Image

പാമ്പുകടിയേറ്റ്‌ യുവതി മരിച്ച സംഭവം: ചികിത്സാ പിഴവെന്ന്, മന്ത്രിക്ക് പരാതി നല്‍കി

Published on 07 August, 2020
പാമ്പുകടിയേറ്റ്‌ യുവതി മരിച്ച സംഭവം: ചികിത്സാ പിഴവെന്ന്, മന്ത്രിക്ക് പരാതി നല്‍കി
നീലേശ്വരം: പള്ളിക്കര കുമാരന്‍ കുളങ്ങര ലക്ഷ്മിനാരായണ ക്ഷേത്രസമീപം അര്‍ച്ചന നിവാസിലെ എ.വി.അര്‍ച്ചന (മിനി 40) അണലിയുടെ കടിയേറ്റ് 5 ആശുപത്രികളില്‍ ചികില്‍സ തേടിയിടിട്ടും മരിക്കാനിടയായ സംഭവത്തില്‍ ബന്ധുക്കള്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കു പരാതി നല്‍കി. കാസര്‍കോട് ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എസ്‌ഐ, കെ.ലതീഷിന്റെ ഭാര്യയാണ് അര്‍ച്ചന.

ലതീഷിന്റെ സഹോദരന്‍ പുതുക്കൈ ചൈതന്യയിലെ കെ.സനീഷാണ് പരാതി നല്‍കിയിരിക്കുന്നത്. ജൂലൈ 21 ന് വൈകിട്ട് ആറരയോടെ വീട്ടു പറമ്പില്‍ നിന്നു പാമ്പു കടിയേറ്റ അര്‍ച്ചനയെ ഡ്യൂട്ടി കഴിഞ്ഞെത്തി വീട്ടിലുണ്ടായിരുന്ന ലതീഷ് 20 മിനുട്ടിനകം അയല്‍വാസികളെയും കൂട്ടി കാറില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു. രക്തപരിശോധന നടത്താതെ വിഷബാധ സ്ഥിരീകരിക്കാനാവില്ലെന്നു പറഞ്ഞ ഡ്യൂട്ടി ഡോക്ടര്‍ അര മണിക്കൂറോളം അത്യാഹിത വിഭാഗത്തില്‍ കിടത്തി.

പാമ്പുകടിയേറ്റെന്ന് അര്‍ച്ചനയും ഭര്‍ത്താവും തറപ്പിച്ചു പറഞ്ഞപ്പോള്‍ പാമ്പിനെ നേരിട്ടോ ഫോട്ടോയോ കാണാതെ ഉറപ്പിക്കാനാകില്ലെന്നു ഡോക്ടര്‍ കയര്‍ത്തു.  തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ആദ്യ ഡോസ് ആന്റിവെനം നല്‍കാന്‍ മൂന്നര മണിക്കൂര്‍ വൈകി. പിറ്റേദിവസം രാവിലെ വിഷം ശരീരത്തില്‍ വ്യാപിച്ചു കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചു തുടങ്ങിയെന്നറിയിച്ച് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്തു. ഐസിയുവില്‍ പ്രവേശിപ്പിച്ചു ഡയാലിസിസ് ചെയ്തു. കൊറോണ രോഗികള്‍ അധികരിച്ചതോടെ 25 ന് കണ്ണൂര്‍ എകെജി ആശുപത്രിയിലേക്കു റഫര്‍ ചെയ്തു.

30 ന് ഉച്ചയ്ക്ക് നില വഷളായോതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്തു. ഇവിടെ കൊറോണ അധികരിച്ചതിനാല്‍ ചികില്‍സ നല്‍കാതെ ആസ്റ്റര്‍ മിംസിലേക്കു മാറ്റാന്‍ നിര്‍ദേശിച്ചുവെന്നു പരാതിയില്‍ പറയുന്നു. ഇവിടെ ചികിത്സയിലിരിക്കെ, കടിയേറ്റ കാല്‍ ആദ്യം മുട്ടിനു മുകളിലേക്കും പിന്നീടു പൂര്‍ണമായും മുറിച്ചു മാറ്റി. അപ്പോഴേക്കും വൃക്കയുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു.

13 ദിവസത്തെ നരകയാതനയ്ക്കു ശേഷം 2020 ഓഗസ്റ്റ് രണ്ടിനു രാത്രി അര്‍ച്ചന മരിച്ചു. ഹൃദ്രോഗിയായ സഹോദരന്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥയും ചികിത്സ വൈകിപ്പിക്കലുമാണ് മരണകാരണമെന്നും സംഭവം അന്വേഷിച്ചു ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ അഭ്യര്‍ഥിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക