Image

കേരളത്തിലെ ദുരിതബാധിതര്‍ക്ക് ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കൈത്താങ്ങ്

Published on 08 August, 2020
കേരളത്തിലെ ദുരിതബാധിതര്‍ക്ക് ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കൈത്താങ്ങ്


ഡബ്ലിന്‍: കേരളത്തിലെ ദുരിതബാധിതര്‍ക്ക് ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കൈതാങ്ങ്. 2019 ലെ പ്രകൃതിക്ഷോഭത്തില്‍ കനത്ത നാശം നേരിട്ട വടക്കന്‍ കേരളത്തിലെ ഒരു നിര്‍ധന കുടുംബത്തിനാണ് ഡബ്ലിന്‍ സീറോ മലബാര്‍ സഭ സമാഹരിച്ച തുകകൊണ്ട് ഒരു ഭവനം കെട്ടിപ്പൊക്കുന്നത്. തലശേരി അതിരുപതയിലെ കച്ചേരിക്കടവ് ഇടവകാതിര്‍ത്തിയില്‍ നിര്‍മിക്കുന്ന ഈ ഭവനത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി വരുന്നു.

കോവിഡ് മൂലം മുടങ്ങിയ നിര്‍മാണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. 8,725 യൂറോയാണ് ദുരിതാശ്വാസനിധിയിലേയ്ക്ക് വിവിധ കുര്‍ബാന സെന്ററുകളില്‍നിന്ന് സമാഹരിച്ചത്. ഈ വര്‍ഷം ഡബ്ലിന്‍ സീറോ മലബാര്‍ സഭ നിര്‍മിച്ചുനല്‍കുന്ന രണ്ടാമത്തെ ഭവനം ആണിത്.

താല കുര്‍ബാന സെന്റര്‍ കഴിഞ്ഞവര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാരില്‍നിന്ന് സമാഹരിച്ച 8,200 യൂറോ ഉപയോഗിച്ച് മാനന്തവാടി രൂപതയുടെ ഇരുളം ഇടവതാതിര്‍ത്തിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഭവനത്തില്‍ താമസമാരംഭിച്ചു. മറ്റു കുര്‍ബാന സെന്ററുകളും ഓരോ ഭവന നിര്‍മാണത്തിന് ആവശ്യമായ തുക സമാഹരിച്ചു വരുന്നു.

2018 ലെ പ്രളയദുരിതാശ്വാസ നിധിയിലേയ്ക്ക് ഡബ്ലിന്‍ സീറോ മലബാര്‍ സഭ സമാഹരിച്ച 41,79,270 രൂപയില്‍ ഇടുക്കി, ചങ്ങനാശേരി, എറണാകുളം, ഇരിഞ്ഞാലക്കുട മേഖലകളിലെ വിവിധ മതക്കാരായ അര്‍ഹതപ്പെട്ട നാല്പത് കുടുംബങ്ങള്‍ക്ക് 1 ലക്ഷം രൂപവീതം അതാത് രൂപതകളിലെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികള്‍ വഴി കൈമാറിയിരുന്നു. കൂടാതെ, 179,270 രൂപയുടെ നേരിട്ടുള്ള സഹായങ്ങളും നല്‍കി.

2019-20 വര്‍ഷത്തില്‍ മാത്രം വിവാഹ സഹായ ആവശ്യത്തിനായി 3,093 യൂറോയും, ചികിത്സാ ചെലവുകള്‍ക്കായി 7,787 യൂറോയും, മറ്റ് സഹായങ്ങള്‍ എന്നനിലയില്‍ 1,285 യൂറോയും വിവിധ കുര്‍ബാന സെന്ററുകളുടെ സഹായത്തോടെ നല്‍കുകയുണ്ടായി. ചാരിറ്റബിള്‍ റഗുലേറ്ററുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

മരണാനന്തര സഹായ നിധി - കുടുംബാംഗങ്ങളുടെ ആകസ്മിക വേര്‍പാടുമൂലം വിഷമിക്കുന്ന അയര്‍ലന്‍ഡിലെ ഇന്ത്യന്‍ കുടിയേറ്റ കുടുംബങ്ങള്‍ക്ക് ഒരുകൈത്താങ്ങ് എന്ന നിലയില്‍ 2011 ല്‍ ആരംഭിച്ച മരണാനന്തര സഹായ നിധി 2011-2018 കാലയളവില്‍ 18 കുടുംബങ്ങള്‍ക്കായി 70,348 യൂറോയും 2019-20 കാലയളവില്‍ 6 കുടുംബങ്ങള്‍ക്കായി 14,556 യൂറോയും വിതരണം ചെയ്തു.

കോവിഡിന്റെ ആരംഭഘട്ടത്തില്‍ ഹെല്‍പ്പ് ലൈന്‍ ആരംഭിക്കുകയും അതുവഴിയും അല്ലാതെയും പ്രാദേശിക വിഭവസമാഹരണത്തിലൂടെ ആവശ്യക്കാര്‍ക്ക് സഹായമാകാന്‍ സഭയ്ക്ക് കഴിഞ്ഞു.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വരവ് ചെലവ് കണക്കുകള്‍ കുര്‍ബാന സെന്ററുകളിലെ ട്രസ്റ്റിമാരും മറ്റു പ്രതിനിധികളും ഉള്‍പ്പെടുന്ന ഡബ്ലിന്‍ സോണല്‍ കമ്മിറ്റിയില്‍ മാസംതോറും അവതരിപ്പിക്കുകയും വാര്‍ഷിക കണക്ക് ദേവാലയങ്ങളില്‍ അവതരിപ്പിക്കുകയും ചെയ്തുവരുന്നു. ഇന്റേണല്‍ ഓഡിറ്റിംഗിനും തുടര്‍ന്നുള്ള നിയമ പരമായ ഓഡിറ്റിംഗിനും ശേഷം റിപ്പോര്‍ട്ട് റവന്യൂ, ചാരിറ്റി റെഗുലേറ്ററി, ഡബ്ലിന്‍ അതിരൂപത തുടങ്ങിയ അധികാരികള്‍ക്ക് സമര്‍പ്പിക്കുകയും തുടര്‍ന്ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. www.syromalabar.ie എന്ന വെബ്‌സൈറ്റിലെ പാരീഷ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് തങ്ങളുടെ കുര്‍ബാന സെന്ററിലേയും ഡബ്ലിന്‍ സോണലിലേയും ഓഡിറ്റ് ചെയ്ത് റിപ്പോര്‍ട്ട് ലഭ്യമാണ്.

Hayden Brown Chartered Accountants ഔദ്യോഗിക ഓഡിറ്റര്‍ ആയും Mason Hayes & Curran നിയമോപദേശകര്‍ ആയും തുടരുന്നൂ.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളെ സഹായിക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് www.syromalabar.ie എന്ന വെബ്‌സൈറ്റിലൂടെ സാമ്പത്തിക സഹായം നല്‍കുവാന്‍ അവസരമുണ്ട്.

ദുരിതബാധിതര്‍ക്ക് കൈതാങ്ങാകാനുള്ള ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി സഭാ നേതൃത്വം അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക