Image

വിസിറ്റ് വിസയുള്ള ഇന്ത്യക്കാര്‍ക്ക് യുഎഇയിലേക്ക് പോകാന്‍ കഴിയില്ല: ഇന്ത്യന്‍ അംബാസഡര്‍

Published on 04 August, 2020
 വിസിറ്റ് വിസയുള്ള ഇന്ത്യക്കാര്‍ക്ക് യുഎഇയിലേക്ക് പോകാന്‍ കഴിയില്ല: ഇന്ത്യന്‍ അംബാസഡര്‍


ദുബായ്: യാത്രാ നിബന്ധന സംബന്ധിച്ച് വ്യക്തത ഉണ്ടാകുന്നതുവരെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് സന്ദര്‍ശന വീസയില്‍ യുഎഇയിലേക്ക് പോകാന്‍ അനുവാദമില്ലെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ .

സന്ദര്‍ശക വീസ യുഎഇ ഇപ്പോള്‍ അനുവദിക്കുന്നുണ്ടോ ഇല്ലയോ എന്ന് വ്യക്തമല്ല. അതിനെക്കുറിച്ച് വ്യക്തതയ്ക്കായി കാത്തിരിക്കുകയാണ്. സന്ദര്‍ശന വീസകളില്‍ യാത്ര ചെയ്യാന്‍ ആളുകളെ അനുവദിക്കണമോ എന്ന് ഇന്ത്യന്‍ സര്‍ക്കാരും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പവന്‍ കപൂര്‍ പറഞ്ഞു.

ജൂലൈ 29 മുതല്‍ ഇന്ത്യയുള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങളിലേക്ക് ദുബായ്, വിസിറ്റിംഗ് വീസ നല്‍കാന്‍ ആരംഭിച്ചതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ട്രാവല്‍ ഏജന്റുമാരും അമേര്‍ സെന്ററും സന്ദര്‍ശന വീസകള്‍ നല്‍കുമ്പോള്‍ നിരവധി നിയന്ത്രണങ്ങള്‍ നീക്കിയതായും സ്ഥിരീകരിച്ചു.

വാണിജ്യ വിമാനങ്ങളുടെ സര്‍വീസ് ഇപ്പോഴും ഇന്ത്യയില്‍ നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ സന്ദര്‍ശന വീസ ഉടമകള്‍ യുഎഇയിലേക്ക് എങ്ങനെ പോകുമെന്ന് വ്യക്തമല്ല. യുഎഇയില്‍ നിന്നുള്ള വന്ദേ ഭാരത് മിഷന്‍ വിമാനങ്ങള്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും നടത്തുന്നത് സാധുവായ യുഎഇ റസിഡന്‍സ് വീസയുള്ള ആളുകള്‍ക്കു മാത്രമാണ്.

ദുബായ് വിസിറ്റിംഗ് വീസ നല്‍കുന്നതിനാല്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ അനുവദിക്കണമെന്ന് എംബസി ഇന്ത്യന്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ടെന്നും പവന്‍ കപൂര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക