Image

ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയത്തില്‍ പതിനഞ്ചോളം കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 02 June, 2012
ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയത്തില്‍ പതിനഞ്ചോളം കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു
ന്യൂജേഴ്‌സി: ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ പെന്തക്കുസ്‌താ തിരുനാളിനോടനുബന്ധിച്ച്‌ 15-ഓളം വരുന്ന കുരുന്നുകളെ അക്ഷര ലോകത്തേക്ക്‌ സ്വാഗതം ചെയ്‌തുകൊണ്ട്‌ വിശ്വാസപൂര്‍വ്വമുള്ള വിദ്യാരംഭം കുറിച്ചു.

ഇടവക വികാരി ഫാ. തോമസ്‌ കടുകപ്പള്ളിയാണ്‌ കുരുന്നുകള്‍ക്ക്‌ അക്ഷര ലോകത്തേക്കുള്ള വാതായനങ്ങള്‍ പരിശുദ്ധാത്മാവിന്റെ നിറവില്‍ തുറന്നുകൊടുത്തത്‌.പതിനഞ്ചില്‍പ്പരം കുട്ടികള്‍ പങ്കെടുത്ത ചടങ്ങ്‌ വിശ്വാസദീപ്‌തിയില്‍ നിറഞ്ഞു നിന്നു.

വായനയുടേയും അറിവിന്റേയും ലോകത്തേക്ക്‌ പ്രവേശിക്കാനുള്ള ആദ്യപടിയില്‍ ആഹ്ലാദത്തോടെയാണ്‌ കുട്ടികള്‍ നിരന്നുനിന്നത്‌. മാതാപിതാക്കള്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ മനസുകളോടെ കത്തിച്ച മെഴുകുതിരികളുമായി അവര്‍ക്കൊപ്പം നിന്നു. പെന്തക്കുസ്‌താ ദിനത്തോടനുബന്ധിച്ച്‌ പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു. ഈ ദിനത്തില്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ച്‌ ആത്മീയ ഉണര്‍വ്വ്‌ നേടി പ്രേക്ഷിത ചൈതന്യത്തില്‍ ജ്വലിക്കുവാന്‍ വിശ്വാസികളെ വികാരി തോമസ്‌ കടുകപ്പള്ളി ആഹ്വാനം ചെയ്‌തു. ഗായകസംഘം ഗാനങ്ങള്‍ ആലപിക്കവെ അച്ചന്‍ കുട്ടികളുടെ തലയില്‍ കൈവെച്ച്‌ പരിശുദ്ധത്മാവിന്റെ അഭിഷേകത്തിനായി പ്രാര്‍ത്ഥിക്കുകയും, കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ച്‌ അരിയില്‍ യേശുനാമം സ്‌തുതിച്ച്‌ പിഞ്ചുവിരലാല്‍ `ജീസസ്‌' എന്ന്‌ എഴുതിപ്പിച്ചുകൊണ്ട്‌ വിദ്യാരംഭം കുറിച്ചു.

നൂറുകണക്കിന്‌ വിശ്വാസികള്‍ ദൈവാനുഗ്രഹങ്ങള്‍ തേടി ആദ്യാവസാനം പ്രാര്‍ത്ഥനകളില്‍ പങ്കുചേര്‍ന്നു. തുടര്‍ന്ന്‌ കുട്ടികള്‍ക്ക്‌ മധുരം വിതരണം ചെയ്‌ത്‌ ചടങ്ങുകള്‍ പര്യവസാനിച്ചു. സജി സെബാസ്റ്റ്യനാണ്‌ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌. സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത്‌ അറിയിച്ചതാണിത്‌. www.stthomassyronj.org
ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയത്തില്‍ പതിനഞ്ചോളം കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക