Image

ഇറ്റലിക്ക് ആശങ്കയായി വീണ്ടും കോവിഡ് വ്യാപനം; വീണ്ടും ലോക്ഡൗണിനു സാധ്യത

Published on 05 August, 2020
ഇറ്റലിക്ക് ആശങ്കയായി വീണ്ടും കോവിഡ് വ്യാപനം;  വീണ്ടും ലോക്ഡൗണിനു സാധ്യത
ഇറ്റലി  ചെറിയൊരു ഇടവേളയ്ക്കുശേഷം ഇറ്റലിയില്‍ പലയിടത്തും വീണ്ടും കൊറോണ വൈറസ് വ്യാപനമുണ്ടാകുന്നത് ആശങ്കപരത്തുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി പുതിയ രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. എന്നാല്‍ ഓഗസ്റ്റ് ആദ്യ ആഴ്ചയില്‍ രോഗം പിടിപെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായാണ് കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 190 പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

ഇതില്‍ 53 ശതമാനവും വടക്കന്‍ ഇറ്റലിയിലെ ലൊംബാര്‍ദി, എമിലിയ റൊമാഞ്ഞ, വെനേറ്റോ റീജിയനുകളില്‍നിന്നുള്ളവരാണ്. രോഗബാധയുടെ ആദ്യഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുണ്ടായതും കൂടുതല്‍ മരണം രേഖപ്പെടുത്തിയതും ഈ മേഖലകളിലായിരുന്നു. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും തീവ്രപരിചരണവിഭാഗത്തിലേയ്ക്ക് മാറ്റപ്പെടുന്നവരുടെ എണ്ണവും കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധിക്കുന്നുണ്ട്.

ഈ സാഹചര്യം തുടര്‍ന്നാല്‍, നിലവില്‍ ഒക്ടോബര്‍ 15 വരെ നീട്ടിയിട്ടുള്ള ആരോഗ്യ അടിയന്തിരാവസ്ഥ ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കുന്നതിനെക്കുറിച്ച്  ആലോചിക്കേണ്ടിവരുമെന്നും വീണ്ടുമൊരു ലോക്ഡൗണ്‍ സാധ്യത തള്ളിക്കളയാനാവില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്. രോഗബാധ തുടരുന്ന സാഹചര്യത്തില്‍ റൊമേനിയ, ബള്‍ഗേറിയ എന്നിവിടങ്ങളില്‍നിന്ന് ഇറ്റലിയിലെത്തുന്നവരെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയാണ്. ബംഗ്ലാദേശ്, ബ്രസീല്‍, ചിലി, പെറു, കുവൈത്ത് തുടങ്ങി ഉയര്‍ന്ന അപകടസാധ്യതയുള്ള 16 രാജ്യങ്ങളില്‍നിന്നുള്ള ജനങ്ങളുടെ വരവും ഇറ്റലി നിരോധിച്ചിട്ടുണ്ട്.

പലയിടത്തും ബീച്ച്-നൈറ്റ് പാര്‍ട്ടികളിലും ഡിസ്‌കോ ബാറുകളിലും സന്ദര്‍ശനം നടത്തുന്നത് പ്രാദേശിക ഭരണകൂടം വിലക്കിയിട്ടുണ്ട്. മാസ്ക് ധരിക്കാത്തവര്‍ക്ക് 1000 യൂറോ വരെയുള്ള കനത്ത പിഴയും ചുമത്തുന്നുണ്ട്. വൈറസ് വ്യാപനം വീണ്ടും ഉണ്ടാകുന്ന സാഹചര്യത്തില്‍, സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെയും മാസ്ക് ധരിക്കേണ്ടതിന്റെയും പ്രാധാന്യം ഏറെയാണെന്ന് ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മത്തെറെല്ല ആവര്‍ത്തിച്ചു വ്യക്തമാക്കി.

വൈറസിനൊപ്പം ജീവിക്കുകയെന്നാല്‍ പൊതു ഇടങ്ങളിലെ പെരുമാറ്റത്തില്‍ അശ്രദ്ധ പുലര്‍ത്തണമെന്നല്ല. മറ്റുള്ളവരെ രോഗികളാക്കാനുള്ള അവകാശമായി ജനങ്ങള്‍ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തരുതെന്നും പ്രസിഡന്റ് പറഞ്ഞു. രണ്ടാമതൊരു അപകടസാധ്യത തള്ളിക്കളയാനാവാത്തതിനാല്‍ വിവേകവും ശ്രദ്ധയും ഇനിയും ആവശ്യമാണെന്ന് ആരോഗ്യമന്ത്രി റോബര്‍ത്തോ സ്‌പെറന്‍സയും മുന്നറിയിപ്പുനല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക