Image

രാജമല മേഖലയിൽ ഉരുൾപൊട്ടൽ ; തിരച്ചിൽ തുടരുകയാണെന്ന് ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ

Published on 07 August, 2020
 രാജമല മേഖലയിൽ ഉരുൾപൊട്ടൽ ;  തിരച്ചിൽ തുടരുകയാണെന്ന് ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ

ശക്തമായ മഴയിൽ മൂന്നാർ രാജമല പെട്ടിമുടിയിൽ ലയങ്ങൾക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ വൻദുരന്തത്തിൽ മരിച്ച 11 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ലയത്തിൽ ആകെ ഉണ്ടായിരുന്നത് 78 പേരാണ്‌. 12 പരുക്കുകളോടെ രക്ഷപ്പെട്ടു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്ന് ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.

പെട്ടിമുടി ലയത്തിന്റെ 2 കിലോമീറ്റർ അകലെയുള്ള മലയിലെ ഉരുൾപൊട്ടലാണ് ദുരന്തം വിതച്ചത്. 3 കിലോമീറ്റർ പരിധിയിൽ കല്ലുചെളിയും നിറഞ്ഞു. എൻഡിആർഎഫ് സംഘം ഏലപ്പാറയിൽനിന്നു രാജമലയിലേക്കു തിരിച്ചു. വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് രാജമല മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായത്.

മണ്ണിനടിയിൽനിന്ന് രക്ഷപ്പെടുത്തിയ മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും മൂന്നാർ കണ്ണൻ ദേവൻ ആശുപത്രിയിൽ എത്തിച്ചു. പളനിയമ്മ(50), ദീപൻ(25), സീതാലക്ഷ്മി(33), സരസ്വതി(50) എന്നിവരെയാണ് ആശുപത്രിയിൽ എത്തിച്ചത്.

തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. വൈദ്യുതി ഇല്ലാത്തതിനാൽ കൃത്യമായ വിവരം ലഭിക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്.

ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിൽനിന്നും എൻഡിആർഎഫ് സംഘം രാജമലയിലേക്കു തിരിച്ചിട്ടുണ്ട്. 5 ലൈനുകളിലായി 84 പേർ മണ്ണിനടിയിലായതായി കോളനിനിവാസികൾ പറയുന്നു. പ്രദേശത്ത് വാർത്താവിനിമയ സംവിധാനങ്ങളില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക