Image

"കൊച്ചമ്പ്രാട്ടി" - ഏകാന്തതകളെ ഈറനണിയിച്ച നോവൽ (ജയശങ്കർ പിള്ള)

Published on 09 August, 2020
"കൊച്ചമ്പ്രാട്ടി" - ഏകാന്തതകളെ ഈറനണിയിച്ച നോവൽ (ജയശങ്കർ പിള്ള)
ചില കഥകളും ,നോവലുകളും,രചനകളും ഒക്കെ വായനക്കാർക്കു അവിസ്മരണീയമായ ചില നിമിഷങ്ങളും,ഓർമ്മകളും,ഒക്കെ സമ്മാനിയ്ക്കാറുണ്ട്.അങ്ങിനെ ഒരു മികച്ച നോവൽ കഴിഞ്ഞ ദിവസങ്ങളിൽ വായിയ്കുക ഉണ്ടായി. ജനാധിപത്യ കേരളത്തിലെ സാമൂഹിക, സാംസ്കാരിക പ്രകൃതി പശ്ചാത്തലങ്ങളെ  കോർത്തിണക്കി 1960  കളിലും,70  കളിലും  ഉണ്ടായ സാമൂഹിക മാറ്റത്തിന്റെയും,പരിഷ്കാരത്തിന്റെയും അനന്തര ഫലങ്ങളുടെയും ഒക്കെ  ആയുള്ള   ഒരു സമഗ്ര  രചനയാണ്‌  ഇ ഹരികുമാറിന്റെ (1943 -2020)  കൊച്ചമ്പ്രാട്ടി.

നാല്പതു,അൻപതു വർഷങ്ങൾക്കു മുൻപ് കേരളത്തിന്റെ ഗ്രാമങ്ങളെ അറിഞ്ഞു വളർന്ന ആരിലും പലപ്പോഴായി ഓർമ്മകളുടെ, അനുഭവങ്ങളുടെ, നേര്കാഴ്ചകളുടെ എല്ലാം  കൊള്ളിയാൻ മിന്നുച്ചു കൊണ്ടാണ് കഥ  കടന്നു പോകുന്നത്. നിശ്ശബ്ദമായ ഇടവേളകളിൽ ഓരോ താളുകളിലൂടെയും നെടുവീർപ്പുകളും,മിഴികളിൽ നന വും, ബന്ധങ്ങളുടെ കെട്ടുപാടുകളും  സമ്മാനിയ്ക്കുന്ന നോവൽ. വല്ല ലളിതമായ വരികളിലൂടെ പഴയ കാലത്തിന്റെ ഓർമ്മകളും,കേരളം ഉൾകൊണ്ട ചില മാറ്റങ്ങളും,അതിന്റെ പരിണിത ഫലങ്ങളും,എല്ലാം ഈ കഥയിൽ ഉണ്ട്.ഭൂപരിഷ്കരണ നിയമവും,കാര്യ ശേഷി കുറവ് കൊണ്ടും,ദുരഭിമാന ചിന്തകളാലും,അധികാര,ജാതി ഗർവും,വിധേയത്വവും,സ്നേഹവും,ചതിയും എല്ലാം ഈ കഥയിൽ നിന്നും നമുക്ക് വായിച്ചെടുക്കാം.

കേരളം മണ്ണിലെ പല നായർ കുടുംബങ്ങൾക്കും  ഭൂപരിഷ്കരണ നിയമത്തിനു ശേഷം സംഭവിച്ച ക്ഷയവും,പണത്തിന്റെയും,ജാതി മേല്കോയ്മയുടെ ഹുങ്കിനാൽ കാണിച്ചു കൂട്ടുന്ന അബദ്ധങ്ങളും,സ്ത്രീ വിഷയത്തിൽ ഉള്ള അദമ്യമായ ആഗ്രവും,ദുർനടത്തങ്ങളും തകർത്ത തറവാടുകളും ഒക്കെ നമുക്ക് ഒരു അഭ്രപാളിയിൽ എന്നത് പോലെ തെളിഞ്ഞു വരുന്നു. കേരളത്തിലെ ദളിത് സമൂഹത്തിന്റെ പ്രതീകമായ ചാത്തനും,കാലം മുന്നോട്ടു പോയി തൊഴിലാളി വർഗ്ഗ സർക്കാർ അധികാരത്തിൽ വന്നിട്ടും മനസ്സിലെ നന്മ വറ്റാത്ത ചാത്തൻ,അധികാരിയുടെ  പതനത്തിൽ ഉണ്ടായ കെടുതിയിൽ സ്വയം മനസ്സുരുകുന്ന ചാത്തൻ.

നായർ ,നമ്പൂതിരീ,തിയ്യ ,ഇസ്‌ലാം ,ദളിത് സമുദായങ്ങൾ അറുപതുകൾക്കു ശേഷം ഉണ്ടായ സമഗ്ര വികസനത്തിൽ വേരോടിയതും,തകർന്നടിഞ്ഞതും,മാറ്റങ്ങൾക്കു വിധേയരായി മനം മാറിയതും എല്ലാം നമുക്ക്  ഈ കഥയിലൂടെ വായിച്ചു അറിയാം.

സ്ത്രീ ശരീരങ്ങൾ പീഡിപ്പിയ്ക്ക പെടുന്നതിന്റെയും,എന്നാൽ ഈ പീഡനത്തിന്റെ മറ്റൊരു വശത്തു വളർന്നു പന്തലിച്ചവരും,തകർന്നടിഞ്ഞ തറവാടുകളും,മിശ്ര വിവാഹത്തിന്റെ തുടക്കകാലവും എല്ലാം നമുക്ക് കാണാം.
ഒരു പക്ഷെ നാട്ടിൻപുറത്തെ  പഴയകാല മണ്ണ് വഴികളിലൂടെയും,പാട ശേഖരത്തിലൂടെയും,ഒക്കെ സഞ്ചരിച്ചു ജീവിച്ച  ഒരു ഗ്രാമീണന്  ഗൃഹാതുരത്വത്തിന്റെ,നിരവധി നിമിഷങ്ങൾ ഈ നോവൽ സമ്മാനിയ്ക്കുന്നു. നമ്മുടെ മുന്നിലൂടെ കടന്നു പോയ പല ജീവിതങ്ങൾ, ഓടിളകിയ,മേൽക്കൂരകൾ,പൊട്ടിപൊളിഞ്ഞ പടിപ്പുരയും,തറവാട്ടു കുളപടവുകളും,കാടുകയറിയ  തറവാട് മണ്ണും,നീണ്ട  പാട വരമ്പുകളും,തെങ്ങിൻ തോപ്പുകളും, പാടത്തു എല്ലുമുറിയെ പണിയെടുത്ത ചെറുമ സമൂഹവും,നാട്ടിലെ വിഷ വൈദ്യരും,കമ്യൂണിസ്റ്റു   പ്രസ്ഥാനങ്ങളുടെ വളർച്ചയും,പത്തായ പുരകളിലെ രഹസ്യ സഞ്ചാരവും,സംബന്ധവും,പലിശക്കാരും,അങ്ങിനെ നൂറായിരം പഴമയുടെയാഥാർഥ്യങ്ങൾ ആണ് "കൊച്ചമ്പ്രാട്ടി "

ഇ.ഹരികുമാർ ,1943 -ൽ പൊന്നാനിയിൽ ഇടശ്ശേരിൽ (S/O ഗോവിന്ദൻ നായർ) ജനിച്ചു,കൽക്കട്ട യൂണിവേഴ്സിറ്റിയിൽ പഠനം പൂർത്തിയാക്കിയ  ഇദ്ദേഹം  1988 -ൽ സാഹിത്യ അക്കാദമി അവാർഡ് കരസ്ഥമാക്കി.മലയാളത്തിന് നിരവധി കഥകളും,നോവലുകളും,തിരക്കഥകളും ഒക്കെ സമ്മാനിച്ച ഇ ഹരികുമാർ 2020 മാർച്ച് 24 നു തൃശ്ശൂരിൽ അന്തരിച്ചു.

ഹരികുമാറിന്റെ മറ്റു പല കഥകളിലേതു പോലെയും ഈ നോവലിൽ കൂടിയും അദ്ദേഹം ഒരു മെസ്സേജ് നൽകിയാണ് കടന്നു പോകുന്നത് . തറവാട്ടിൽ തനിച്ചാകുന്ന കൊച്ചമ്പ്രാട്ടിയ്ക്കു-പത്മിനി  സഹായിയായി എത്തിയ തറവാട്ടിലെ മൂപ്പന്റെ മകൻ ഷണ്മുഖാനോടു തോന്നുന്ന പ്രണയം  ആണ് വിഷയം.

മിശ്ര വിവാഹവും,ബന്ധങ്ങളും എല്ലാം ഇന്ന് ഒരു സാധാരണ സംഭവവും,അണുകുടുംബബങ്ങളും ഒക്കെ ആയതിനാൽ ഒരു പക്ഷെ  ഇന്നതിന്റെ വ്യാപ്തി,ആന്തര ഫലങ്ങൾ തുലോം ചെറുതായിരിയ്ക്കാം.എന്നാൽ 60 - 70  കളിൽ കേരളത്തിലെ പ്രശ്നങ്ങൾ ആണ്  കഥിയുടെ  പശ്ചാത്തലം. പക്ഷെ ഇങ്ങനെ ഉള്ളവർ സമൂഹത്തിൽ നേരിടാൻ പോകുന്ന സമ്മര്ദങ്ങഉം,പ്രശനങ്ങളും,സാമുദായിക ദൈനദിന ജീവിത രീതിയോട്,ക്രമങ്ങളോട്,കുടുംബ ബന്ധങ്ങളിൽ  ഒരു മിശ്ര വിവാഹിതയായ ഒരു പെൺകുട്ടി വിവാഹ ശേഷം  പൊരുത്തപ്പെടുമ്പോൾ ഉണ്ടാകുന്ന വൈഷമ്യങ്ങൾ ഹരികുമാർ വി ടി ഭട്ടതിരിപ്പാടിന്റെ ഒരു ഓർമ്മ കുറിപ്പ് കടമെടുത്തു ഈ നോവലിന്റെ അവസാനം അവതരിപ്പിയ്ക്കുന്നു.
പഴമയിൽ നിന്നും മാറ്റത്തിലേയ്ക്ക് പടിചവിട്ടി കയറിയ മലയാള മണ്ണിന്റെ പഴയ നൈര്മല്യത്തെ സ്നേഹിയ്ക്കുന്നവർക്കു ഏകാന്ത വായനയിൽ ഒരു നല്ല അനുഭവം ആയിരിയ്ക്കും "കൊച്ചമ്പ്രാട്ടി'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക