Image

പെട്ടിമുടി ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം വീതം നല്കും

Published on 07 August, 2020
പെട്ടിമുടി ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം വീതം നല്കും
തിരുവനന്തപുരം: ഇടുക്കി രാജമലയില്‍ മണ്ണിടിച്ചലില്‍ മരണപ്പെട്ടവരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ആശ്വാസധനമായി നല്‍കും. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അപകടത്തില്‍ 30 മുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. 80ലേറെപ്പേര്‍ താമസിച്ചിരുന്നു. 15 പേര്‍ മരണപ്പെട്ടു, 15 പേരെ രക്ഷപ്പെടുത്തി. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പരിക്കേറ്റ മൂന്ന് പേരെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാളെ ടാറ്റ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

രാജമലയില്‍ പുലര്‍ച്ചയോടെയാണ് മണ്ണിടിച്ചല്‍ ഉണ്ടായത്. വൈദ്യുതി ബന്ധം തടസ്സപ്പെട്ടിരുന്നു. ദുരന്തം പുറംലോകമറിയാന്‍ വൈകി. റോഡിലെ പാലം ഒലിച്ചുപോയതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് യഥാസമയം എത്താന്‍ കഴിഞ്ഞില്ല. ഇത് രക്ഷാപ്രവര്‍ത്തനം വൈകുന്നതിന് കാരണമായി.

രക്ഷാപ്രവര്‍ത്തനം അതീവദുഷ്കരമായിരുന്നു. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തുന്നുണ്ട്. തൃശൂരിലുള്ള സംഘത്തേയും രാജമലയിലേക്ക് നിയോഗിച്ചു. ഫയര്‍ഫോഴ്‌സിന്റെ അമ്പതംഗ ടീമിനെ എറണാകുളത്ത് നിന്നും നിയോഗിച്ചു. ആകാശമാര്‍ഗം രക്ഷാദൗത്യം നടത്താനുള്ള സാധ്യതയും തേടിയിരുന്നു. എന്നാല്‍ മോശം കാലാവസ്ഥ കാരണം ശ്രമം ഫലവത്തായില്ല.

അപകടത്തില്‍പ്പെട്ടവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ എറണാകുളം, കോട്ടയം ജില്ലകളില്‍നിന്ന് രാജമലയിലേക്ക് നിയോഗിച്ചു. ഇടുക്കി ജില്ലയില്‍ മൊബൈല്‍ മെഡിക്കല്‍ സംഘത്തേയും ആംബുലന്‍സുകളേയും തയ്യാറാക്കി. ആവശ്യമെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിന് കരസേനയുടേയും നാവികസേനയുടേയും സഹായം തേടും. വിവിധ ബറ്റാലിയനുകളില്‍ നിന്നുളള പോലീസിനെ രാജമലയില്‍ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക