാത്തുനിൽക്കാനാവില്ലെന്നും ആ നിമിഷം രാമനെ കാണണമെന്നും വാശി പിടിച്ചു. ഒടുവിൽ മുനികോപം സംഭവിക്കാതിരിക്കുവാൻ ലക്ഷ്മണൻ രാമൻ്റെ മുറിയിലേക്കു കയറി കാര്യം അറിയിച്ചു. വേഗം താപസനെ പറഞ്ഞയച്ചിട്ടു രാമൻ യഥാവിധി മഹർഷിയെ സ്വീകരിച്ചു.

മഹർഷി മടങ്ങിയപ്പോൾ രാമൻ, ലക്ഷമണനു പ്രതിജ്ഞാലംഘനം നടത്തേണ്ടി വന്നല്ലോ എന്നോർത്തു ദുഃഖിതനായി.ലക്ഷ്മണനെ വധിക്കുവാൻ തനിക്കാവില്ല എന്നു പറഞ്ഞ രാമനോടു, വസിഷ്ഠൻ, സത്യപാലനത്തിനായി ലക്ഷമണനെ വെടിഞ്ഞാലുമെന്നു അഭ്യർത്ഥിച്ചു.
രാമൻ ദുഃഖത്തോടെ ലക്ഷ്മണനോടു ,സൗമിത്രേ, നിന്നെ ഞാൻ ത്യജിക്കുന്നു. ധർമ്മഹാനി ഭവിക്കരുത്. ത്യാഗമോ, വധമോ ചെയ്യാം. സത്തുക്കൾക്കു രണ്ടും സമം എന്നു പറഞ്ഞു.
ലക്ഷ്മണൻ കണ്ണീരിൽ കുളിച്ചമിഴിയോടെ സരയുവിൽ ആചമനം ചെയ്ത് സർവ്വ ഇന്ദ്രിയങ്ങളും നിരോധിച്ചു ശ്വാസമടക്കി നിലകൊണ്ടു. ഈ സമയം ഇന്ദ്രൻ ഭൂമിയിലെത്തി ലക്ഷ്മണനെ കൈക്കൊണ്ടു.

ലക്ഷമണനെ വെടിഞ്ഞ രാമൻ, ഇനി ഭൂമിയിൽ തുടരുവാൻ ആഗ്രഹിക്കുന്നില്ല എന്നു ഭരതനെ അറിയിച്ചു. ഭരതനും രാമനെ പിന്തുടരുവാൻ ആഗ്രഹം പ്രകടിപ്പിച്ചു. അതോടെ കോസലത്തിൽ കുശനേയും വടക്കു ലവനേയും അഭിഷേകം ചെയ്തു. ഈ സമയം വിവരങ്ങൾ ശത്രുഘ്നനെ അറിയിക്കുവാൻ ദൂതർ പോയി. പുത്രന്മാരെ അവിടെ വാഴിച്ച് ശത്രുഘ്നനും അയോധ്യയിൽ എത്തിച്ചേർന്നു.
രാമൻ, മഹാപ്രസ്ഥാനത്തിനൊരുങ്ങുന്നുവെന്നറിഞ്ഞു അയോധ്യാവാസികളും അതു തന്നെ നിശ്ചയിച്ചു. അങ്ങനെ അയോധ്യാ വാസികൾ ഏവർക്കുമൊപ്പം രാമനും ഭരതനും ശത്രുഘ്നനും സരയൂ തീരത്തെത്തി, ജലത്തിലിറങ്ങി. ഈ സമയം ബ്രഹ്മാവ് അന്തരീക്ഷത്തിൽ നിന്നും  വിഷ്ണോ, അങ്ങ് അങ്ങയുടെ ഇഷ്ട രൂപം സ്വീകരിക്കുക എന്നു പറഞ്ഞു. അതു കേട്ടു രാമൻ വൈഷ്ണ തേജസിലേക്കു സഹോദരന്മാർക്കൊപ്പം പ്രവേശിച്ചു.

അയോധ്യാ വാസികൾ ആരൊക്കെ അപ്പോൾ സരയുവിൽ ശരീരം വെടിഞ്ഞുവോ അവർ രാമനിൽ ചെന്നു ചേർന്നു.

രാമനുപേക്ഷിച്ച അയോധ്യ ഏറെക്കാലം ശൂന്യമായിക്കിടന്നു.പിന്നെ ഋഷഭനെ രാജാവായി ലഭിച്ച് ജനവാസമുള്ളതായി തീർന്നു.

ഇങ്ങനെ വാല്മീകി രചിതമായ രാമായണം ഉത്തരകാണ്ഡം ഉൾപ്പെടെ പൂർണ്ണമാകുന്നു. രഘുനാഥ ചരിതം മുഴുവൻ വായിക്കുന്നവൻ പ്രാണാവസാനത്തിൽ വിഷ്ണുലോകം പ്രാപിക്കുമെന്നു ഫലശ്രുതി.

ശ്രീമദ് വാല്മീകി രാമായണം സമ്പൂർണ്ണം

ശ്രീ സീതാലക്ഷ്മണ ഭരത ശത്രുഘ്നഹനുമത് സമേത ശ്രീരാമചന്ദ്ര പരബ്രഹ്മണേ നമഃ.
ശുഭം ഭൂയാത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക