Image

അവസാനത്തെ അതിഥി ( കഥ : പുഷ്പമ്മ ചാണ്ടി )

Published on 10 August, 2020
അവസാനത്തെ അതിഥി ( കഥ : പുഷ്പമ്മ ചാണ്ടി )
ആ സീസണിലെ അതിഥികൾ എല്ലാം മടങ്ങിക്കഴിഞ്ഞപ്പോൾ അവളും സഹായിയും മാത്രമായി.കഴിഞ്ഞ കുറെ ദിവസങ്ങളായി ഓടിത്തളർന്ന  കാലുകളെടുത്തു ഓട്ടോമാൻ സോഫയിലേക്കു കയറ്റിവെച്ചു  വിശ്രമിച്ചു. എത്ര ദിവസമായി  ഇങ്ങനെ ഒന്ന് ഇരുന്നിട്ട്.  ഒരു മഗ്ഗിൽ തൻ്റെ പ്രിയ ഡേവിഡോഫ് കാപ്പിയും  രസിച്ചു കുടിച്ചു  മുറ്റത്തു വരിവരിയായി നിൽക്കുന്നത് റോസച്ചടികളെയും നോക്കി….  അതിന്റെ സൗരഭ്യം കണ്ണടച്ച് ആസ്വദിച്ചു…. 
കഴിഞ്ഞ ആറുമാസം ഇവിടെയായിരിന്നു. 
സത്രം എന്ന് വിളിക്കാവുന്ന Angels Inn Homestay.
കർണാടകയിൽ കൂർഗ് അടുത്ത്  മടിക്കേരിയിലാണ്  ഈ സ്ഥലം. സ്ഥിരം വരുന്നവരെ കൂടാതെ ഈ പ്രാവശ്യം കുറെ ആളുകൾ കൂടുതൽ വന്നു,  Lonely Planetലെ റിവ്യൂസ് വായിച്ചാണ് അവർ  തേടിവന്നത്. ഒരിക്കൽ വന്നവർ ഇവിടം അത്ര എളുപ്പം മറക്കില്ല. എട്ടു കിടപ്പുമുറികളും വലിയ ഊണ് മുറിയും വിശാലമായ  വരാന്തയുടെയും കെട്ടിടത്തിന്റെയും  ഭംഗിയും  നിറയെ ചിത്രപ്പണികളും…..  എല്ലാം പുരാതനപ്രൗഡിയെ വിളിച്ചോതുന്നു. 
 താഴോട്ടു കുറച്ചു നടന്നാൽ തെളിനീരുനിറഞ്ഞ  അരുവിയുണ്ട്.  
പിന്നെ സൈറയുടെ  പാചകം കൂടി ആക്കുമ്പോൾ  പറയണ്ടല്ലോ.
സൈറ  നല്ലൊരു ആതിഥേയയാണ് . ഇവിടെ വന്നാൽ വീട് പോലെയേ തോന്നൂ. 
 സഹായത്തിനു മെറീനയും പിന്നെ രണ്ടുമൂന്നാളുകൂടിയുണ്ട്.  കാപ്പിത്തോട്ടത്തിനു നടുവിൽ കുറച്ചു ഉയർന്ന ആ  പ്രദേശം മനുഷ്യന്റെ ആത്മാവിനെ തൊടുന്നുണ്ട്. 
വർഷത്തിൽ രണ്ടുപ്രാവശ്യം ഇവിടെ തുറന്നുകൊടുക്കും അതിഥികൾക്കായി. അവർ  മടങ്ങുമ്പോൾ അവളും ഇവിടം വിടും.  മൈസൂറിലേക്ക്….
ഡിസംബർ  മാസത്തിൽ കാപ്പിത്തോട്ടങ്ങൾ പൂക്കുമ്പോൾ  വല്ലാത്ത ഒരു അനുഭൂതിയാണ് ഇവിടെ. വീടിനുചുറ്റം നിറയെ സിൽവർ ഓക്കുകൾ….  അത്  കാറ്റത്തു മെല്ലെ തലയാട്ടും ....

പ്രത്യേകിച്ച് ചെലവുകളൊന്നും  വന്നില്ലെങ്കിൽ അടുത്ത ആറു മാസത്തേക്ക് ഈ വരുമാനം മതി ജീവിക്കാൻ. ഈ സ്ഥലവും  ചുറ്റുപാടും ഒരുപാട് ഇഷ്ടമാണ്.  പക്ഷെ മൈസൂർ എപ്പോഴുമൊരു  ദൗര്‍ബ്ബല്യമാണ്. അവിടുത്തെ ചെറിയവീടും വീടിനു ചുറ്റുമുള്ള മുന്തിരി കായ്ചുകിടക്കുന്ന തോട്ടവും മുഴുവനായി വിട്ടു ഇവിടെ താമസം വയ്യ.
വല്ലപ്പോഴും ഒരു ബാംഗ്ലൂർ യാത്ര….വെറുതെ കടകളിൽ  അലഞ്ഞു നടക്കുക…. വഴിയോര ഭക്ഷണശാലകൾ….  തനിയെ ആസ്വദിക്കുന്ന ചെറിയ ചെറിയ  സന്തോഷങ്ങൾ….
 ഏകാന്തതയുടെ തെളിനീരിയിൽ  മുങ്ങിക്കുളിച്ചു നെടുവീർപ്പിൽ അലിഞ്ഞു അങ്ങനെ….ജീവിതം താളത്തോടെ…..

സഹായി മെറീന വാതിൽ തട്ടി , 
"അമ്മാ ഞാൻ കുറച്ചു കഴിഞ്ഞു പോകും. റൂം എല്ലാം തുടച്ചു…..,  പൂട്ടി.  താക്കോൽ ഊണുമുറിയിൽ മേശമേൽ വെച്ചിട്ടുണ്ട്. അമ്മാ ഇനി എന്ന് വരും ? "
"അറിഞ്ഞുകൂടാ….  എങ്ങനെയും മൂന്ന് മാസം ആകും.   ആഴ്ചയിൽ  വീട് വൃത്തിയാക്കാൻ മറക്കരുത്.  ചെടികൾ നോക്കണം. എല്ലാ പൈപ്പുകളും  ഇടയ്ക്കു തുറന്നു വിടണം.
കുറച്ചു സാധനങ്ങൾ ഞാൻ ഫ്രിഡ്ജിൽ വെച്ചിട്ടുണ്ട്.  അത് നീ എടുത്തോ….. രണ്ടു ദിവസം കഴിഞ്ഞു  വരില്ലേ? "
മെറീന വീടിനോടു ചേർന്നുള്ള ഔട്ട് ഹൗസിൽ  ആണ് താമസം.  മകളെ കാണാൻ  ഹുൻസൂർ  വരെ പോകുകകയാണ്.
"നീ പുറപ്പെട്ടോ….വേഗം ഇരുട്ടും.  ദേ ഫോൺ ചാർജർ എടുക്കാൻ മറക്കരുത്."
അവളുടെ സ്ഥിരം പതിവാണ് ചാർജർ മറന്നു പോകുന്നത്.

മുറിയിൽ പോയി മെറീനക്കുള്ള പൈസ എടുത്തു കൊടുത്തു.  അവൾ ഗേറ്റ് കടന്നു പോകുന്നതും നോക്കി നിന്നു, എത്ര സ്നേഹമാണ് തന്നോട്!  നല്ല സുഹൃത്തുമാണവൾ. അവളില്ലെങ്കിൽ ഈ സത്രം തനിയെ നടത്തിക്കൊണ്ടു പോകാൻ പറ്റില്ല. മെറീനയുടെ ഒരു മകൻ സഹായിക്കാനുണ്ട്.  അവനും ഭാര്യ വീട്ടിൽ പോയിരിക്കുന്നു. അമ്മായിഅമ്മയ്ക്ക് സുഖമില്ല. 
എല്ലാവരും തിരികെ വരാൻ രണ്ടു ദിവസം എടുക്കും. അവർ തിരികെ വരുന്നതിനു മുൻപേ സൈറയും ഇവിടം വിടും.
ഈ രാത്രീയിൽ ഇവിടെ തനിയെ കഴിയണമല്ലോ എന്ന് ഓർത്തപ്പോൾ ഉള്ളിൽ ഒരു വേദന.
 കൂട്ടിനു ബഡ്ഡിയുണ്ട്.  ജർമൻ ഷെപ്പേർഡ് ഇനത്തിൽ പെട്ടവൻ. അവനാണ് സ്ഥിരം കൂട്ടുകാരൻ.  സൈറ വരുമ്പോൾ അവനും മൈസൂറിയിൽനിന്നും കൂടെ വരും.  തിരിച്ചു പോകുമ്പോൾ അവനെയും കൊണ്ടുപോകും. ശരിക്കും തൻറെ ബഡ്ഡി.

ബഡ്ഡി തന്റെ ഏകാന്ത ജീവിതത്തിലെ കാവൽക്കാരനാണ്.  കസേരയുടെ കീഴെ കിടന്ന അവൻ്റെ തലയിൽ മെല്ലെ തലോടി അവളിരിന്നു.  കൂടെ എന്തൊക്കെയോ ഓർമ്മകൾ അവളെയും തൊട്ടു തലോടി.
അപ്പൻ ഈ കെട്ടിടം തനിക്കായി ഒസ്യത്തിൽ വെച്ചത് നന്നായി. ആരുടേയും മുന്നിൽ കൈനീട്ടണ്ട. ബാംഗ്ളൂരിൽനിന്നും ഇവിടെവന്നു താമസിക്കാൻ സഹോദരന്മാർക്ക് തീർത്തും താല്പര്യം ഉണ്ടായിരുന്നില്ല. ഇതൊരു  ഹോംസ്റ്റേ ആക്കുന്നു എന്നറിഞ്ഞപ്പോൾ ചേട്ടന്മാർക്കു വല്ലാത്ത എതിർപ്പായിരുന്നു. വരുന്നവർക്കു വച്ചുവിളമ്പി പ്ലാന്റർ ഈപ്പച്ചന്റെ മകൾ ജീവിക്കുന്നത് തീരെ അംഗീകരിക്കാൻ  വയ്യ .
പക്ഷെ സൈറ ഈ ജീവിതം ആസ്വദിച്ചു .
പലതരം അതിഥികൾ…  അവരോടൊപ്പം കുറച്ചു ദിവസം….  ഇവിടം  ഇഷ്ടമായവർ ചിലർ തിരികെവരും. മറ്റുചിലർ  വല്ലപ്പോഴും വിളിക്കും വിവരം അന്വേഷിക്കും.  ആരോടും ഒരു പരിധിയിൽ കൂടതൽ അടുപ്പം സൂക്ഷിക്കറില്ല.വരുന്ന അതിഥികളെ  സ്വീകരിച്ചു.  പാചകം ചെയ്തു,  അവരുടെഅഭിനന്ദനങ്ങൾ  ഏറ്റു വാങ്ങി.    വരുന്നവർ മിക്കവാറും ദമ്പതികൾ  ആയിരിക്കും. അവരെ കാണുമ്പോൾ എവിടെയോ ഒരു നഷ്ടബോധത്തിൽ മനസ്സ്  കൊത്തി വലിക്കും.  ജീവിതം  പ്രേമത്തിന്റെയും   മോഹത്തിന്റെയും പരമകോടിയിൽ എത്തിച്ചിട്ടു പിന്നീട് വേദനകൾ നൽകി.    കൂടെ നടന്നവർ എന്തിനൊക്കെയോ പിരിഞ്ഞുപോയി. 
തിരിഞ്ഞു നോക്കുമ്പോൾ ഒക്കെ ഒരു സ്വപനം പോലെ…  കുറെ നല്ലോർമകൾ,  കൂടെ വേദനയും .

 ഈ സത്രവും  ഇങ്ങനെ നടത്തികൊണ്ടുപോകുന്നത്  അത്ര എളുപ്പമുള്ള  കാര്യമല്ല. ജീവിതത്തിൽ ഒന്നും എളുപ്പമായിരുന്നില്ല ഒരിക്കലും തനിക്ക്….. 
പെട്ടെന്ന് ഒരു ചുവപ്പു നിറത്തിലുള്ള ജീപ്പ് ഗെയിറ്റ് കടന്നു വന്നു, ഈ നേരത്തു ഇത് ആരാണ് ? വഴി തെറ്റിവന്നവർ ആരെങ്കിലും ആയിരിക്കും.
വണ്ടി നിർത്തി മധ്യവയസ്‌കനായ ഒരാൾ നടന്നു വന്നു. നരകയറിയ അയാളുടെ മുടി സ്ഥാനം തെറ്റി നെറ്റിയിൽ. ചിരപരിചതനായ ഒരാളെപോലെ ചിരിച്ചുകൊണ്ട് അയാൾ പോർട്ടിക്കയിലേക്ക്  കയറി വന്നു 
"ഗുഡ്ഈവെനിംഗ്,  ഞാൻ ഇവിടെ മുറി ബുക്ക് ചെയ്തിട്ടില്ല. എന്നാലും ഇന്ന് ഒരു രാത്രി ഇവിടെ തങ്ങാൻ സാധിക്കുമോ? "
"ഇന്ന് രാവിലെ ഇവിടം ക്ലോസ് ചെയ്തല്ലോ….ഇനി  അടുത്ത സീസണിലെ തുറക്കൂ."
"ഇന്ന് ഒരു രാത്രി മതി. ഞാൻ ബാംഗ്ലൂർ പോകുന്ന വഴിയാണ്. വരുന്ന വഴി റോഡ് ഡൈവേർട്  ചെയ്തു  കുറെ ലേറ്റ് ആയി. ഇന്നിനി രാത്രിയിൽ വണ്ടി ഓടിച്ചു അങ്ങ് എത്താൻ  പറ്റുകയില്ല. നൈറ്റ് ഡ്രൈവ് ബുദ്ധിമുട്ടാണ്. കണ്ണുകൾക്ക് കുറച്ചു പ്രോബ്ലം ഉണ്ട് .ടൈം കാൽകുലേഷൻ  തെറ്റി. ഞാൻ ഈ പോർട്ടികയിൽ കിടന്നോളാം. സോഫയുണ്ടല്ലോ?"

അവൾ പതുക്കെ ബഡ്ഡിയെ  നോക്കി അവൻ തലയുയർത്തി അയാളെ ഒന്ന് നോക്കിയിട്ടു പിന്നെ അനങ്ങാതെ  കിടന്നു. ഒരു ചിരപരിചതനെ കണ്ടപോലെ….. സാധാരണ അങ്ങനെയല്ല. കുരച്ചു ബഹളമുണ്ടാക്കും.
എന്ത് ചെയ്യണമെന്നറിയാതെ സൈറ പറഞ്ഞു. 
"കിച്ചൻ  ക്ലോസ്  ചെയ്തു. രാത്രിയിൽ ഭക്ഷണം  തരാൻ ബുദ്ധിമുട്ടാണ് "
" നോ പ്രോബ്ലം,  എൻ്റെ കൈയിൽ കുറച്ചു സ്നാക്ക്സ് ഉണ്ട്. ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം. 
ഒരു കാപ്പി കിട്ടുമോ?"
അയാളോട്  മറുത്തു പറയാൻ തോന്നിയില്ല, 
"അകത്തേക്ക് വരൂ…"
അയാൾ ഷൂസ് ഊരി അകത്തേക്ക് വന്നു.
"ഇരിക്കൂ ഞാൻ കാപ്പി ഇട്ടു വരാം"
അപ്പോഴും ബഡ്ഡി എല്ലാം ശ്രദ്ധിച്ചുകൊണ്ട് കസേരയുടെ താഴെ കിടന്നു.
സൈറ അടുക്കളയിലേക്കു പോയതും അവനും കൂടെവന്നു. എന്തുകൊണ്ടോ അവൻ  മുരടനക്കുകപോലും  ചെയ്തില്ല. കണ്ണിൽ ഒരു പരിചിതഭാവം .
കാപ്പിക്ക് വെള്ളം വെച്ചപ്പോൾ  ശരീരമാസകലം  ഒരു വിറയലുണ്ടാക്കുന്ന തണുപ്പ്. ഇനി മരിച്ചുപോയ വല്ല ആത്മാക്കളും ആയിരിക്കുമോ….  അതോ വല്ല മനോരോഗിയും…..ഏയ്‌,  ആയിരിക്കില്ല  കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല. 
വേണ്ടിയിരുന്നില്ല  ഇരിക്കാൻ പറയേണ്ടിയിരുന്നില്ല.  വിരലിൽ കിടന്ന റോസറി പതുക്കെ തൊട്ടു.
അമ്മേ മാതാവേ കാത്തുകൊള്ളണമേ….  
 കോഫി മഗ്ഗമായി പുറത്തേക്കു ചെന്നു. അയാൾ മുറ്റത്തുള്ള ചെടികൾ നോക്കി കാണുന്നു . 
കാപ്പി കുടിക്കുന്ന അയാളെ സൈറ സാകൂതം നോക്കിനിന്നു. 
 തെളിഞ്ഞ മുഖഭാവമാണ്.  ആറടി പൊക്കം കാണും. 
ഈ മധ്യവയസ്സിലും സുന്ദരൻ തന്നെ.
"നല്ല സ്ഥലം , നന്നായി  മൈന്റൈൻ ചെയ്തിട്ടുണ്ട്."
സൈറ ചിരിച്ചു. "നിങ്ങൾ എവിടെ പോയിട്ട് വരുന്നു? "
"തിരുനെല്ലി. അമ്മക്ക് ബലിയിടാൻ പോയതാണ്.  ചടങ്ങു കഴിഞ്ഞു പുറപ്പെട്ടപ്പോൾ കുറച്ചു താമസിച്ചു. കൂടാതെ റോഡ് പണിയും…. എത്ര ശ്രമിച്ചാലും ബാംഗളൂർ എത്തില്ല. രാത്രിയിൽ വണ്ടി ഓടിക്കുന്നത് അത്ര കംഫോര്ട്ടബിൾ അല്ല."
" പേര്? "
"ശ്രീറാം " 
" എൻ്റെ പേര് സൈറ "
" കുറെ നാളെയോ ഈ റിസോർട്  തുടങ്ങിയിട്ട് ?"
" റിസോർട് എന്നൊന്നും പറയാൻ വയ്യ.  Ancestral   പ്രോപ്പർട്ടി ആണ്.  പത്തു  വർഷത്തോളമായി തുടങ്ങിയിട്ട്. ഓഗസ്റ്റ് മുതൽ ഫെബ്രുവരി വരെ  ഇവിടെകാണും. പിന്നെ ആരെങ്കിലും മൺസൂൺ കാണാൻ ആഗ്രഹം പറഞ്ഞാൽ ജൂലൈയിൽ വരും.അതും കുറഞ്ഞത്  അഞ്ചു പേരെങ്കിലും ഉണ്ടെങ്കിൽ "
" തന്നെയാണോ എല്ലാം നോക്കി നടത്തുന്നത് ?"
" സഹായിക്കാൻ മൂന്നുനാലുപേരുണ്ട്.  കുക്കിംഗ് ഞാനും മെറീനയും കൂടെ. അവർ ഇപ്പോൾ പോയി. രണ്ടു ദിവസം കഴിഞ്ഞു വരും."
"ഇഫ് യു ഡോണ്ട് മൈൻഡ് ഞാൻ ഡിന്നർ കുക്ക് ചെയ്യട്ടെ ?"
ഇയാൾ പതുക്കെ അകത്തേക്ക് കടക്കാൻ നോക്കുകയാണോ ?
" ഇവിടെ സാധനങ്ങൾ ഒന്നും ഇല്ല.  പിന്നെ എനിക്കാണെങ്കിൽ അത്താഴം വേണ്ട "
" സത്യം പറഞ്ഞാൽ എനിക്ക് നല്ല വിശപ്പുണ്ട് "
"സ്നാക്ക്സ് മതിയെന്ന് പറഞ്ഞിട്ട് ?'
" ബുദ്ധിമുട്ടാണെങ്കിൽ വേണ്ട.  ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം. ഒരു രാത്രിയുടെ കാര്യമല്ലെ
 You know I am a diabetic."
ഇയാളെ കൊണ്ട് തോറ്റു. ഒട്ടകത്തിന് തലവെക്കാൻ സ്ഥലം കൊടുത്തപോലയായി. 
"സൈറ എന്താണ് ആലോചിക്കുന്നത്? എടോ താൻ പേടിക്കണ്ട.  ഞാൻ ഒരു ഉപദ്രവകാരി ഒന്നുമല്ല"
അവൾ അറിയാതെ ചിരിച്ചു പോയി. "ശരി,  സിമ്പിൾ ആയിട്ടു എന്തെങ്കിലും ചെയ്യാനുള്ളത് കാണും"
"ആട്ടയും പരിപ്പും കാണില്ലേ?  ഞാൻ ചപ്പാത്തിയും ദാലും ഉണ്ടാക്കാം, സാധങ്ങൾ ഇരിക്കുന്നിടം  കാണിച്ചാൽ മതി. യു ഡോണ്ട് ബോതർ,  ഓക്കേ? "
കാപ്പികുടിച്ചിട്ടു അയാൾ എഴുന്നേറ്റു.    "അടുക്കള എവിടെയാണ് ? 
ഞങ്ങൾക്കൊപ്പം ബഡ്ഡിയും  കൂടി. അടുക്കളയും സാധനങ്ങളും കാണിച്ചിട്ട്  പറഞ്ഞു  "ഞാനും നാളെ തിരികെ പോകയാണ്,  ബാഗ്  പാക്ക് ചെയ്യണം,  നിങ്ങൾ തനിയെ മാനേജ് ചെയ്യില്ലേ?"

സൈറ തന്റെ മുറിയിൽ കയറി കുറ്റിയിട്ടു.   പെട്ടി ഒന്നുകൂടി  അടുക്കി പെറുക്കി.   നല്ലയൊരു കുളിയും കഴിഞ്ഞു. അപ്പോഴെല്ലാം മനസ്സ് അടുക്കളയിൽ ആയിരുന്നു. എന്താണെങ്കിലും   നേരിടാം….
തിരികെ  വന്നപ്പോൾ അയാൾ ഊണുമേശ അത്താഴത്തിനു ഒരുക്കിയിരിക്കുന്നു.
ചപ്പാത്തി, ദാൽക്കറി , ഫ്രിഡ്ജിൽ മിച്ചം ഇരുന്ന മിൽക്‌മൈഡിൽ  ഫ്രൂട്ട്സ് നട്സ്  എല്ലാം ചേർത്തു  ഒരു ഡെസ്സേർട്.  താൻ ഇത്രയും നാൾ മറ്റുള്ളവർക്ക് വെച്ചുവിളമ്പി. ഇപ്പോൾ   ഒരു അപചരിതൻ  തൻ്റെ അടുക്കള കൈയ്യേറി തനിക്കു അത്താഴം ഒരുക്കിയിരിക്കുന്നു! 

"സൈറ കുളിക്കുകയും ചെയ്തോ ? ഞാനും ഒന്ന് ഫ്രഷ് ആകട്ടെ…"?   അയാളുടെ കണ്ണുകളിൽ ഒരു കുസൃതി ചിരി പടർന്നു 
"എനിക്കും ഒരു മുറി തരില്ലേ ?
തിണ്ണയിലെ സോഫയിൽ നിന്നും റൂമിലേക്ക് ഒരു സ്ഥാനക്കയറ്റം, ആവശ്യം നിരാകരിക്കാൻ കഴിഞ്ഞില്ല. 
അയാൾക്ക് മുറി കാണിച്ചു കൊടുത്തു. പുറത്തു പോയി അയാൾ ജീപ്പിലിൽ നിന്നും ചെറിയ ക്യാബിൻ ബാഗുമായി വന്നു.  "പെട്ടി കണ്ടൊന്നും  ഭയപ്പെടേണ്ട.  ഇന്നലെ പുറപ്പെട്ടപ്പോൾ രണ്ടു ജോഡി ഡ്രസ്സ് കരുതിയതാണ്"

അയാൾ മുറിയിൽ കയറി വാതിൽ അടച്ചു.  വല്ലാത്ത ഒരു സംഘർഷം. 
 ഈ അപരിചിതനോടൊപ്പം  തനിയെ രാത്രിയിൽ… പല ചിന്തകൾ മനസ്സിൽ കൂടെ കടന്നുപോയി. ഭയം ഉണ്ട്.  എന്നാൽ  കൂടെ ഒരു ധൈര്യവും. കാഴ്ച്ചയിൽ മാന്യനാണ്.  പക്ഷെ അതിലൊന്നും കാര്യമില്ല. പുരുഷൻ കായികമായി സ്ത്രീയേക്കാൾ മുൻപിൽ ആണ്. 
 വിശ്വസിക്കുക അത്ര തന്നെ 
അയാൾ കുളി കഴിഞ്ഞു. ടിഷർട്ടിലും  ഷോർട്ട്സിലും പുറത്തു വന്നു അവളുടെ അടുത്ത് കസേര വലിച്ചിട്ടു ഇരുന്നു.
" സൈറയുടെ ഫാമിലി ഒക്കെ ?"
" പപ്പയും അമ്മയും മരിച്ചുപോയി. ഞാൻ ഒരു  Divorcee ആണ്.  പത്തുവർഷമായി തനിയെ "
"കുട്ടികൾ ?"
" ഒരു മകൻ അവൻ  പപ്പയുടെ കൂടെ ബാംഗ്ലൂരിൽ,  ഞാൻ ഇതൊക്കെ നോക്കി നടത്തുന്നത് അവർക്കൊന്നും അത്ര ഇഷ്ടമല്ല. കാടാറു മാസം നാടാറു മാസം അല്ലെ? വാട്ട് എബൌട്ട് യു ?"
"ഞാനും  Divorcee ആണ്. I was married to a French girl.   ഞാൻ കുറെ വർഷം  ഫ്രാൻ‌സിൽ ആയിരുന്നു.  അമ്മയ്ക്ക് വയ്യാതെ ആയപ്പോൾ  ഇങ്ങോട്ടു വന്നു.   She passed away a few  weeks before. "
"അതേ…  പറഞ്ഞല്ലോ തിരുനെല്ലിയിൽ നിന്നും വരുകയാണെന്നു."
" എനിക്ക് നല്ല വിശപ്പുണ്ട് ., നമുക്കു  കഴിച്ചാലോ ?
രണ്ടുപേരും എഴുനേറ്റു. അയാൾ ഫ്രിഡ്ജിൽനിന്നും ഒരു വൈൻ ബോട്ടിലെ എടുത്തുകൊണ്ടുവന്നു.
"സോറി തന്നോടു അനുവാദം ചോദിക്കാതെ ഞാൻ ഇത് ഫ്രിഡ്ജിൽ വെച്ചു. Would you like to join? "
അവളുടെ ക്രോക്കറി അലമാരിയിൽ നിന്നും അയാൾ രണ്ടു വൈൻ ഗ്ലാസ് എടുത്തു 
രണ്ടു പേർക്കുമായി വൈൻ ഒഴിച്ചു
സൈറ അയാളെതന്നെ നോക്കിയിരുന്നു. 
തന്റെ ഏകാന്തതിയിലേക്കു ഇടിച്ചു കയറി വന്നു തന്നെ ഒരു കംഫോര്ട് സോണിൽ ആക്കുകയാണോ...
" എനിക്ക് വൈൻ ഒന്നും പതിവില്ല" 
"എനിക്ക് ഒരു കമ്പനി താടോ , ഒരു സിപ് മതി." 
അയാൾ വൈൻ ഗ്ലാസ് നീട്ടി. À ta santé  അയാൾ പറഞ്ഞു.
ഫ്രഞ്ചിൽ ചിയേർസ് ആണെന്ന് മനസ്സിലായി 
താൻ അറിയാതെ ശ്രീറാം തന്നെ ശ്രദ്ധിക്കുന്നതു പോലെ തോന്നി. 
ചപ്പാത്തി  വളരെ സോഫ്റ്റ് ആയിരുന്നു.  പരിപ്പുകറിയിലേക്ക് നെയ്യ് ഒഴിച്ചു ഉള്ളി താളിച്ചതും. 
നല്ല സ്വാദ് തോന്നി.  എത്ര പെട്ടന്നാണ് അയാൾ ആതിഥേയനും അവൾ അതിഥിയും ആയി മാറിയത്.
"നല്ല ചപ്പാത്തി.  സത്യത്തിൽ എനിക്ക് ഈ കോംബിനേഷൻ ഒട്ടും ഇഷ്ടമല്ല.  പക്ഷെ നിങ്ങളുടെ പരിപ്പുകറി  ടേസ്റ്റിയാണ്. സിമ്പിൾ ബട്ട് ടേസ്റ്റി…"
"എന്നെ ഇവിടെ കുക്ക് ആയിട്ട് അപ്പോയിന്റ് ചെയ്തോ. എനിക്ക് നല്ല കൈപ്പുണ്യം ആണ്."
കഴിച്ചു കഴിഞ്ഞതും  അവൾ പാത്രം കഴുകാൻ എടുത്തു. 
അയാൾ പാത്രം തിരികെ വാങ്ങി 
"Deal is a deal. ഞാൻ ഭക്ഷണം  ഉണ്ടാക്കി ഞാൻ വിളമ്പി,  ഇനി പാത്രം കഴുകുന്നതും ഞാൻ തന്നെ"
 ഒരു പുഞ്ചിരിയോടെ അവൾ മുറ്റത്തേക്ക് ഇറങ്ങി  അയാളും  പത്തു മിനിറ്റ് കഴിഞ്ഞു ഒപ്പം കൂടി. "അത്താഴം കഴിച്ചു ഒന്ന് നടക്കുന്നത് നല്ലതാണ്."  അവൾ വെറുതെ മൂളി.
"ഫ്രാൻ‌സിൽ എന്ത് ചെയ്യുകയായിരുന്നു? "
"അവിടെ യൂണിവേഴ്സിറ്റിയിൽ  ഇംഗ്ലീഷ് പ്രൊഫസർ ആയിരുന്നു. റിട്ടയർ ആയില്ല.  അമ്മയ്ക്ക് സുഖമില്ലാതെ വന്നതോടെ ഐ ലെഫ്റ് ദി ജോബ്.  ബാംഗ്ലൂർ സിറ്റിയിൽ നിന്ന്  അഞ്ചു കിലോമീറ്റർ  മാറി അവിടെയാണ് താമസം"
"നല്ല ക്ഷീണം സൈറ , ഞാൻ കിടന്നോട്ടെ ?"
" ഗുഡ് നൈറ്റ്"അയാൾ  മുറിയിലേക്ക് പോയപ്പോൾ അവൾ ഓർത്തു,.കുറച്ചു സമയം കൂടി തന്നോട്  സസംസാരിക്കാമായിരിന്നു. 
അവളും തന്റെ മുറിയിൽ കയറി. കൂടെ ബഡ്ഡിയും.  കണ്തടങ്ങൾ അടയുന്നു. വൈൻ എഫക്ട്!
മുറി തഴുതിട്ടു കിടന്നു. പെട്ടെന്ന് തന്നെ ഉറങ്ങിപോയി.

രാവിലെ കണ്ണുതുറന്നപ്പോൾ  ശരിക്കും ഞെട്ടി.  താൻ ഇത്രയും സ്വസ്ഥമായി ഉറങ്ങിയിട്ട് എത്ര നാളായി! ആ വൈൻ കഴിച്ചതാണോ അതോ അയാളുടെ സാന്നിധ്യമാണോ?  വൈൻ ആണെന്ന് വിശ്വസിക്കാനായിരുന്നു ഇഷ്ടം.
 ഫ്രഷ് ആയി മുറി തുറന്നു പുറത്തിറിങ്ങി. അയാൾ മുറ്റത്തു കാപ്പി മഗ്ഗുമായി….
 "ഗുഡ് മോർണിംഗ് സൈറ , തനിക്കുള്ള കോഫി കിച്ചിനിൽ ഫ്ലാസ്കിൽ വെച്ചിട്ടുണ്ട്. ഞാൻ രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റു. ഇന്നലത്തെ അലച്ചിൽ കാരണം നന്നായി ഉറങ്ങി."
അയാൾ തന്നെ അകത്തുപോയി , കാപ്പി എടുത്തു തന്നു,
"നല്ല കോഫി "
" ഞാൻ പറഞ്ഞില്ലേ എന്നെ ഇവിടെ കുക്ക് ആയിട്ട് അപ്പോയിന്റ്  ചെയ്യാൻ "
അതിനു മറുപടി പറയാതെ സൈറ പറഞ്ഞു. " എനിക്ക് ഒരു ഒൻപതു മണിക്ക് മുൻപേ ഇറങ്ങണം."
" നോ പ്രോബ്ലം  ഞാൻ റെഡിയാണ്.  ഓൺ ദി വേ  വിൽ ഹാവ് ബ്രേക്‌ഫാസ്റ് "
അവൾ തലയാട്ടി.
സൈറയുടെ സാധനങ്ങൾ വണ്ടിയിലേക്ക് എടുക്കാൻ അയാളും സഹായിച്ചു. ഒൻപതുമണിക്ക് മുൻപേ വീട് പൂട്ടി അവർ പുറപ്പെട്ടു. അയാളുടെ ജീപ്പും അവളുടെ കാറും ചിലപ്പോഴെല്ലാം മത്സരിച്ചു. അപ്പോഴൊക്കെ അയാളുടെ ചുണ്ടിൽ നേർത്ത ചിരി അവൾ കണ്ടു. 
പത്തുകിലോമീറ്റർ ചെന്നപ്പോൾ ഒരു ചെറിയ റെസ്റ്റോറന്റ് കണ്ടു  അയാൾ  വണ്ടി അവിടെ നിർത്തി 
അവൾ കാർ പാർക്ക് ചെയ്യുമ്പോഴേക്കും  അയാൾ രണ്ടുപേർക്കും മസാലദോശയും കാപ്പിയും ഓർഡർ ചെയ്തിരുന്നു.
കാപ്പി കുടിച്ചു പകുതി ആയപ്പോൾ ശ്രീറാം ചോദിച്ചു 
" സൈറ എന്നെ എവിടെയുമെങ്കിലും മുൻപ്  കണ്ടതായിൽ ഓർക്കുന്നുണ്ടോ ?'
അയാളുടെ മുഖത്തേക്ക് കുറേനേരം അവൾ നോക്കി.  ഇല്ല എന്ന ഭാവത്തിൽ തലയാട്ടി 
" താൻ കോളേജിൽ പഠിക്കുന്ന കാലം തന്റെ കോളേജിൽ ഞാൻ ജൂനിയർ ലെക്ചറർ  ആയിരിന്നു. അന്ന്  തനിക്കു ഒരു കാമുകൻ ഉണ്ടായിരുന്നില്ലേ ? വാട്ട് ഈസ് ഹിസ് നെയിം…. യാ   ഫിലിപ് അല്ലെ? അയാളെ തന്നെയല്ലേ താൻ കല്യാണം കഴിച്ചത് ?"
സൈറയുടെ മുഖം കോപംകൊണ്ടു തുടുത്തു. 
" എന്നെ പരിചയം ഉണ്ടായിട്ടു ഇന്നലെ എന്തുകൊണ്ട് പറഞ്ഞില്ല ?" 
" ഇപ്പോഴും  പറയണ്ട എന്നാണ് കരുതിയത്."
" അതെ. ഞാൻ  ഫിലിപ്പിനെയാണ് കല്യാണം കഴിച്ചത്"
" എനിക്ക് അന്നേ അറിയാമായിരുന്നു താൻ ആരെ കെട്ടിയാലും  ഡിവോഴ്സ് ആകുമെന്ന്." 
" വാട്ട് നോൺസെൻസ്? സൊ റൂഡ്…. "  അവൾക്കു വല്ലാതെ ദേഷ്യം വന്നു. യൂ  ചീറ്റ്, ഇത്രയും സമയം ഇയാളോടൊപ്പമാണെല്ലോ ചെലവഴിച്ചത്.  അവൾക്കു അവളോട് തന്നെ ദേഷ്യം വന്നു.

"താനൊരു വൈഫ് മെറ്റീരിയൽ അല്ലടോ. തന്നെ ഭാര്യയായിട്ടു എല്ലാവർക്കും  കൊണ്ടുനടക്കാൻ പറ്റില്ല,  ടൂ സ്മാർട്ട്….. ആൻഡ് വെരി ഇൻഡിപെൻഡന്റ്"
ഇതെല്ലം കൂടി കേട്ടപ്പോൾ സൈറക്ക് പൊട്ടിത്തെറിക്കാൻ തോന്നി. അവൾ ചാടി എഴുനേറ്റു 
" നിങ്ങൾ ആരാണ് ഇതൊക്കെ പറയാൻ , തനിക്കു എന്ത് വേണം ? ശബ്ദം കുറെ പൊങ്ങിയോ
" സൈറ ഇങ്ങനെ കോപിക്കാതെ, എൻ്റെ മനസ്സിൽ വന്നത്  നമ്മൾ പിരിയുന്നതിനു  മുൻപേ പറയണം എന്ന് തോന്നി. ഇടീസ് ജസ്റ്റ് മൈ അസ്സെസ്സ്മെന്റ് "
"എന്നെ അസ്സസ്  ചെയ്യാൻ ഇയാൾ ആരാണ്?  സത്യം പറ നിങ്ങൾ എന്തിനാ വന്നത്? "
അവൾ കൈകഴുകി പോകാൻ എഴുന്നേറ്റു.  അയാൾ അവളുടെ കൈ പതുക്കെ പിടിച്ചു അവിടെ ഇരുത്തി 
"ഐ ആം സൊ സോറി, എനിക്ക് തന്നെ അറിയാം എന്ന് പറയാതിരുന്നത് മനപ്പൂർവമാണ്. സൈറ എങ്ങനെ റിയാക്ട  ചെയ്യും എന്ന് അറിയില്ലായിരുന്നു. റിയലി  സോറി "
കാപ്പി കുടിച്ചതിന്റെ പൈസ മേശയിൽ വെച്ചിട്ടു അവൾ അയാളോട് യാത്ര പറയാതെ കാറിൽ കയറി.  തിരിച്ചു പോകുന്ന വഴി ഉറക്കെ കരയാൻ തോന്നി. എന്തൊക്കെയാണയാൾ  പറഞ്ഞത്. 

ഫിലിപ്പ് പറഞ്ഞ അതേ വാചകം.  പുരുഷന്മാരെപോലെയോ അല്ലെങ്കിൽ  അതിനും  മുകളിലോ  താൻ  എല്ലാം ചെയ്യുന്നു.  അതുകൊണ്ടാണോ നല്ല ഒരു കുംടുംബിനി ആകാനുള്ള യോഗ്യത ഇല്ലെന്നു അയാൾ പറയുന്നത്.
ഇന്നലെ അയാൾ വന്നപ്പോൾതന്നെ പറഞ്ഞു വിടണമായിരുന്നു.  എല്ലാം തൻ്റെ തെറ്റ്.
ബഡ്ഡിക്കു മനസ്സിലായി സൈറക്ക് വിഷമം ആണെന്ന്… അവൻ അവന്റെ ഭാഷയിൽ എന്തോ ഉരിയാടാൻ ശ്രമിച്ചു.
വീട്ടിൽ എത്തിയതും അവൾ കട്ടിലിൽ കയറി കിടന്നു , വല്ലാത്തൊരു ദിവസം. അയാൾ എന്തിനാണ് തന്നെ തേടി വന്നത്... ഞാൻ ഒരു നല്ല ഭാര്യ ആയിരിക്കില്ല എന്ന് തന്നോട് പറയാനാണോ... 
എന്നാലും എവിടെയോ ശ്രീറാമിനെ മിസ് ചെയ്തു. വർഷങ്ങളായി തന്നെ ആരും ഇങ്ങനെ പരിചരിച്ചിട്ടില്ല.മനസ്സിനെ ആശ്വസിപ്പിക്കാൻ പരിശീലിപ്പിച്ചത് കൊണ്ട് ജീവിതം മുൻപോട്ടു പോകുന്നു.
ബഡ്ഡിയും കൂടെ വന്നുകിടന്നു. അവസാനം അവൻ മാത്രമേ കൂടെയുള്ളു.
ഒന്നും കഴിക്കാൻ തോന്നിയില്ല. ബാഗ് തുറന്നു സാധനങ്ങൾ ഓരോന്ന് എടുത്തുപുറത്തു വെച്ചു. ഭംഗിയുള്ള ഒരു കവർ അപ്പോളാണ് അവൾ കണ്ടത്.  ഇത് എന്റേതല്ലല്ലോ…  അവൾ അത് തുറന്നു നോക്കി. അതിനകത്തു ചിത്രപ്പണി ചെയ്ത ഒരു ചെറിയ ചിമിഴ്‌!
 മെല്ലെയവൾ അത് തുറന്നു. അതിലോലമായ ഒരു നീലകടാലാസ് !!
അതൊരു  കത്തായിരുന്നു.
 ആ കടലാസിന് പോലും റോസാപ്പൂവിന്റെ സുഗന്ധം…… അവൾ അത് തുറന്നു.

സൈറക്ക്,

മുപ്പതു വർഷങ്ങൾക്കു മുൻപേ ഇതുപോലെ ഒരു കത്ത് എഴുതി എൻ്റെ കൈയ്യിൽ കൊണ്ടുനടന്നിരുന്നു.  എന്നെങ്കിലും നിനക്കതു തരണം എന്ന് കരുതി….പക്ഷെ നടന്നില്ല.
അമ്മയുടെ ബലിക്കു പോയതാണെന്ന് പറഞ്ഞത് സത്യം.  പക്ഷെ നിന്നെ കണ്ടിട്ടേ മടങ്ങൂ എന്ന് തീരുമാനിച്ചിരിന്നു. നീ ഒരിക്കലും എന്നെ ശ്രദ്ധിച്ചിരുന്നില്ല.  അതുകൊണ്ടാണ് കണ്ടിട്ട് തിരിച്ചറിയാതെ പോയത്. വർഷം  കുറെ പോയില്ലേ…  നീ എപ്പോഴും എന്റെ മനസ്സിൽ മായാതെ മങ്ങാതെ നിന്നിരുന്നു.  കഴിഞ്ഞ വർഷമാണ് സൈറ തനിയെയായിപ്പോയ  വിവരം ഞാൻ അറിഞ്ഞത്.  നീ താമസിക്കുന്ന സ്ഥലം കണ്ടു പിടിക്കാൻ കുറെ ബുദ്ധിമുട്ടി.
എങ്ങനെ ഞാൻ സ്വീകരിക്കപ്പെടും എന്ന് അറിയില്ലായിരുന്നു,. കണ്ടതിൽ സന്തോഷം,  കൂടെ ചിലവഴിക്കാൻ സാധിച്ച ഏതാനും ചില മണിക്കൂറുകൾക്കും നന്ദി…
 സൈറ You are an amazing person and  a wonderful female  പക്ഷെ അത് കൂടെയുള്ള ആളെ കൂടെ ആശ്രയിച്ചാണ് എന്ന് മാത്രം.  നിന്നെ സ്നേഹിക്കാൻ… കൂടുതൽ അറിയാൻ എനിക്ക് ഒരു അവസരം തരുമോ? 
ബാക്കിയുള്ള നിന്റെ ജീവിതയാത്രയിൽ കൂടെ കൂട്ടുമെങ്കിൽ  അതിൽ കൂടുതൽ ഒരു ഭാഗ്യം എനിക്ക് കിട്ടാനില്ല!   If you think you can connect with me or feel like talking  താഴെ കാണുന്ന നമ്പറിൽ വിളിക്കൂ ... 

വിത്ത് ലവ് 
ശ്രീറാം 

രണ്ടു ദിവസമായി ഇത് കേൾക്കാൻ ആണോ കാത്തിരുന്നത്!  ചില ആളുകൾക്ക്   അവരുടെ സാന്നിധ്യം ചിലപ്പോൾ  ഒരു മണിക്കൂർ കൊണ്ടുപോലും ചിലരുടെ  ജീവിതത്തിൽ 
ഇന്ദ്രജാലം സൃഷ്ടിക്കാൻ സാധിക്കും.
അങ്ങനെയാണത്. എവിടെയോ വായിച്ചത് ഓർമ്മ വന്നു.
 ട്വിൻ സോൾസ് ...

അവൾ പതുക്കെ ഫോൺ എടുത്തു .... നീണ്ട വെളുത്ത ആ വിരലുകൾ , മൃദുവായി  ആ നമ്പറിലേക്ക്  ...
അവസാനത്തെ അതിഥി ( കഥ : പുഷ്പമ്മ ചാണ്ടി )
Join WhatsApp News
Sana 2020-08-10 06:49:27
Very good story dear. Usual thread but beautiful and mind blowing mesmerisum.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക