Image

നിരക്കുകള്‍ മാറ്റമില്ലാതെ തുടരും: സ്വര്‍ണ പണയ വായ്പകളില്‍ സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 90% വരെ പണം നല്‍കാം

Published on 06 August, 2020
നിരക്കുകള്‍ മാറ്റമില്ലാതെ തുടരും: സ്വര്‍ണ പണയ വായ്പകളില്‍ സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 90% വരെ പണം നല്‍കാം


ന്യുഡല്‍ഹി: പലിശ നിരക്കില്‍ മാറ്റമില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ്. റിപോ നിരക്ക് 4% ആയും റിവേഴ്‌സ് റിപോ നിരക്ക് 3.3% ആയും തുടരുമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി. ഇന്നു ചേര്‍ന്ന പണനയ സമിതിയുടെ അവലോകന യോഗത്തിനു ശേഷമാണ് ഗവര്‍ണര്‍ തീരുമാനം വ്യക്തമാക്കിയത്. 

ഫെബ്രുവരിക്ക് ശേഷം 115 ബേസ് പോയിന്റില്‍ മാറ്റം വരുത്തിയിരുന്നു. കൊവിഡ് 19 മഹാമാരിയുടെ ആഘാതത്തില്‍ നിന്ന് സമ്പദ് വ്യവസ്ഥ തിരിച്ചുകയറുന്നതു വരെ പണനയത്തിലെ അനുകൂല നിലപാട് തുടരും. അതേസമയം, പണപ്പെരുപ്പം ലക്ഷ്യമിട്ടതിന് അപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു. 

ഈ പ്രതിസന്ധി ഘട്ടത്തില്‍ പ്രത്യേക സംവിധാനമൊരുക്കിയ ലോകത്തെ ഏക സെന്‍ട്രല്‍ ബാങ്ക് ആര്‍.ബി.ഐ ആണ്. ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ ജി.ഡി.പി വളര്‍ച്ച ചുരുങ്ങിയ നിലയിലായിരുന്നു. എന്നാല്‍ 2020-21 വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച നെഗറ്റീവ് നിലയില്‍ ആയിരിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. 

സ്വര്‍ണ പണയ വായ്പകളില്‍ സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 90% വരെ പണം നല്‍കാം. മുന്‍പ് കാര്‍ഷികേതര വായ്പകളില്‍ 75% വരെയാണ് പണം നല്‍കിയിരുന്നത്. 2021 മാര്‍ച്ച് 31 വരെ പുതിയ ആനുകൂല്യം ലഭ്യമാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക