Image

ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗതറി' ല്‍ ഓഗസ്റ്റ് നാലിന് ഇരട്ട സഹോദരങ്ങളുടെ മാസ്മരിക പ്രകടനം

Published on 04 August, 2020
ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗതറി' ല്‍ ഓഗസ്റ്റ് നാലിന് ഇരട്ട സഹോദരങ്ങളുടെ മാസ്മരിക പ്രകടനം



ലണ്ടന്‍: യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ ''ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗതറി' ല്‍ ഓഗസ്റ്റ് നാലിന് (ചൊവ്വ) വൈകുന്നേരം 5 ന് (ഇന്ത്യന്‍ സമയം രാത്രി 9.30) ആസ്വാദകര്‍ക്ക് മുന്നിലെത്തുന്നത് ആറ് അതുല്യ പ്രതിഭകളാണ്. എര്‍ഡിംഗ്ടണില്‍ നിന്നുള്ള സഹോദരങ്ങളായ ബര്‍ണാര്‍ഡ് ബിജു, ബനഡിക്ട് ബിജു എന്നിവരും സാന്‍സിയ സാജു, മറീന ബിജു, ബര്‍മിംഗ്ഹാമില്‍ നിന്നുള്ള മറ്റൊരു സഹോദരങ്ങളായ ആകാഷ് സെബാസ്റ്റ്യനും ആഷിഷ് സെബാസ്റ്റ്യനുമാണ്.

പിതാവ് ബിജു കൊച്ചുതെള്ളിയിലിന്റെ സംഗീത പാരമ്പര്യം പിന്തുടരുന്ന ബര്‍ണാര്‍ഡും ബനഡിക്ടും നന്നേ ചെറുപ്പം മുതല്‍ സംഗീത പരിശീലനം ആരംഭിച്ചു. വളരെ നന്നായി കീബോര്‍ഡ് വായിക്കുന്ന ബര്‍ണാര്‍ഡ് ഒരു പ്രഫഷണല്‍ സൗണ്ട് എന്‍ജിനിയറെ പോലും അതിശയിപ്പിക്കുന്ന തരത്തില്‍ ശബ്ദ നിയന്ത്രണവും ശബ്ദ മിശ്രണവും കൂടി കൈകാര്യം ചെയ്യുന്ന മിടുക്കനാണ്. ബിഷപ്പ് വാല്‍ഷ് കാത്തലിക് സ്‌കൂളില്‍ ഇയര്‍ 11 വിദ്യാര്‍ഥിയായ ഈ പതിനാറുകാരന്‍ ഇതിനോടകം നിരവധി വേദികളില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ചര്‍ച്ച് കൊയറിലെ സജീവാംഗം കൂടിയാണ് ബര്‍ണാര്‍ഡ്.

ഡ്രംസിലും റിഥം പാഡിലും തന്റെ പ്രതിഭ പ്രകടിപ്പിക്കുന്ന ബനഡിക്ട് , ബര്‍ണാര്‍ഡിന്റെ ഇളയ സഹോദരനാണ്. ബിഷപ്പ് വാല്‍ഷ് കാത്തലിക് സ്‌കൂളില്‍ ഇയര്‍ 10 വിദ്യാര്‍ഥിയാണ് ഈ പതിനഞ്ചുകാരന്‍ . ചര്‍ച്ച് കൊയറിലെ സജീവാംഗമായ ബനഡിക്ട് നിരവധി വേദികളില്‍ ഇതിനോടകം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

സട്ടന്‍ കോള്‍ഡ്ഫീല്‍ഡ് ഗ്രാമര്‍ സ്‌കൂള്‍ ഫോര്‍ ഗേള്‍സിലെ ഇയര്‍ 8 വിദ്യാര്‍ഥിനിയായ സാന്‍സിയ വളരെ ചെറിയ പ്രായം മുതല്‍ സംഗീത പരിശീലനം ആരംഭിച്ചു. കര്‍ണാട്ടിക് മ്യൂസിക്, നൃത്തം എന്നിവയില്‍ പരിശീലനം നേടുന്ന ഈ പതിനാലുകാരി ഗായിക, എര്‍ഡിംഗ്ടണ്‍ മലയാളി അസോസിയേഷന്റെ പരിപാടികളിലും യുക്മ കലാമേള, MJSSA കലാമേള തുടങ്ങി നിരവധി വേദികളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരു നര്‍ത്തകി കൂടിയായ സാന്‍ഷിയ ഹെവന്‍ലി വോയ്‌സ് യുകെ ടീം അംഗമാണ്.

സെന്റ് എഡ്മണ്‍ഡ് കാംപിയന്‍ സ്‌കൂളില്‍ ഇയര്‍ 7 വിദ്യാര്‍ഥിനിയായ മറീന ഒരു നല്ല ഗായികയാണ്. യുകെകെസിഎ കലാമേളയില്‍ സമ്മാനാര്‍ഹയായ ഈ പന്ത്രണ്ടുകാരി എര്‍ഡിംഗ്ടണ്‍ മലയാളി അസോസിയേഷന്റെ ഉള്‍പ്പടെ നിരവധി വേദികളില്‍ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്.

കിംഗ് എഡ്വാര്‍ഡ്‌സ് ആസ്റ്റണ്‍ ഗ്രാമര്‍ സ്‌കൂള്‍ ഇയര്‍ 9 വിദ്യാര്‍ഥിയായ ആകാഷ് വളരെ ചെറിയ പ്രായം മുതല്‍ കീബോര്‍ഡില്‍ പരിശീലനം നേടി വരുന്നു. ബൈബിള്‍ കലോത്സവം, സ്വന്തം അസോസിയേഷനായ BCMC യുടെ ഉള്‍പ്പെടെ നിരവധി വേദികളില്‍ പങ്കെടുത്തിട്ടുള്ള ഈ പതിനാലുകാരന്‍ ചര്‍ച്ച് കൊയറിലും സജീവാംഗമാണ്.

കിംഗ് എഡ്വാര്‍ഡ്‌സ് ആസ്റ്റണ്‍ ഗ്രാമര്‍ സ്‌കൂള്‍ ഇയര്‍ 8 വിദ്യാര്‍ഥിയായ ആഷിഷ് ആകാഷിന്റെ ഇളയ സഹോദരനാണ്. ചേട്ടനെപോലെ കീബോര്‍ഡില്‍ തല്പരനായ ആഷിഷ് BCMC പ്രോഗ്രാംസ്, ബൈബിള്‍ കലോത്സവം ഉള്‍പ്പടെ നിരവധി വേദികളില്‍ പങ്കെടുത്തിട്ടുണ്ട്. ചര്‍ച്ച് കൊയറിലും സജീവാംഗമാണ്. യുകെ യിലെ അറിയപ്പെടുന്ന ഗായകനും മ്യുസീഷ്യനുമായ ബിജു കൊച്ചുതെള്ളിയിലിന്റെ ശിഷ്യരാണ് ആകാഷും ആഷിഷും.

കോവിഡ് രോഗബാധിതര്‍ക്കു വേണ്ടി സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച് കരുതലിന്റെ സ്‌നേഹസ്പര്‍ശമായി, വിശ്രമരഹിതരായി യുകെയിലെ എന്‍ എച്ച് എസ് ഹോസ്പിറ്റലുകളിലും കെയര്‍ഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ ആരോഗ്യ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.

എട്ടു വയസു മുതല്‍ 21 വയസുവരെ പ്രായമുള്ള യുകെയിലെ വൈവിധ്യമാര്‍ന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്നില്‍ വ്യത്യസ്തമായ സംഗീതോപകരണങ്ങളില്‍ കലാവിരുത് പ്രകടിപ്പിക്കുവാന്‍ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകര്‍ഷണം.

യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി സി.എ. ജോസഫ് ദേശീയ കോഓര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജയ്സണ്‍ ജോര്‍ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

വിവരങ്ങള്‍ക്ക്: സി.എ. ജോസഫ് 07846747602 , കുര്യന്‍ ജോര്‍ജ് 07877348602.

റിപ്പോര്‍ട്ട്: കുര്യന്‍ ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക