Image

കവളപ്പാറ ദുരന്തത്തിന് ഒരു വയസ്; പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ല

Published on 08 August, 2020
കവളപ്പാറ ദുരന്തത്തിന് ഒരു വയസ്; പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ല
മലപ്പുറം:കവളപ്പാറ ഉരുള്‍പൊട്ടല്‍ അപകടത്തിന് ഇന്ന് ഒരാണ്ട് തികയുമ്പോള്‍ പാതിയിലായ പുനരധിവാസത്തെ നോക്കി മഴകൊണ്ടു നില്‍ക്കുകയാണു കവളപ്പാറയിലെ ദുരന്തബാധിതര്‍. 19 കുടുംബങ്ങളിലെ 59 പേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടലില്‍ 44 വീടുകളാണു പൂര്‍ണമായി തകര്‍ന്നത്. എന്നാല്‍ ഇതുവരെ യാഥാര്‍ഥ്യമായത് 5 വീടുകള്‍ മാത്രം. വാസയോഗ്യമല്ലാത്ത 24 വീടുകള്‍ ഉള്‍പ്പെടെ പ്രദേശത്തുനിന്ന് 96 കുടുംബങ്ങളെയാണു മാറ്റിപ്പാര്‍പ്പിച്ചത്. അവരില്‍ വീട് നിര്‍മാണത്തിനു തുടക്കമായതു 36 കുടുംബങ്ങള്‍ക്കാണ്. സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന ഒരു ഭവന നിര്‍മാണ പദ്ധതി പോലും കവളപ്പാറക്കാര്‍ക്കായി ഇതുവരെയില്ല. 

ഉദ്യോഗസ്ഥ  രാഷ്ട്രീയ വടംവലികള്‍ പദ്ധതികള്‍ക്കു കുരുക്കിട്ടപ്പോള്‍ പുനരധിവാസത്തെ ഇതുവരെയെങ്കിലുമെത്തിച്ചത് സുമനസ്സുകളും സന്നദ്ധ സംഘടനകളും ചേര്‍ന്നാണ്.

കവളപ്പാറ ഉരുള്‍പൊട്ടലിന്റെ ദുരിതം മുഴുവന്‍ അനുഭവിച്ച 31 ആദിവാസി കുടുംബങ്ങള്‍ ഇപ്പോഴും പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുകയാണ്. ബാക്കിയുള്ളവര്‍ ബന്ധുവീടുകളിലും വാടക വീടുകളിലും. പുതിയ വീടിനും സ്ഥലത്തിനുമായുള്ള ഇവരുടെ കാത്തിരിപ്പിനും ഒരു വര്‍ഷത്തെ പഴക്കമുണ്ട്. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കു 10 ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് അപകടത്തിനു പിന്നാലെ  സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

വീടും സ്ഥലവും നഷ്ടപ്പെട്ട കവളപ്പാറയിലെ 67 കുടുംബങ്ങള്‍ക്കായി മാതൃകാ ഗ്രാമം ഒരുക്കാനുള്ള പദ്ധതിയും പിന്നീടു തയാറാക്കി. ഇതിനായി ഭൂമിയേറ്റെടുക്കുന്നതിന് 2 തവണ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ഒടുവില്‍ സര്‍ക്കാര്‍ പദ്ധതിയില്‍നിന്നു പിന്മാറുകയായിരുന്നു. പ്രഖ്യാപനങ്ങളെല്ലാം വാക്കില്‍ ഒതുങ്ങുന്നുവെന്നു കണ്ടതോടെ പുനരധിവാസം യാഥാര്‍ഥ്യമാക്കാന്‍ കവളപ്പാറ നിവാസികള്‍ക്കു കോടതിയെ സമീപിക്കേണ്ടി വന്നു.

സമരങ്ങളും കോടതി ഇടപെടലുകളും ഉണ്ടായതോടെ കവളപ്പാറയിലെ 53 കുടുംബങ്ങള്‍ക്കു വീടും സ്ഥലവും വാങ്ങാന്‍ 10 ലക്ഷം രൂപ വീതം അനുവദിച്ച് കഴിഞ്ഞമാസം സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. എങ്കിലും കളപ്പാറക്കാരുടെ മനസ്സിലെ ഭീതിയൊഴിഞ്ഞിട്ടില്ല. ഭൂമി ഏറ്റെടുക്കല്‍, വീടു നിര്‍മാണം എന്നിങ്ങനെ അവരുടെ പുനരധിവാസ സ്വപ്നങ്ങളിലേക്ക് ദൂരം ഇനിയുമേറെ ബാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക