Image

ഇരുണ്ട നീല കടുവ (കഥ: സജികുമാര്‍ വി.എസ്)

Published on 03 August, 2020
ഇരുണ്ട നീല കടുവ (കഥ: സജികുമാര്‍ വി.എസ്)
(The Dark Blue Tiger)
Chapter : 01

തിങ്കൾ
 
ബോട്ടണിക്കൽ ഗാർഡനിലെ പുൽത്തകിടിയിലൂടെ കുറച്ചുനേരംകൂടി  ഞാൻ  നടന്നു , ഇല്ല  സമയം അഞ്ചര ആയിട്ടില്ല , ഈ നാടൻ സൂര്യകാന്തിപ്പൂക്കൾ  എനിക്ക് ജീവനാണ്  . ഞാൻ സ്ഥിരമായി ഇരിക്കാറുള്ള ബെഞ്ചിന്റെ അടുത്തേക്ക് മെല്ലെ നടന്നു, അവിടെ തണുത്തകാറ്റമേറ്റു സൂര്യകാന്തിപ്പൂക്കളെ താലോലിച്ചിരിക്കുന്നതു  എനിക്ക് വളരെ ഇഷ്ടമാണ്.
ഞാനും സൂര്യകാന്തിപ്പൂക്കളും മാത്രം .
 
അപ്പോൾ ഞാൻ താണ സ്വരത്തിൽ ഹിന്ദി പ്രണയഗാനങ്ങൾ പാടി തുടങ്ങും.നമ്മുടെ കോസ്മോസ് flower ഉണ്ടല്ലോ അവളാണ് ഈ  നാടൻ സൂര്യകാന്തി .


ഓഹോ ..ആരാത് ? എന്റെ ബഞ്ചിന്റെ ഇടതുവശത്തു , അതെ എന്റെ ബെഞ്ച് തന്നെയാ ...ആരോ ഇരിക്കുന്നു .ഞാൻ അടുത്തേക് നടന്നു , ഏകദേശം ഒരു ഇരുപതു, ഇരുപത്തിരണ്ട് വയസ്സ് വരുന്ന ഒരാൾ ...
കോളേജ് സ്റ്റുഡൻറ് ആകുമോ ?
അതോ ഇവിടെത്തെ സ്റ്റാഫ് ആണോ.? ആരായാലും കുഴപ്പമില്ല , ഇപ്പോൾ എന്നെ കാണുമ്പോൾ വെളുക്കെ ചിരിക്കും അല്പം കഴിഞ്ഞു പേര് ചോദിക്കും ,അന്ന് രാത്രി ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് വരും ... ഏതായാലും മൂന്ന് ദിവസത്തിനുള്ളിൽ ഫോൺ നമ്പർ ചോദിക്കാം.
ഓ…ചോദിക്കുമോ ?
ചോദിക്കും.
കൊടുത്തില്ലെങ്കിലോ,
ഏതെങ്കിലും തല തിരിഞ്ഞ ഫ്രണ്ട് വഴി നമ്പർ എടുത്തു വാട്ട്സ് ആപ് രോദനം തുടങ്ങും...ഫോൺ കാൾസ് അത് ദിവസവും പ്രതീക്ഷികാം ...

പിന്നെ വരുന്നത് ഐ ലവ് യു ഭിക്ഷാടനമാണ്.
ഇതാണെല്ലോ, ഈ ബോയ്സിന്റെ നമ്പറുകൾ ...കഴിഞ്ഞ നാലുപേരും ഏറെക്കുറെ ഇതുപോലെ ആയിരിന്നു സ്നേഹം പ്രകടിപ്പിച്ചത്.....


ഈശ്വരാ ...ഈ ഗ്ലാമർ എനിക്ക് ശാപം ആണോ? 😊😊😊
പക്ഷേ ഇയാൾക്ക് എന്തുപറ്റി, എന്നെ നോക്കുന്നതേയില്ല
അതെന്താ ?
പുള്ളി  ക്യാമെറയുമായി  സൂര്യകാന്തിപ്പൂക്കളെ  തന്നെ ഫോക്കസ് ചെയ്തിരിക്കുന്നു ...രണ്ടു ,മൂന്ന് തവണ ക്ലിക്ക് ചെയ്തു ...ഓ …ഇപ്പോൾ ശ്രദ്ധാപൂർവം ക്യാമറയും ലെൻസും വേർതിരിച്ചു ബാഗിൽ ഇട്ടു പൂട്ടി ,ബാഗുമായി എഴുന്നേറ്റു.

...എന്നെ കണ്ടോ? കണ്ടു ...വളരെ മാന്യമായി " എക്സിക്യൂസ് മി " പറഞ്ഞു ...ഞാൻ വഴി മാറി നിന്നു ..അയാൾ നടന്നു ..എന്നെ തിരിഞ്ഞു നോക്കുമെന്നു ഞാൻ വിചാരിച്ചു ,
ഇല്ല ..അയാൾ നോക്കിയില്ല .
അഞ്ചര ആയപ്പോൾ , അമ്മ വിളിച്ചു ,ഞാൻ സ്കൂട്ടറുമായി ബാങ്കിൽ പോയി , അമ്മയേയും കൂട്ടി വീട്ടിലേക്കു തിരിച്ചു.


Chapter : 02

ചൊവ്വ
 
അടുത്ത ദിവസം ഗാർഡനിൽ  പോയപ്പോൾ , ആ ഫോട്ടോഗ്രാഫറിനെ കണ്ടില്ല , ഞാൻ എന്റെ ബെഞ്ചിലിരുന്നു സൂര്യകാന്തിപ്പൂക്കളോടു കഥകൾ പറഞ്ഞു .
സമയം മുന്നോട്ടു പോയി.
അയാൾ  വന്നു , ക്യാമറയും ലെൻസും , കൈകാര്യം ചെയ്യുന്ന രീതി കണ്ടാൽ , ഒരു പ്രൊഫെഷണൽ അന്നെന്നു തോന്നുന്നു , എന്തിനുയേറെ പറയുന്നു ഇന്നും  അയാൾ എന്നെ ശ്രദ്ധിക്കാതെ സൂര്യകാന്തിപ്പൂക്കളെ ഫോക്കസ് ചെയ്യുന്നു .


ഓഹോ അച്ചടക്കമുള്ള ഫോട്ടോഗ്രാഫർ.
പക്ഷേ , അങ്ങനെ വിട്ടാൽ  കാര്യം ശരിയാകില്ലല്ലോ ?
ഞാൻ അടുത്തേക് നടന്നു ...ഇല്ല ..ഈ ജീവി ക്യാമറയും പിടിച്ചു തപസ്സിരിക്കുകയാണ് .
ഞാൻ ആദ്യം വിഷ് ചെയ്തു ,
ഹലോ ...
അയാൾ ചിരിച്ചു, ഹലോ മിസ് ഗുഡ് ഈവനിംഗ് ....
വീണ്ടും സൂര്യകാന്തിപ്പൂക്കലേക്കു തല  തിരിച്ചു .
ഇനിയെന്ത് ചെയ്യണം , ഞാൻ ആലോചിച്ചു ,,,
എന്റെ ഹലോ കേട്ടാൽ ഇയാൾ പണി നിർത്തി എന്നോട് സംസാരിക്കുമെന്നും , ഒരു സൗഹൃദത്തിനായി വല വിരിക്കുമെന്നായിരുന്നു ,....ഇവിടെ ഇങ്ങനെ ഒരാൾ ജീവനോടെ നിൽക്കുന്നുവെന്ന് പോലും അയാൾ കരുതുന്നില്ല .
ഞാൻ ചോദിച്ചു , എന്താ എന്നും ഒരേ പൂവിന്റെ ഫോട്ടോ മാത്രം ....എടുക്കുന്നത് ?
അയാൾ എന്നെ ഒന്ന് നോക്കിയിട്ട് , ചിരിച്ചു
മനോഹരമായ പുഞ്ചിരി ,
എന്നോട് സംസാരിച്ചു തുടങ്ങി...
Macro photography,എനിക്ക് വളരെ അധികം താല്പര്യമുള്ള വിഷയമാണ് .

ഞാൻ തലയാട്ടി , മനസ്സിൽ പറഞ്ഞു .. എന്ത് മാർക്കോ? ഏതു മാർക്കോ ?

അയാൾ  ചിരിച്ചു , വീണ്ടും സംസാരിച്ചു, Macro photography ...ചുരുക്കി പറഞ്ഞാൽ   extreme close-up photography എന്നു പറയാം ,
ഇൻസെക്ടസ് പോലുള്ള ചെറു ജീവികളുടെ ചിത്രങ്ങളാണ് കൂടുതലായും എടുക്കുന്നത്.

ഞാൻ തലയാട്ടി..ഓക്കേ ,
അയാൾ ചിരിച്ചു, മനം മയക്കുന്ന ചിരി ....ഈശ്വരാ..!!!!!


ഫോട്ടോഗ്രഫിയുടെ ആഴങ്ങളിലേക്ക് അയാള് മടങ്ങിപ്പോയി ....
ഞാൻ ഓർത്തുപോയി , ഇപ്പോൾ തന്നെ എന്റെ എത്ര നിയമങ്ങളാണ് ഞാൻ തന്നെ തെറ്റിച്ചത്,
തികച്ചും അപരിചിതനായ ഒരു വ്യക്തിയെ  അങ്ങോട്ട് പോയി പരിചയപ്പെട്ടു, ഇപ്പോൾ അയാളോട് സംസാരിക്കാനായി കാത്തുനിൽക്കുന്നു ,,,..അതും,  ഈ  ഞാൻ .....


ബെഞ്ചിന്റെ ഒരു വശത്തു ഞാൻ ഇരുന്നു , ചിന്തകളിൽ ലയിച്ചു , ഇന്ന് ടൂസ്‌ഡേ ആണെല്ലോ ??അച്ഛൻ   ടൂർ പ്ലാൻ ചെയ്തിരിക്കുന്നത് വരുന്ന  സാറ്റർഡേ ആണ് , ആദ്യം ഞങ്ങൾ മൂന്ന് പേരുംകൂടി അച്ഛന്റെ തറവാട്ടിൽ  പോകുന്നു , അവിടെ നിന്നും ഞങ്ങൾ   കസിൻസ്  എല്ലാവരും  ചേർന്ന് ഒരാഴ്ചത്തെ അടിപൊളി ടൂറിനു പോകും .അപ്പോൾ എനിക്ക് ഈ ജീവിയേയും ചേർത്ത് അഞ്ച് അവശ-കാമുകന്മാരുടെ കഥകൾ പറയണം ,
അറിയാതെ ചിരിച്ചു പോയി....
അയാൾ , എന്താ ?
ഒന്നുമില്ല …ക്ലാസ്സിലെ  കാര്യങ്ങൾ ഓർത്തുപോയി ,ഞാൻ പറഞ്ഞു. അയാൾ പുഞ്ചിരിച്ചു....ഓക്കേ .

 
 
അയാൾ കൈ മുന്നോട്ടു നീട്ടിപിടിച്ചു, ഹലോ, എന്റെ പേര് ആനന്ദ് റാം ,കണ്ണൂർ സ്വദേശിയാണ് , എവിടെ Macro photography സെമിനാറിൽ പങ്കെടുക്കാനായി വന്നതാണ് .ഇനി അഞ്ചു ദിവസം കൂടി ഇവിടെ കാണും. കുറച്ചു ഫോട്ടോസ് എടുക്കാനുണ്ട് .
 
അയാൾ എന്റെ മുഖത്തു  നോക്കി ചിരിച്ചു , ഒരു കുഞ്ഞിന്റെ ചിരി പോലെ നിഷ്കളങ്കമായ ചിരി . മനോഹരം.......
മറുപടിയായി ഞാൻ shakehand സ്വീകരിച്ചു , ഓഹ് ഗ്രേറ്റ് ..ഹലോ ആനന്ദ് , എന്റെ പേര് മീനാക്ഷി , മീനു എന്നും വിളിക്കാം ..പ്ലസ് ടു കഴിഞ്ഞു , എഞ്ചിനീറിങ്ങിനാണ് താല്പര്യം, ഇവിടെ എൻട്രൻസിന് ശ്രമിക്കുന്നു ..ബാംഗ്ലൂരിലും സീറ്റ് നോക്കുന്നുണ്ട്...
ഞാൻ എന്തിന് അയാളോട് കളളം പറഞ്ഞുവെന്ന് … ഇന്നും എനിക്ക് അറിയില്ല ,എന്റെ പേര് പാർവതി , ഭദ്രന്റെയും നിരഞ്ജനയുടെയും ഏക മകൾ , പാറുക്കുട്ടി എന്ന പാർവതി .പക്ഷേ  അനു എന്നെ ""പാറു"" എന്ന് മാത്രം വിളിക്കും. അനുമോൾ എന്റെ  ഫ്രണ്ട് ആണ് , ബെസ്ററ് ഫ്രണ്ട് . എന്നെ നന്നായി അറിയാവുന്ന ഒരാൾ . പക്ഷേ ഞങ്ങൾ ഇംഗ്ലണ്ടിലേക്കു പോകുകയാണ് , ഇനിയുള്ള ജീവിതം West Midlands ആയിരിക്കും ..
 എനിക്ക് UK citizenship by birth - ലഭിച്ചിരുന്നു , അമ്മയുടെ  വിസ മാത്രമായിരുന്നു ഒരു തടസ്സം . പറയുമ്പോൾ ഞാനും അച്ഛനും അവിടെത്തെ സിറ്റിസൺ ആണ് , ഇപ്പോൾ അമ്മയും വരാൻ  തയ്യാറാണ് .

ഞാൻ ചിന്തയിൽ നിന്നും ഉണർന്നു.

ആനന്ദ് റാം പറഞ്ഞു , ഇഷ്ടപെട്ട വിഷയം പഠിക്കു , മികച്ച കോളേജുകൾ ഇവിടെ ഉണ്ടല്ലോ ?

എനിക്കും കേരളത്തിൽ പഠിക്കാനാണ്  ഇഷ്ടം, ചെറുചിരിയോടെ ഞാൻ തുടർന്ന് സംസാരിച്ചു.

അപ്പോഴേക്കും അമ്മയുടെ മിസ് കാൾ വന്നു, ബൈ ആനന്ദ് ...
 
ഓക്കേ മീനു , ആനന്ദ് റാം പറഞ്ഞു ,
അല്ലെങ്കിൽ മീനു , പ്ളീസ് വെയിറ്റ് , ഞാൻ കൂടെ വരാം ...
ആനന്ദ് റാം എഴുന്നേറ്റു , ക്യാമറ  ബാഗിൽ ആക്കി .
ഞങ്ങൾ  സംസാരിച്ചു നടന്നു , ആനന്ദ് റാം പ്രകൃതിയെ കുറിച്ച് വാതോരാതെ സംസാരിച്ചു , ഞങ്ങൾ നടന്നു സ്കൂട്ടർ സ്റ്റാൻഡിൽ  പ്രവേശിച്ചു .
ഞാൻ വിചാരിക്കുകയായിരിന്നു , ഇപ്പോൾ ആനന്ദ് റാം കോഫി കുടിക്കാനായി ക്ഷണിക്കും ...
ഇല്ല ... ക്ഷണിച്ചില്ല ...
ആനന്ദ് റാം ബൈക്ക് സ്റ്റാർട്ട് ചെയ്തു , എന്റെ അടുത്തേക് വന്നു ,
ഓക്കേ ഞാൻ പോകുന്നു മീനു, ബൈ .
ഞാൻ  മനസ്സറിയാതെ പറഞ്ഞുപോയി , ബൈ, നാളെ വരുമോ ?
ഞാൻ തന്നെയാണോ , ഇതു പറഞ്ഞത് .. ഞാൻ നെയ്തെടുത്ത , എന്റെ നിയമങ്ങൾ ഓരോന്നായി -കൈവിട്ടു പോകുകയാണോ .
ആനന്ദ് റാം , തീർച്ചയായും ...ബൈ സീ ...യു ..
ബൈ, ഞാൻ കൈയാട്ടി യാത്ര പറഞ്ഞു .
അബദ്ധമായി ഇനി ഞാൻ മനസ്സ് കൈവിടില്ല , ഇതൊന്നും ആലോചിക്കാനും അതിൽ കുടുങ്ങി  കിടക്കാനും എനിക്ക് സമയം ഇല്ല .
ഇംഗ്ലണ്ടിൽ പോകുക ,പഠിക്കുക , വേൾഡ് ഫേമസ് MNC-ൽ ഒരു പ്രൊഫഷണൽ ജോബ് കരസ്ഥമാക്കുക .
എന്റെ സ്വപ്നം , എന്റെ ജീവിതം  വേറെ ഒന്നും ചിന്തിക്കാൻ എനിക്ക് താല്പര്യവുമില്ല ,സമയവുമില്ല .
ഞാൻ ഉറച്ച തീരുമാനത്തിൽ എത്തിച്ചേർന്നു .

 
ബുധൻ

 
 
ഇന്നലെ രാത്രി ഉറക്കം തീരെ കുറവായിരുന്നു , ഇടയ്ക്ക്, ഇടയ്ക്ക് ഉണർന്നു ,,,മയങ്ങി ,  ആ മയക്കത്തിൽ ചിത്രശലഭങ്ങൾ  പൂന്തോട്ടത്തിൽ പാറി പറക്കുന്നതായി സ്വപനം കണ്ടു ....ഞെട്ടിയുണർന്ന് ,വീണ്ടും മയങ്ങി , അങ്ങനെ ചിത്രശലഭങ്ങൾ  മനസ്സിൽ ചിറകുവിരിയിക്കാൻ തുടങ്ങി.
 
വൈകുംന്നേരം നാലു മണിയാകാൻ കാത്തുനിന്നു , നാലു മണിക്ക് മുൻപ് തന്നെ ബോട്ടോണിക്കൽ ഗാർഡനിൽ എത്തിച്ചേർന്നു , എന്റെ സഥിരം ബെഞ്ചിലേക്ക് നടന്നു നീങ്ങി ..എല്ലാ പതിവുപോലെ ...പക്ഷേ ആനന്ദ് റാം വന്നിട്ടില്ല , സ്വയം ചോദിച്ചു , ഞാൻ ആനന്ദ് റാമിനെ കാത്തിരിക്കുകയാണോ ?
 
അല്ല .!!!!
 
അല്ലേ  ???
ഞാൻ മുന്നോട്ടു നടന്നു, നാലര ആയിക്കാണും ,ഇതുവരെ ആനന്ദ് വന്നിട്ടില്ല  , അല്പം അകലെ ഒരു ബെഞ്ചിന്റെ മുകളിൽ ഒരാൾ കയറി നിൽക്കുന്നു. ക്യാമറ പിടിച്ചു ഒരു പ്രതിമപോലെ നിൽക്കുകയാണ് , ഇടയ്ക്കു ഫോക്കസ് ചെയ്യുന്നു .  ഓ... ആനന്ദ് ആണെല്ലോ ? അതെ., അതെ....


ഇയാൾക്ക് മരയോന്തിന്റെ ഫോട്ടോ എടുക്കാനായി സമയമുണ്ട് ?സുന്ദരിയായ പെൺകുട്ടിയോട് സംസാരിക്കാൻ സമയമില്ല ... സുന്ദരി ???,,അതേല്ലോ നോം ബ്യൂട്ടിഫുൾ ആണെന്ന്, നോം തന്നെ പറഞ്ഞു… പോരെ.!!!
അല്ല , ആൾ മോശമില്ല , ചെറിയ ഗ്ലാമർ തരാം തന്നെയാണ്.
അതിന്റെ അഹങ്കാരമുണ്ടോ? ഉണ്ടാവാം
ഇല്ല , വളരെ മാന്യമായി ആണെല്ലോ? പെരുമാറിയത്..
ചിലപ്പോൾ അവസരങ്ങൾ കിട്ടാതെ മാന്യൻ ആയി മാറിയ നിർഭാഗ്യവാൻ ആയിരിക്കും ...
😊😊😊 ഞാൻ അപ്പോൾ തനിയെ ചിരിച്ചു.
 
ഞാൻ ആനന്ദ് റാമിന്റെ പിന്നിൽ വന്നു ..
ഉച്ചത്തിൽ കൈകൾ കൊട്ടി  വിളിച്ചു , പാവം ആനന്ദ് ഞെട്ടിത്തരിച്ചു , ബാലൻസ് പോയി , എങ്കിലും വീഴാതെ ബെഞ്ചിൽ നിന്നും താഴേക്കിറങ്ങി , സുന്ദരമായ ചിരി...ഓഹോ .
 
പേടിച്ചില്ല , ആനന്ദ് പറഞ്ഞു .
 
ആണോ ? കാലുകൾ ഇപ്പോഴും വിറയ്ക്കുന്നണ്ട് ,പാവം , ഞാൻ ചിരിച്ചു .
 
ആനന്ദ് പൊട്ടിച്ചിരിച്ചു ...
പൊട്ടിചിരിച്ചപ്പോൾ ആ കണ്ണുകൾ നേർരേഖ  പോലെയായി.
 
ആനന്ദ് റാം പറഞ്ഞു , മീനു ,ഇത് വരെ എനിക്ക് എന്റെ ഡ്രീം സ്നാപ്സ് എടുക്കാൻ കഴിഞ്ഞിട്ടില്ല .എന്റെ ഗൈഡ് പറഞ്ഞിരുന്നു …അവൾ ഇവിടെ കാണുമെന്ന്, ഈ ബോട്ടണിക്കൽ ഗാർഡനിൽ .
 
എനിക്ക് ഒന്നും മനസ്സിലായില്ല.
 
" മീനു, അത് പൂർണ വളർച്ച എത്തിയ ഒരു ഡാർക്ക് ബ്ലൂ ടൈഗറിന്റെ പിക്ചർ ആണ് എന്റെ dream  .. എന്റെ സ്വപനങ്ങളിൽ അവൾ ചിറകു വിരിയിച്ചു പാറിപറക്കാറുണ്ട് ,ഒരു ഇരുണ്ട നീല കടുവ , ആനന്ദ് എന്തൊക്കെയോ പറയുന്നു.
ഞാൻ ചോദിച്ചു , നീല കടുവ...?അതും പറക്കുന്ന കടുവ ? എന്താ ആനന്ദ്?
ആനന്ദ് ചിരിച്ചു, its not a real tiger , അതൊരു ശലഭമാണ് , ചിത്രശലഭം. വളരെ സുന്ദരമായ നീല ചിറകുകൾ , കറുത്ത കണ്ണുകൾ, പിന്നെ മീനുവിനെ പോലെ ഒരു beautiful princess ആണ്.......


ഞാൻ ഒന്നും മിണ്ടിയില്ല ,ഒന്ന് ചിരിച്ചു .മെല്ലെ നടന്നു . ഒരു ഡസൻ പേരെങ്കിലും തന്നോട് "ഇതേ വാക്കുകൾ " പറഞ്ഞിരിക്കുന്നു . പക്ഷെ ആനന്ദ് പറഞ്ഞപ്പോൾ അത് ഒരു ലഹരിയായി മനസിലേ ക്ക് ആഴ്ന്നിറങ്ങി.
ലഹരി ....ഒരു പ്രാവിശ്യം കൂടി ആനന്ദ് പറഞ്ഞിരുന്നങ്കിൽ ...ഒന്നും സംസാരിക്കാൻ തോന്നിയില്ല , പക്ഷെ മനസ്സ് ചാഞ്ചാടാൻ  തുടങ്ങി ...അല്ല , ലഹരിയിൽ തിളച്ചു മറിയുകയാണ് .
ആനന്ദിന്റെ ഒപ്പം നടക്കുമ്പോൾ ഞാൻ ആ മുഖത്തേക്ക് ഒന്നു പാളി നോക്കി..
ഉം… പൊക്കം ഉണ്ട്…അതും ആവശ്യത്തിൽ കൂടുതൽ....😊😊😊😊
ആനന്ദ് എന്നെ നോക്കി ചിരിച്ചു .
ആനന്ദ് എന്റെ  ഒപ്പം നടന്നു.

ഞങ്ങളുടെ ബെഞ്ചിന്റെ , അല്ല……
 എന്റെ ബെഞ്ചിൽ ഇരുന്നു ,ആനന്ദ് ‌ എടുത്ത ഫോട്ടോകൾ, ലാപ്ടോപ്പിലേക്ക്  പകർത്തുന്ന തിരക്കിൽ ആയിരിന്നു . ഞാൻ എന്റെ ചിന്തകളിലേക്ക് മുഴുകിയിരുന്നു. ഇന്ന് ബുധൻ , ഇനി വെള്ളി കഴിഞ്ഞാൽ ഞാനും ആനന്ദും പരസ്പരം കാണില്ല . ഞങ്ങൾ സാറ്റർഡേ ടൂർ പോകും, ഒരാഴ്ച കേരളം മൊത്തം കറങ്ങുന്നു ... ഈ മാസം അവസാനത്തോടെ ഇംഗ്ലണ്ടിലേക്കു പറക്കുന്നു ....
 
അപ്പോൾ കറുത്തമ്മയെ തേടി , ഈ പാവം ആനന്ദ് ഗാർഡനിൽ അലഞ്ഞുതിരിഞ്ഞു നടക്കും ..
മീനു..മീനു . ആനന്ദ് കുലുക്കി വിളിച്ചു , എവിടെ പോയി ?
ഏയ് ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചു, ആനന്ദ്, ഫോട്ടോഗ്രാഫി അല്ലാതെ, എന്ത്  ചെയ്യുന്നു.
മെക്കാനിക്കൽ എഞ്ചിനീയർ ആണ് , തമിഴ്നാട്ടിലെ SRM  എഞ്ചിനീയറിംഗ് കോളേജിൽ പഠിച്ചു,  ഇപ്പോൾ  ഇന്റർവ്യൂസ് അറ്റൻഡ് ചെയ്യുന്നു, psc കോച്ചിങ് ക്ലാസ്സ് അറ്റൻഡ് ചെയ്യുന്നു ,കൂടാതെ  നാട്ടിലെ കുട്ടികൾക്ക് ട്യൂഷനും എടുക്കുന്നുണ്ട് .macro photography എന്റെ പാഷൻ ആണ് . ചേച്ചിയുടെ വിവാഹം കഴിഞ്ഞു നാട്ടിൽ സെറ്റൽഡ്‌  ആയി …


ആനന്ദ് ‌ബാഗ് തുറന്നു, പാക്കിങ് ആരംഭിച്ചു ...
അപ്പോൾ അച്ഛനും അമ്മയും ? ഞാൻ ആകാംഷയോടെ ചോദിച്ചു.
രണ്ടുപേരും അധ്യാപകരാണ് , നാട്ടിലുണ്ട് .,
 ആനന്ദ് ‌പാക്കിങ് ചെയ്തു തീർത്തു, എഴുന്നേറ്റു .
മീനു , നമ്മുക്ക് ഒരു കോഫി ആയാലോ ? ആനന്ദ് പുഞ്ചിരിച്ചു,
ഓ...Yes,. ആവാമല്ലോ , ഞാനും പുഞ്ചിരിച്ചു .
ഷെയിം , ഇതൊന്നും വേണ്ട എന്നല്ലേ പറയേണ്ടത്? ഇപ്പോഴോ? ഇതൊന്നും ശരിയാകില്ല , ഞാൻ കടുത്ത ആശയക്കുഴപ്പത്തിലായി .


കോഫി ബാറിൽ അധികം തിരക്കില്ലായിരുന്നു , ഞാൻ ഒരു കോൾഡ് കോഫിയും ആനന്ദ് ചോക്ലേറ്റ് കോഫിയും ഓർഡർ ചെയ്തു .
മീനു ,  whareabouts ഒന്നും പറഞ്ഞില്ല ?
എന്റെ ഭാവന ഉണർന്നു , പറന്നുയുർന്നു...
ഞങ്ങൾ തൃശ്ശൂർ ബേസ്ഡ് ഫാമിലി ആണ്, അച്ഛൻ HLL-ൽ സീനിയർ മാനേജർ ആണ് , 'അമ്മ സ്വസ്ഥം ഗൃഹ ഭരണം , അനിയൻ മാധവ് 6th സ്റ്റാൻഡേർഡിൽ പഠിക്കുന്നു., ഞാൻ ഒറ്റശ്വാസത്തിൽ പറഞ്ഞു നിറുത്തി. ഞാൻ അഭിമാനിച്ചു, ഇത്രയേറെ കള്ളം ഒരുമിച്ചു പറയാനുള്ള കഴിവ് ഒന്നുവേറെയാണ്...
ഞാൻ ചിന്തകളിൽ ഒഴുകി,
എനിക്ക് അനിയൻ ഇല്ലേ ഇല്ല , അതും മാധവ് ... അല്ല..... മാതാവോ?
അച്ഛൻ വർക്ക് ചെയ്യുന്നത് ഇംഗ്ളണ്ടിലെ Ulster Bank-ൽ ആണ്,ഇനി അമ്മയും അവിടെ ജോയിൻ ചെയ്യും, ഇവിടെത്തെ ബാങ്കിലെ ജോബ് രാജി വച്ചിരിക്കുകയാണ് , ഇപ്പോൾ നോട്ടീസ് പീരിയഡ്-ൽ അന്നെന്നു തോന്നുന്നു.


ഞങ്ങൾ കോഫി ബാറിൽ നിന്നും തിരിച്ചു BIKE-സ്റ്റാൻഡിൽ വന്നു, അര മണിക്കൂറിലേറെ സമയം സംസാരിച്ചു , ഒരു വാക്ക് പോലും ആനന്ദ് മാന്യത കൈവിടാതെ പറഞ്ഞില്ല , അനാവശ്യമായ ഒരു നോട്ടം, സ്വയം പുകഴൽത്തലോ? തരംതാണ തമാശയോ ഒന്നുമുണ്ടായില്ല . കോഫി ബാറിലെ വെയ്റ്റർ-നോട് ബൈ ചേട്ടാ എന്ന് യാത്ര പറഞ്ഞായിരുന്നു ആനന്ദ് കോഫി ബാറിൽ നിന്നിറങ്ങിയത്.
സംസാരിച്ചു നിന്നപ്പോൾ 'അമ്മ വിളിച്ചു, ഞാൻ ആനന്ദിനോട് ബൈ പറഞ്ഞു, ബാങ്കിലേക്ക് തിരിച്ചു .


രാത്രി ഞാൻ ഫേസ്ബുക്ക് , True-caller, ഇൻസ്റ്റാഗ്രാം  ഇവയിൽ എല്ലാം ആനന്ദ് റാമിനെ തിരഞ്ഞു , നിരാശ ആയിരിന്നു ഫലം .


Chapter : 04
 
വ്യാഴം

അതേ , ഇന്ന് ഞാൻ ആനന്ദ് റാമിനെ കാണാൻ തന്നെയാണ് ഗാർഡനിൽ പോയത്, കക്ഷി നേരത്തെ വന്നിരിക്കുന്നു , , എന്റെ ബെഞ്ചിലിരുന്നു കഴിഞ്ഞ  ദിവസങ്ങളിൽ എടുത്ത ഫോട്ടോകൾ എല്ലാം ലാപ്ടോപ്പിൽ നിന്നും ഇമെയിൽ അയക്കുകയാണ് .എന്നെ കണ്ടു  ചിരിച്ചു , ഞാനും ....


ഞാൻ അടുത്തായി ഇരിന്നു, ആനന്ദ് റാം വീണ്ടും മനം മയക്കുന്ന ചിരിയോടെ ഒരു കവർ എന്റെ നേരെ നീട്ടിപിടിച്ചു,
ഹായ് ലവ് ലെറ്റർ,എന്താ ഒരു സർപ്രൈസ്.ഞാൻ അങ്ങനെ ചിന്തിച്ചു.
ചെറു ചിരിയോടെ കവർ തുറന്നു, ഒരു വലിയ കളർ ഫോട്ടോ, ഒരു ശലഭം ചിറകു വിരിച്ചു നിൽക്കുന്ന ചിത്രം.
 
 
ഇവളെയാണ് ഞങ്ങൾ ഡാർക്ക് ബ്ലൂ ടൈഗർ-എന്ന് പറയുന്നത് , ഇന്ന് രാവിലെ ഫുഡ് കഴിക്കാനിറങ്ങിയപ്പോൾ , ഗാർഡനിൽ ഒന്ന് വന്നു, നോക്കുമ്പോൾ ഇവൾ പാറി പറക്കുന്നു , ഒപ്പം കൂട്ടുകാരമുണ്ട്. ആനന്ദ് സംസാരിച്ചു , സന്തോഷം കാരണം ആ മുഖം തിളങ്ങുന്നുണ്ട് , അവൾ പറന്നു പോകുന്നതുവരെ സ്നാപ്സ് എടുത്തുകൊണ്ടേയിരുന്നു .


ഞാൻ ഫോട്ടോയിലേക്കു നോക്കി ,അതെ ശരിയാ , ഒരു ചിത്ര ശലഭത്തിന്റെ മനോഹരമായ ചിത്രം .
ആനന്ദ് തുടർന്നു , രാവിലെ തന്നെ പ്രിന്റ് എടുത്തു , അതിൽ ഏറ്റവും creative ആയ best പിക്ചർ മീനുവിന് വേണ്ടി മാറ്റിവച്ചു .. പുറകിൽ എന്റെ  പേര് ഉണ്ട് കേട്ടോ ?
ആനന്ദ് എന്റെ കണ്ണുകളിലേക്കു നോക്കിയതിശേഷം  പറഞ്ഞു .Special gift for a special friend .
ആനന്ദിന്റെ മുഖത്തു അപ്പോൾ ചിരി ഇല്ലായിരുന്നു , ഒരു കുട്ടിയുടെ ആകാംഷ മാത്രമായിരുന്നു ഞാൻ കണ്ടത് .തിരിച്ചറിയാനാകാത്ത വികാരങ്ങൾ എന്റെ ഉള്ളിൽ ഉറഞ്ഞു കൂടി , എനിക്ക് പൊട്ടിക്കരയാനായിരിന്നു ആദ്യം തോന്നിയത്. ഞാൻ ഒന്നും പുറമെ കാണിച്ചില്ല ,
വളരെ നന്ദിയുണ്ട് ,ഞാനും മെല്ലെ പറഞ്ഞു, പക്ഷെ എന്റെ ശബ്ദമിടറിയോ , മനസ്സറിയാതെ എന്തൊക്കെയോ പുലമ്പാൻ തുടങ്ങി....
എനിക്ക് ..
എന്നെ , സ്പെഷ്യൽ friend അയി consider ചെയ്തതിൽ ..ഞാൻ ... അല്ല
I am so happy
ഞാൻ തല കുനിച്ചിരിന്നു , എനിക്ക് എന്താ സംഭവിച്ചത്? എന്റെ നിയമങ്ങൾ എവിടെ?, ഞാൻ എന്തിനാ ഇങ്ങനെയൊക്കെ പെരുമാറുന്നത്….മതിയായി.
Its okay.. മീനു , ആനന്ദ് റാം എന്റെ തോളിൽ തട്ടി , Please take your phone, someone calling you.
ഞാൻ ഫോൺ എടുത്തു, അമ്മയാണ്.
ആനന്ദിനോട് ബൈ പറഞ്ഞു , അവിടെ നിന്നും രക്ഷപ്പെട്ടു .
ഇന്ന് എനിക്കും അമ്മക്കും ഷോപ്പിംഗ് ഉണ്ട് .

Chapter : 05
 
വെള്ളി

 
ഇന്ന് സാരിയുടുത്തായിരിന്നു പുറത്തിറങ്ങിയത് , നീല സാരിയിൽ , നീ ഒരു ഏഞ്ചൽ ആണെന്ന് അനുമോൾ സാക്ഷ്യപെടുത്തിയിട്ടുണ്ട് , അതുകൊണ്ട് ഇന്നത്തെ കളർ  നീല ...നീല കുറുക്കൻ .
പതിവിലും നന്നായി അണിഞ്ഞൊരുങ്ങി , മൂന്ന് മണിയായപ്പോൾ ഞാൻ പുറത്തിറങ്ങി , അനുവിന്റെ ബെർത്ത്ഡേ പാർട്ടി പിസാ-ഹട്ടിൽ ഉണ്ട്,  ഒന്ന് തല കാണിക്കണം ,നാലു മണിക് മുൻപായി ഗാർഡനിൽ വരണം
നീ എങ്ങോട്ട് പോകുന്നു ? 'അമ്മ ,ചോദിച്ചു,

ഇന്ന് അമ്മ ലീവ് എടുത്തു , നാളെ രാവിലെ ടൂർ പോകുകുയാണ് , അമ്മയ്ക്ക് എന് ധാരാളം ജോലിയുണ്ട് , ഡ്രെസ്സൊക്കെ  അയേൺ  ചെയ്യണം , കൂടാതെ  കുറച്ചു പാചകവും .
മാത്രമല്ല പാക്കിങ്  ബാലൻസ് കിടക്കുന്നു .
'ഞാൻ ഉടനെ വരും, ഹെൽപ് ചെയ്യാം.."
..
ഓ വേണ്ട, അഞ്ച്  ആകുമ്പോൾ വീട്ടിൽ കാണണം…അമ്മ ചിരിക്കുന്നു
സ്കൂട്ടർ എടുത്തില്ല, പകരം ഓട്ടോ പിടിച്ചു പാർട്ടിക്കു പോയി, അരമണിക്കൂർ അവിടെ ചെലവഴിച്ചു, പാക്കിങ്, ടൂർ എന്നൊക്കെ പറഞ്ഞു അനുവിന്റെ മുന്നിൽ നിന്നും ഒഴിഞ്ഞു മാറി ഗാർഡനിലേക്കു വീണ്ടും അടുത്ത ഓട്ടോ പിടിച്ചു, നാലിന് മുൻപുതന്നെ ഗാർഡനിൽ വന്നു,
അകത്തേക്കു വേഗത്തിൽ നടന്നു , ...
കണ്ടു… ആനന്ദ് ബെഞ്ചിൽ ഇരിക്കുന്നു, അതെ ഇടയ്ക്കു പ്രവേശനകവാടത്തിലേക്ക് നോക്കുന്നുണ്ട് .
ഒരു പക്ഷെ എന്നെ ആവാം....
അടുത്ത് എത്തിയപ്പോൾ ...
കടും നീല ജീനും ഇളം നീല ഷർട്ട് ധരിച്ചു ഒരു "Handsome Young".


ആനന്ദ്...


ആനന്ദ് തിരിഞ്ഞു നോക്കി, എനിക്ക് ആദ്യമായി ആ കണ്ണുകളെ എതിരിടാനുള്ള ശക്തി ചോർന്നു പോയി.


ഞാൻ മുഖം കുനിച്ചു….ലജ്ജ തിരിച്ചറിഞ്ഞ നിമിഷങ്ങൾ.
മീനു, നീല സാരിയിൽ ഡാർക്ക് ബ്ലൂ ടൈഗറിനെക്കാളും സുന്ദരിയാ ...തികച്ചും ഒരു ഏഞ്ചൽ ...
ഞാൻ വീണ്ടും നിശബ്ദയിലേക്കു മടങ്ങി... അനുമോൾ നീ ദൈവം.
വിരലുകൾ ചെറുതായി വിറയ്ക്കുന്നു? ആണോ?


ഇല്ല... ലഹരി എന്റെ ദേഹമാസകലം പടരാൻ തുടങ്ങി ...ഞാൻ അതിൽ ലയിച്ചു ചേർന്നു.. ആനന്ദ് ഓരോന്നും സന്തോഷപൂർ വ്വം സംസാരിക്കാൻ തുടങ്ങി… ഞാൻ ഒന്നും കേട്ടില്ല, മറുപടിയും പറഞ്ഞില്ല... ഞാൻ പെട്ടെന്ന് തല തിരിച്ചു അറിയാതെ ആനന്ദിന്റെ കണ്ണുകളിൽ ഒരു നിമിഷം നോക്കിപോയി....

നെഞ്ചിൽ വല്ലാത്ത വേദന… സത്യം പറഞ്ഞാലോ? ഫോൺ നമ്പർ വാങ്ങാം, പോകുന്നതിന് മുൻപ് ഒന്നോ, രണ്ടോ സെൽഫി തുടർന്ന് ഒരു സോറി, എല്ലാം തുറന്നു പറഞ്ഞു  നല്ലൊരു സുഹൃത്താകാം.
 
ചെറുതായി മഴ പെയ്യാൻ തുടങ്ങി... ഞാൻ കുട എടുത്തിരുന്നില്ല, ഇനി എന്ത് ചെയ്യും?
ആനന്ദ് പെട്ടെന്ന് ക്യാമറ , കവർ ചെയ്തു, ബാഗിൽ വച്ചു
എന്റെ പരിഭ്രമം ശ്രദ്ധിച്ചു.
 
മീനു, എന്റെ കൈയിൽ കുടയുണ്ട്, പേടിക്കേണ്ട, ആനന്ദ് പറഞ്ഞു .
പക്ഷേ ,ഇന്ന് ഞാൻ സ്കൂട്ടർ എടുത്തില്ല, ഞാൻ പറഞ്ഞു.
നന്നായി.... ഓട്ടോ സ്റ്റാൻഡ് വരെ ഞാനും ഒപ്പം വരാം? ആനന്ദ് സന്തോഷപൂർവം പറഞ്ഞു.
ആനന്ദ് കുട നിവർത്തി, കൈയിൽ തന്നു.


ആകാശത്തേക്ക് മുഖം ഉയർത്തി നോക്കി, മഴ മേഘങ്ങളാൽ, മാനം കറുത്തിരുണ്ട് തുടങ്ങിയിരുന്നു.
മഴ പെയ്യ്താൽ, ഞാൻ എങ്ങനെ വീടെത്തും..?
ഞങ്ങൾ നടന്നു, മഴ കടുത്തുതുടങ്ങി.
ആനന്ദ് മഴയത്ത് നിൽക്കുകയാണ്,
ഞാൻ പറഞ്ഞു, വരൂ.
ഞങ്ങൾ ഒരു കുട കീഴിലായി.
അതെ ഞാൻ സുരഷിതയാണ്.
ഞങ്ങൾ നടന്നു പാർക്കിന്റെ മുൻവാതിൽ വരെ എത്തിച്ചേർന്നു. മഴ തോർന്നിരിന്നു.


പക്ഷെ ഞങ്ങൾ കുടകീഴിൽ തന്നെയയിരിന്നു...ഞാൻ ആനന്ദ് റാമിന്റെ കൈകളിലെ പിടിയും വിട്ടിരുന്നില്ല. ഞാൻ എപ്പോഴോ ആനന്ദിന്റെ കൈകളിൽ മുറുകെ പിടിച്ചിരുന്നു .


ഞാൻ ബൈക്കിൽ വീട്ടിൽ കൊണ്ട് വിടാം , ആനന്ദ് പറഞ്ഞു .
ശരി ,ഞാൻ തലയാട്ടി .
ഞാൻ ബസ് സ്റ്റാൻഡിലേക്ക് കയറിനിന്നു, കുട ആനന്ദിന്റെ കൈൽ തിരികെ കൊടുത്തു...
Please wait...ഞാൻ ദാ വന്നു. ആനന്ദ് ബൈക്ക് എടുക്കാനായി സ്റ്റാൻഡിലേക്ക് തിരിഞ്ഞു നടന്നു .


എന്റെ മൊബൈൽ റിങ് ചെയ്യാൻ തുടങ്ങി... അമ്മയാണ്, ഞാൻ ഫോൺ എടുത്തു.
നീ എന്താ ഇവിടെ  നിൽക്കുന്നത്, ഈ മഴ സമയത്താണോ  ഗാർഡനിൽ വരുന്നത്? നിന്റെ കുട എവിടെ?
- ദേഷ്യത്തോടെ അമ്മ സംസാരിച്ചു...
അത് പിന്നെ.. ഫ്രണ്ട്സിനു ട്രീറ്റ് കൊടുക്കാനായി വന്നതാ, അവരെല്ലാം തിരിച്ചു പോയി, 'അമ്മ എവിടെയാ?
അമ്മ വീണ്ടും പറഞ്ഞു.
നമുക്ക് ഒരുമിച്ചു പോകാം, തിരിഞ്ഞു നോക്കു, ഞങ്ങൾ കാറിൽ ഉണ്ട്,,, നീ വേഗം വന്നേ?

അമ്മേ ,ദാ.. വരുന്നു…” ഞാൻ  ബൈക്ക് സ്റ്റാൻഡ് വരെ വേഗത്തിൽ  നടന്നു, അല്ല ഓടി ,,,സ്റ്റാൻഡിന്റെ പരിസരത്തു നോക്കി , തികച്ചും വിജനം.. ആരുമില്ല.
ആനന്ദ്... ആനന്ദ്... ഞാൻ ഉച്ചത്തിൽ വിളിച്ചു, മറുപടി ഉണ്ടായില്ല
ഫോൺ റിങ് ചെയ്യാനായി തുടങ്ങി.

'അമ്മ വിളിക്കുന്നു, ഞാൻ ഫോൺ എടുത്തില്ല,
പരിസരത്തു ആരുമില്ല, ഞാൻ ഭയന്നു
ഗാർഡനിലെ വിളക്കുകൾ തെളിഞ്ഞു, ഞാൻ മുൻ വാതിലിന്റെ അടുത്തേക് വേഗത്തിൽ നടന്നു.
വീണ്ടും ഫോൺ….
മറുപടി പറയുന്നതിന്  മുൻപ്... അമ്മ കാറിൽ വന്നു, എന്നോട് ദേഷ്യത്തിൽ കാറിലേക്ക് കയറുവാനായി പറഞ്ഞു.
ഞാൻ പല തവണ തിരിഞ്ഞു നോക്കി, ഇല്ല, ആനന്ദ് റാമിനെ കാണുന്നില്ല, അവസാനം നീറുന്ന മനസ്സോടെ കാറിലേക്ക് കയറി.


Chapter : 06
 
  കുറച്ചു മാസങ്ങൾക്കു  ശേഷം
ഒരു തിങ്കളഴ്ച.

അടുത്ത ദിവസം തന്നെ ഞങ്ങൾ തറവാട്ടിലേക്ക് പോയി... കസിൻസ് എല്ലാവരും വന്നു... ടൂർ, കല്യാണം, പാർട്ടി അങ്ങനെ അടിച്ചു പൊളിച്ചു.... പക്ഷെ എന്റെ മനസ്സ് അവരുടെ കൂടെ അല്ലായിരുന്നു... കണ്ണടച്ചാൽ ആനന്ദ് റാമിന്റെ മുഖമായിരിന്നു മനസ്സിൽ.. ടൂറിന്റെ ഓരോ ദിവസവും കനത്ത ഭാരമായിരിന്നു എന്റെ ഉള്ളിൽ
പിന്നീട് വന്നത് ലോകം മൊത്തം പിടിച്ചു കുലുക്കിയ കൊറോണ ആയിരിന്നു...

എന്റെ ലണ്ടൺ യാത്ര മുടങ്ങി,  ജൂലൈ  മാസത്തേക്കു മാറ്റി വച്ചു....  ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ  കടന്നുപോയി, എത്ര ദിവസങ്ങൾ ഞാൻ ഇൻറർനെറ്റിൽ ആനന്ദ് റാമിനെ തെരഞ്ഞു… ഒരു സൂചനപോലും കിട്ടിയില്ല.. എന്റെ സുഹൃത്തുക്കളെ ഉപയോഗിച്ച്, എനിക്ക് ആകുന്ന വിധത്തിൽ ഞാൻ അനേഷിച്ചു ഫലമൊന്നുമുണ്ടായില്ല, അനു പറഞ്ഞു, ഞാൻ പറഞ്ഞ ദിവസങ്ങളിൽ Macro-Photogrphy Seminar ഇവിടെ ഉണ്ടായിട്ടില്ല പോലും,
ടൂർ കഴിഞ്ഞു ,ഇവിടേക്ക് വന്ന ദിവസം തന്നെ പാർക്കിലേക് വന്നു.  ഇല്ല.. ആനന്ദ് വന്നിട്ടില്ല...
അടുത്ത ദിവസവും പ്രതീക്ഷിച്ചു. ആനന്ദ് വന്നില്ല..

നാളെ രാത്രി ഞാൻ ചെന്നൈയിലേക്കു തിരിക്കും, രാവിലെ അവിടെ നിന്നും ഇംഗ്ലണ്ടിലേക്ക് ...അച്ഛന്റെ അഭിപ്രായത്തിൽ ഇംഗ്ലണ്ടിലേക്ക് എത്തപെടാനുള്ള അവസാനത്തെ വഴി,  അച്ഛന്റയും എന്റെയും ബ്രിട്ടീഷ് പൗരത്വം അതിനു വളരെയേറെ സഹായിച്ചു..
 രാവിലെ മുതൽ പാർക്കിലേക് വരാനായി എന്റെ മനസ്സ് തുടിക്കുകയായിരിന്നു ...നാലുമണിക്ക് തന്നെ വന്നു .
ഞാൻ ഈ നഗരത്തോട് വിട പറഞ്ഞാൽ, ഇനി ഇവിടേക്ക് എന്നു വരാനായി കഴിയുമെന്ന് അറിയില്ല.പക്ഷെ ഇന്നും.. ആനന്ദ് വന്നില്ല. എന്നോട് ആനന്ദ് പറഞ്ഞിട്ടുള്ളത് സത്യമാണോ, ഇല്ല,,,
ആനന്ദ് കള്ളം പറയില്ല... ഞാൻ ഇങ്ങനെയൊക്കെ എന്തിനാ പെരുമാറിയത്?... എന്തിനാ ഒരു ആവ്യശവുമില്ലാതെ  ആനന്ദിനെ വേദനിപ്പിക്കാൻ ശ്രമിച്ചത്? ഇപ്പോൾ നെഞ്ചിൽ മുള്ള് തറച്ച വേദന മാത്രം....
 
വാച്ച്മാൻ അകത്തേക്കു കടത്തി വിട്ടില്ല, കൊറോണ കാരണം പാർക്ക് അടച്ചിരിക്കുകയാണ്.

ഞാൻ ഗാർഡിനിൽ എന്റെ ബെഞ്ചിലേക്ക് നോക്കി നിന്നു,
സൂര്യകാന്തി പൂക്കളെ വലം  വച്ചു  പറക്കുന്ന ഇരുണ്ട നീല കടുവകൾ  -
ചുറ്റിലും അവ പറന്ന് നടക്കുകയാണ്... ഒന്ന് അല്ല, രണ്ടു അല്ല പിന്നെയോ...നൂറു.. നൂറു ചിത്ര ശലഭങ്ങൾ എല്ലാം ഇരുണ്ട നീല കടുവകൾ... സുന്ദരികൾ...

എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി..
ഇവയെ കാണാൻ ആനന്ദ് വന്നില്ലെങ്കിൽ…
വന്നില്ലെങ്കിൽ ...
ഇനി ഒരിക്കലും ആനന്ദിനെ കാണാൻ എനിക്ക് കഴിയില്ല എന്ന സത്യം ഞാൻ മനസ്സിലാക്കി ,
 സത്യം തിരിച്ചറിയുമ്പോൾ  എന്റെ മനസ്സ് ശാന്തമായിരുന്നു.
 
അമ്മയുടെ കാൾ വരുന്നതിനു മുൻപ് തന്നെ, ഞാൻ വീട്ടിലേക്കു തിരിച്ചു.
.
ഇടയ്ക്കു ചിലപ്പോൾ വല്ലാത്ത ഒരു വേദന ഹൃദയത്തിൽ തീ പടർത്തും, അപ്പോഴൊക്കെ  ഞാൻ നൽകുന്ന രണ്ടു തുള്ളി കണ്ണീരുകൊണ്ടു എന്റെ ഹൃദയം തണുത്തുറയും .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക