Image

സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപജാപം നടത്തുന്നസംഘം; വാര്‍ത്തകള്‍ക്കെതിരെ ഇന്നും മുഖ്യമന്ത്രി

Published on 08 August, 2020
സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപജാപം നടത്തുന്നസംഘം; വാര്‍ത്തകള്‍ക്കെതിരെ ഇന്നും മുഖ്യമന്ത്രി


തിരുവനന്തപുരം: സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപജാപങ്ങള്‍ നടത്തുന്ന സംഘം ഇറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കെതിരെ ഇന്നും മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

സര്‍ക്കാര്‍ ചെയ്യേണ്ടത് എന്തെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുകയല്ല വേണ്ടത്. അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ കാര്യങ്ങള്‍ അങ്ങനെ നടക്കട്ടെ എന്നാണ് കരുതേണ്ടത്. ഒരു വസ്തുതയും ഇല്ലാതെ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന സ്ഥിതിയാണുണ്ടായത്. മാധ്യമങ്ങള്‍ ശരിയായ കാര്യങ്ങളാണ് നിര്‍വഹിക്കേണ്ടത്. എന്നാല്‍ മാധ്യമങ്ങള്‍ അതിന് തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാഭാവികമായ ചോദ്യങ്ങളല്ല ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുമ്പോള്‍ ഇത്തരം ചോദ്യങ്ങളുണ്ടാകുന്നത് സ്വാഭാവികമല്ലേ എന്ന ചോദ്യത്തോട് 
പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വാഭാവികമായിരുന്നെങ്കില്‍, ആരോപണം ഉയര്‍ന്ന ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തുകഴിഞ്ഞാല്‍ ആ ചോദ്യങ്ങള്‍ അവസാനിക്കുമായിരുന്നു. എന്നാല്‍ അതല്ല, കേരളത്തിലെ മുഖ്യമന്ത്രി ഇത്തരം കാര്യങ്ങള്‍ക്കെല്ലാം കൂട്ടുനില്‍ക്കുന്ന ആളാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് മാധ്യമങ്ങള്‍ക്ക് വേണ്ടത്. അതിനായി ഒരു സംഘം ഇറങ്ങിത്തിരിച്ചിട്ടുണ്ട്. ആ സംഘത്തിന്റെ ജോലിയാണ് മാധ്യമങ്ങള്‍ നിറവേറ്റുന്നത്.

സ്പ്രിംക്ലറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇപ്പോഴും കോടതിയുടെ മുന്നില്‍ നില്‍ക്കുകയാണ്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഇരിക്കുന്ന ആള്‍ക്ക് വഴിവിട്ട ബന്ധങ്ങളുണ്ടായെന്ന ആരോപണം ഉയര്‍ന്നപ്പോഴാണ് നടപടിയുണ്ടായത്. സ്പ്രിംക്ലറുമായി ബന്ധപ്പെട്ട ആരോപണങ്ങളും പിന്നീടുള്ള സംഭവങ്ങളും വെവ്വേറെ വേണം കാണാനെന്നും മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക