Image

ഭാവി പറയുന്നവർക്കും ജ്യോതിഷികൾക്കും കൊറോണ കൊണ്ടുവന്നത് ചാകര കാലം (മീട്ടു)

Published on 10 August, 2020
ഭാവി പറയുന്നവർക്കും ജ്യോതിഷികൾക്കും  കൊറോണ കൊണ്ടുവന്നത് ചാകര കാലം (മീട്ടു)
വ്യാവസായിക വാണിജ്യരംഗങ്ങളിൽ കൊറോണ ഏല്പിച്ച ആഘാതം വളരെ വലുതാണ്. എന്നാൽ ഈ കോവിഡ് കാലം ചാകരയാക്കി മാറ്റിയ ഒരു വിഭാഗമുണ്ട്. അതെ, നാളെയെന്ത് എന്നറിയാതെ ജീവിതത്തിൽ അനിശ്ചിതത്വം നിറയുമ്പോൾ മനുഷ്യന് ആശ്രയമാകുന്ന കൂട്ടർ - ജ്യോതിഷികൾ, അഥവാ സൈക്കിക്കുകൾ. ആദ്ധ്യാത്മികത വിറ്റും ഭാവിപ്രവചിച്ചും വരുമാനത്തിൽ ഗണ്യമായ വർദ്ധനവാണ് ഇവർ നേടിയെടുത്തിരിക്കുന്നത്.

ലോകത്തിന്റെയും അമേരിക്കയുടെ തന്നെയും പല ഭാഗങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും ജ്യോതിഷികളെ സമീപിക്കുന്നവർ സാധാരണമാണ്. എന്നാൽ, ന്യൂയോർക്കിനെ സംബന്ധിച്ച് ഇതൊരു പുതുമയാണ്.  കോവിനോടു ള്ള ഭയം തുടങ്ങിയതോടെയാണ് ഇവിടത്തുകാർ തങ്ങളുടെ ഭാവി അറിയാൻ ഓടിനടക്കുന്ന കാഴ്ചയുടെ ആരംഭം. മുപ്പത് വർഷങ്ങളായി ഈ രംഗത്ത് പ്രവർത്തിക്കുന്നർ പോലും തങ്ങളെ തേടിയെത്തുന്നവരുടെ എണ്ണം കണ്ട് അത്ഭുതപ്പെടുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ മുപ്പത്തിയഞ്ച് ശതമാനമാണ് ഈ മേഖലയിലെ വളർച്ചയെന്നാണ് കണക്കാക്കുന്നത്. ടൂറിസ്റ്റുകളുടെ വരവ് നിലച്ചത്തോടെ തങ്ങളുടെ കച്ചവടം പൂട്ടിയെന്ന് കരുതിയിരിക്കുമ്പോഴാണ് ലോട്ടറി അടിച്ചതുപോലെ സ്വന്തം നാട്ടിൽ നിന്ന് തന്നെ ഭാവി അറിയാനുള്ള ആഗ്രഹവുമായി എത്തുന്നവരുടെ കുത്തൊഴുക്ക്.

ജോലിയെ സംബന്ധിച്ചും ആയുസ്സിനെ സംബന്ധിച്ചും സംശയങ്ങളുടെ കൂമ്പാരവുമായാണ് ആയിരങ്ങൾ ജ്യോതിഷികൾക്ക് മുന്നിൽ എത്തുന്നത്. ബന്ധങ്ങളിലെ വിള്ളലുകൾക്ക് ആശ്വാസത്തിനും ഒറ്റപ്പെടലിൽ നിന്ന് മുക്തിനേടാനും എത്തുന്നവരും കുറവല്ല. ഉന്നത വിദ്യാഭ്യാസമുള്ളവരും വൈദ്യശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്നവരുമെല്ലാം ഇപ്പോൾ ഇവരുടെ പതിവുകാരിൽപ്പെടുന്നുണ്ട്. 
അരമണിക്കൂർ നീണ്ടുനിൽക്കുന്ന സേവനത്തിന് എൺപത്തിയഞ്ച് ഡോളറും ഒരു മണിക്കൂർ നീണ്ടാൽ നൂറ്റിയറുപത്തിയഞ്ച് ഡോളറുമാണ് പ്രമുഖർ വാങ്ങുന്നത്. ആഴ്ചയിൽ ആയിരം ഡോളർ വരുമാനമുണ്ടായിരുന്ന ആദ്ധ്യാത്മിക വീരന്മാർ കൊറോണ വന്നതോടെ അത് രണ്ടായിരമായി ഉയർത്തി. 

ശനിയുടെയും മറ്റു ഗ്രഹങ്ങളുടെയും സ്ഥാനങ്ങളിൽ വന്ന വ്യതിയാനങ്ങളാണ് ഭൂമിയിൽ ഇത്രയും നാശം വിതച്ചത് എന്നാണ് ഇവരുടെ ഭാഷ്യം. ഡിസംബർ അവസാനമോ ജനുവരി തുടക്കത്തിലോ കൊറോണ ഇല്ലാതാകുമെന്നും പ്രവചിക്കുന്നു. ഈ പ്രവചങ്ങൾക്കൊന്നും ശാസ്‌ത്രവശമില്ല. ഇതിൽ സത്യമില്ലെന്ന് കരുതുന്നവരും ഇവരെ തേടി എത്തുന്നു. സത്യം എന്തും ആകട്ടെ ആളുകൾക്ക് വേണ്ടത് ആശ്വാസമാണ്. ആശങ്കകളെ മറന്ന് പ്രത്യാശയോടെ കിടന്നുറങ്ങാൻ ഇവരുടെ വാക്കുകൾ കൊണ്ട് സാധിക്കുന്നെങ്കിൽ അതും നല്ലതല്ലേ !

--------

എന്തിലും പ്രഥമസ്ഥാനത്ത് നിലയുറപ്പിച്ച് ലോക ഭൂപടത്തിൽ ഗണനീയ സ്ഥാനം കൈവരിച്ച ചരിത്രമാണ് അമേരിക്കയ്ക്കുള്ളത്. കോവിഡ് -19 എന്ന മഹാമാരിയുടെ പിടിയിൽ ഏറ്റവും ക്രൂരമായി അകപ്പെട്ട നിലയിൽ വാർത്തകളിൽ അതേ വമ്പൻ രാഷ്ട്രം നിലകൊള്ളുന്നത് നടുക്കത്തോടെയാണ് ഏവരും നോക്കിക്കാണുന്നത്. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് മൂന്നാം മാസത്തിൽ തന്നെ അമേരിക്കയിലെ കോവിഡ് രോഗികളുടെ എണ്ണം ഒരു ദശലക്ഷത്തിൽ എത്തിയിരുന്നു. കൃത്യമായി പറഞ്ഞാൽ ഏപ്രിൽ 28 ന്. 

ജൂൺ 10 ന് രണ്ട് ദശലക്ഷമായും ജൂലൈ 8 ന് മൂന്ന് ദശലക്ഷമായും ജൂലൈ 23 ന് നാല് ദശലക്ഷമായും ഏറ്റവും ഒടുവിൽ ഓഗസ്ററ് 10 ന് അഞ്ച് ദശലക്ഷമായും രോഗികൾ വർദ്ധിച്ചു. മരണനിരക്കിലും ഏറ്റവും മുന്നിലാണ് രാജ്യം. 162,441 പേർ മരണത്തിന് കീഴടങ്ങി. കാലിഫോർണിയയിൽ മാത്രം 555,797 കേസുകളും ഫ്ലോറിഡയിൽ 526577 കേസുകളും ടെക്സസ്സിൽ 497900 കേസുകളും ന്യൂയോർക്കിൽ 420345 കേസുകളും ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. 

കൊറോണ കേസുകൾ കുറയുന്നതായി കണ്ട് വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് കടന്ന മേഖലകളിൽ അതിന്റെ പ്രത്യാഘാതമായി ജൂലൈ മാസം രോഗികളിൽ വർദ്ധനവുണ്ടായി.

----

ജോർജിയ ഹൈസ്കൂളിൽ സഹപാഠികളും മറ്റു  വിദ്യാർത്ഥികളും മാസ്ക് ധരിക്കാതെ ഇടനാഴികളിലൂടെ അലസമനോഭാവത്തിൽ നടന്നുപോകുന്ന ദൃശ്യങ്ങൾ അവിടെ പഠിക്കുന്ന കുട്ടി പകർത്തിയത് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിട്ട് ഒരാഴ്ച തികഞ്ഞിട്ടില്ല. ഇതിനോടകം ജോർജിയ സ്കൂളിലെ ആറു വിദ്യാർത്ഥികളും മൂന്ന് സ്റ്റാഫ് അംഗങ്ങളും കോവിഡ് ബാധിതർ ആയെന്നുള്ള സ്ഥിരീകരിക്കപ്പെട്ട വാർത്ത അറ്റ്ലാന്റ ജേർണലിൽ വന്നിരിക്കുന്നു. രോഗബാധിതരായ വിദ്യാർത്ഥികൾ കഴിഞ്ഞ ആഴ്ച സ്‌കൂളിൽ വന്നിരുന്നതായി പ്രിൻസിപ്പൽ ഗെയ്‌ബ്‌ കർമോണ സാക്ഷ്യപ്പെടുത്തിയതോടെ സ്‌കൂളുമായി ബന്ധപ്പെട്ടവരും ബന്ധുമിത്രാദികളും ഭയചകിതരാണ്.

ആറടി അകലത്തിൽ നിന്ന് പോലും രോഗബാധിതനായ വ്യക്തി ചുമയ്ക്കുന്നതിലൂടെ രോഗം പടരാമെന്ന് ആരോഗ്യ വകുപ്പിന്റെ താക്കീതുണ്ട്. ഈ സാഹചര്യത്തിലാണ് മുൻകരുതലുകൾ ഏതുമില്ലാതെ ഒരു വിദ്യാഭ്യാസ സ്‌ഥാപനം പ്രവർത്തിച്ചത്. 

സ്‌കൂളിൽ നടക്കുന്ന തെറ്റായ നീക്കം തടയണം എന്നതിന്‌ സമൂഹത്തിന്റെ പിന്തുണ ഉദ്ദേശിച്ച് ചിത്രം പകർത്തിയ വിദ്യാർത്ഥിനി മാനേജ്‌മെന്റിന്റെ ശിക്ഷാനടപടിക്ക് ഇരയായെങ്കിലും മാതാവിന്റെയും ജനങ്ങളുടെയും പിന്തുണകൊണ്ട് അവൾ തോൽക്കാതെ നിന്നു. സ്‌കൂൾ പരിസരം അനുദിനം അണുവിമുക്തം ആക്കിയിരുന്നതും കുട്ടികളിൽ രോഗസാധ്യത കുറവാണെന്ന് വിശ്വസിച്ചിരുന്നതുമാണ് വേണ്ട പ്രതിരോധം തീർക്കാതിരുന്നതിന് പ്രിൻസിപ്പലിന്റെ ന്യായം. കുട്ടികളിലൂടെ വീട്ടിലെ മുതിർന്ന അംഗങ്ങൾക്ക് രോഗം പിടിപ്പെട്ടേക്കാം എന്ന സാധ്യത  മറന്നു 

---

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അമേരിക്കയിൽ ലക്ഷക്കണക്കിന് ആളുകൾ തൊഴിൽരഹിതരായിട്ടുണ്ട്. രാജ്യത്ത് നിലനിന്നിരുന്ന തൊഴിലില്ലായ്മ സഹായധനം ലഭിക്കുമെന്നതായിരുന്നു ഏക ആശ്വാസം. എന്നാൽ തൊഴിലില്ലായ്മ വേതനം ഗണ്യമായി കുറയ്ക്കണമെന്ന റിപ്പബ്ലിക്കന്മാരുടെ ആവശ്യം ഇടിത്തീ പോലെയാണ് ജനങ്ങൾക്കു മേൽവന്നു പതിച്ചത്. ജീവിതം പിടിച്ചുനിർത്താൻ ഗവണ്മെന്റ് നൽകുമെന്ന് പ്രതീക്ഷിച്ചിരുന്ന അറുന്നൂറ് ഡോളറിന് പല കുടുംബങ്ങളുടെയും കണ്ണീരൊപ്പാനുള്ള ശേഷി ഉണ്ടായിരുന്നു. 

തൊഴിലില്ലായ്മ വേതനം നാനൂറായി ചുരുക്കിയില്ലെങ്കിൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്നും ജോലി ചെയ്യാതെ വേതനം കിട്ടി ജനങ്ങൾ മടിയന്മാരായി തീരുമെന്നുമാണ് പ്രസിഡന്റ് ട്രംപ് പറയുന്ന ന്യായം. ജൂലൈ അവസാനവാരമാണ് വേതനം വെട്ടിക്കുറച്ചത്. നാനൂറ് എന്ന ഒത്തുതീർപ്പിന് വഴങ്ങേണ്ടി വന്നതാണെന്നും അറുന്നൂറിനായി തങ്ങൾ വാദിച്ചിരുന്നെനും ഡെമോക്രാറ്റുകൾ പറയുന്നു.

പ്രസിഡന്റ് പുറപ്പെടിച്ച ഉത്തരവിനെ ചോദ്യം ചെയ്യുന്ന നിലപാട് ശരിയല്ലെന്ന് ട്രെഷറി സെക്രട്ടറി സ്റ്റീവൻ മനുഷിൻ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക