Image

ജോര്‍ജ് സിമ്മര്‍മാന്റെ ജാമ്യം റദ്ദാക്കി; യുഎസ് ബോക്‌സര്‍ ഫ്‌ളോയിഡിന്റെ തടവുശിക്ഷ ആരംഭിച്ചു

Published on 02 June, 2012
ജോര്‍ജ് സിമ്മര്‍മാന്റെ ജാമ്യം റദ്ദാക്കി; യുഎസ് ബോക്‌സര്‍ ഫ്‌ളോയിഡിന്റെ തടവുശിക്ഷ ആരംഭിച്ചു
ഫ്‌ളോറിഡ: ട്രേയ്‌വോണ്‍ മാര്‍ട്ടിന്‍ വെടിയേറ്റു മരിച്ച കേസില്‍ അറസ്റ്റിലായ ജോര്‍ജ് സിമ്മര്‍മാന്റെ ജാമ്യം കോടതി റദ്ദാക്കി. 48 മണിക്കൂറിനുള്ളില്‍ കീഴടങ്ങണമെന്നും കോടതി ഉത്തരവിട്ടു. ജാമ്യം അനുവദിക്കാനായി കോടതി 1,50000 ഡോളറിന്റെ ബോണ്ട് കെട്ടിവെയ്ക്കണമെന്ന് കോടതി സിമ്മര്‍മാനോട് നിര്‍ദേശിച്ചിരുന്നു. സംഭാവനകളിലൂടെ ലഭിച്ച പണമാണ് ജാമ്യത്തുകയായി കോടതിയില്‍ കെട്ടിവെയ്ക്കുന്നതെന്നും സിമ്മര്‍മാന്‍ വ്യക്തമാക്കിയിരുന്നു. ഇത് തെറ്റാണെന്ന് കണ്‌ടെത്തിയതിനെത്തുടര്‍ന്നാണ് കോടതി നടപടി.

1,50000 ഡോളര്‍ ബോണ്ടിനുപുറമെ മൂന്ന് ദിവസം കൂടുമ്പോള്‍ എവിടെയാണുള്ളതെന്ന് പോലീസിനെ അറിയിക്കണമെന്നും രാത്രി ഏഴിനും പുലര്‍ച്ചെ ആറിനുമിടയ്ക്ക് പുറത്തിറങ്ങരുതെന്നുമുള്ള ഉപാധികളും കോടതി ജാമ്യവ്യവസ്ഥകളായി മുന്നോട്ടുവെച്ചിരുന്നു. ഇലക്‌ട്രോണിക് മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സിമ്മര്‍മാനെ ട്രാക്ക് ചെയ്യണമെന്നും ആയുധങ്ങള്‍ കൈവശം വെക്കാനോ മദ്യപിക്കാനോ മാര്‍ട്ടിന്റെ കുടുംബാംഗങ്ങളുമായി നേരിട്ടോ മധ്യസ്ഥര്‍ മുഖേനയോ ബന്ധപ്പെടാനോ അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ ഫ്‌ളോറിഡ സംസ്ഥാനത്തിന് പുറത്ത് താമസിക്കാന്‍ അനുവദിക്കണമെന്ന സിമ്മര്‍മാന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു.

യുഎസ് ബോക്‌സര്‍ ഫ്‌ളോയിഡിന്റെ തടവുശിക്ഷ ആരംഭിച്ചു

വാഷിംഗ്ടണ്‍: ഗാര്‍ഹികപീഡനക്കേസില്‍ 90 ദിവസം തടവിന് ശിക്ഷിക്കപ്പെട്ട അമേരിക്കന്‍ ബോക്‌സിംഗ് താരം ഫ്‌ളോയിഡ് മെവെതറിന്റെ ജയില്‍ശിക്ഷ ആരംഭിച്ചു. മുന്‍ കാമുകിയായ ജോസി ഹാരിസിനെ പീഡിപ്പിച്ചെന്ന കേസിലാണ് ഫ്‌ളോയിഡിനെ ലാസ്‌വെഗാസ് കോടതി 90 ദിവസത്തെ ജയില്‍ശിക്ഷയ്ക്ക് വിധിച്ചത്. 2500 ഡോളര്‍ പിഴയൊടുക്കാനും 100 മണിക്കൂര്‍ സാമൂഹികക്ഷേമ പ്രവര്‍ത്തനം നടത്തണമെന്നും കോടതി വിധിച്ചിരുന്നു. ജോസി ഹാരിസിനെ മര്‍ദ്ദിച്ചെന്നും ഇവരുടെ രണ്ടു കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നുമാണ് ഫ്‌ളോയിഡിനെതിരെയുള്ള കുറ്റം. ഏഴു തവണ ലോക ബോക്‌സിംഗ് കിരീടം ചൂടിയ ഫ്‌ളോയിഡ്, 1996ലെ അറ്റ്‌ലാന്റ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ ജേതാവാണ്.

ഇന്ത്യയിലേക്കുള്ള പുറംജോലി കരാര്‍; റോംനിയ്ക്ക് ഒബാമ ക്യാംപിന്റെ രൂക്ഷ വിമര്‍ശനം

വാഷിംഗ്ടണ്‍: മാസാച്യുസെറ്റ്‌സ് ഗവര്‍ണര്‍ ആയിരിക്കെ ഇന്ത്യയിലേക്ക് പുറംജോലികരാറുകള്‍ നല്‍കിയതിന്റെ പേരില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോംനിയ്ക്ക് പ്രസിഡന്റ് ബറാക് ഒബാമയുടെ തെരഞ്ഞെടുപ്പ് സംഘത്തിന്റെ രൂക്ഷവിമര്‍ശനം. മാസാച്യുസെറ്റ്‌സ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവിലെ ഡമോക്രാറ്റ് പ്രതിനിധിയായ പാട്രിക്ക എ ഹദാദ് ആണ് റോംനിയെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. മാസാച്യുസെറ്റ്‌സ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കുകയാണ് ഹദാദ്.

താന്‍ ഗവര്‍ണറാവുകയാണെങ്കില്‍ സംസ്ഥാനത്തിന്റെ കടം ഇല്ലാതാക്കുമെന്നും ഹദാദ് പറഞ്ഞു. സംസ്ഥാനത്തിന്റെ ഗവര്‍ണറായിരുന്ന റോംനിയാണ് കടക്കെണിക്ക് കാരണക്കാരനെന്നും ഭാവി തലമുറയ്ക്കായി കടം മാത്രമെ അദ്ദേഹം ബാക്കിവെച്ചിട്ടുള്ളൂവെന്നും ഹദാദ് കുറ്റപ്പെടുത്തി. മാസാച്യുസെറ്റ്‌സില്‍ നിന്ന് പുറംജോലി കരാറുകള്‍ നല്‍കുന്നത് റദ്ദാക്കുന്ന നിയമനിര്‍മാണത്തെ റോംനി വീറ്റോ ചെയ്യുകയായിരുന്നുവെന്നും ഹദാദ് പറഞ്ഞു. ഇതുവഴി ജോലികളെല്ലാം ഇന്ത്യയിലേക്ക് പോയി. മാസാച്യുസെറ്റ്‌സിലെ ജനങ്ങള്‍ തൊവില്‍രഹിതരാമെങ്കില്‍ അതിന് കാരണം ജോലികളെല്ലാം ഇന്ത്യയിലേക്ക് പോയതാണെന്നും ഹദാദ് പറഞ്ഞു.

റോംനിയുടെ സമ്പാദ്യം ഇപ്പോഴും 250 മില്യണ്‍ ഡോളര്‍

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോംനിയുടെ സമ്പാദ്യം 250 മില്യണ്‍ ഡോളര്‍ തന്നെയായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷവും 250 മില്യണാണ് തന്റെ ആസ്തിയെന്ന് റോംനി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനുശേഷം വോക്‌സ്വാഗണ്‍, പെപ്‌സികോ, ബോയിംഗ് തുടങ്ങിയ വിവിധ കമ്പനികളിലെ ഓഹരികള്‍ അദ്ദേഹം വിറ്റഴിച്ചിരുന്നു. ഇതിനുശേഷവും ആസ്തി 190നും 250 മില്യണും ഇടയില്‍ തന്നെയാണെന്ന് റോംനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ആന്‍ഡ്രിയ സൗള്‍ വ്യക്തമാക്കി.

ഈ ഓഹരികളെല്ലാം അദ്ദേഹത്തിന്റെ ട്രസ്റ്റിന്റെ പേരിലായിരുന്നതിനാലാണ് അദ്ദേഹത്തിന്റെ വ്യക്തിഗത ആസ്തിയില്‍ മാറ്റമില്ലാത്തതെന്നാണ് സൗളിന്റെ വിശദീകരണം. 2007ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവാന്‍ രംഗത്തുവന്നപ്പോള്‍ തനിക്ക് ഓഹരി പങ്കാളിത്തമുള്ള കമ്പനികളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നയങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ടാവിതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് റോംനി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായി 2007നുശേഷവും അദ്ദേഹം ചില കമ്പനികളിലെ നിക്ഷേപം തുടര്‍ന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച വാര്‍ഷിക വരുമാന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക