Image

രാമായണത്തിനു മുന്നിൽ കൈകൂപ്പി (രാമായണ ചിന്തകൾ -22: ഇന്ദിര കൃഷ്ണൻ)

Published on 05 August, 2020
രാമായണത്തിനു മുന്നിൽ കൈകൂപ്പി (രാമായണ ചിന്തകൾ -22: ഇന്ദിര കൃഷ്ണൻ)
അഞ്ചോ' ആറോ വയസ്സു മുതൽക്ക് രാമായണത്തിനു മുന്നിലുണ്ട്.
പത്തു മണിയോടടുത്ത് പടിഞ്ഞാപ്പുറത്തെ തൂണും ചാരി ഒരു പുല്ലുപായുമിട്ട് അമ്മമ്മ വന്നിരിക്കും.
ഒരടുക്ക് പുസ്തങ്ങളുമുണ്ടാവും. അതിലേറ്റവും വലിയ പുസ്തകം രാമായണം.അതിൽ കുറച്ച് ചിത്ര ങ്ങളുണ്ട്. അതു കാണാനാണ് രാമായണത്തിനു മുന്നിലെത്തിയിരുന്നത്.

" ആയ്യായ്യൈ ;'' ''കുട്ട്യോള് ഈ പുസ്തകമൊക്കെ കേടുവരുത്തൂലോ"
ബഹളം വച്ചാലും അമ്മമ്മ ചിത്രത്തിലെ രാമനേം ലക്ഷ്മണനേം സീതേം ഹനുമാനേം ഒക്കെ പറഞ്ഞു തരും. അന്നൊക്കെ എല്ലാ വീടുകളിലും ദിവസവും രാമായണം വായിച്ചിരുന്നു.അമ്മമ്മ ദിവസം ഒരു മണിക്കൂറിലേറെ പുരാണങ്ങൾക്കൊപ്പമായിരുന്നു. രാമായണവും ഭാഗവതവും ഓരോ അധ്യായം സ്ഥിരം വായിക്കും. സുന്ദരകാണ്ഡം (രാമായണം ) വേറെയും.ഗോപികാ ഗീതം ഹരിനാമകീർത്തനം ഒക്കെ സ്ഥിരം വായിച്ചിരുന്നു.

അച്ഛനിൽ നിന്നാണ് രാമായണം കേൾക്കുന്നത്. കർക്കിടക മാസത്തിൽ 14 ദിവസം അടുപ്പിച്ച് ഗണപതി ഹോമവും ഭഗവൽ സേവയുമുണ്ട്. അതിനു വരുന്ന തിരുമേനിക്കും ഷാരടിക്കും കേൾക്കാൻ വേണ്ടി ഉച്ചക്കും രാത്രിയും അച്ഛൻ രാമായണം വായിക്കും. അമ്മയും മക്കളും കേൾവിക്കാരായി ഇരിക്കും.

ഹൈസ്കൂളിൽ പഠിക്കുമ്പോൾ പാഠഭാഗങ്ങളായി രാമായണം പഠിച്ചിരുന്നു.SSLC ആയപ്പോൾ രാമായണം തനിയെ വായിക്കാൻ തുടങ്ങി. "രാമായണം വായിക്കാൻ പഠിച്ചാൽ മലയാളം പഠിച്ചു കഴിഞ്ഞു "
എന്ന കുറുപ്പു മാഷുടെ പ്രസ്ഥാവനയാണ് പ്രചോദനം.

എനിക്കും കുട്ടികളോട് പറയാനുള്ളത് അതാണ്.മലയാളം പഠിക്കണമെങ്കിൽ രാമായണം പഠിച്ചോളൂ. അതിലുള്ള പോലെ ലളിതമായി മലയാളം മറ്റെങ്ങും കിട്ടില്ല. ഗഹനമായ മലയാളവും രാമായണത്തിൽ നിന്നു കിട്ടും.

ഒരു ഇതിഹാസം പുരാണം എന്നതിലൊക്കെ ഉപരിയായി ഒരുത്തമ സാഹിത്യ സൃഷ്ടിയാണ് തുഞ്ചത്തെഴുത്തച്ഛൻ്റെ രാമായണം.അതിലെ കവിത ഭാഷയുടെ ഗരിമ ഉള്ളടക്കത്തിൻ്റെ മേന്മ അതിനു ശേഷം വായിച്ച ഒരു കൃതികളിലും എനിക്കു തോന്നിയില്ല.

തുഞ്ചത്തെഴുത്തച്ഛൻ്റെ രാമായണം മാത്രമേ ഞാൻ വായിച്ചിട്ടുള്ളൂ'' ഒരുപാടു രാമായണങ്ങൾ ഓരോരോ നാടുകളിൽ പ്രചാരത്തിലുണ്ടെന്നും കഥകൾ വ്യത്യസ്തമാണെന്നും പറയുന്നു.

കേരളത്തിൽ പ്രചാരം എഴുത്തച്ഛൻ്റെ അധ്യാത്മരാമായണം'.സംസ്കൃതം അറിയുന്നവർ ബ്രഹ്മാണ്ഡപുരാണത്തിലെ വ്യാസ വിരചിതമായ അധ്യാത്മരാമായണവും വായിക്കാറുണ്ട്. ആ അധ്യാത്മരാമായണത്തെ അധികരിച്ചു തന്നെ തുഞ്ചത്തെഴുത്തച്ഛൻ്റെ അധ്യാത്മരാമായണവും'

കവിത്വം കഴിഞ്ഞാൽ രാമായണത്തിൽ പിന്നെ പ്രത്യേകം കാണാവുന്നത് കുടുംബ ബന്ധങ്ങളുടെഊഷ്മളതയാണ്‌. ദശരഥനും മക്കളും തമ്മിലും അവർ പരസ്പരവും ഉള്ള ത്യാഗോജ്യലമായ സ്നേഹം. അച്ഛൻ്റെ സത്യം രക്ഷിക്കാൻ കാട്ടിലേക്കിറങ്ങുന്ന മകൻ രാമൻ. ഭർത്താവിനു പിന്നാലെ അര നിമിഷം പോലും ചിന്തിക്കാതെ ഇറങ്ങി തിരിക്കുന്ന സീതയെന്ന ഭാര്യ.
"രാമനെ അച്ഛനായും സീതയെ മാതാവായും അടവിയെ അയോധ്യയായും " കാണാൻ കഴിയുന്ന വിശാലഹൃദയനായ ലക്ഷ്മണൻ.

ഭർത്താവിനെ അനുഗമിക്കാനുള്ള വാഞ്ഛയെ അടക്കികൗസല്യയാദി അമ്മമാരുടെ പരിചരണം ഏറ്റെടുക്കുന്ന
പക്വമതിയായ ഊർമ്മിള ഭർത്താവ് ഭരതൻ രാജ്യഭരണംത്യജിക്കാൻ തീർച്ചയാക്കിയപ്പോൾ അതിനു പിന്തുണ നൽകുന്ന മാണ്ഡവി ഒക്കെ എത്ര മേന്മയുള്ള വ്യക്തിത്വങ്ങൾ' മകൻ സ്വന്തം അപചയത്തിൻ്റെ പേരിൽ കാട്ടിൽ പോയപ്പോൾ ദു:ഖം കൊണ്ട് ചങ്കുപൊട്ടി മരിക്കുന്നവത്സല പിതാവിൻ്റെ സ്നേഹം എത്ര ഗാഢം.

കഥാപാത്രങ്ങളുടെ പെരുമാറ്റത്തിലും പ്രവൃത്തിയിലും വരുന്ന അപചയങ്ങളെ
നീതികരിക്കാനുള്ള ന്യായങ്ങളും രാമായണകർത്താവ് കണ്ടെത്തുന്നുണ്ട്.
സ്ത്രീ വശം ഗതനാണ് ദശരഥൻ അതു കൊണ്ട് രാമനെ കാട്ടിലയക്കുന്നു എന്ന ദുർവ്യാഖ്യാനം ഒഴിവാക്കാനാണ് വാത്മീകി അവിടെ മുനിപുത്രൻ്റെ മരണവും ശാപവും കൊണ്ടുവന്നത്.

സീതല ക്ഷ്മണനോട് പരുഷം പറയുന്നിടത്ത് ഒരു കല്ലുകടി പോലെ തോന്നും. രാവണൻ സീതയെ കട്ടുകൊണ്ടു പോയാലേ രാവണാദി ദുഷ്ടരാക്ഷസന്മാരെ കൊല്ലേണ്ട അവതാരോദ്ദേശം നടക്കുകയുള്ളൂ.

ബാലിവധം അതുപോലെ  നീതികരിക്കാൻ പ്രയാസം തോന്നുന്ന സംഭവം തന്നെ '. അനുജൻ ജീവിച്ചിരിക്കേ അനുജൻ്റെ ഭാര്യയെ പ്രാപിച്ചത് ബാലിയുടെ കളങ്കം'. ദ്വാപരയുഗത്തിൽ ജരയായി വന്ന് കൃഷ്ണനെ അമ്പെയ്യേണ്ട നിയോഗം ബാലിക്കു കിട്ടുന്നതിനുള്ള ഒരു
മുന്നൊരുക്കമായും ബാലിവധം കാണാം.

സീതയെത്യജിക്കുന്ന ഭർത്താവായ രാമനെ കൂട്ടിൽ കയറ്റി വിചാരണ ചെയ്യണമെങ്കിലും സ്വന്തം പത്നിയെപ്പോലും വെടിഞ്ഞ് പ്രജകളോട് നീതി പുലർത്തുന്ന രാജാവ് പ്രശംസയർഹിക്കുന്നു.

യാഗത്തിൽ കാഞ്ചനസീതയെയി രുത്തുന്ന ഏക പത്നീ വ്രതക്കാരനായ രാമനോട് ഒരു പ്രതിപത്തി തോന്നുന്നില്ലേ.

തേടിയെത്തിയ രാമന്നു മുന്നിൽ ഭൂമി മാതാവിലേക്ക് ഇറങ്ങിപ്പോവുന്ന സീത' സ്ത്രീയുടെ ആത്മാഭിമാനത്തിന് ഉത്തമോദാഹരണം.

രാമൻ്റെ പേരിൽ ചാർത്തപ്പെടുന്ന അപരാധങ്ങളിൽ നിന്ന് സീത ഒന്നാം അധ്യായത്തിൽ തന്നെ മുൻകൂർ ജാമ്യം കൊടുക്കുന്നുണ്ട്.

സീത ഹനുമാനോട് രാമ തത്വം വ്യക്തമാക്കുകയാണ്.
"യാജ്യനാം നാരായണൻ ഭക്തിയുള്ളവർക്കു സാ--
യൂജ്യമാം മോക്ഷത്തെ നൽകീടിനാൻ നിരഞ്ജനൻ
ഏവമാദികളായ കർമ്മങ്ങൾ തൻ്റെ മായാ-
ദേവിയാമെന്നെക്കൊണ്ടു ചെയ്യിപ്പിക്കുന്നു നൂനം."
സകല കർമ്മങ്ങളും ഭവിച്ചതിന് ഉത്തരവാദി സാക്ഷാൽ സീതയാം മായ തന്നെ.
അവതാര പുരുഷനായ രാമനും ഭാമിനി സീതയ്ക്കും അവതാ രോദ്ദേശം കഴിഞ്ഞ് തിരിച്ചു പോവേണ്ടതുണ്ടല്ലോ.

കാവ്യത്തിലുടനീളം ലളിതമായ ചൊല്ലുകളിലൂടെ സാധാരണ മനുഷ്യൻ മനസ്സിലാക്കേണ്ടതും ദീക്ഷിക്കേണ്ടതുമായ തത്വങ്ങൾ എഴുത്തച്ഛൻ ചേർത്തിട്ടുണ്ട്.
വാത്മീകിയുടെ കഥ പറഞ്ഞു പോവുമ്പോൾ
"താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
താന്താനനുഭവിച്ചീടുകെന്നേ വരൂ."
"ശിഷ്ട നായുള്ള വനെന്നങ്ങിരിക്കിലും
ദുഷ്ടസംഗം കൊണ്ടു കാലാന്തരത്തിനാൽ
സജ്ജനനിന്ദ്യനായ് വന്നു കൂടും ദൃഢം
ദുർജ്ജനസം സർഗ്ഗ മേറ്റ മകലവേ
വർജ്ജിക്കവേണം പ്രയത്നേനസൽ പുമാൻ
കജ്ജളം പറ്റിയാൽ സ്വർണ്ണവും നിഷ്പ്രഭം''
എത്ര കാലിക പ്രസക്തം'
എടുത്തെഴുതാൻ തുടങ്ങിയാൽ രാമായണത്തിൽ നല്ലൊരു ഭാഗം പകർത്തിയെഴുതേണ്ടിവരും. തൽക്കാലം രണ്ടു സന്ദർഭം പറഞ്ഞുവെന്നു മാത്രം.
 ലക്ഷ്മ്ണോ പദേശങ്ങൾ (രണ്ടിടത്തു വരുന്നുണ്ട് ) താരോ പദേശം ഒക്കെ വളരെ ശ്രദ്ധയോടെ വായിച്ചു പഠിക്കേണ്ടതാണ്.

രാമനേയും സീതയേയും രാമായണത്തിനേയും എത്രമാത്രം മോശമായി ചിത്രീകരിക്കാം എന്ന് വാശിയോടെ ചിന്തിക്കുന്ന സാംസ്ക്കാരിക നായകന്മാരോട് ഒന്നേ പറയാനുള്ളൂ.
നിങ്ങൾ പരിഹസിക്കും തോറും രാമായണം എന്ന ഗ്രന്ഥം കൂടുതൽ ആദരിക്കപ്പെടുകയേ ഉള്ളു.മലയാള ഭാഷ ഉള്ളിടത്തോളം കാലം അകത്തളങ്ങൾ രാമായണ മുഖരിതമാവും.

തുഞ്ചത്തെഴുച്ഛനു മുന്നിൽ അധ്യാത്മരാമായണത്തിനു മുന്നിൽ ഒന്നു കൂടി കൈകൂപ്പുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക