Image

കോഴിപ്പനി പോയപ്പോൾ കൊറോണ... തലവിധി തൈലം തേച്ചാൽ മാറുമോ? (വിജയ്.സി.എച്ച്)

Published on 05 August, 2020
കോഴിപ്പനി പോയപ്പോൾ കൊറോണ... തലവിധി തൈലം തേച്ചാൽ മാറുമോ? (വിജയ്.സി.എച്ച്)

സാരി, മുണ്ട്, തുടർച്ചയായി പുസ്തകച്ചട്ടകൾ 'പോസ്റ്റുക' മുതലായ സാധാരണ ചലഞ്ചുകൾ സ്വമേധയാ ഏറ്റെടുത്താണ് പലരും കൊറോണ ദിനങ്ങൾ സജീവമാക്കിയത്. പക്ഷെ, പത്തൊമ്പതാം നമ്പറുകാരൻ കീടം പെട്ടെന്നു പടിയിറങ്ങുന്ന പ്രകൃതക്കാരനല്ലെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും
സാരി-മുണ്ട്-ചട്ട ഏർപ്പാടുകളുടെ പകിട്ടും മങ്ങി.
ഉടനെ കൊറോണ കണ്ടുപിടിച്ചവർത്തന്നെ കൂടഴിച്ചുവിട്ട മറ്റൊരു ഉൽപ്പന്നത്തിൽ നാം കയറിപ്പിടിച്ചു. അത്ര ശരിയല്ലാത്ത ആ 'ശരിയടയാള സംസാര'ത്തിനും അതാ വന്നു ആപ്പ്!

ഇറുകിയ കണ്ണുകളും, പതിഞ്ഞ മൂക്കും, കോലൻ മുടിയുമുള്ള കൊറോണയുടെ കുഞ്ഞനിയത്തിയായ ആ വർത്തമാനക്കാരിയുടെ അകാലവിയോഗം ഖേദപൂർവ്വം ചർച്ചചെയ്ത് ഇത്തിരി ദിനങ്ങൾകൂടി തള്ളിനീക്കി.
ഇനിയെന്ത്? ഈ കൊറോണകാലം  വീട്ടിലിരുന്ന് എങ്ങിനെ അതിജീവിക്കും?
കണ്ണൻ ജി. നാഥിനോടു ചോദിക്കൂ!
ഇദ്ദേഹം അൽപംകൂടി സർഗ്ഗാത്മകമായൊരു പ്രസ്ഥാനമായാണ് മുന്നോട്ടു വന്നിരിക്കുന്നത്.
എന്നവസാനിക്കുമെന്ന് ആർക്കുമറിയാത്ത ഈ കൊറണാകാലത്തെ അദ്ദേഹം വെല്ലുവിളിക്കുന്നത് പഴഞ്ചൊല്ലുകൾ ആലപിച്ചാണ്.
'പഴഞ്ചൊല്ലിൽ പതിരില്ല' എന്നതാണ് ഏറ്റവും പ്രശസ്തമായ പഴഞ്ചൊല്ല്! എന്നാൽ, പഴഞ്ചൊല്ലിലേ കഴമ്പുള്ളൂവെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന കണ്ണൻറെ ഒരു പഴഞ്ചൊൽ രചന ഉൽഘോഷിക്കുന്നത്.
പഴഞ്ചൊല്ലുകൾ ചേരുംപടി ചേർത്തുണ്ടാക്കിയ ആലാപനത്തിൻറെ ഒരു വിഡിയോ ഫേസ് ബുക്കിൽ പോസ്റ്റു ചെയ്തു ഒരു മണിക്കൂറിനകം ഒരു ലക്ഷത്തിനുമേൽ വ്യൂസും, മുപ്പതിനായിരത്തിലധികം ഷേർസും നേടിയപ്പോൾ, പഴഞ്ചൊല്ലുകളുടെ പുതിയ പ്രമാണപുരുഷനായി കണ്ണൻ മാറിയത് കണ്ണടച്ചുതുറക്കുന്ന വേഗതയിൽ!
സ്വയം രചിച്ച കവിതകൾ ചൊല്ലിയും, പ്രശസ്ത സിനിമാഗാനങ്ങളുടെ പശ്ചാത്തല സംഗീതം കടമെടുത്ത്, സ്വന്തം ശബ്ദത്തിൽ പാടിയും, നൃത്തമാടിയും സഹൃദയർ സർ‍ഗ്ഗവൈഭവം തെളിയിക്കുന്നുണ്ട്. പക്ഷെ, ഉപഭോക്താക്കൾ ഏറ്റവുമധികം സമയം സമൂഹ മാധ്യമങ്ങളിൽ സജീവമായിരിക്കുന്ന അടച്ചുപൂട്ടൽ നാളുകളിൽ കീർ‍ത്തിമാനായത് കണ്ണൻ മാത്രം.
ആകെ രണ്ടര മിനിറ്റു നേരമാണ് 26 വരികളുള്ള കൃതി കണ്ണൻ പാടുന്നത്. ഗാനത്തിലെ ഓരോ വരിയും ഓരോ പഴഞ്ചൊല്ലാണ്. ലളിതമെന്നു തോന്നാമെങ്കിലും ഏറെ അർത്ഥവത്തായ ആപ്‌തവാക്യങ്ങളാണ് കണ്ണൻ ഉള്ളിൽതട്ടി ആലപിക്കുന്നത്!
കഴിഞ്ഞ രണ്ടാഴ്ചക്കകം 50 ലക്ഷത്തിലധികം പേർ ശ്രവിക്കുകയും, അഞ്ചു ലക്ഷത്തിനുമേൽ ആരാധകർ പങ്കിടുകയും ചെയ്തു, കണ്ണൻറെ കൃതി ഇപ്പോഴും ദ്രുതഗതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു!
'മാനിക്കാത്തിടം പോകരുത്,
മാനം വിറ്റ് ഉണ്ണരുത്,
മലർന്നു കിടന്നു തുപ്പരുത്,
ഇരിക്കും കൊമ്പ് മുറിക്കരുത്', എന്നിങ്ങനെ പോകുന്ന പരക്കെ അറിയപ്പെടുന്ന പഴഞ്ചൊല്ലുകളിൽ തുടങ്ങി,
'മാതൃവചനം തട്ടരുത്,
മാതൃദോഷം ചെയ്യരുത്' എന്നതിൽ അവസാനിക്കുന്ന
ഈ ശൈലീനിർമ്മിതിക്കു പെട്ടെന്നുകിട്ടിയ ജനപ്രീതി ഏറെ ആശ്ചര്യകരമാണ്!
മനുഷ്യർ അറിഞ്ഞും അറിയാതെയും അനവരതം എടുത്തു പ്രയോഗിക്കുന്ന സാരോപദേശങ്ങൾക്ക് നര ബാധിക്കുന്നേയില്ലെന്നും, അവ പുതിയ ചൊല്ലുകളായിത്തന്നെ എന്നും നിലകൊള്ളുമെന്നുമാണ് കണ്ണൻറെ പക്ഷം.
ഭാഷയിൽ അമിതോപയോഗംകൊണ്ടു പ്രസക്തി നഷ്ടപ്പെട്ടു വിരസമായിത്തീരാത്ത ഒരേയൊരു ആവിഷ്‌ക്കാര രൂപമാണിതെന്നുകൂടി കണ്ണൻ നമ്മെ ഓർമ്മപ്പെടുത്തുമ്പോൾ, പഴഞ്ചൊല്ലുകൾ പഴയതേയല്ലെന്ന് നമുക്കും കരുതേണ്ടിവരുന്നു!
കണ്ണൻ പറയുന്നതിൽ കാര്യമുണ്ടോ? കാലത്തിൻറെ വെല്ലുവിളികൾക്ക് അതീതമാണോ പഴഞ്ചൊല്ലുകൾ? പഴയവരും പാണ്ഡിത്യമുള്ളവരും പഴഞ്ചൊല്ലുകളെക്കുറിച്ചെന്തു പറയുന്നുവെന്നു നോക്കാം.
പ്രാവർബ്, അല്ലെങ്കിൽ, ഓൾഡ് സേയിങ് എന്നൊക്കെ ഇംഗ്ളീഷിൽ അറിയപ്പെടുന്ന പഴമൊഴികൾ, പഴയ തത്ത്വശാസ്ത്രത്തിന്റെ ഏറ്റവും സത്യസന്ധമായ അവശിഷ്ടങ്ങളാണെന്നാണ് ക്രിസ്തുവിനു മുമ്പ് നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് തത്ത്വചിന്തകൻ അരിസ്റ്റോട്ടിൽ അഭിപ്രായപ്പെട്ടത്.
ഒരു രാഷ്ട്രത്തിന്റെ വിജ്ഞാനവും ആത്മാവും അവിടത്തെ പഴഞ്ചൊല്ലുകളിൽ ആവിഷ്കരിക്കപ്പെടുന്നുവെന്ന് ഇംഗ്ലീഷ് ചിന്തകനും, ശാസ്ത്രജ്ഞനും, എഴുത്തുകാരനുമായിരുന്ന ഫ്രാൻസിസ് ബേക്കൺ (1561 - 1626) പ്രസ്താവിച്ചിരുന്നു. 'പഴയ സുഹൃത്തുക്കളെ വിശ്വസിക്കാൻ കൊള്ളാം, പഴയ എഴുത്തുകാരെ വായിക്കാൻ കൊള്ളാം', എന്നതാണ് ബേക്കൺ തന്നെ രചിച്ച ഏറ്റവും ചൊൽക്കൊണ്ട പഴമൊഴികളിലൊന്ന്!
കേരളത്തിലെ പ്രമുഖ ഫോക് ലോർ വൈജ്ഞാനികനും ഗവേഷകനുമായിരുന്ന ഡോ. എം. വി. വിഷ്ണു നമ്പൂതിരി (1939 - 2019) പഴഞ്ചൊല്ലുകൾ അവ ഉണ്ടായ കാലത്തെ മനുഷ്യരുടെ ആത്മാവും ഹൃദയമിടിപ്പുമാണെന്നു പറഞ്ഞിട്ട് കാലമധികമായില്ല.
"നിത്യോപയോഗംകൊണ്ടു അനുനിമിഷം പുതുക്കൽ‍ പ്രക്രിയക്കു വിധേയമായിക്കൊണ്ടിരിക്കുന്ന പഴഞ്ചൊല്ലുകൾക്ക് എത്ര കാലം പിന്നിട്ടാലും ഒരു പഴക്കവും സംഭവിക്കില്ല. ഈ സംഭാഷണശൈലികളും ആകർഷക വാക്യങ്ങളും നിത്യഹരിതമാണ്," കണ്ണൻ പറയുന്നു.
കണ്ണൻറെ 'മാനിക്കാത്തിടം പോകരുത്' എന്നു തുടങ്ങുന്നതിൻറെ ജനകീയതയും മറ്റൊന്നല്ലല്ലൊ സൂചിപ്പിക്കുന്നത്!
പഴഞ്ചൊൽകൃതി പോസ്റ്റു ചെയ്തു നിമിഷങ്ങൾക്കകം കണ്ണനുവന്ന ആദ്യ കാൾ ആസ്ട്രേലിയയിൽ നിന്നായിരുന്നു. അതുവരെ പരിചയമില്ലാത്തൊരു മലയാളിയുടെ. നമ്പർ തപ്പിയെടുത്തത് ഫേസ് ബുക്കിൽ നിന്ന്.
കണ്ണൻറെ ആലാപനം തന്നെ ഗൃഹാതുരത്വത്തിൻറെ ഏതോ അജ്ഞാത തീരത്തെത്തിച്ചുവെന്നായിരുന്നു ആ ശ്രോതാവിൻറെ ആദ്യ പ്രതികരണം.
തൻറെ ഗ്രാമവും, അവിടെ കണ്ടുമറന്ന മനുഷ്യരും, അമ്മൂമ്മയും, അപ്പൂപ്പനുമെല്ലാം ഒരു മിന്നൽകതിർപോലെ ആ സഹൃദയൻറെ മനസ്സിലേക്ക് ഓടിവന്നെന്ന്. ഓരോ പഴഞ്ചൊല്ലും അദ്ദേഹത്തോടത് പണ്ട് പറഞ്ഞ ഓരോ വ്യക്തിയെയാണത്രെ ഉള്ളിലേക്കാനയിച്ചത്!
പഴഞ്ചൊല്ലുഗാഥ വൈറലായതോടെ കൂടുതൽ കൂടുതൽ അനുവാചകർ കണ്ണനെ നെഞ്ചോടു ചേർത്തുപിടിക്കാൻ തുടങ്ങി. പിന്നെയങ്ങോട്ട് വിളികളോട് വിളികളായിരുന്നു. ഇന്ത്യയിൽനിന്നു മാത്രമല്ല, ലോകത്തിൻറെ പല ഭാഗത്തുനിന്നും! പഴഞ്ചൊല്ലിൻറെ ശരിയായ അർത്ഥ വ്യാഖ്യാനങ്ങൾക്കും, അവയുടെ ശാസ്ത്രീയ വശമറിയാനും, പ്രവർത്തിയിലും വാക്കിലും വാസ്തുവിലും ചെയ്തുപോയ പിശകുകൾക്കുള്ള പരിഹാരമന്വേഷിച്ചും തുടർച്ചയായ അന്വേഷണങ്ങൾ!
'അസമയത്തു വഴിനടക്കരുത്' എന്നാണ് കണ്ണൻറെ കൃതിയിലെ ആറാമത്തെ വരി. എന്തുകൊണ്ട് ഇങ്ങിനെ പറയുന്നു?
"ഇരുട്ടിയതിൽപിന്നെ, തീരെ വൈകിയവേള, ഉചിതമല്ലാത്ത കാലം, അനവസരം എന്നൊക്കെയാണ് അസമയം എന്നതുകൊണ്ടു ഉദ്ദേശിക്കുന്നത്. പകൽ സമയം മുഴുവൻ മാളങ്ങളിൽ ഒളിഞ്ഞിരിക്കുന്ന സകല ഇഴജന്തുക്കളും മൃഗങ്ങളും ഇരതേടി പുറത്തിറങ്ങുന്നത് ഇരുട്ടിയാലാണ്. ഗ്രമങ്ങളിൽ എല്ലാ വഴികളിലും വേണ്ടത്ര പ്രകാശം ഉണ്ടായിരിക്കണമെന്നില്ലല്ലൊ. ഇരുട്ടിൽ പതിയിരിക്കുന്ന ആപത്തുകൾ ഒഴിവാക്കലാണ് ഉദ്ദേശ്യം," കണ്ണൻ വിശദീകരിച്ചു.
വടക്കോട്ട് തലവെച്ചുകിടന്ന് ഉറങ്ങരുതെന്നു പറയുന്നതോ?
"നമ്മുടെ രക്തത്തിൽ ഏകദേശം നാലു ഗ്രാം ഇരുമ്പ് പൊങ്ങിയൊഴുകുന്നുണ്ട്. വടക്കോട്ടു തലവച്ചു ഉറങ്ങുമ്പോൾ, ഭൂമിയുടെ കാന്തിക ആകർഷണം മൂലം, ഇത്രയും ഇരുമ്പ്‌ തലച്ചോറിലേക്കു ധ്രുവീകരിക്കപ്പെടുന്നു. ഒന്നിച്ചു കൂടുന്ന ഈ ഇരുമ്പു പൊടികൾ തലച്ചോറിലെ രക്തവാഹിനി കുഴലുകളിൽ കട്ടപിടിച്ചു കിടന്ന് രക്തസഞ്ചാരം തടസ്സപ്പെടുത്തുന്നു. മനുഷ്യ ശരീരത്തിലെ ഏറ്റവും സൂക്ഷ്‌മമായതാണ് തലച്ചോറിലെ രക്തസിരകൾ. ഈ മൈക്രോസ്കോപിക് ആർട്ടറീസ് അടഞ്ഞാൽ അത് മസ്‌തിഷ്കാഘാതത്തിനുവരെ കാരണമായേക്കാം," ഏറെ ശാസ്‌ത്രീയം, കണ്ണൻറെ വിശദീകരണം!
ഉണ്ണുമ്പോൾ, ഫോണും ടിവിയും ഒഴിവാക്കണമെന്നുകൂടി കണ്ണൻ പാടുമ്പോൾ, ഈ പഴഞ്ചൊല്ലുകാരൻ വെറും പഴഞ്ചനല്ലെന്നുകൂടി നാം തിരിച്ചറിയേണ്ടിയിരിക്കുന്നു!
പഴഞ്ചൊല്ലുകൾ തലമുറകൾ വായ്മൊഴിയാൽ കൈമാറ്റം ചെയ്യപ്പെട്ട പരിജ്ഞാനമായതിനാൽ, അവയിൽ ചിലതിൻറെ അർ‍ത്ഥവിശദീകരണങ്ങൾ യാത്രയിലെവിടയൊവെച്ച് നമുക്കു നഷ്ടമായിട്ടുണ്ട്. തന്മൂലം, ഓരോന്നും ശാസ്ത്രീയ വ്യാഖ്യാനം ചെയ്യാൻ തനിക്കു കഴിഞ്ഞില്ലെന്നു വരാം, പക്ഷെ തൻറെ വ്യക്തിഗത അജ്ഞതയെ പഴഞ്ചൊല്ലിനെ തള്ളിക്കളയാൻ കാരണമാക്കരുതെന്നും കണ്ണൻ അപേക്ഷിക്കുന്നു. പ്രൂവ് ചെയ്തില്ലെങ്കിലും, ഡിസ്പ്രൂവും ചെയ്തില്ലല്ലൊ!
താടിയും മുടിയും നീട്ടിവളർത്തിയ സഹൃദയൻ, ഈ വക ആൺപരിഷ്കാരങ്ങളെക്കുറിച്ചും തൻറെ കൃതിയിൽ പറയുന്നുണ്ട്.
"പണ്ടുള്ള പുരുഷന്മാർ താടിയും മുടിയും നീട്ടിവളർത്തിയിരുന്നു. പിന്നീട് വളരെ കാലത്തേക്കത് പ്രാകൃത രീതിയായിമാറി. അടുത്തകാലംവരെ, പ്രേമനൈരാശ്യം അനുഭവിക്കുന്നവരൊ, പത്നി പിണങ്ങിപ്പോയവരോ, അല്ലെങ്കിൽ പത്നി മരിച്ചവരോ ആയിരുന്നു താടി വളർത്തിയിരുന്നത്. ഇന്ന് മിക്ക ചെറുപ്പക്കാരും താടിയും മുടിയും നീട്ടിവളർത്തുന്നു. കൊള്ളാം, ഇങ്ങിനെയുള്ളവർക്കേ ഇന്നു പെണ്ണുകിട്ടൂ എന്നായിട്ടുണ്ട്!" സദാ ചിരിക്കുന്ന കണ്ണൻ കൂട്ടിച്ചേർത്തു.
തുമ്പപ്പൂ തോട്ടികൊണ്ടു പൊട്ടിക്കേണ്ടിവരുമെന്ന് പഴമക്കാർ പറയുന്നതും അർത്ഥമില്ലാത്ത ചൊല്ലെന്ന് കണ്ണൻ കരുതുന്നില്ല.
ഇതു സംഭവിക്കണമെങ്കിൽ, ഒന്നുകിൽ തുമ്പപ്പൂച്ചെടി ഉയരമുള്ള വംശത്തിൽപ്പെട്ട ഒരു സസ്യമായി രൂപാന്തരം പ്രാപിക്കണം, അല്ലെങ്കിൽ മനുഷ്യൻ വരുംകാലത്ത് തീരെ ഉയരമില്ലാത്ത ഒരു ഹ്രസ്വകായനായിത്തീരണം.
ഇതു രണ്ടും തീരെ സംഭവിക്കാൻ സാധ്യതയില്ലാത്ത വന്യസങ്കൽപ്പങ്ങളാണിന്ന്!
"ഒമ്പതാമത്തെ ഗ്രഹമാണെന്ന് നാമിതുവരെ കരുതിയ പ്ലൂട്ടോ, സൗരയൂഥത്തിലെ ഒരു സമ്പൂർണ്ണ ഗ്രഹമേയല്ലെന്നാണ് നാസ ഇന്ന് പറയുന്നത്! ഇങ്ങിനെ നാം മുന്നെ ചിന്തിച്ചിരുന്നുവോ?"
"ഗ്ലോബൽ വാമിങ് മൂലം ഈ ഭൂവിലെ, മനുഷ്യരുൾപ്പെടെ, സർവ്വ ചരാചരങ്ങളും നശിച്ചുപോകുമെന്നു നാം മുന്നെ ഒരു ദുസ്വപ്നമെങ്കിലും കണ്ടിട്ടുണ്ടോ?"
"പ്ലേഗും, വസൂരിയും, കോഴിപ്പനിയും പോയപ്പോഴെന്തേ കൊറോണ വന്നൂ?"
"തലവിധി, തൈലം തേച്ചാൽ മാറുമോ?"
സർ‍വകലാശാലാ കലോത്സവങ്ങളിലും, സംസ്ഥാനതല മത്സരങ്ങളിലും നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയ ഈ ചേന്ദമംഗലത്തുകാരൻ തിരിച്ചു ചോദിക്കുന്നു!
കണ്ണൻറേതൊരു കലാകുടുംബം. പത്നി സീമാ കണ്ണൻ നോർത്ത് പറവൂരിലുള്ള 'അമൃതവാണി നൃത്തകലാക്ഷേത്രം' എന്ന അവരുടെതന്നെ നൃത്തവിദ്യാലയത്തിലെ പ്രധാന അദ്ധ്യാപികയാണ്.
എറണാകുളം മഹാരാജാസ് കോളേജിൽ അവസാനവർഷം ബികോം ഡിഗ്രിക്കു പഠിക്കുന്ന മകൻ ആകാശ് ആഞ്ജനേയൻ മൃദംഗം കലാകാരനും നാടക നടനുമാണ്. നർത്തകിയായ മകൾ അമൃതവർഷാ സെൻറ് തെരാസസിൽ ഒന്നാം വർഷം ബികോം വിദ്യാർത്ഥിനി.
കണ്ണൻറെ മക്കൾ സംസ്ഥാനതല കലോത്സവങ്ങളിൽ തുടർച്ചയായി അഞ്ചുവർഷം സമ്മാനം നേടിയിട്ടുള്ള 'ആങ്ങളയും പെങ്ങളുമാണ്'!

കോഴിപ്പനി പോയപ്പോൾ കൊറോണ... തലവിധി തൈലം തേച്ചാൽ മാറുമോ? (വിജയ്.സി.എച്ച്)
Join WhatsApp News
2020-08-07 05:35:21
സാമ്പത്തികശാസ്ത്രം, ഭവുതിക ശാസ്ത്രം ഒക്കെ അനുസരിച്ച് ഈ ലോകത്ത് അളക്കാൻ കഴിയാത്തതെല്ലാം അപ്രസക്തമാണെന്ന്‌. ഇക്കണ്ട ലാടവൈദ്യത്തിന്റെയെല്ലാം ഇമ്മ്യൂണിറ്റി ബൂസ്റ്റു ചെയ്യാൻ ഒള്ള കഴിവ് എങ്ങനെയാണാവോ അളക്കുന്നത്? വാൽക്കഷ്ണം: അനുഭവസാക്ഷ്യക്കാർ ഇതിലേ വരണമെന്നില്ല. ധ്യാനത്തിനൊക്കെ പോയി കലപില പറഞ്ഞോരും, കള്ളസാമിമാരെകൊണ്ട് ചുട്ട കോഴിയെ പറപ്പിച്ചോരും, ഉസ്താദിനെക്കൊണ്ടു വെള്ളത്തിൽ തുപ്പിച്ചോരും ഒക്കെ ഇതു തന്നെയാ പറയാറ് - അനുഭവം. വിഡ്ഢിത്തരം ആര്‍ക്കും കാണിക്കാം, അതിന്‍റെ പുറകെ പോകുന്നവര്‍ ആണ് വിഡ്ഢികള്‍ - ചാണക്യന്‍
2020-08-07 12:50:35
*ഹോമിയോപ്പതി - കപടവൈദ്യങ്ങൾ 6️⃣* ആധുനിക ശാസ്ത്രത്തിന്റെ കണ്ണിൽ ഏറ്റവും വിവാദപരമായ അനുപൂരക ചികിത്സാ പദ്ധതി ഹോമിയോപ്പതി തന്നെയാണ്. അടിസ്ഥാന ശാസ്ത്ര തത്വങ്ങളുമായി ചേർന്നു പോകാത്തതായി പലതും ഹോമിയോപ്പതിയുടെ പ്രമാണങ്ങളിലുണ്ടെന്നതാണ് കാരണം. ഹോമിയോപ്പതി വിശദീകരണ യുക്തമാകണമെങ്കിൽ രണ്ടിലൊന്ന്- ശാസ്ത്രതത്വങ്ങളോ ഹോമിയോ പ്രമാണങ്ങളോ – വഴിമാറിയേതീരൂ. https://luca.co.in/homeopathy-pseudoscience/
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക