Image

ആദ്യ ലൈവ് കൗണ്‍സിലിംഗ് 'ഉയിര്‍' ഓഗസ്റ്റ് 12 ന്; ഡോ ചെറിയാന്‍ സെബാസ്റ്റ്യന്‍ മറുപടി നല്‍കും

Published on 10 August, 2020
ആദ്യ ലൈവ് കൗണ്‍സിലിംഗ് 'ഉയിര്‍' ഓഗസ്റ്റ് 12 ന്; ഡോ ചെറിയാന്‍ സെബാസ്റ്റ്യന്‍ മറുപടി നല്‍കും


ലണ്ടന്‍: യുക്മ ചാരിറ്റി വിഭാഗമായ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍, യുകെ മലയാളികള്‍ക്ക് മാനസീകാരോഗ്യത്തില്‍ കൈത്താങ്ങായിക്കൊണ്ട് 'ഉയിര്‍' എന്നപേരില്‍ ഒരു സംരംഭവുമായി മുന്നോട്ടു വരികയാണ്. നമ്മുടെ അതിജീവന ശക്തി വര്‍ധിപ്പിക്കുക എന്ന അര്‍ഥം വരുന്ന ഇംഗ്ലീഷ് വാചകത്തില്‍നിന്നാണ് 'ഉയിര്‍' എന്ന പേരിന് രൂപം നല്‍കിയിരിക്കുന്നത്.

മാനസികാരോഗ്യ രംഗങ്ങളില്‍ പ്രാവീണ്യം നേടിയ വിദഗ്ദ്ധരുടെ സഹകരണത്തോടെ യുക്മ ചാരിറ്റി ഫൗണ്ടേഷനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. സൈക്കാട്രി, യോഗ, ഫിസിക്കല്‍ ഫിറ്റ്നെസ് തുടങ്ങിയ വിഷയങ്ങളില്‍ പരിചയ സമ്പന്നരായ വ്യക്തികളുമായി സംസാരിക്കുവാന്‍ അവസരം ഒരുക്കുകയാണ് പ്രധാനമായും ചെയ്യുന്നത്.

എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ഒരു മണിക്കൂര്‍ വീതമാണ് ഇതിനായി ആദ്യ ഘട്ടത്തില്‍ നീക്കി വയ്ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൂര്‍ണമായ വ്യക്തി സ്വകാര്യത പാലിക്കുന്നതായിരിക്കുമെന്ന് യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ചുമതലയുള്ള ഷാജി തോമസ്, ടിറ്റോ തോമസ്, വര്‍ഗീസ് ഡാനിയേല്‍, ബൈജു തോമസ് എന്നിവര്‍ അറിയിച്ചു.

ഇതിന്റെ ആദ്യ ലൈവ് കൗണ്‍സിലിംഗ് ഓഗസ്റ്റ് 12 നു (ബുധന്‍) വൈകുന്നേരം 7 ന് യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജായ UUKMA യിലൂടെ സംപ്രേക്ഷണം ചെയ്യുന്നതാണ്. ബ്രോംലി ഓക്സ്ലീസ് എന്‍എച്ച്എസ് ട്രസ്റ്റില്‍ സൈക്കാട്രി കണ്‍സള്‍ട്ടന്റ് ആയ ഡോ. ചെറിയാന്‍ സെബാസ്റ്റ്യന്‍ ആണ് നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നത്.

വ്യക്തി സ്വകാര്യതയുടെ ഭാഗമായി, വ്യക്തികളുടെ പേരോ മറ്റു വിശദശാംശങ്ങളോ ഇതിനായുള്ള അപേക്ഷയില്‍ ആവശ്യപ്പെടുന്നില്ല. 'ഉയിര്‍' ലൈവ് കൗണ്‍സിലിംഗില്‍ പങ്കെടുക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിച്ച് അയക്കേണ്ടതാണ്.

https://docs.google.com/forms/d/e/1FAIpQLSdxtkf86leN4Fn4cSFuqyNpA7sY2U1WLgV2z44v2qXfBD-1qA/viewform

ഈ പരീക്ഷണ കാലഘട്ടത്തെ അതിജീവിക്കുവാന്‍ മറ്റെല്ലാ ജനസമൂഹങ്ങള്‍ക്കുമൊപ്പം യുകെ മലയാളി സമൂഹത്തിനും കഴിയണമെന്ന കാഴ്ചപ്പാടോടെ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ തുടങ്ങിവയ്ക്കുന്ന 'ഉയിര്‍' ന് എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നതായി യുക്മ ദേശീയ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, സെക്രട്ടറി അലക്‌സ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക