Image

പുതിയ ചരിത്രമെഴുതി മോഡി; ഏറ്റവും കൂടുതല്‍ നാള്‍ അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി

Published on 14 August, 2020
പുതിയ ചരിത്രമെഴുതി മോഡി; ഏറ്റവും കൂടുതല്‍ നാള്‍ അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി


ന്യുഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ നാള്‍ അധികാരത്തിലിരിക്കുന്ന കോണ്‍ന്‍ഗ്രസ ഇതര പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡ് നരേന്ദ്ര മോഡിക്ക് സ്വന്തം. ബി.ജെ.പി നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയുടെ റെക്കോര്‍ഡ് ആണ് മോഡി ഇന്ന് തിരുത്തിയത്. 

വാജ്‌പേയ് 2,268 ദിവസമാണ് അധികാരത്തിലിരുന്നത്. ഈ റെക്കോര്‍ഡ് മോഡി ഇന്ന് തിരുത്തി. കൂടാതെ, ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിക്കുന്ന നാലാമത്തെ പ്രധാനമന്ത്രിയുമായി. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, മന്‍മോഹന്‍ സിംഗ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളാണ് ഈ നിരയില്‍ മോഡിയുടെ മുന്നിലുള്ളത്. 

2014ലെ പൊതുതെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ മുന്നണിയെ തറപറ്റിച്ച് മോഡിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. 2019ല്‍ കൂടുതല്‍ മികച്ച വിജയം നേടി അധികാരം ഉറപ്പിച്ചു. ഡല്‍ഹിയിലേക്ക് തിരിക്കും മുന്‍പ് 2001 മുതല്‍ 13 വര്‍ഷം ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്നു മോഡി. 

ഉത്തര ഗുജറാത്തിലെ വട്‌നഗറില്‍ ജനിച്ച മോഡി, സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ മികച്ച പ്രസാംഗികനായിരുന്ന മോഡി, എ.ബി.വി.പിയിലുടെയാണ് വളര്‍ന്നുവന്നത്. ആര്‍.എസ്.എസില്‍ എത്തിയ മോഡി 1985 മുതല്‍ സംഘടനയില്‍ വിവിധ പദവികള്‍ വഹിച്ചു. 2001ല്‍ കേശുഭായ് പട്ടേലിനെ മാറ്റി മുഖ്യമന്ത്രിയായി ചുമതലയേറ്റു. 

2002ലെ ഗോധ്ര കലാപം നിയന്ത്രിക്കുന്നതില്‍ വീഴ്ച പറ്റിയെന്നതാണ് ഈ കാലഘട്ടത്തില്‍ മോഡി നേരിട്ട ഏറ്റവും വലിയ വിമര്‍ശനം. എന്നാല്‍ കലാപം നിയന്ത്രിക്കാന്‍ മോഡി സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിരുന്നുവെന്ന് 2012ല്‍ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയതോടെ മോഡി അഗ്നിശുദ്ധി വരുത്തി. സ്‌പെക്ട്രം ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങളില്‍ കുളിച്ചിരുന്ന യു.പി.എ സര്‍ക്കാരിന്റെ വീഴ്ചയ്ക്ക് ആഘാതം കൂട്ടുന്നതായിരുന്നു ഡല്‍ഹിയിലേക്കുള്ള മോഡിയുടെ വരവ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക