Image

കോവിഡ് വാക്‌സീന്‍ പരീക്ഷണത്തിന് വിധേയയായ മലയാളി നഴ്‌സിന് അഭിനന്ദന പ്രവാഹം

Published on 05 August, 2020
കോവിഡ് വാക്‌സീന്‍ പരീക്ഷണത്തിന് വിധേയയായ മലയാളി നഴ്‌സിന് അഭിനന്ദന പ്രവാഹം
കടുത്തുരുത്തി : ലോകം കാത്തിരിക്കുന്ന കോവിഡ് വാക്‌സീനായുള്ള പരീക്ഷണത്തിന് അബുദാബിയില്‍ തയാറായത് കടുത്തുരുത്തിക്കാരി ആന്റു ജോസഫ് (32). അബുദാബി എല്‍എല്‍എച്ച് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ആയ ആന്റു ,അറുനൂറ്റിമംഗലം വാഴപ്പറമ്പില്‍ ലിബിന്റെ ഭാര്യയാണ്. ഈദ് അവധിക്കിടെ ആദ്യ ബാച്ചില്‍ 109 ആരോഗ്യപ്രവര്‍ത്തകര്‍ പരീക്ഷണത്തിന്റെ ഭാഗമായി വാക്‌സീന്‍ സ്വീകരിച്ചു.

ഈ ബാച്ചിലാണ് ആന്റു ജോസഫും ഉള്‍പ്പെട്ടത്. അബുദാബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററിലൊരുക്കിയ പ്രത്യേക കേന്ദ്രത്തില്‍ പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സീന്‍ നല്‍കിയത്. മൂന്ന് തവണയാണ് കുത്തിവയ്പ്. ഒന്നാം തീയതി ആദ്യ ഘട്ടം കഴിഞ്ഞു. പിന്നീടുള്ള തീയതികള്‍ അറിയിച്ചിട്ടില്ല. 50 ദിവസം അബുദാബിയില്‍ തന്നെ കഴിയണം.

6 മാസത്തേക്ക് നിരീക്ഷണം ഉണ്ടാകും എന്നാണ് അറിയിച്ചിരിക്കുന്നതെന്ന് ആന്റു പറഞ്ഞു. നഴ്‌സായ ഭര്‍ത്താവ് ലിബിനും വീട്ടുകാരും പൂര്‍ണ പിന്തുണ നല്‍കി. പരീക്ഷണത്തിന്റെ മൂന്നാം ഘട്ടമാണിപ്പോള്‍ നടക്കുന്നത്. സിനോഫാം ചൈന നാഷനല്‍ ബയോടെക് ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത വാക്‌സീനാണ് പരീക്ഷണം നടത്തിയത്. കോവിഡ് വ്യാപിച്ച ഘട്ടത്തില്‍ ഫീവര്‍ ക്ലിനിക്കില്‍ സേവനം അനുഷ്ഠിച്ചിരുന്ന ആന്റു കോവിഡ് പോസിറ്റീവ് ആയ ഒട്ടേറെപ്പേരെ പരിചരിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക