Image

ഖത്തറില്‍ സ്കൂളുകള്‍ സെപ്റ്റംബറില്‍ തുറക്കും

Published on 04 August, 2020
ഖത്തറില്‍ സ്കൂളുകള്‍ സെപ്റ്റംബറില്‍ തുറക്കും
ദോഹ: മെട്രോ ഉള്‍പ്പെടെയുള്ള പൊതു ഗതാഗത സൗകര്യങ്ങള്‍ പുനരാരംഭിച്ചിട്ടില്ല എന്നതൊഴിച്ചാല്‍ മറ്റ് മേഖലകളെല്ലാം സാധാരണ നിലയിലേക്ക് എത്തി കഴിഞ്ഞു. കോവിഡ്-19 നിയന്ത്രണങ്ങളിലെ മൂന്നാം ഘട്ട ഇളവുകള്‍ ആരംഭിച്ചതോടെയാണ് രാജ്യം വീണ്ടും തിരക്കിലേക്ക് പ്രവേശിച്ചത്. സെപ്റ്റംബര്‍ ഒന്നു മുതല്‍ സ്കൂളുകളും തുറക്കും. നിയന്ത്രണങ്ങളിലെ ഇളവ് പിന്‍വലിക്കുന്നതിന്റെ അവസാനത്തെയും നാലാമത്തെയും ഘട്ടം സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുന്നതോടെ സമസ്ത മേഖലകളും 100 ശതമാനം പ്രവര്‍ത്തനസജ്ജമാകും. കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുകയും ചെയ്യാം.

വൈകുന്നേരങ്ങളില്‍ കൂടുതല്‍ പേരും വീടിന് പുറത്ത് സമയം ചെലവഴിക്കാന്‍ തുടങ്ങിയതോടെ  നിരത്തുകളില്‍ വാഹനങ്ങളുടേയും പാര്‍ക്കുകളിലും ബീച്ചുകളിലും സന്ദര്‍ശകരുടേയും തിരക്കേറി തുടങ്ങി. റസ്റ്ററന്റുകളില്‍ 50 ശതമാനം ശേഷിയില്‍ ഡൈനിങ് അനുവദിച്ചതോടെ ഭക്ഷണപ്രേമികളും വ്യത്യസ്ത രുചി തേടിയുള്ള യാത്രയിലാണ്. ബ്യൂട്ടി, ബാര്‍ബര്‍ സെന്ററുകളിലും തിരക്ക് വര്‍ധിച്ചു. സൂഖുകളിലും ഷോപ്പിങ് മാളുകളിലും വില്‍പന കേന്ദ്രങ്ങള്‍ ഉണര്‍ന്നു തുടങ്ങി. കലാസ്വാദകര്‍ക്കായി ഖത്തര്‍ മ്യൂസിയത്തിന്റെ കീഴിലെ മ്യൂസിയങ്ങളില്‍ കലാ പ്രദര്‍ശനങ്ങളും തുടങ്ങി.

ദോഹ മെട്രോ, കര്‍വ ബസ് തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങള്‍ മാത്രമാണ് ഇനിയും പുനരാരംഭിക്കാത്തത്. ദോഹ മെട്രോയുടെ അഭാവം പ്രവാസികളുടെ ഓഫിസ്, വാരാന്ത്യ യാത്രകളെ സാരമായി ബാധിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ ഒന്നു മുതല്‍ ദോഹ മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സൗകര്യങ്ങള്‍ ഭാഗികമായി പുനരാരംഭിക്കുമെന്നാണ് അധികൃതരുടെ പ്രഖ്യാപനം. കോവിഡ് മുന്‍കരുതല്‍ പാലിച്ചു കൊണ്ടായിരിക്കും മെട്രോ, ബസ് യാത്രകളും ആരംഭിക്കുക.

കോവിഡ്-19 പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്ത ഒട്ടുമിക്കവരും യാത്ര വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തി തുടങ്ങി. ഖത്തര്‍ സാധാരണ നിലയിലേക്ക് എത്തിയതും പുതിയ തൊഴിലവസരങ്ങളുമെല്ലാമാണ് പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്ക ചിന്തകളുടെ വഴിമാറ്റിയത്. സ്വകാര്യ മേഖലയില്‍ കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ട ഖത്തര്‍ ഐഡിയുള്ള വിദഗ്ധ പ്രവാസി തൊഴിലാളികള്‍ക്ക് പുത്തന്‍ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്തു കൊണ്ട്  ഖത്തര്‍ ചേംബറും തൊഴില്‍ മന്ത്രാലയവും ചേര്‍ന്ന് റീ-എംപ്ലോയ്മെന്റ് പോര്‍ട്ടല്‍ ആരംഭിച്ചതോടെ ജോലി നഷ്ടമായ പ്രവാസികളുടെ പ്രതീക്ഷകള്‍ക്ക് ചിറകു മുളച്ചു തുടങ്ങി. ജോലിയില്ലാതെ നാട്ടിലേക്ക് മടങ്ങിയാല്‍ നിലവിലെ സാമ്പത്തിക ബാധ്യതകള്‍ എങ്ങനെ തീര്‍ക്കുമെന്നറിയാതെ ആശങ്കയോടെ കഴിയുന്ന പ്രവാസികള്‍ക്കുള്ള അവസാന പ്രതീക്ഷയാണ് സര്‍ക്കാര്‍ പോര്‍ട്ടല്‍.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക