Image

കടല്‍കൊല കേസ്: കക്ഷിചേരാനുള്ള ആവശ്യം അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി രജിസ്ട്രി

Published on 06 August, 2020
കടല്‍കൊല കേസ്: കക്ഷിചേരാനുള്ള ആവശ്യം അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി രജിസ്ട്രി


ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ കക്ഷിചേരാന്‍ എട്ട് മത്സ്യതൊഴിലാളികള്‍ ഉള്‍പ്പടെ 10 പേര്‍ അഭിഭാഷകന്‍ മുഖേന നല്‍കിയ അപേക്ഷ തുറന്ന കോടതിയില്‍ ലിസ്റ്റ് ചെയ്യാന്‍ കഴിയില്ല എന്ന് സുപ്രീം കോടതി രജിസ്ട്രി. കേസില്‍ നേരത്തെ കക്ഷി അല്ലാതിരുന്നതിനാല്‍ ഇനി കക്ഷിചേര്‍ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീം കോടതി രജിസ്ട്രിയുടെ നടപടി. രാജ്യാന്തര ട്രിബ്യുണലിന്റെ തീര്‍പ്പിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കടല്‍കൊല കേസിന്റെ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരുന്നു. 

ഇതിന് പിന്നാലെയാണ് സെന്റ് ആന്റണീസ് ബോട്ടില്‍ ഉണ്ടായിരുന്ന എട്ട് മത്സ്യത്തൊഴിലാളികളും, ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച അജേഷ് പിങ്കിയുടെ ബന്ധുവും, ബോട്ടില്‍ ഉണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത മത്സ്യ തൊഴിലാളി പ്രിജിന്റെ അമ്മയും സുപ്രീം കോടതിയെ സമീപിച്ചത്. തങ്ങളുടെ വാദം കേള്‍ക്കാതെ സുപ്രീം കോടതിയിലെ കേസ് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകന്‍  യാഷ് തോമസ് മണ്ണുള്ളി മുഖേനെ രജിസ്ട്രിക്ക് ഇ മെയില്‍ അയച്ചത്.


എന്നാല്‍ അഭിഭാഷകന്‍ ഇ മെയിലിലൂടെ നല്‍കിയ അപേക്ഷ സ്വീകരിക്കാന്‍ കഴിയില്ല എന്ന് സുപ്രീം കോടതി രജിസ്ട്രി വ്യക്തമാക്കി. 2013 ലെ സുപ്രീം കോടതി ചട്ട പ്രകാരം രജിസ്ട്രിയില്‍ നേരിട്ട് ഫയല്‍ ചെയ്യുന്ന ഹര്‍ജികള്‍ അപേക്ഷകള്‍ എന്നിവ മാത്രമേ സ്വീകരിക്കാന്‍ കഴിയുകയുള്ളു. ഇപ്പോഴത്തെ അപേക്ഷകര്‍ കേസില്‍ നേരത്തെ കക്ഷി അല്ലാതിരുന്നതിനാല്‍ ഇനി കക്ഷി ചേര്‍ക്കാന്‍ കഴിയില്ല. ഈ കാരണങ്ങളാല്‍ ഇ മെയിലൂടെ ലഭിച്ച ആവശ്യം പരിഗണിക്കാന്‍ കഴിയില്ലെന്ന് അസിസ്റ്റന്റ് രജിസ്ട്രാര്‍ മത്സ്യ തൊഴിലാളികളുടെ അഭിഭാഷകനെ അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക