Image

യൂറോപ്പില്‍ നിയന്ത്രണങ്ങള്‍ക്കെതിരേ പ്രതിഷേധം കനക്കുന്നു

Published on 03 August, 2020
 യൂറോപ്പില്‍ നിയന്ത്രണങ്ങള്‍ക്കെതിരേ പ്രതിഷേധം കനക്കുന്നു

ബ്രസല്‍സ്: കൊറോണവൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന് വിവിധ സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ക്കെതിരേ യൂറോപ്പില്‍ പ്രതിഷേധം ശക്തമാകുന്നു.

മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയ നടപടിയാണ് ഏറെപ്പേരെയും പ്രകോപിപ്പിക്കുന്നത്. ബ്രിട്ടനിലും ജര്‍മനിയിലും ഇതിനെതിരേ പ്രതിഷേധ പ്രകടനങ്ങളും നടത്തി. ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ ആയിരങ്ങളാണ് കോവിഡ് പ്രതിരോധ നടപടികള്‍ക്കെതിരെ തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചത്. മാസ്‌ക് നിബന്ധന ജനങ്ങളുടെ സ്വാതന്ത്ര്യവും അവകാശവും നിഷേധിക്കുന്നതാണെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

'സ്വാതന്ത്ര്യം വേണം' മഹാമാരിയുടെ പേരിലുള്ള നിയന്ത്രണം അവസാനിപ്പിച്ച് സ്വാതന്ത്ര്യം തിരിച്ചു തരണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്നതിനാലാണ് ഒച്ചവയ്ക്കുന്നതെന്നും.. ചിന്തിക്കണമെന്നും... മാസ്‌ക് ധരിക്കരുതെന്നും എഴുതിയ പ്ലക്കാര്‍ഡുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു.

സ്വേച്ഛാധിപത്യത്തിന്റെ പുതിയ മുഖമാണ് മാസ്‌ക് എന്നാണ് ബ്രിട്ടനിലെ പ്രതിഷേധക്കാര്‍ പറഞ്ഞത്. സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിത്. മാസ്‌ക് ഞങ്ങളെ അടിമകളാക്കുകയാണ്, മാസ്‌ക് മുഖമില്ലാതാക്കുന്നു തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ മുഴക്കിയത്.

ജൂലൈ അവസാനമായിരുന്നു ബ്രിട്ടനില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക