Image

മണ്ണ് ( കവിത : സിസിലി ബി )

Published on 08 August, 2020
 മണ്ണ്  ( കവിത : സിസിലി ബി )
നീ ഭൂമിയിലേക്ക് പിറവിയെടുക്കുമ്പോൾ, 
നീ എന്നെ അറിയാൻ തുടങ്ങും മുൻപേ...
എന്റെ
ഹൃദയത്തിന്റെ ആറടിയിൽ 
ഞാൻ നിനക്കായി ഒരിടം  
ഒരുക്കി കഴിഞ്ഞു...
പിന്നെ...
സമാധിയിൽ കാത്തിരുപ്പ്  ... 
നിമിഷങ്ങൾ,ദിവസങ്ങൾ
മാസങ്ങൾ,
വർഷങ്ങൾ എണ്ണി..
.ശാന്തമായി കഴിയുന്നു...
പരിഭവങ്ങളും,പരാതികളും
കുറ്റപ്പെടുത്തലുകളും
ഇല്ലാത്ത ശാന്തമായ  
സത്യമായ 
ഒരു പ്രണയമാണ് എന്റേത്....
നീ ജനിച്ചത് തന്നെ എന്നിൽ 
ചേർന്ന് അലിയാനാണ്....
എന്റെ പ്രണയം അറിയാതെ 
നീ എന്നേക്കാൾ ഏറേ 
എന്തിനെയെല്ലാമോ  
ആരെയെല്ലാമോ ഇഷ്ട്ടപ്പെടുന്നു...
നിശബ്ദനായി നിന്നെ 
ദയനീയമായി  
നോക്കിനിൽക്കുകയല്ലാതെ   വഴിയില്ല...
എന്നാൽ....
എനിക്ക് ഉറപ്പാണ്....   
നിനക്ക് എത്രയും പ്രിയമുള്ളതെല്ലാം ഉപേക്ഷിച്ച്‌
ഒരുനാൾ എന്നെയും തേടി 
എന്നിൽ എത്തുകതന്നെ ചെയ്യുമെന്ന്....    
ഞാനും...നീയും നമ്മളായി 
മാറുന്ന ആ നിമിഷം...
എന്റെ........
പ്രണയ സാക്ഷാത്കാരം
നിന്റെ നിയോഗം....
ഇതാണ് അനശ്വര പ്രേമം 
പിറന്നതും എനിക്കായി 
ചേരുന്നതും എന്നിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക