Image

കരിപ്പൂര്‍ ദുരന്തം: മരിച്ചവരില്‍ ഒരാള്‍ക്ക് കൊവിഡ്

Published on 08 August, 2020
 കരിപ്പൂര്‍ ദുരന്തം: മരിച്ചവരില്‍ ഒരാള്‍ക്ക് കൊവിഡ്


കരിപ്പൂര്‍: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ച യാത്രക്കാരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു മുന്‍പ് നടത്തിയ സ്വാബ് ടെസ്റ്റിലാണ് ഇത് സ്ഥിരീകരിച്ചത്. സധീര്‍ വാര്യത്ത് എന്നയാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം കോഴിക്കോട് മിംസ് ആശുപത്രിയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സൂക്ഷിച്ചിരിക്കുകയാണെന്ന് മന്ത്രി കെ.ടി ജലീല്‍ അറിയിച്ചു. 


സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ എല്ലാവരോടും അടിയന്തരമായി നിരീക്ഷണത്തില്‍ പോകണമെന്ന് അധികൃതര്‍ 
നിര്‍ദേശിക്കുന്നു. ഇന്നലെ രാത്രി അപകടമുണ്ടായപ്പോള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതെല്ലാം മറന്നാണ് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. കൊവിഡ് കണ്ടെയ്‌മെന്റ് സോണില്‍ ഉള്‍പ്പെട്ട മേഖലയുമാണിവിടം. ജാഗ്രത പാലിക്കുന്നതുമായി ബന്ധപ്പെട്ടാണ് എല്ലാവരോടും നിരീക്ഷണത്തില്‍ സ്വയം പോകണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 

കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ സമയോചിതമായി ഇടപെട്ട് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി ആരോഗ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ദുരന്തത്തിന്റെ ആഴം കുറച്ചത് നല്ലവരായ ജനങ്ങളുടെ നല്ല മനസ് ഒന്നുകൊണ്ട് മാത്രമാണ്. നാട്ടുകാര്‍, എയര്‍പോര്‍ട്ട് ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പോലീസ്, ഫയര്‍ഫോഴ്സ്, സുരക്ഷാ ജീവനക്കാര്‍, ആംബുലന്‍സ് പ്രവര്‍ത്തകര്‍, ഡ്രൈവര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലാവരും ഒറ്റക്കെട്ടായാണ് ദുരന്ത മുഖത്ത് പ്രവര്‍ത്തിച്ചത്. പെട്ടന്നുണ്ടായ ദുരന്തത്തിന്റെ നടുക്കത്തില്‍ പലരും കോവിഡ് പ്രോട്ടോകോള്‍ പോലും പാലിക്കാന്‍ സാധിക്കാതെയാണ് ദുരന്തമുഖത്തേയ്ക്ക് ഇറങ്ങിയത്. പരമാവധി ആള്‍ക്കാരെ രക്ഷിക്കാനും സാധിച്ചു. അതേസമയം കണ്ടൈന്‍മെന്റ് സോണായ എയര്‍പോര്‍ട്ട് പരിസരത്ത് രക്ഷാദൗത്യവുമായിറങ്ങിയ എല്ലാവരും സ്വരക്ഷയ്ക്കും നാടിന്റെ സുരക്ഷയ്ക്കും വേണ്ടി ജാഗ്രത പാലിക്കണം-മന്ത്രി അറിയിച്ചു. 

എല്ലാവരുടേയും പരിശോധനകള്‍ നടത്തുന്നതാണ്. ആരും ഇതൊരു ബുദ്ധിമുട്ടായി കരുതരുത്. രക്ഷാദൗത്യത്തില്‍ പങ്കെടുത്തവര്‍ ഇന്ന് തന്നെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കേണ്ടതാണ്. ദിശ 1056, 0471 2552056 എന്ന നമ്പരിലേക്കോ മലപ്പുറം, കോഴിക്കോട് ജില്ലാ കണ്‍ട്രോള്‍ റൂം നമ്പരിലേക്കോ (മലപ്പുറം: 0483 2733251, 2733252, 2733253, കോഴിക്കോട്: 0495 2376063, 2371471, 2373901) ബന്ധപ്പെട്ട് പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ 
എന്നിവ നല്‍കേണ്ടതാണ്. എത്രയും വേഗം ഇവരുടെ ലൈന്‍ ലിസ്റ്റ് തയ്യാറാക്കി ആരോഗ്യ വകുപ്പ് മേല്‍നടപടി സ്വീകരിക്കുന്നതാണ്. ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുമെന്നും 
മന്ത്രി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക