Image

നീലച്ചിറകുള്ള മൂക്കുത്തികൾ 25 = സന റബ്സ്

Published on 09 August, 2020
നീലച്ചിറകുള്ള മൂക്കുത്തികൾ 25 = സന റബ്സ്
താരാദേവിയുടെ ഫോണ്‍ വരുമെന്ന് പറഞ്ഞപ്പോഴേ സഞ്ജയ്‌ മകളെ നോക്കിച്ചിരിച്ചു. “മിലൂ, നോര്‍ത്തിലെ ആഘോഷങ്ങള്‍ക്ക് ഉത്സവങ്ങളുടെ നിറമാണെന്ന് നിനക്കറിയാമല്ലോ; ഭക്തിയും ആരാധനയും പണവും സ്റ്റാറ്റസും ഒരുമിച്ച് ഒഴുകുകയാണവിടങ്ങളില്‍. ഞാനവിടെ ഒരധികപ്പറ്റായിരിക്കും. തീര്‍ച്ച!

“അച്ഛാ..., വിദേതിനും ഈ കാര്യങ്ങളിലൊന്നും താല്പര്യമില്ല. സ്നേഹമുള്ളവര്‍ നിര്‍ബന്ധിക്കുമ്പോള്‍ അതില്‍ ഭാഗഭാക്കാകാതെ തരവുമില്ല. എന്തായാലും നമുക്ക് ക്ഷണിക്കേണ്ടവരെയൊക്കെ അവര്‍ അവിടെയും പ്രതീക്ഷിക്കുന്നുണ്ട്.” മിലാനും മാതാപിതാക്കളും രാത്രിയാഹാരത്തിന് ശേഷം വര്‍ത്തമാനം പറഞ്ഞിരിക്കുകയായിരുന്നു.
“സഞ്ജയിന്‍റെ ഏട്ടനും എന്‍റെ അനിയനും രണ്ടു കുടുംബങ്ങളിലെ മുതിര്‍ന്നവരും  ചടങ്ങ് നിശ്ചയമായി നടത്തുമ്പോള്‍  വരണമല്ലോ. എന്റെ ശരത്തിനും മോനും നിന്നെ അങ്ങോട്ട്‌ വിവഹം കഴിച്ചുകൊണ്ടുപോകാന്‍ എന്തുമാത്രം ആഗ്രഹമുണ്ടായിരുന്നു. അറിയാമല്ലോ മിലൂ നമ്മുടെ തറവാട്ടിലെ ഏക പെണ്‍കുട്ടിയാണ് നീ.” ശാരിക അല്പം ആശാഭംഗത്തോടെയാണ് സംസാരിച്ചത്. ശരത് ശാരികയുടെ സഹോദരനാണ്.

“അതവിടെ മാത്രമല്ല, എന്‍റെ വീട്ടിലും നിന്നെ മരുമകളാക്കാന്‍  ആഗ്രഹമുള്ളവര്‍ ഏറെയുണ്ടായിരുന്നു. പ്രത്യേകിച്ച് നമ്മുടെ ശാരദാമ്മയുടെ മകന് അരുണ്‍, അതുപോലെ വെങ്കിടിയങ്കിളിന്റെ കുടുംബത്തിലെ സുമിത്രാന്റിയുടെ മകന്‍ ആദിത്യനും, അവന്‍ മോഡല്‍ കൂടിയാണല്ലോ.” സഞ്ജയ്‌ മിലാനെ നോക്കി.

മിലാന്‍ ചിരിച്ചു. അവള്‍  പൂമുഖത്തിന്‍റെ താഴേക്കുള്ള പടിയില്‍ കാലും നീട്ടിയിരിക്കുകയായിരുന്നു. “അച്ഛാ, ഇതൊക്കെ ശരിയാണെങ്കിലും എനിക്കിവരോടൊന്നും ഒരു പ്രതിപത്തിയും തോന്നിയിട്ടില്ല. ഇത് കേട്ടാല്‍ അമ്മ പറയും ഇഷ്ടവും പ്രതിപത്തിയും നീ വിദേതിനോട് എങ്ങനെ കാണിക്കുന്നു എന്ന്. അതെങ്ങനെ ഉണ്ടായി എന്നും ചോദിക്കും; അമ്മാ. ഞാന്‍ വിദേതിനെ മാത്രമേ സ്നേഹിക്കൂ എന്നും അയാളെ മാത്രമേ വിവഹം കഴിക്കൂ എന്നും അയാളെ നേരിട്ട് കാണുംവരെ ചിന്തിച്ചിട്ടുകൂടിയുണ്ടായിരുന്നില്ല. 
കണ്ടും ഇടപഴകിയും വിദേതിന്റെ ടേസ്റ്റുകളില്‍ എന്‍റെ ഇന്റെറസ്റ്കള്‍ കൂടിയുണ്ടെന്ന് മനസ്സിലാക്കിയുമാണ് ആ ബന്ധം വളര്‍ന്നത്‌. അതൊരു മഴവില്ല് രൂപപ്പെട്ടപോലെയായിരുന്നു. ഒരു മഴയിൽ.. പിന്നെയൊരു വെയിലിൽ.... മനോഹരമായി...”

സഞ്ജയ്‌ മിലാനെതന്നെ  നോക്കിയിരുന്നു. ദാസിനെപ്പറ്റി പറയുമ്പോള്‍ അവളുടെ കണ്ണുകളിലെ  കാന്തവിളക്കുകള്‍ പ്രകാശത്തോടെ എരിയുന്നു.
“മിലാന്‍, ഞാന്‍ പറഞ്ഞുവന്നത്, ഡല്‍ഹിയിലും ബംഗാളിലുമെല്ലാം ആചാരങ്ങള്‍ക്ക് വേണ്ടി പൊടിക്കുന്ന സമയവും മനുഷ്യാധ്വാനവും പണവും യാതൊരു ഉപകാരവുമില്ലാതെ ഒഴുകിപ്പോകുന്നതിനെതിരെ സ്ഥിരമായി കോളങ്ങളില്‍ ഞാന്‍ യുദ്ധം ചെയ്യാറുണ്ട്. അപ്പോള്‍ നിന്റെ അമ്മായിയമ്മയുടെ പരമ്പര സൂക്ഷിക്കാനും നാലാളെ അറിയിക്കാനും പൂജ കല്യാണം എന്ന പേരിലൊക്കെ നടത്തുന്ന ദുര്‍വ്യയം എന്റെ മകളുടെ വിവാഹാഘോഷങ്ങളിലും നടക്കുമ്പോള്‍ എനിക്കുതന്നെ  ആത്മനിന്ദ തോന്നുന്നു, അതിനുവേണ്ടി ഞാന്‍ ചുക്കാന്‍ പിടിക്കണം എന്നതും ഓര്‍ക്കുമ്പോള്‍....”

“മാത്രമല്ല മിലൂ..” ശാരിക തുടര്‍ന്നു, “നീ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമാണ്. മറ്റുള്ളവര്‍ അറിയരുതെന്ന് കരുതിയാണ്  നീ ചെയ്യുന്നതെങ്കിലും പൊതുജനങ്ങള്‍ എല്ലാം അറിയുന്നുമുണ്ട്. അതുകൊണ്ട് അധികം ആര്‍ഭാടം വേണ്ടെന്ന് ദാസിനെകൂടി അറിയിച്ചോളൂ..”

“നീ എങ്ങനെയാണ് ഇനി ദാസിന്റെ മകളെ കൈകാര്യം ചെയ്യാന്‍ പോകുന്നത്? കുറച്ചൂടെ കഴിഞ്ഞാല്‍ ആ കുട്ടിയേയും വിവാഹം ചെയ്തു അയക്കണം. നീ അവളുടെ അമ്മയുടെ സ്ഥാനത്താണ്‌.” സഞ്ജയ്‌ പ്രണോതി വളരെ പ്രസക്തമായ വിഷയം അവരുടെ നടുവിലേക്കെറിഞ്ഞു.

“പിരിഞ്ഞെങ്കിലും മേനക അയാളുടെ ജീവിതത്തില്‍ എപ്പോഴുമുണ്ട്. അതുകൊണ്ട് അമ്മയുടെ റോള്‍ ചെയ്തു നീ വിഷമിക്കേണ്ടി വരില്ല. അയാളുടെ രണ്ടാം ഭാര്യ അമേരിക്കക്കാരിയായിരുന്നല്ലോ.  അവര്‍ക്ക് നാട്ടിലെ അയാളുടെ ജീവിതവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ആ സേഫ്സോണ്‍ നിനക്കില്ല. അച്ഛന്റെ ഈ പുതിയ ഭാര്യയുടെ സ്ഥാനവും ചലനങ്ങളും  നിരന്തരം വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും പാത്രമാവും. അതുകൊണ്ട് ആ കുട്ടിയുമായി ആദ്യമേ നീയൊരു റാപ്പോ ഉണ്ടാക്കേണ്ടത് അനിവാര്യമാണ്.”

“എന്താണു വിവാഹത്തില്‍ പെണ്‍കുട്ടികളുടെ മേല് ഇത്തരം ആശങ്കകളും ഭാരങ്ങളും അടിച്ചേല്‍പ്പിക്കുന്നത്? വിദേത് ഇത്തരം ആകുലതകള്‍ പുലര്‍ത്തുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. വിവാഹം നടക്കട്ടെ, ജീവിതം തുടങ്ങട്ടെ; എന്നിട്ടല്ലേ ബാക്കി ഡീല്‍ വരുന്നത്. ഇപ്പോള്‍ ഞാനിതെല്ലാം എന്തിന് ചിന്തിക്കണം?” മിലാന്‍ അല്പം മുഷിവോടെ പറഞ്ഞത് കേട്ട് സഞ്ജയ്‌ ചിരിച്ചു.

“ദാസ്‌ എപ്പോഴും പുറത്താണ്. അയാള്‍ പുരുഷനും ബിസിനസ് മാഗ്നെറ്റുമാണ്. അയാളുടെ തിരക്കുകളില്‍ അയാള്‍ക്ക്‌ കുടുംബജീവിതം നഷ്ടപ്പെടുന്നത് നീ കാണുന്നുണ്ടല്ലോ. അതയാള്‍ മുഖവിലക്ക് എടുക്കുന്നില്ല എന്നത് അയാളുടെ പരാജയവുമാണ്. നീയും തിരക്കിന്‍റെ അച്ചുതണ്ടാണ്. അല്പം പ്രിക്കോഷന്‍സ് എടുത്താല്‍ നിങ്ങളുടെ രണ്ടുപേരുടെയും ജീവിതം നിലനില്‍ക്കും. മറ്റൊന്ന്... നീയൊരു ഇന്ത്യന്‍ വധുവാണ്. നിന്‍റെ സങ്കല്പങ്ങള്‍ അടുക്കളയുമായി ബന്ധപ്പെട്ടതല്ല. ആകാശവുമായി കണക്ട് ചെയ്തതാണ്. ദിവസവും കിച്ചണില്‍ കയറി ബെഡ്കോഫി കൊണ്ടുപോയി കൊടുക്കുകയും അത് വാങ്ങുകയും ചെയ്യുന്ന കപ്പിള്‍സ് അല്ലല്ലോ നിങ്ങള്‍. നീയും അയാളും അടുപ്പം പുലര്‍ത്തുന്ന ഇടപെടുന്ന പ്ലാറ്റ്ഫോം മനസ്സിലാക്കി പരസ്പരം താങ്ങ് കൊടുക്കാന്‍ മനപ്പൂര്‍വം ശ്രമിച്ചാലേ നിങ്ങള്‍ ഈ ജീവിതത്തില്‍ വിജയിക്കൂ. അയാളുടെ മകള്‍ അയാളുടെ രക്തമാണ്. നാളെ നീ അയാളെ കളഞ്ഞിട്ടു പോയാലും അയാളുടെ ജീവിതത്തില്‍ നിലനില്‍ക്കുന്ന കണ്ണിയാണ് ആ മകള്‍. അതുകൊണ്ട് അവളെ പരിഗണിക്കുന്നതാണ് ഏറ്റവും ശരി.” സഞ്ജയ്‌ ഒന്ന് നിറുത്തിയിട്ടു തുടര്‍ന്നു. “ബന്ധങ്ങളെ പരിപാലിക്കുന്നതില്‍ കാണിക്കുന്ന ആര്‍ജ്ജവം മാത്രമാണ് നിനക്കിവിടെ ഫോക്കസ് ചെയ്യേണ്ടത്. നന്നായി ഹോംവര്‍ക്ക് ചെയ്താലേ  കാര്യങ്ങള്‍ ഭദ്രമാവൂ.”

മിലാന്‍ കുറച്ച്നേരം മിണ്ടാതിരുന്നു. “എങ്കില്‍ നമുക്ക് മൈത്രേയിയെ വിളിച്ചു ഒന്ന് സംസാരിച്ചാലോ? ഞാനിതുവരെ ആ കുട്ടിയെ വിളിച്ചിട്ടില്ല.”

ശാരിക ആലോചനയോടെ പതുക്കെ തലയാട്ടി. “അതൊരു നല്ല ഐഡിയ ആണ്. പറ്റുമെങ്കില്‍ ഈ ചടങ്ങുകള്‍ക്കെല്ലാം മുന്നേ നിങ്ങള്‍ കാണുന്നത് നന്നായിരിക്കും.” സഞ്ജയ്‌ പിന്താങ്ങി. അന്ന് കിടക്കുംമുന്നേ ദാസ്‌ വീഡിയോകോളില്‍ വന്നപ്പോള്‍ ഈ വിഷയം അവള്‍ സംസാരിച്ചു.

“ഷുവര്‍ ബേബി, ഞാന്‍ മിത്രയോട് പറയാം. നമ്പര്‍ കൊടുക്കാം. നിങ്ങള്‍ സംസാരിക്കൂ...”
“ഡല്‍ഹിയില്‍ തറവാട്ടില്‍ വെച്ചല്ലേ ചടങ്ങുകള്‍?”
“അതെ, അവിടെയാകുമ്പോള്‍ എല്ലാവർക്കും  വരാനും പങ്കെടുക്കാനും എളുപ്പമാണ്. അടുത്ത ഗസ്റ്റുകള്‍ക്ക് പുറത്തു ഹോട്ടലില്‍ താമസിക്കേണ്ട. അവിടെത്തന്നെ അറേഞ്ച് ചെയ്യാനുള്ളതെയുള്ളൂ...” ദാസ്‌ വിശദീകരിച്ചു.

പാതിരാത്രിയിലെപ്പോഴോ അയാള്‍ മകളുടെ നമ്പര്‍ മിലാന് മെസ്സേജ് ചെയ്തിരുന്നു.
പിറ്റേന്നു രാവിലെ കൂട്ടിയും കിഴിച്ചും ആലോചനകള്‍ നീണ്ടുപോയി. അമ്മയെക്കൊണ്ട് വിളിപ്പിക്കണോ അതോ താന്‍ നേരിട്ട് വിളിക്കണോ എന്ന ചെറിയൊരു ആശയകുഴപ്പം മിലാന് ഇല്ലാതിരുന്നില്ല. “നീയവളുടെ അമ്മയാകാന്‍ ശ്രമിച്ചു വേഷം കുളമാക്കരുത്. എന്നാല്‍  നല്ലൊരു കമ്പാനിയന്‍ഷിപ്‌ ആണ് എന്നൊരു ഫീല്‍ ആ കുട്ടിയില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ നീ വിജയിച്ചു” അച്ഛന്റെ വാക്കുകള്‍ അവളുടെ ചെവിയില്‍ അടക്കം പറയുന്നുണ്ടായിരുന്നു. മിലാന്‍ മൈത്രേയിയുടെ നമ്പര്‍ ഡയല്‍ ചെയ്തു.

“ഹെലോ...”

“ഹായ്.... മൈത്രേയി, ഞാന്‍ മിലാന്‍ പ്രണോതി...” തന്നെ പരിചയപ്പെടുത്തിയിട്ട് മിലാന്‍ ഒരുനിമിഷം കാത്തു.

“ആഹ്, യെസ്.. മിസ്‌ മിലാന്‍... അച്ഛന്‍ പറഞ്ഞു വിളിക്കുമെന്ന്...” മൈത്രേയിയുടെ ഔപചാരികമായ സ്വരം മിലാനിരികില്‍ എത്തി.

“യെസ്...കാര്യങ്ങള്‍ അറിഞ്ഞുകാണുമല്ലോ... ദുര്‍ഗാപൂജയുടെ ഒപ്പംതന്നെ  വിവാഹക്കാര്യങ്ങള്‍ സംസാരിക്കാന്‍ പ്ലാനുണ്ട്.”

“ഉണ്ട്. നാനി പറഞ്ഞിരുന്നു. നിങ്ങള്‍ എല്ലാവരും വരുമല്ലോ. അപ്പോള്‍ നമുക്ക് കാണാം...”

“കോളേജില്‍നിന്ന് ലീവുണ്ടോ? ലീവ് ഉണ്ടെങ്കില്‍ നമുക്ക് ചടങ്ങിനു മുന്നേ കാണാം...”

“ഈയാഴ്ച ഞാന്‍ നാട്ടിലുണ്ട്. പിന്നീട് ഒരാഴ്ചയൊന്നും അവധിയുണ്ടാവില്ല. തലേന്നേ വരവുണ്ടാവൂ...” അല്‍പനേരം കൂടി സംസാരിച്ചു അവര്‍ ഫോണ്‍ വെച്ചു.

“ആ കുട്ടി ഈ ആഴ്ച നാട്ടിലുണ്ട്‌. പിന്നീടു ചടങ്ങിനേയുണ്ടാകൂ എന്നാണ് അറിഞ്ഞത്.” ഇന്ടീരിയറില്‍ പിടിപ്പിച്ചിട്ടുള്ള ചെടികളിലെ വാടിയ പൂക്കളേയും ഇലകളേയും വെട്ടിക്കളഞ്ഞു ചെടികളെ ഷേപ്പ് ചെയ്യുന്നതിനിടയില്‍ ശാരിക പറഞ്ഞു.

“എങ്കില്‍ മിലൂ, നിനക്ക് ഇന്നോ നാളെയോ ഡല്‍ഹിയില്‍ പോകാമല്ലോ, ആ കുട്ടിയെ പുറത്തേക്ക് വിളിക്കൂ, അല്പം ഔട്ടിംഗ് ആവാം. ദാസും കൂടി വന്നാല്‍ വളരെ നന്നായി. ഔപചാരികത ഒട്ടുമുണ്ടാവില്ല.” സഞ്ജയ്‌ തന്റെ നിര്‍ദേശം പറഞ്ഞുകൊണ്ട് മിലാനെ പ്രോത്സാഹിപ്പിച്ചു. “നീ വിളിച്ചാല്‍ ആ കുട്ടി എക്സ്ക്യുസ് പറയുമെന്ന തോന്നലുണ്ടെങ്കില്‍ ദാസിനെക്കൊണ്ട് പറയിക്കാമല്ലോ...”

മിലാന്‍ ഇതേപറ്റി പറഞ്ഞപ്പോഴും ദാസിന് സന്തോഷമേയുണ്ടായിരുന്നുള്ളൂ. അയാള്‍ മകളോട് അതെപ്പറ്റി സംസാരിച്ചു. “അച്ഛനും കൂടിയുണ്ടേല്‍ ഞാന്‍ വരാം. ഞാന്‍ ഒറ്റയ്ക്ക് അവരോടു എന്ത് സംസാരിക്കാനാണ്?” മൈത്രേയി ഉത്സാഹമില്ലാതെ പറഞ്ഞു.
“ഞാന്‍ വരാന്‍ നോക്കാം, മിലാനെയൊന്ന് വിളിച്ചു സമയം പറയാം. നീ ഇവിടെയുണ്ടല്ലോ ഈ ആഴ്ച."
മൈത്രേയിയും ദാസും ഒരുമിച്ചുള്ള ദിവസം ഡല്‍ഹിയില്‍ പോയാലോ എന്നാണ് ആദ്യം മിലാന്‍ കരുതിയത്‌. പിന്നീടു രണ്ടുപേരും കൊല്‍ക്കത്തയില്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ മിലാന്‍ പ്ലാന്‍ മാറ്റി. കൊൽക്കത്തയാണ്  നല്ലതെന്ന് സഞ്ജയിനും തോന്നി. 
“വെള്ളിയാഴ്ചയാണെങ്കില്‍ കൊല്‍ക്കത്തയിലേക്ക് എനിക്കും വരണം. നമുക്കൊരുമിച്ചു പോകാം. നിന്റെ ഔട്ടിംഗിന് ഞാന്‍ ഉണ്ടാവില്ല. അവരെ  ജസ്റ്റ്‌ കണ്ടിട്ട് എനിക്ക് പോകേണ്ടിവരും. രണ്ടുമൂന്നു ദിവസം അവിടെ നമ്മുടെ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഞാന്‍ വേണ്ടതുണ്ട്.”
കാര്യങ്ങള്‍ അങ്ങനെ തീരുമാനിക്കപ്പെട്ടു. ഓഗസ്റ്റ്‌ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച രാവിലെയുള്ള ഫ്ലൈറ്റില്‍ മിലാനും സഞ്ജയും കൊല്‍ക്കത്തയ്ക്ക് തിരിച്ചു. ദാസും മൈത്രേയിയും ഡല്‍ഹിയില്‍ നിന്ന് പുലര്‍ച്ചെ പുറപ്പെട്ടിരുന്നു.

“എനിക്ക് ഒഴിവാക്കാനാവാത്ത ചില കാര്യങ്ങള്‍ നീ വരും മുന്നേ ചെയ്യാനുണ്ട്. ചിലരെ കാണാനും ഉണ്ട്. അതുകൊണ്ട് ഔട്ടിംഗ് ഉച്ചയ്ക്ക് ശേഷമേയുള്ളൂ എങ്കിലും ഒരേ ഹോട്ടലില്‍ താമസിക്കുന്നതിനാല്‍ നിങ്ങള്ക്ക് മുന്‍പേ കാണാനുള്ള അവസരമുണ്ട്.” പുറപ്പെടുന്ന നേരത്ത് ദാസ്‌ മിലാനെ  അറിയിച്ചിരുന്നു.

'ദി വെസ്റ്റ്ഇന്‍ കൊല്‍ക്കത്ത' ഹോട്ടലിലായിരുന്നു ഏവര്‍ക്കും താമസമൊരുക്കിയിരുന്നത്. മിലാന്‍ എത്തി ഫ്രഷ്‌ ആയതിനുശേഷം മൈത്രേയിയെ വിളിച്ചിട്ട് മുറിയിലേക്ക് ചെന്നു. സഞ്ജയും അവളെ അനുഗമിച്ചിരുന്നു.  പിരിമുറുക്കമുള്ള മകളുടെ മുഖം ചെറിയൊരു ചിരിയോടെ സഞ്ജയ്‌ വീക്ഷിക്കുന്നുണ്ടായിരുന്നു. വാതിലില്‍ തട്ടി അയാളൊരു നിമിഷം കാത്തു. അരമിനിട്ടിനുള്ളില്‍ വാതില്‍ തുറന്നു റായ് വിദേതന്‍റെ മകള്‍ മൈത്രേയി വിദേത് പ്രത്യക്ഷപ്പെട്ടു.

“ഹായ്... മേ എയ് കമിംഗ്....” പുഞ്ചിരിയോടെയായിരുന്നു സഞ്ജയ്‌ ചോദിച്ചത്. മൈത്രേയിയുടെ കണ്ണുകള്‍ അയാളുടെ തലയ്ക്കു മുകളിലൂടെ നീണ്ടു മിലാനില്‍ ഉടക്കി. പരിചയത്തിന്റെ നേരിയ ഭാവം മിന്നിമറഞ്ഞ മുഖത്തോടെ അവള്‍ വാതില്‍ മലര്‍ക്കെ തുറന്നു. “യെസ് അങ്കിള്‍... പ്ലീസ് കം ഇന്‍...വരൂ മിസ്‌ മിലാന്‍...”

വളരെ സിമ്പിളായ ഒരു പൈജാമയും കുര്‍ത്തിയുമായിരുന്നു മൈത്രേയിയുടെ വേഷം. മുടി മുകളിലേക്ക് ഉയര്‍ത്തികെട്ടിവെച്ച് കറുത്ത ഫ്രെയിമിലെ ഗൂഗിള്‍ കണ്ണടയുമിട്ട് കണ്ണടയ്ക്കു മുകളിലൂടെ അവള്‍ മിലാനെ നോക്കി. മിലാന്‍ ചിരിച്ചു. “കിടക്കുകയായിരുന്നോ? യാത്ര എങ്ങനെ? ക്ഷീണിച്ചോ?”

“വണ്ടര്‍ഫുള്‍ ആന്‍ഡ്‌ എക്സലന്റ്....” സഞ്ജയ്‌ പ്രണോതിയുടെ ആശ്ചര്യം നിറഞ്ഞ ശബ്ദം കേട്ട് മിലാനും മൈത്രേയിയും ഒരുമിച്ചു തിരിഞ്ഞുനോക്കി. ഒരു ശില്പിയുടെ കരവിരുത് ഏറ്റവും നന്നായി പ്രകടമായ മാസ്റ്റര്‍പീസെന്ന് തോന്നിക്കുന്ന ചെറിയൊരു ദുര്‍ഗാപ്രതിമ അവിടെ മേശയിലിരിക്കുന്നു. വാലിട്ടെഴുതിയ നീണ്ടുരുണ്ട കണ്ണുകളില്‍ വെളിച്ചമുള്ളതുപോലെ പ്രകാശം! അതിനരികിലെ ക്യാന്‍വാസില്‍ ആ പ്രതിമയെ വരയ്ക്കാനുള്ള  ശ്രമം നടക്കുന്നു. കഴുത്തിലെ മാല മുക്കാലും വരച്ചുകഴിഞ്ഞു! മുഖം മാത്രമേ ഇനി വരയാന്‍ ബാക്കിയുള്ളൂ.

മൈത്രേയി ഒരിളം ചിരിയോടെ സഞ്ജയിനെ നോക്കി. “ഒഹ്, താങ്ക്യൂ അങ്കിള്‍, ഈ പ്രതിമ കണ്ടപ്പോള്‍ വളരെ ക്യൂട്ട് ആയി തോന്നി. വളരെ ഇഷ്ടപ്പെട്ടു. ആ മൂക്കും ചുണ്ടുകളും കണ്ണുകളും നോക്കൂ... പലപ്പോഴും ആകര്‍ഷിക്കുന്ന മുഖമുള്ള  പ്രതിമകള്‍ കിട്ടാറില്ല. അതു കണ്ടപ്പോള്‍  ചെറിയൊരു ശ്രമം നടത്തിയതാണ്...”

“മിത്ര വരയ്ക്കും നന്നായി അച്ഛാ.... മിത്രയുടെ അച്ഛന്‍ പറഞ്ഞിട്ടുണ്ട്.” മിലാന്‍ പൂരിപ്പിച്ചു. അതുകേട്ടു മൈത്രേയി മിലാന്റെ നേരെ തിരിഞ്ഞു. “അങ്ങനെ വലിയ രീതിയിലൊന്നും അറിയില്ല. ജസ്റ്റ്‌ എ ട്രൈ.... നിങ്ങള്‍ ഇരിക്കൂ...” അവള്‍ ഇരിപ്പിടം ചൂണ്ടി.

“ഇത് ജസ്റ്റ്‌ ഒരു ട്രൈ ആണെന്ന് തോന്നുന്നില്ലല്ലോ മോളെ... വളരെ എക്സലന്റായി നീ വരച്ചിട്ടുണ്ട്. ഇത് മുഴുവനാക്കൂ...ഞങ്ങള്‍ വെയിറ്റ് ചെയ്യാം... ഒരു ചിത്രകാരി വരക്കുന്നത് നോക്കിയിരിക്കുക എല്ലാവർക്കും  കിട്ടാത്ത ഭാഗ്യമാണ്. ഞങ്ങളെ ആ ഭാഗ്യം തന്നു അനുഗ്രഹിക്കൂ...”

“ഒഹ് അങ്കിള്‍..., യു ആര്‍ സൊ ഫണ്ണി....” മൈത്രേയിയുടെ തുടുത്ത കവിളുകള്‍ ഒന്നുകൂടി തുടുത്തു ചിരിച്ചപ്പോള്‍.

“അതെ മിത്രാ... പ്ലീസ് ഗോ എഹെഡ്... പ്ലീസ്...” മിലാന് വളരെ സന്തോഷത്തോടെ അവളുടെ കൈ കവര്‍ന്നു.
“അയ്യോ... നോ നോ.... ഞാന്‍ ചുമ്മാ വെറുതെ നേരമ്പോക്കിന്...” മൈത്രേയി തലവെട്ടിച്ചു. കൈ കുടഞ്ഞു ബ്രെഷും ചായവും അവിടെനിന്ന് നീക്കി വെച്ചു. “ഇരിക്കൂ..., ഞാനൊന്നു കൈ കഴുകിയിട്ട് വരാം...
മൈത്രേയി കൈ കഴുകി വരുമ്പോഴും സഞ്ജയ്‌ ആ പ്രതിമയുടെ അരികിലായിരുന്നു. “എന്തായാലും മോളെ നിന്റെ ഏരിയ  കൊള്ളാം... ഈ പ്രതിമകള്‍ ഉണ്ടാക്കുന്ന സ്ഥലമൊക്കെ കണ്ടിട്ടുണ്ടോ? അതുപോലെ ഇങ്ങനെ ദേവതമാരുടെ വളരെ നല്ല ചിത്രങ്ങള്‍ വരയ്ക്കുന്നയിടവും? ശിവകാശി മോഡൽ അല്ല ഞാനുദ്ദേശിച്ചത്."

“എവിടെ അങ്കിള്‍.., ഞാന്‍ പലപ്പോഴും നാനിയോടും അച്ഛനോടും പറയാറുണ്ട്‌. ഇവിടെ എവിടെയോ ആണ് ഈ സ്റ്റാച്യൂസ് ഉണ്ടാക്കുന്നത്‌. അവിടെ എന്നെയൊന്നു കൊണ്ടുപോകാന്‍. നാനി എപ്പോഴും പൂജാമുറിയില്‍  ഇത്തരം സ്റ്റാച്യൂസ് ഉപയോഗിക്കാറുണ്ട്. നല്ല ഭംഗിയുള്ള സ്റ്റാച്യൂസ് എവിടെ കണ്ടാലും നാനി വാങ്ങും. പക്ഷെ ഇതിനായി അലയാനൊന്നും നാനി വരില്ല.”

“മിത്രയ്ക്കു അപ്പോള്‍ ഇതെല്ലാം അത്രയും ഇഷ്ടമാണോ ഇതെല്ലാം? വളരെ റിലീജിയസ് ആണോ?” മിലാന്‍ അവളെ നോക്കി.

“നോ നെവെര്‍... സത്യത്തില്‍ എനിക്കിതിന്‍റെ കൌതുകങ്ങള്‍ ഇഷ്ടമാണ്. അല്ലാതെ ആരാധിക്കാനല്ല. അതെല്ലാം വെറും യൂസലെസ് തോട്ട്സ്... അല്ലെങ്കില്‍ത്തന്നെ അവിടെ പൂജാമുറിയിലുള്ള നൂറുകണക്കിന് പ്രതിമകളെ എങ്ങനെ മൈന്റൈന്‍ ചെയ്യാനാണ്? പക്ഷെ നാനി വളരെ റിലീജിയസ് ആണ്. ഞാന്‍ ഉടക്കിയാല്‍ നാനിക്ക് വിഷമാവും, അപ്പോള്‍ ഞാനും നാനിയെ അനുകരിക്കും. ദാറ്റ്സ് ആള്‍...”

അച്ഛന്‍റെ കൗതുകങ്ങള്‍ മകളിലും കാണുന്നത് അല്പം തമാശയോടെ മിലാന്‍ ഓര്‍ത്തു.

“അതെന്തുകൊണ്ടാണ് ഇങ്ങനെ പൂജയും ആചാരങ്ങളും നിറഞ്ഞ തറവാട്ടിലെ കുട്ടിക്ക് ഇതെല്ലാം ‘വെറും കൗതുകം’ മാത്രമായത്?” വാചകത്തിന് വേണ്ടതിലധികം ഊന്നല്‍ കൊടുത്തായിരുന്നു സഞ്ജയ്‌ ചോദ്യം തൊടുത്തത്.

“കമോണ്‍ അങ്കിള്‍... ശാസ്ത്രീയമായി എന്ത് അടിത്തറയാണ് ഈ പ്രതിമകള്‍ക്കും തിരികള്‍ക്കും ചന്ദനത്തിനുമൊക്കെയുള്ളത്? ഇതെല്ലാം ഓരോ മിത്തിനെയും കാലാകാലത്തുള്ള പാരമ്പര്യത്തെയും അടിസ്ഥാനപ്പെടുത്തി ഒരു കണ്ണിപോലും വിടാതെ ആവര്‍ത്തിക്കുന്ന വിഡ്ഢിത്തങ്ങള്‍ എന്നേ എനിക്ക് തോന്നിയിട്ടുള്ളൂ. അച്ഛന്‍ ഒരിക്കലും പ്രാര്‍ഥിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അമ്മ എപ്പോഴും ധ്യാനിക്കുകയും ചെയ്യും, അവര്‍ക്കിഷ്ടമുള്ളത് ചെയ്യുമ്പോള്‍ വലിയ വിഷയങ്ങളും മനസ്താപവും ഉണ്ടാക്കേണ്ട എന്നുകരുതി ഞാന്‍ ഓക്കേ പറയുന്നു. അങ്കിള്‍ സ്ഥിരമായി എഴുതുന്നതൊക്കെ ഞാന്‍ വായിക്കുന്നുണ്ട് കേട്ടോ....” അവളയാളെ നോക്കി എന്നെ കളിയാക്കാന്‍ ചോദിക്കുന്നതല്ലേ എന്നര്‍ത്ഥത്തില്‍ ഒന്ന് ചിരിച്ചു. മൈത്രേയി എഴുന്നേറ്റു ഫോണിനരികിലേക്ക് പോയി. “എന്താ കുടിക്കാന്‍ പറയേണ്ടത്?”

ആതിഥ്യമര്യാദയിലേക്ക് അവളുടെ കുസൃതിത്തരവും ചിന്താവിഷയവും  വഴിമാറിയത് കണ്ടു മിലാന്‍ അവളെ ഇഷ്ടത്തോടെ നോക്കി. അവള്‍ സഞ്ജയിന് നേരെ തിരിഞ്ഞു. “അച്ഛന്റെ പിന്‍ഗാമിയാക്കിയാലോ മിത്രയെ? നിങ്ങള്‍ നല്ല മാച്ച് ആണ്.”

പുറത്തു വാതിലില്‍ മുട്ട് കേട്ടു, ഉടനെ കാളിംഗ് ബെല്ലും അടിച്ചു. മൈത്രേയി ഓടിപ്പോയി വാതില്‍ തുറന്നു. ദാസിന്റെ മുഖം വാതിലില്‍ തെളിഞ്ഞത് കണ്ടു മിലാന്‍ എഴുന്നേറ്റു. പുറകെ സഞ്ജയും.
“അച്ഛാ, രാവിലെ എന്നെ ഇവിടെ ഇട്ടിട്ടു പോയതാണ്. ഞാന്‍ ഒറ്റയ്ക്കല്ലേ...” അയാളുടെ വിരലില്‍ തൂങ്ങി അവള്‍ വാതിലടച്ചു.

“എങ്ങനെ നീ ഒറ്റയ്ക്കാകും? നിന്‍റെ  രണ്ടാനമ്മയും പിന്നെ നിങ്ങള്‍ പോരെടുത്താല്‍  ഇടയില്‍ കയറി അടിതരാൻ  എന്റെ അമ്മായിയപ്പനും ഇവിടുള്ളപ്പോള്‍....” ദാസിന്റെ വര്‍ത്തമാനം കേട്ട് മിലാനും മൈത്രേയിയും മാത്രമല്ല സഞ്ജയ്‌ പ്രണോതിയും ചിരിച്ചുപോയി.

“ഓഹോ... അപ്പോള്‍ ഞങ്ങളെ അടിപ്പിക്കാന്‍ ആണല്ലേ ഇവിടെ ഇട്ടിട്ടു പോയത്? എന്തായാലും വിദേതിന് ഞങ്ങള്‍ വന്നിട്ട് പോവാമായിരുന്നു. മിത്രയെ തനിച്ചാക്കേണ്ടായിരുന്നു.” ശാസനാരൂപത്തില്‍ മിലാന്‍ ദാസിനെ നോക്കി.

“നോ മിലാന്‍, അപ്പുറത്തെ മുറികളില്‍ എന്റെ സ്റ്റാഫുകള്‍ ഉണ്ടല്ലോ, പിന്നെ അവള്‍ ചുണക്കുട്ടിയല്ലേ? അല്ലേ മോളൂ... ദി ഡോട്ടര്‍ ഓഫ് റായ് വിദേതന്‍ ദാസ്....” ദാസ്‌ അവളുടെ കവിളില്‍ തട്ടി.

“ഞാനിപ്പോള്‍ വന്നത് ഒരു ക്ഷമാപണം പറയാനാണ്. എനിക്കിപ്പോള്‍ തന്നെ മടങ്ങണം. വളരെ അര്‍ജെന്റ്റ് ആയ ചില ചര്‍ച്ചകള്‍ നടക്കുന്നു. അതിനിടയില്‍ നിന്നോട് പറയാന്‍ വേണ്ടിയാണ് ഞാന്‍ ഓടിയിറങ്ങിവന്നത്. സോറി മോളൂ... ഇന്നുതന്നെ ഔട്ടിംഗ് വേണമെങ്കില്‍ ഞാനില്ലാതെ നിങ്ങള്‍ പോകേണ്ടിവരും. നാളെ ഞാന്‍ ഫ്രീ...” ഇരുണ്ടുതുടങ്ങിയ മകളുടെ മുഖം കണ്ടപ്പോള്‍ ദാസ് നിറുത്തി.

തന്നെ പിടിച്ചിരുന്ന ദാസിന്റെ കൈകള്‍ വിടര്‍ത്തി മാറ്റി മൈത്രേയി മുന്നോട്ടു നടന്നു. മിലാനും വല്ലായ്മ തോന്നി. രംഗം പന്തിയല്ലെന്ന് സഞ്ജയിന് മനസ്സിലായി.
“ഇറ്റ്‌സ് ഓക്കേ ദാസ്... മീറ്റിംഗ് കഴിഞ്ഞിട്ട് വന്നാല്‍ മതി. നമുക്ക് വെയിറ്റ് ചെയ്യാം അല്ലെ മോളെ....”

“അതല്ല സഞ്ജയ്‌ജീ.., ചിലപ്പോള്‍ വൈകും...രാത്രിയായാല്‍....” ഇതുകൂടി കേട്ടപ്പോള്‍ ദാസിന് നേരെ കോപത്തോടെ മൈത്രേയി നോക്കി.

“എങ്കില്‍ നാളെ പോകാം, അല്ലെ മിത്രാ...?” സഞ്ജയിന്റെ ചോദ്യവും അവള്‍ക്ക് ഇഷ്ടപ്പെട്ടില്ല.

“നോ.... വേണ്ട... അച്ഛന് എപ്പോഴും തിരക്കാണ്. ദാ ഇതുകണ്ടോ, ഈ സ്റ്റാച്യൂ അച്ഛനെ കാണിക്കാന്‍ കൊണ്ടുവന്നതാണ് ഞാന്‍. എന്തിനെന്നോ..?  ഇതുപോലെ വലിയത് ഉണ്ടാക്കിച്ചു നാനിക്കും എന്റമ്മയ്ക്കും  പ്രസന്റ് ചെയ്യാന്‍ വേണ്ടി. അച്ഛന്‍ എപ്പോഴും പ്രോമിസ് ചെയ്യും. പക്ഷെ ഒരിക്കലും പാലിക്കാറില്ല. ഡോണ്ട് ട്രസ്റ്റ്‌ ഹിം...ഹി നെവെര്‍ കീപ്‌ പ്രോമിസസ്...”

“അതിനെന്താ മിത്രാ... ഞാന്‍ നാളെ ഫ്രീയാവാന്‍ നോക്കാം. വരില്ലെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ... ഇത് വാങ്ങിയിട്ടേ നമ്മള്‍ മടങ്ങുന്നുള്ളൂ... പോരെ?”

“അങ്ങനെ അച്ഛന്റെ സമയത്തിന് വേണ്ടി ഞാനെന്തിനു എന്റെ സമയം വേസ്റ്റ് ചെയ്യണം... ഞാന്‍ മടങ്ങുകയാണ് ഇപ്പോള്‍ തന്നെ...”

“മിത്രാ...” താക്കീതിന്റെ സ്വരമായിരുന്നു ദാസിന്‍റെ വിളിയില്‍.

“നോ..ഡോണ്ട് ഷൌട്ട് അറ്റ്‌ മി.....” വളരെ ദേഷ്യത്തോടെ മൈത്രേയി പാഞ്ഞുവന്നു മേശയിലിരുന്ന ചെറിയ ദുര്‍ഗാപ്രതിമയെ  വാരിയെടുത്തു. അത് വലിച്ചെറിയാനാണെന്ന് മനസ്സിലാക്കിയ സഞ്ജയ്‌ പ്രണോതി ആ കൈകളില്‍ കയറിപ്പിടിച്ചു. “നോ മിത്രാ... ഡോണ്ട് ബി സില്ലി; നീ വരച്ചു വെച്ചിരിക്കുന്ന നിന്റെയൊരു പീസ് ഓഫ് വര്‍ക്ക്‌ ആണിത്. പാതിവഴിയില്‍ അങ്ങനെ യാതൊന്നും നമ്മള്‍ ഉപേക്ഷിക്കരുത് മോളെ..., നീയെത്ര ആഗ്രഹിച്ചു കിട്ടിയതാണ്! ഇതുടഞ്ഞുപോയാല്‍ ഇതേ മുഖം നിനക്ക് ഉണ്ടാക്കിയെടുക്കാന്‍ പറ്റുമോ?"

"വേണ്ട.. കൈ വിട്... എനിക്കൊന്നും വേണ്ട" മൈത്രേയിയുടെ മുഷ്ടിക്കുള്ളിൽ പ്രതിമ ഞെരിഞ്ഞു. 

 "വേണം... നീ  വരയ്ക്കുന്ന  കടലാസില്‍ ജീവന്‍ കൊടുത്തു പൂർത്തിയാക്കുവാൻ  ഈ പ്രതിമയ്ക്ക് ആയുസുണ്ടാവണം. ഭൂമിയിൽ ഉണ്ടായ എന്തിനെയും  നശിപ്പിക്കാൻ മനുഷ്യൻ ആര്?   ബി കാം ഡിയർ...."

സഞ്ജയിന്റെ കൈകളിൽ മൈത്രേയിയുടെ കൈകളും ഞെരിഞ്ഞു. 

                                                  (തുടരും)
നീലച്ചിറകുള്ള മൂക്കുത്തികൾ 25 = സന റബ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക