Image

അപ്പച്ചി ചരിതം ( കഥ : രമണി അമ്മാൾ )

Published on 04 August, 2020
അപ്പച്ചി ചരിതം ( കഥ : രമണി അമ്മാൾ )
ആ നാട്ടുകാർക്കെല്ലാം അവർ "അപ്പച്ചി" ആയിരുന്നു.
കൊച്ചുകുട്ടികൾ മുതൽ പ്രായമായവർക്കു വരെ. 
അപ്പച്ചിയെ അറിയാത്തവരായി
ആ നാട്ടിൽ ആരുമുണ്ടായിരുന്നില്ല.
ഉച്ചത്തിൽ മുഴക്കമുളള അവരുടെ സൗമ്യമായ സംസാരം കേൾക്കാത്തവരും.

അപ്പച്ചി, മുക്കിനോട്ടി- റങ്ങിയിട്ടുണ്ടെന്നറിയാം, വഴിയിൽക്കാണുന്ന പട്ടിയോടും  പൂച്ചയോടും വരെ ഉച്ചത്തിൽ എന്തെങ്കിലുമൊക്കെ മിണ്ടീം പറഞ്ഞുംകൊണ്ടുളള ഒച്ച കേൾക്കുമ്പോൾ.. .

അപരിചിതരാണെങ്കിൽക്കൂടി
തടഞ്ഞു നിർത്തി അവരോടും 
കുശലം, എന്താ, ഏതാ,, എവിടുന്നാ...എങ്ങോട്ടാ..., 
"കാണുന്നവരോടെല്ലാമെന്തിനായിങ്ങനെ? 
മക്കൾ കുറ്റപ്പടുത്യും.
"ജീവൻ ശരീരത്തിൽ നിലനില്ക്കുന്ന കാലത്തേ ചിരിയുളളു "
മനസ്സു തുറന്നുകാട്ടുന്ന ചിരി..
അപ്പച്ചിക്കുമാത്രമുളള പ്രത്യേകത. 
..
നല്ല വെടിപ്പുളള
കളളിമുണ്ടും, മാറുമറയും പാകത്തിലൊരീരേഴൻ തോർത്തു ദാവണികണക്കെ ചുറ്റി, സഞ്ചിനിറയെ സാധനങ്ങളും വാങ്ങി തിരിച്ചു വീട്ടിലേക്കു നടക്കുമ്പോഴാണ് 
കുശലം പറച്ചിൽ കൂടുതൽ..
വീട്ടു വിശേഷങ്ങളും, നാട്ടുവർത്തമാനങ്ങളും പങ്കിട്ടുകൊണ്ട്.

വഴിയരികിൽ അപ്പച്ചിയെ കാണാൻ, വീടിനു വെളിയിലിറങ്ങിവന്നു
നിൽക്കുന്നവരുമുണ്ടാവും..

അപ്പച്ചിക്ക് രണ്ടു പെൺ
മക്കളുണ്ട്..
അവരെ രണ്ടു പേരേയും  കടയിലേക്കെന്നല്ല,
ഒരിടത്തേക്കും തനിച്ചുവിടില്ല.
വെയിലും മഴയും കൊളളിക്കാതെ കുഞ്ഞുങ്ങളെ ചിറകിനടിയിലൊതുക്കി വളർത്തുന്ന അമ്മക്കിളി..

പഠിക്കാൻ പോകുന്ന മക്കൾ തിരികെ വരാറാവുമ്പോഴേക്കും
അവരു വരുന്ന വഴിയുടെ പാതി ദൂരം വരെ അപ്പച്ചിയെത്തിയിരിക്കും.
വൈകുന്നേരങ്ങളിൽ,
ജോലിയും കൂലിയുമൊക്കെ കഴിഞ്ഞ് കടത്തിണ്ണകളിലും മറ്റും കുത്തിയിരിക്കുന്ന
ചില വായിനോക്കികളുടെ
ദൃഷ്ടിദോഷം 
മക്കളിലേശാതിരിക്കാൻ.

പഴയ ഏഴാം ക്ളാസുകാരിയാണത്രേ അപ്പച്ചി. .
ഏതു വിഷയത്തെക്കുറിച്ചും ആധികാരിതയോടെ പൊടിപ്പും തൊങ്ങലുകളുമൊക്കെ ചേർത്ത് സംസാരിക്കും.. 
അമേരിക്കൻ പ്രസിഡന്റായിരുന്ന
ബിൽക്ളിന്റനേക്കുറിച്ചൊക്കെ പറയുന്നതൊന്നു കേൾക്കണം...!

ഭർത്താവ്, മരിച്ചുപോയെന്നും,
അല്ല, ഇട്ടേച്ചു പോയതാണെന്നും,  എവിടെയോ ജീവിച്ചിരിപ്പുണ്ടെന്നുമൊക്കെആരോ പറയുന്നതു കേട്ടിട്ടുണ്ട്. നിജസ്ഥിതി അപ്പച്ചിക്കേ അറിയൂ... 

പത്തിരുപത്തഞ്ചോളം കൂടുംബങ്ങളുണ്ട്. 
ചുറ്റുപാടും..
ഏതോ തോട്ടം മുതലാളി തന്റെ മുന്നൂറേക്കർ റബ്ബർ തോട്ടം പ്ളോട്ടുകളായി തിരിച്ചു  കച്ചവടം നടത്തി, അങ്ങു മുണ്ടക്കയത്തെവിടെയോ യാണിപ്പോൾ...
അദ്ദേഹത്തിന്റെ എട്ടുകെട്ടുമാതൃകയിലുളള വലിയ ബംഗ്ലാളാവ് ഒരു പുത്തൻ പണക്കാരനാണു വാങ്ങിയത്.
മുന്നൂറേക്കറിൽ ഒരു പത്തുസെന്റു മാത്രമാണ് അപ്പച്ചിക്കുളളത്..
അതിൽ ഒരോടിട്ട കൊച്ചു വീടും. 
കൂടപ്പിറപ്പന്ന സഹോദരന്റെ
കാരുണ്യത്താൽ..

അപ്പച്ചിയുടെ വീടിന്റെ മൂന്നിൽക്കൂടി നല്ല വീതിയുളള മൺറോഡാണ്.
ഇടത്തോട്ടു തിരിഞ്ഞു നടന്നാൽ നാലുംകൂടിയമുക്ക്..
വലത്തോട്ടു കുറച്ചങ്ങു പോയാൽ സർക്കാർ വക തേക്കു കൂപ്പ്...

അമ്പലവും, പളളികളും പളളിക്കൂടവും, 
ചൊവ്വയും വെളളിയും മാത്രം ഉണരുന്ന ചെറിയൊരു ചന്തയുമൊക്കെ
അവിടെയുണ്ട്...
അത്യാവശ്യം ജീവിക്കാൻ വേണ്ടതെല്ലാം കയ്യെത്തും ദൂരത്ത്..
അഞ്ചുകിലോമീറ്ററു
കൾക്കപ്പുറത്താണു ടൗൺ.
രാവിലെ എട്ടരയ്ക്കു മുക്കിൽനിന്ന്
'യേശുദേവൻ'  എന്ന പ്രൈവറ്റ് ബസ്സ് പുറപ്പെടും
ടൗണിലേക്ക്..
ഒരു ദിവസം,  അങ്ങോട്ടുമിങ്ങോട്ടുംകൂടി ആറു ട്രിപ്പ്.
അതിനനുസരിച്ചു സമയം ക്ളിപ്ത്തപ്പെടുത്തിവേണം യാത്ര....
പഠിക്കാൻ പോകുന്ന കുട്ടികളും അല്ലാത്തവരും..
ബസ്സങ്ങു വിട്ടു പോയിക്കഴിഞ്ഞാൽ നടപ്പേ ശരണം.. 
റബ്ബർ ഷീറ്റുകളുംമറ്റുമായി പോകുന്ന ജീപ്പുകൾ  സ്ഥലമുണ്ടെങ്കിൽ
ആളുകളേയും കയറ്റും..

അല്ലലും അലച്ചിലുമൊക്കെയു
ണ്ടെങ്കിലും 
മദ്ധ്യവയസ്സിലും അപ്പച്ചിയുടെ
തരക്കേടില്ലാത്ത സൗന്ദര്യം അതേപടി തന്നെ. അരോഗദൃഢഗാത്രയാണ്.
ഒളിഞ്ഞും തെളിഞ്ഞും കർണ്ണപുടങ്ങളിൽ വന്നു പതിയുന്ന
വശീകരണ സൂക്തങ്ങളും മന്ത്രങ്ങളും..
കേട്ടില്ലെന്നും, കണ്ടില്ലെന്നും നടിക്കും, അവഗണിക്കും.. 
അക്കാര്യത്തിൽ ചെറുപ്പക്കാരും തൈക്കിളവന്മാരും ഒരുപോലെയായിരുന്നു. ആരും ഒന്നുകൂടി 
നോക്കിപ്പോകുന്ന ഉടയാത്ത ശരീരവടിവുകൾ അവരുടെയൊക്കെ ഉറക്കം കെടുത്തിയിട്ടുണ്ടാവാം.

അടുത്തു താമസിക്കുന്ന ഒരച്ചായൻ,  ഒളിയമ്പുകളും
തെളിയമ്പുകളും  നിരന്തരം എയ്തുകൊണ്ടിരുന്ന കാര്യം ഒരുനാൾ 
പരസ്യമാക്കേണ്ടിവന്നു...
അംഗവിക്ഷേപങ്ങളും തുളച്ചുകയറുന്ന നോട്ടങ്ങളും 
മറികടന്ന്
വാഴയുടെ മറവിൽ വന്നുനിന്ന് അശ്ളീലം പ്രദർശിപ്പിക്കലിൽ വരെയെത്തി.
അദ്ധേഹത്തിന്റെ വീടുമായിട്ട് അങ്ങേയറ്റം സൗഹൃദം പുലർത്തിയിരുന്നതുകൊണ്ട്
പ്രത്യക്ഷമായി കമാന്നു പ്രതികരിക്കാൻ കഴിയാത്ത ധർമ്മസങ്കടവും.
സഹനത്തിന്റെ നെല്ലിപ്പലകയിളകിയപ്പോൾ
അയാളുടെ ഭാര്യയും മക്കളുമൊക്കെ അറിയുന്നിടത്തു
കാര്യങ്ങളെത്തി.
" ആ പെണ്ണുമ്പിളളയ്ക്ക് ആണുങ്ങളെ കാണാഞ്ഞുളള സൂക്കേടാ"  
അയാൾ നല്ലപിളള ചമയാൻ നോക്കി..അതോടെ അയാളുടെ കഴപ്പു തീർന്നു.

"പട്ടിണി കിടന്നാലും ആരുടേയും വീടുവേലചെയ്യാൻ പോവില്ല "
ദൃഢനിശ്ചയം.. 
ഇട്ടാവട്ട പത്തുസെന്റിൽ ആഞ്ഞു കിളച്ചു. 
സാധാരണ പച്ചക്കറികളെല്ലാം
സമൃദ്ധമായി വിളയിച്ചു.  
"അപ്പച്ചിയുടെ പച്ചക്കറികൃഷിയുടെ ചന്തവും രുചിയും ഒന്നു വേറെതന്നെ" 
വാങ്ങുന്നവർക്കു സംതൃപ്തി.

"സ്നേഹത്തോടെ ഞാനവയെ പരിപാലിക്കും..
അതിനുളള നന്ദിയായിരിക്കും
അവരെന്നോടു കാട്ടുന്നത്.."
അപ്പച്ചി പറയും,
 
"മരങ്ങൾക്കും ചെടികൾക്കുമെല്ലാം ജീവനുണ്ട്...
നിന്നനിൽപ്പിൽനിന്നനങ്ങാൻ
പറ്റുന്നില്ലേലും അവരു നമ്മളെ അറിയും, ചുറ്റുവട്ടമറിയും..
പ്രതികരിക്കുകയും ചെയ്യും..

"ഒറ്റയ്ക്കിങ്ങനെ പാടുപെടാതെ മക്കളെക്കൊണ്ടുകൂടി വല്ലതുമൊക്കെ ചെയ്യിച്ചൂടെ, അപ്പച്ചീ " 
ആരെങ്കിലും ചോദിച്ചാൽ,
." ഞാനോ കഷ്ടപ്പെടുന്നു. 
അവരേക്കൊണ്ടുകൂടിയെന്തിനാ?"
ആയാസമുളള ഒരു പണിയും മക്കളെക്കൊണ്ടു ആ അമ്മ  ചെയ്യിക്കില്ലായിരുന്നു.

പറമ്പിലെ വരുമാനംകൊണ്ടു മാത്രം  ചിലവുകുൾ  കൂട്ടിമുട്ടിക്കാൻ 
ബുദ്ധിമുട്ടായിത്തുടങ്ങിയപ്പോഴാണ് മക്കളറിയാതെ റോഡുപണിക്കു മെറ്റലടിക്കാൻ പോയത്.

."നിന്റമ്മ പാറമടേൽ പണിക്കുപോകുന്നുണ്ടല്ലേ..?എന്റമ്മ പറഞ്ഞു" ഇളയമോളോടു കൂട്ടുകാരി
ചോദിച്ചപ്പോൾ
അവൾക്കു  നാണക്കേടല്ല തോന്നിയത്..
അമ്മയുടെ കഷ്ടപ്പാടോർത്തുളള വിഷമമായിരുന്നു...
അന്നു രാത്രിയിൽ, ഉറക്കത്തിൽ തന്റെ വലത്തെ    തഴമ്പുവീണ് തടിച്ചു ചുവന്ന കൈവെളളയിൽ മോളുടെ തഴുകൽ ആ അമ്മ അനുഭവിച്ചുകാണണം..

അടുത്ത വീടുകളിൽ വല്ല വിരുന്നൊരുക്കമോ വിശേഷങ്ങളോ ഉണ്ടെങ്കിൽ അപ്പച്ചിക്കാണു  കറികൾ ഉണ്ടാക്കുന്നതിന്റെ മേൽനോട്ടം..
നല്ല കൈപ്പുണ്യമുളള കയ്യാണുപോലും.
അപ്പച്ചിയുടെ തീയൽ നാടെങ്ങും വാഴ്ത്തുന്ന കറിയായിരുന്നു.

രണ്ടു മക്കളേയും  പഠിപ്പിച്ചു,
സമയാസമയങ്ങളിൽ  കല്യാണവും കഴിപ്പിച്ചയച്ചു .
നല്ല മരുമക്കളേയും കിട്ടി. 

ഭർത്താവുമൊത്ത് 
വിദേശത്തായിരുന്ന
ഞാൻ നാട്ടിൽ വന്നത് ആയിടയ്ക്കാണ്.

അപ്പച്ചിയുടെ വീടിന്റെ സ്ഥാനം ഒരു മണിസൗധം കയ്യടക്കിയിരിക്കുന്നു..

ഒരു നിമിഷം കാലുകൾ അവിടൊന്നു തറഞ്ഞു നിന്നുപോയി.
"മക്കളു വരുന്ന വഴിയാണോ?"
എന്ന് അപ്പച്ചി ചോദിക്കുന്നതു  പോലെ.

രണ്ടു മക്കളും
പലതവണ നിർബന്ധിച്ചു,  അവരുടെയാരുടെയെങ്കിലും കൂടെച്ചെന്നു താമസിക്കാൻ..
"സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം..."

അപ്പച്ചിയുടെ ഫിലോസഫി...

ദിവസവും പല വട്ടം വിളിച്ചു ക്ഷേമമന്വേഷിക്കുന്ന മക്കൾക്ക്,
ഒരു ദിവസം രാവിലെ അമ്മയെ  വിളിച്ചപ്പോൾ ഫോൺ   അടിക്കുന്നതല്ലാതെ മറുതലയ്ക്കൽ പ്രതികരണമൊന്നുമില്ലാതി
രുന്നപ്പോൾ  വേവലാതിയായി..
മൊബൈൽ അടുത്തുനിന്നൊരു സമയംപോലും  മാറ്റിവയ്ക്കാത്ത അമ്മയ്ക്കിതെന്തുപറ്റി..
അടുത്ത വീട്ടിലേക്കു വിളിച്ചു.. പോയിനോക്കാൻ.. 
വാതിൽ ചേർത്തടച്ചിട്ടേയുണ്ടായിരുന്നുളളു.
കട്ടിലിൽ നീണ്ടുനിവർന്നു കണ്ണടച്ചുു കിടക്കുന്ന അപ്പച്ചി.. കൈകൾ രണ്ടും മാറത്ത് ചേർത്തണച്ച്. ഉറങ്ങുന്നതുപോലെ....
ശരീരം തണുത്തിരുന്നു.
ഉറക്കത്തിലുളള  സ്വച്ഛമായ മരണം.സംഭവിച്ചു കഴിഞ്ഞിരുന്നു..

"അപ്പച്ചിക്കു തീരെ സുഖമില്ല. കിടക്കുന്നു. ..നിങ്ങൾ വരികയല്ലേ"

ആർക്കും ഭാരമാവാതെ, ആരേയും ബുദ്ധിമുട്ടിക്കാതെ
അപ്പച്ചി പോയി...
പറയത്തക്ക ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന്..
തലേന്നും എന്തോ ആവശ്യത്തിനു മുക്കിനു പോയിട്ടുണ്ടായിരുന്നെന്ന്.

കർമ്മങ്ങളെല്ലാം കഴിഞ്ഞ് ശോകമൂകമായ അന്തരിക്ഷം.

അപ്പച്ചിയുടെ കട്ടിലിന്റെ തലയ്ക്കലിരുന്ന ഒരു പഴയ നോട്ടുബുക്ക് മൂത്തമോൾ  വെറുതേയെടുത്തു മറിച്ചു.
വരിതെറ്റാതെ നിരനിരയായി എഴുതിയ കണക്കുകൾ.. അപ്പച്ചിക്കു
കിട്ടാനുള്ളതും,  കൊടുക്കാനുളളതുമായ
കണക്കുകൾ..
അടിയിലൊരു കുറിപ്പു വട്ടമിട്ടു വരച്ചിരുന്നു.." എന്റെ വിരലിലുണ്ടായിരുന്ന അരപ്പവന്റെ മോതിരം നമ്മുടെ  രാജമ്മയ്ക്കു കൊടുത്തു. മൂത്തപെങ്കൊച്ചിന്റെ പ്രസവാവശ്യങ്ങൾക്ക് കാൽക്കാശു കയ്യിലില്ലെന്നു പറഞ്ഞപ്പോൾ ഊരിക്കൊടുത്തതാ..പാവം."

അധികമകലയല്ലാതെ താമസിക്കുന്ന
മകളുടെ അടുത്തേക്കു പോയിരുന്ന രാജമ്മ അപ്പച്ചിയുടെ മരണവിവരമറിഞ്ഞ് ആർത്തലച്ചു വന്നു...
"കാശിന്റെ ബുദ്ധിമുട്ടു പറഞ്ഞപ്പോൾ അപ്പച്ചീടെ
കയ്യിൽ കിടന്ന മോതിരം എനിക്കൂരിത്തന്നാരുന്നേ...".

ഓരോരുത്തർക്കുമുണ്ട്  അപ്പച്ചിയേക്കുറിച്ച് ഓരോന്നു പറയാൻ...
ഇവിടെ
ഒരദ്ധ്യായമേ പൂർണ്ണമാകുന്നുളളു....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക