Image

അല്‌മായര്‍ സഭയുടെയും സമൂഹത്തിന്റെയും ശുശ്രൂഷകരാവണം: മാര്‍ ആലഞ്ചേരി

Published on 02 June, 2012
അല്‌മായര്‍ സഭയുടെയും സമൂഹത്തിന്റെയും ശുശ്രൂഷകരാവണം: മാര്‍ ആലഞ്ചേരി
കൊച്ചി: സഭയെ ശക്തിപ്പെടുത്താനും സമൂഹത്തിന്റെ ശുശ്രൂഷകരാവാനും വിളിക്കപ്പെട്ടവരാണ്‌ അല്‌മായരെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി. സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ ആരംഭിച്ച അല്‌മായ ദ്വിദിന ദേശീയ നേതൃസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഓരോ ക്രൈസ്‌തവനും തന്നോടുതന്നെ സുവിശേഷമൂല്യങ്ങള്‍ സംസാരിക്കാനുള്ള ഉത്തരവാദിത്വമുണ്ട്‌. നമ്മുടെ ജീവിതയാത്രയില്‍ സുവിശേഷചൈതന്യത്തില്‍ നിറഞ്ഞുനിന്നു സഭാപ്രവര്‍ത്തനങ്ങളില്‍ എത്രമാത്രം കൂറു പുലര്‍ത്താന്‍ ആകുന്നുവെന്ന്‌ ആത്മവിമര്‍ശനം നടത്താന്‍ നാം തയാറാവണം. സഭയ്‌ക്കു വലിയ പ്രതീക്ഷയാണ്‌ അല്‌മായനേതാക്കളില്‍ നിന്നും അല്‌മായരില്‍ നിന്നുമുള്ളത്‌. വ്യക്തിജീവിതത്തിലും കുടുംബങ്ങളിലും സമൂഹത്തിലും തങ്ങളുടെ ജീവിതം സാക്ഷ്യമാകുവാന്‍ അല്‌മായര്‍ ശ്രദ്ധിക്കണം. കര്‍മവഴികളില്‍ ഒരിക്കലും വിമുഖരാകാതെ മുന്നേറുകയാണ്‌ നമ്മുടെ ദൗത്യം. സഭയുടെ വലിയ സമ്പത്തായ അല്‌മായ നേതാക്കള്‍ സഭാനേതൃത്വത്തിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടവരാണെന്നും മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു.

അല്‌മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ മാത്യു അറയ്‌ക്കല്‍ അധ്യക്ഷത വഹിച്ചു. അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്‌റ്റിയന്‍ സമ്മേളന ആമുഖവും പ്രവര്‍ത്തനരേഖയും, നാളികേര ബോര്‍ഡ്‌ ചെയര്‍മാന്‍ ടി.കെ.ജോസ്‌ ഐ.എ.എസ്‌. മുഖ്യപ്രബന്ധവും അവതരിപ്പിച്ചു. മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, കെസിബിസി അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.ജോസ്‌ വിതയത്തില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരായ ഡോ.സാബു ഡി മാത്യു (പാലാ), അഗസ്റ്റിന്‍ മഠത്തിപ്പറമ്പില്‍ (താമരശ്ശേരി), പ്രെഫ.റോസിലി തോമസ്‌ (കല്യാണ്‍), കെ.പി.ചാക്കപ്പന്‍ (ബാംഗ്ലൂര്‍), സൈബി അക്കര എന്നിവര്‍ സംസാരിച്ചു.

സാമൂഹിക വിഷയങ്ങളെക്കുറിച്ച്‌ ഹൈറേഞ്ച്‌ സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരയ്‌ക്കല്‍, മുല്ലപ്പെരിയാര്‍ സമരസമിതി ചെയര്‍മാന്‍ ഫാ.ജോയി നിരപ്പേല്‍ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ബിജു പറയനിലം മോഡറേറ്ററായിരുന്നു. ഇടുക്കി രൂപതാ ബിഷപ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ സന്ദേശം നല്‍കി.

സീറോ മലബാര്‍ സഭ യൂത്ത്‌ മിനിസ്‌ട്രി, ഹിസ്‌റ്ററി ആന്റ്‌ റിസര്‍ച്ച്‌ ഫോറം, വനിതാ ഫോറം, ദളിത്‌ ഫോറം, സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി ഫോറം, എന്റര്‍പ്രണേഴ്‌സ്‌ ഫോറം, അഗ്രിക്കള്‍ച്ചറല്‍ ഫോറം, കത്തോലിക്കാ കോണ്‍ഗ്രസ്‌ എന്നീ സഭാതല ശുശ്രൂഷകളെക്കുറിച്ച്‌ ഫാ.സെബാസ്റ്റ്യന്‍ കൈപ്പന്‍പ്ലാക്കല്‍, ജോണ്‍ കച്ചിറമറ്റം, ആനി മത്തായി മുതിരേന്തി, സ്‌കറിയാ ആന്റണി, എം.എം.ജേക്കബ്‌ മുണ്ടയ്‌ക്കല്‍, സിജോ പൈനാടത്ത്‌, സാബു ജോസ്‌, വി.വി.അഗസ്റ്റിന്‍, കെ.പി.ലോറന്‍സ്‌ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വിമന്‍സ്‌ ഫോറം ഡയറക്‌ടര്‍ ഫാ.ജേക്കബ്‌ പാലയ്‌ക്കപ്പിള്ളി മോഡറേറ്ററായിരുന്നു. കൂരിയ ബിഷപ്‌ മാര്‍ ബോസ്‌കോ പുത്തൂര്‍ സന്ദേശം നല്‍കി.

സീറോ മലബാര്‍ സഭയിലെ വിവിധ കമ്മീഷനുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ഫാ.സിബി പുളിക്കല്‍, ഫാ.ജോസ്‌ പാലക്കീല്‍, റവ.ഡോ.സെബാസ്റ്റ്യന്‍ നടുവിലേത്തടം, ഫാ.ജോര്‍ജ്‌ ധനവേലില്‍ എന്നിവര്‍ പങ്കുവെച്ചു. ഇന്ത്യയിലെ വിവിധ രൂപതകളിലേയും മിഷന്‍ കേന്ദ്രങ്ങളിലേയും അല്‌മായ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ കെ.പി.ചാക്കപ്പന്‍ (ബാംഗ്ലൂര്‍), ജെയിംസ്‌ ജോര്‍ജ്‌ (ബറോഡ), പി.ജെ.എബ്രഹാം (ഹൈദ്രാബാദ്‌), ജെയിംസ്‌ പൂച്ചക്കാട്ടില്‍ (വിജയവാഡ), പ്രത്വിപാല്‍ ചിറയത്ത്‌ (ഔറംഗബാദ്‌), പോള്‍ പല്ലിശ്ശേരി (ഫരീദാബാദ്‌-ഡല്‍ഹി), പ്രൊഫ.റോസിലി തോമസ്‌ (കല്യാണ്‍), ജോമി ചെറുകാട്ട്‌ (ഭദ്രാവതി), ജോസഫ്‌ ടി.ജെ. (ബല്‍ത്തങ്ങാടി), മാര്‍ട്ടിന്‍ ആന്റണി (രാമനാഥപുരം), ജോര്‍ജ്‌ ജോസഫ്‌ (മാണ്‌ഡ്യ), ആര്‍ വിജയകുമാരന്‍ (തക്കല), തോമസ്‌ ഏറനാട്ട്‌ (മാനന്തവാടി) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പി.ഐ ലാസര്‍ മോഡറേറ്ററായിരുന്നു. മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ സന്ദേശം നല്‍കി.

ജൂണ്‍ മൂന്നിന്‌ ഞായറാഴ്‌ച അല്‌മായപ്രവര്‍ത്തനപദ്ധതി രൂപീകരണവും സമ്മേളന പ്രമേയങ്ങളും അവതരിപ്പിക്കും. `കേരളസഭയും വിശ്വാസവെല്ലുവിളികളും' ആസ്‌പദമാക്കി കെസിബിസി അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.ജോസ്‌ വിതയത്തില്‍, കേരള കാത്തലിക്‌ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സൈബി അക്കര, ലെയ്‌റ്റി കണ്‍സള്‍ട്ടേഷന്‍ കൗണ്‍സില്‍ മെമ്പര്‍ അഡ്വ.പി.പി.ജോസഫ്‌, എറണാകുളം-അങ്കമാലി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ.ബിനു മൂലന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ചങ്ങനാശ്ശേരി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി തോമസ്‌ സെബാസ്റ്റ്യന്‍ വൈപ്പിശ്ശേരി മോഡറേറ്ററായിരിക്കും. 12ന്‌ അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ്‌ ചക്യാത്ത്‌ സമാപനസന്ദേശം നല്‍കും.
അല്‌മായര്‍ സഭയുടെയും സമൂഹത്തിന്റെയും ശുശ്രൂഷകരാവണം: മാര്‍ ആലഞ്ചേരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക