Image

ആല്‍ബിന്‍ സഹോദരിയെ കൊന്നത് സ്വത്ത് തട്ടി കാമുകിയെ കെട്ടാന്‍

Published on 14 August, 2020
ആല്‍ബിന്‍ സഹോദരിയെ കൊന്നത് സ്വത്ത് തട്ടി കാമുകിയെ കെട്ടാന്‍

കാസര്‍കോട് | ബളാലില്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി സഹോദരിയെ കൊലപ്പെട്ടുത്തിയ സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ്. സഹോദരിയെയും മാതാപിതാക്കളെയും കൊലപ്പെടുത്തി സ്വത്ത് തട്ടിയെടുക്കുകയും പിന്നീട് കാമുകിയെ വിവാഹം ചെയ്ത് നാടുവിടുകയുമായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 


കുറ്റകൃത്യത്തില്‍ ആല്‍ബിന് മാത്രമേ പങ്കുള്ളൂ എന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്. കാമുകിക്ക് കൊലപാതകം സംബന്ധിച്ച്‌ അറിവുണ്ടായിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

ഈ മാസം അഞ്ചിനാണ് ബളാല്‍ അരിങ്കല്ലിലെ ഓലിക്ല്‍ ബെന്നിയുടെ മകള്‍ ആന്‍മേരി മരിയ കൊല്ലപ്പെട്ടത്. വീട്ടില്‍ തയ്യാറാക്കിയ ഐസ്‌ക്രീം കഴിക്കുകയും അവശ നിലയിലാവുകയുമായിരുന്നു. മഞ്ഞപ്പിത്തമാണെന്ന് കരുതി ആദ്യം നാടന്‍ ചികിത്സ നല്‍കി. എന്നാല്‍ സ്ഥിതി വഷളായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അന്ന് തന്നെ മരിക്കുകയുമായിരുന്നു. രക്ത പരിശോധനയില്‍ ആന്‍മേരിയുടെ ശരീരത്തില്‍ എലിവിഷം കണ്ടെത്തിയതാണ് സംഭവം കൊലപാതകമാണെന്ന സംശയമുയര്‍ത്തിയത്.


ആന്‍മേരി മരിച്ചതിന് പിന്നാലെ ഛര്‍ദ്ദിയെ തുടര്‍ന്ന് മാതാപിതാക്കളായ ബെന്നിയേയും ബെസിയേയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ രക്ത പരിശോധനയിലും എലിവിഷത്തിന്റെ അംശം കണ്ടെത്തി. അസ്വാഥ്യത അനുഭവിച്ച ആല്‍ബിന്റെ രക്തത്തില്‍ വിഷാംശം കണ്ടെത്തിയതുമില്ല. ഇതോടെയാണ് ആല്‍ബിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.


ആല്‍ബിന് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇത് മാതാപിതാക്കള്‍ ചോദ്യം ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാമുകിയുമായുള്ള ബന്ധത്തെയും ഇവര്‍ എതിര്‍ത്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് മാതാപിതാക്കളെയും സഹോദരിയെയും ഇല്ലാതാക്കി സ്വത്ത് കൈവശപ്പെടുത്താന്‍ ഇയാളെ പ്രേരിപ്പിച്ചത്.


 ആഴ്ചകള്‍ക്ക് മുമ്ബ് കറിയില്‍ വിഷം ചേര്‍ത്ത് നല്‍കി കൊലപാതകത്തിന് ശ്രമിച്ചിരുന്നുവെങ്കിലും വിഷത്തിന്റെ അളവ് കുറവായതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. തുടര്‍ന്നാണ് വീട്ടില്‍ തയ്യാറാക്കിയ ഐസ്‌ക്രീമില്‍ കൂടിയ അളവില്‍ ആല്‍ബിന്‍ എലിവിഷം കലര്‍ത്തിയത്. ഐസ്‌ക്രീം ഇഷ്ടമില്ലാതിരുന്ന മാതാപിതാക്കളെ ഇയാള്‍ നിര്‍ബന്ധിപ്പിച്ച്‌ കഴിപ്പിക്കുകയായിരുന്നു. ആല്‍ബിന്‍ കഴിച്ചിരുന്നുമില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക