Image

ഭാരതക്ഷമേ, നയിച്ചാലും (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ ന്യൂയോര്‍ക്ക്)

Published on 15 August, 2020
ഭാരതക്ഷമേ, നയിച്ചാലും (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ ന്യൂയോര്‍ക്ക്)
ഭയം വെടിഞ്ഞ ചിത്തമോടുയര്‍ന്നിടും ശിരസ്സൊടും
സ്വയം നിവര്‍ന്നു വിജ്ഞതത്വമെങ്ങുനിന്നായതം
ഗൃഹങ്ങളെങ്ങു ഭിത്തിയാല്‍ മുറിച്ചു സ്വന്തമങ്കണം
ചമച്ചു രാപ്പകല്‍ പകുത്തിടാതിരിപ്പു പാരിനെ !

മനോജ്ഞമാം വചസ്സുകള്‍ ഹൃദന്തരാളനിര്‍ജ്ജരി
ക്കകത്തുനിന്നു നിര്‍വ്വിശങ്കമുത്ഭവിപ്പതെങ്ങഹോ,
സ്വതന്ത്രമായ് സഹസ്രഭംഗി പൂണ്ടു കര്‍മ്മധാരകള്‍
കുതിച്ചു പാഞ്ഞിടുന്നതെങ്ങു സര്‍വ്വദിçതോറുമേ!

വിചാരനിര്‍ജ്ജരങ്ങളെങ്ങു ദുഷ്ടകര്‍മ്മ ശൈലികള്‍ –
ക്കകത്തടിഞ്ഞിടാതെ സ്വച്ഛയാനമാചരിപ്പിതേ,
നുറുങ്ങി നൂറു ഖണ്ഡമായ്ത്തകര്‍ന്നിടാതെ പൗരുഷം
നിവര്‍ന്നു ശക്തിപൂണ്ടു നിന്നിടുന്നതെങ്ങു താനഹോ !

വരിഷ്ഠ ചിന്തനങ്ങളും സുകര്‍മ്മവും പ്രമോദവും
നിരന്തരം ഭവാന്‍ വിതച്ചിടുന്ന ദേശമേതുതാന്‍?
സ്വതന്ത്രമാ വിഹായസത്തിങ്കലേക്ക് ഭാരതീയരെ
സ്വകര്‍മ്മബദ്ധമുന്മുഖം നയിക്കണേ ജഗല്‍പ്രഭോ!

ശാന്തിസൗധമാമെന്‍ ഭാരതക്ഷമേ, നിന്‍ തറവാടിന്‍ പൂമുഖം
എന്തേ, മിത്രങ്ങളും ശത്രുക്കളായ് തമ്മില്‍ നിണപ്പാടുതിര്‍ക്കുന്നു!
ഹന്ത! വിധിവൈരുദ്ധ്യ, മവിവേകമോ, കാപാലിക നൃത്തമോ?
എന്തേ! ശാന്തിദീപമാം ഗാന്ധിസന്ദേശം പകയില്‍ തകരുന്നോ?

ഓഗസ്റ്റു പതിനഞ്ചാമൊരീ സ്വാതന്ത്യദിനപ്പെരുനാളിതില്‍
ദുര്‍ഗ്ഗസീമകള്‍ നീക്കി കര്‍മ്മപഥങ്ങള്‍ തെളിക്കാനുണര്‍ന്നിടാം
ശക്തിയായ്, കര്‍മ്മമായ് ധീരരായുണരാം ഭാരതഭ്രാതാക്കളേ
മര്‍ത്യത മറക്കാതുയരാം ഭാരതമാതാവിന്നുയര്‍ച്ചയ്ക്കായ് !



Join WhatsApp News
SudhirPanikkaveetil 2020-08-16 16:51:01
മലയാള കാവ്യപാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാരിയായി സമൂഹ നന്മയും മാനുഷിക ബന്ധങ്ങളുടെ പ്രാധാന്യവും, ദേശസ്നേഹഹവുമൊക്കെ കവിതകളിലൂടെ ആവിഷ്‌കരിച്ച് സ്വന്തം തട്ടകം ഉണ്ടാക്കിയ കവയിത്രിയാണ് ശ്രീമതി എൽസി ശങ്കരത്തിൽ. വൃശ്ചികമാസത്തിൽ വൃഷലി പെറ്റു എന്നൊക്കെ എഴുതി അത് ആധുനിക കവിതയാണെന്ന് വാദിച്ച് നടക്കുന്നവർക്ക് എന്തറിയാം. അവർ പറയുന്നത് ശരിയാണെന്നു കരുതുന്നവരും ഉണ്ടാകും. അവരോട് സഹതപിക്കുക. ശ്രീമതി എൽസി യോഹന്നാൻ ശങ്കരത്തിലിനു ആശംസകൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക