Image

ശ്രീമദ് വാല്മീകി രാമായണം ഇരുപത്തിരണ്ടാം ദിനം സംഗ്രഹം (ദുർഗ മനോജ്)

ദുർഗ മനോജ് Published on 06 August, 2020
 ശ്രീമദ് വാല്മീകി രാമായണം ഇരുപത്തിരണ്ടാം ദിനം  സംഗ്രഹം (ദുർഗ മനോജ്)

യുദ്ധകാണ്ഡം, ഒന്നു മുതൽ ഇരുപത്തി അഞ്ചുവരെ സർഗം.

ലങ്കയിൽ നിന്നും തിരികെ വന്ന ഹനുമാൻ പറഞ്ഞ വിശേഷങ്ങൾ വളരെ വ്യക്തമായി രാമലക്ഷ്മണന്മാരും സുഗ്രീവനും മന്ത്രിമാരും കേട്ടു. അതിൽ നിന്നും എപ്രകാരമാണ് ലങ്കയിലെ സൈനിക വിന്യാസമെന്നും, എപ്രകാരം മാത്രമേ അവിടെ എത്തിച്ചേരാനാകുവെന്നും അവർക്കു ബോധ്യമായി.ഈ സമയം രാമൻ ഹനുമാനെ ആശ്ലേഷിച്ച് അനുമോദിച്ചു. ഏവർക്കും സന്തോഷമായി. പിന്നെ തെക്കൻ സമുദ്രതീരത്തേക്കു വാനര സൈന്യം നീങ്ങട്ടെ എന്നു സുഗ്രീവൻ കല്പ്പിച്ചു.അതനുസരിച്ചു കരുത്തരായ വാനര പ്രവരന്മാർ തെക്കു ദിക്കിലേക്കു സുഗ്രീവൻ്റെ നേതൃത്വത്തിൽ യുദ്ധകാഹളം മുഴക്കി യാത്ര ആരംഭിച്ചു.എല്ലാവരും ആനന്ദത്തിൽ,ആഹ്ലാദത്തിൽ.ഹനുമാൻ പറഞ്ഞ പ്രകാരം ലങ്കയുടെ മുക്കും മൂലയും വാനരസേനാധിപൻ മന:പാഠമാക്കി.

ഈ സമയം ലങ്കയിൽ കാര്യങ്ങൾ കൈവിട്ട നിലയിലായിരുന്നു. സീതാപഹരണത്തിനു ശേഷം സർവ്വവും നാശം തന്നെയെന്നു അനുഭവത്തിൽ വന്നു തുടങ്ങിയിരിക്കുന്നു. ഒരു കുരങ്ങൻ സമുദ്രം താണ്ടി വരുക, അതിനു ശേഷം അവൻ അശോക വനിയിൽ കടന്നു സീതയെക്കാണുക, അതും പോരാഞ്ഞ് ചൈത്യ പ്രാസാദം ചുട്ടെരിച്ചു. പോരിൽ അരക്കന്മാരെക്കൊന്നു, എന്തിന് രാവണപുത്രൻ അക്ഷ കുമാരൻ കൊല്ലപ്പെട്ടു. രാവണൻ വേഗം സഭ വിളിച്ചു കൂടി.രാമൻ വന്നേക്കാം സീതയെ കൊണ്ടു പോകുവാൻ. അതു തടയണം. എന്താണതിനു വഴി?

മന്ത്രിമാരിൽ ചിലർ വമ്പു പറഞ്ഞു.കടൽ കടന്നു ചെന്നു വാനരന്മാരെ മുച്ചൂടും മുടിച്ചു ഞാനിതാ വരാം എന്ന മട്ടിലായിരുന്നു പലരുടേയും ഉപദേശങ്ങൾ.ചിലർ ലങ്കയുടെ പ്രതിരോധ സംവിധാനങ്ങളെ വാനോളമുയർത്തി. ഏതായാലും സഹോദരന്മാരോടു കൂടി അഭിപ്രായമാരായാൻ രാവണൻ നിശ്ചയിച്ചു
വിഭീഷണൻ ആദ്യം തന്നെ നിലപാടു വ്യക്തമാക്കി.ഇതനീതിയാണ്. അപകടമാണ്. അന്യൻ്റെ ഭാര്യയെ തട്ടിയെടുത്താൽ ഫലം മരണം തന്നെ. അവളെ വിട്ടുകൊടുക്കുക.
പിന്നെ കുംഭകർണ്ണൻ്റെ ഊഴമായി. ഉറക്കത്തിലേക്കു പ്രവേശിക്കുന്നതിനു തൊട്ടു മുൻപാണ് കുംഭകർണ്ണനോടും രക്ഷാവിധി തേടുന്നത്. അവൻ പറഞ്ഞു, ഞാൻ രാമൻ്റെ പടയെ മുടിക്കാം. പക്ഷേ ജേഷ്ഠാ നീ ചെയ്തത് അധർമ്മമാണ്. സീതയെ തൊടാൻ പാടില്ലായിരുന്നു.അതും പറഞ്ഞ് അവൻ തൻ്റെ അടുത്ത നീണ്ട ഉറക്കത്തിലേക്കു പ്രവേശിച്ചു.

ഈ സമയം ചില മന്ത്രിമാർ രാവണനെ വീണ്ടും വീണ്ടും വാഴ്ത്തി. യുദ്ധംഅരുതെന്നു പറഞ്ഞ വിഭീഷണനോട് ഇന്ദ്രജിത്ത് പരുഷമായി സംസാരിച്ചു. ഒടുവിൽ വിഭീഷണൻ ലങ്ക വിട്ടു രാമനെ അഭയം പ്രാപിച്ചു.
ചില രാക്ഷസർ രാവണനോട് ബലമായി സീതയെ പ്രാപിക്കുവാൻ ആവശ്യപ്പെട്ടു. അപ്പോഴാണ് പണ്ട് പുഞ്ജിക സ്ഥല എന്ന അപ്സരസ്സിനെ ബലേന പ്രാപിച്ചതറിഞ്ഞ് ബ്രഹ്മാവ് ഏതെങ്കിലും സ്ത്രീയെ ബലേന പ്രാപിച്ചാൽ തല പൊട്ടിത്തെറിച്ചു പോകുമെന്നു ശപിച്ചത്. അതിനാലാണ് താൻ സീതയെ ബലേനെ പ്രാപിക്കാത്തത് എന്നു പറഞ്ഞു.

രാമ പക്ഷത്ത് എത്തിയ വിഭീഷണനെ ഒന്നു ശങ്കിച്ചുവെങ്കിലും നല്ലവനെന്നു കണ്ട് സ്വന്തം പക്ഷത്തു ചേർത്ത് അഭിഷേകം നടത്തി.പിന്നെ ഏവരും സമുദ്രതീരത്തെത്തി.എന്നാൽ സമുദ്രം തരണം ചെയ്യാനെന്തു വഴിയെന്നു രാമൻ കോപംപൂണ്ടപ്പോൾ സമുദ്രം സ്വയം ചിറകെട്ടു അതു ഞാൻ സംരക്ഷിക്കാമെന്നു വാക്കു കൊടുത്തു.അങ്ങനെ സേതുബന്ധനം ആരംഭിച്ചു.

ഇന്നു രാമായണം ഹനുമാനെ തിരിച്ചറിയുകയാണ്.ഒരു മിത്രമാകട്ടെ, ഒരു സഹപ്രവർത്തകനാകട്ടെ, കുടുംബാംഗമാകട്ടെ ആരും മനസിലാക്കേണ്ട ഒരു സ്വഭാവ ഗുണം ഹനുമാൻ ലങ്കയിൽ നിന്നു വരവെ രാമൻ ഹനുമാനിൽ ദർശിക്കുന്നുണ്ട്. ഹനുമാൻ സീതയെ അന്വേഷിക്കുക മാത്രമല്ല രാവണനേയും ലങ്കയേയും സംബന്ധിച്ച എല്ലാക്കാര്യങ്ങളും അറിഞ്ഞു വരുന്നുമുണ്ട്.
ആ ദീർഘദർശിയെ സ്മരിക്കുന്നതാകട്ടെ ഇന്നത്തെ ദിനം

ഇരുപത്തിരണ്ടാം ദിനം സമാപ്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക