Image

ശമ്പള വര്‍ധനവിന് പിന്തുണ അഭ്യര്‍ഥിച്ചു ബ്രിട്ടീഷ് എംപിമാര്‍ക്ക് നിവേദനങ്ങളുമായി യുക്മ

Published on 03 August, 2020
 ശമ്പള വര്‍ധനവിന് പിന്തുണ അഭ്യര്‍ഥിച്ചു ബ്രിട്ടീഷ് എംപിമാര്‍ക്ക് നിവേദനങ്ങളുമായി യുക്മ

ലണ്ടന്‍: യുകെയിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള വര്‍ധനവില്‍ നിന്നും പാടെ അവഗണിക്കപ്പെട്ട നഴ്സിംഗ് ജീവനക്കാര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കാന്‍ സംഘടിത പോരാട്ടങ്ങളുമായി യുക്മ ദേശീയ കമ്മിറ്റി പ്രചാരണ പരിപാടിയുമായി മുന്നോട്ട്.

ഒന്‍പത് ലക്ഷത്തിലധികം വരുന്ന ഇതര പൊതുമേഖലാ ജീവനക്കാര്‍ക്ക് പുതുക്കിയ വേതനം പ്രഖ്യാപിച്ച ബോറിസ് സര്‍ക്കാര്‍, കോവിഡ് - 19 പോരാട്ടത്തില്‍ സ്വന്തം ജീവന്‍ പോലും അവഗണിച്ച് പോരടിച്ച ഒരു ലക്ഷത്തോളം വരുന്ന നഴ്സിംഗ് ജീവനക്കാരെ അവഗണിച്ചത് തികച്ചും അനീതിയും അധാര്‍മികവുമാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ഈ സാഹചര്യത്തില്‍, സര്‍ക്കാരിന്റെ വേതനവര്‍ധനവിലെ അധാര്‍മികത പരിഹരിച്ചുകൊണ്ട് മറ്റു പൊതുമേഖലാ ജീവനക്കാര്‍ക്കൊപ്പം നഴ്സിംഗ് ജീവനക്കാര്‍ക്കും ശമ്പള വര്‍ധനവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യുക്മ ദേശീയ കമ്മിറ്റി പ്രചാരണ പരിപാടികളുമായി മുന്നിട്ടിറങ്ങുകയാണെന്ന് പ്രസിഡന്റ് മനോജ്കുമാര്‍ പിള്ളയും, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസും അറിയിച്ചു.

നഴ്സിംഗ് മേഖലാ ജീവനക്കാര്‍ക്ക് 12.5 ശതമാനം ശമ്പള വര്‍ധനവ് അടിയന്തരമായി നടപ്പിലാക്കുക, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനും 2015 മുതല്‍ ഈടാക്കിയ എന്‍എച്ച്എസ് സര്‍ചാര്‍ജ് തിരികെ നല്‍കുക, പുതുതലമുറ നഴ്സിംഗ് ജീവനക്കാരുടെ കോവിഡ് പോരാട്ടത്തിന് അംഗീകാരമായി നിലവിലുള്ള വര്‍ക്ക് പെര്‍മിറ്റ്, പി ആര്‍ അല്ലെങ്കില്‍ സിറ്റിസണ്‍ഷിപ്പ് ആയി മാറ്റുക, തൊഴില്‍രംഗത്ത് വിവേചനങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തുക, ഇമിഗ്രന്റ് ആരോഗ്യ പ്രവര്‍ത്തകരെ സന്ദര്‍ശിക്കുന്നതിന് നാട്ടിലുള്ള മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നേരിടേണ്ടുന്ന നടപടിക്രമങ്ങള്‍ ലഘൂകരിക്കുക എന്നീ ആവശ്യങ്ങളാണ് യുക്മ ദേശീയ കമ്മിറ്റി പ്രാദേശിക എംപി മാര്‍ക്കുമുന്നില്‍ സമര്‍പ്പിക്കുന്നത്.

ഇതിന്റെ ഭാഗമായി ഇരുനൂറോളം ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നിവവേദനങ്ങള്‍ നേരിട്ട് നല്‍കുവാനുള്ള നടപടികള്‍ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലും താമസിക്കുന്ന മലയാളി നഴ്സ്മാര്‍ വഴിയാണ് നിവേദനങ്ങള്‍ സമര്‍പ്പിക്കുന്നത്. അതോടൊപ്പം മന്ത്രിസഭയിലും പ്രതിപക്ഷത്തും സ്വാധീന ശക്തിയുള്ള എം പി മാരെ നേരിട്ട് ബന്ധപ്പെടുവാന്‍ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിലും ശ്രമങ്ങള്‍ നടക്കുകയാണെന്ന് വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യന്‍ പറഞ്ഞു.

വേതന വര്‍ധനവ് വിഷയത്തില്‍ ഫലപ്രദമായി ഇടപെടുന്നതോടൊപ്പം, പുതുതായി യു കെ യിലെത്തിയ ആയിരക്കണക്കിന് നഴ്സുമാര്‍ക്ക് കുടുംബത്തേയും മാതാപിതാക്കളെയും യു കെ യില്‍ കൊണ്ടുവരുന്നതിന് സഹായകരമാകും വിധം വീസ നിയമങ്ങളില്‍ അടിയന്തരമായി ഇളവ് അനുവദിക്കുന്നതിനുള്ള ശ്രമങ്ങളും യുക്മ ദേശീയ കമ്മിറ്റി തുടങ്ങി വയ്ക്കുകയാണ്. കോവിഡ് പോരാട്ടത്തില്‍ വലിയ പങ്കുവഹിച്ച നഴ്‌സിംഗ് വിഭാഗത്തെ മാനുഷീക പരിഗണയോടെ മാനിക്കുംവിധം രാജ്യം നിലപാടെടുക്കുമെന്നാണ് കരുതുന്നതെന്ന് യുക്മ നഴ്‌സസ് ഫോറം നേതാക്കളായ സാജന്‍ സത്യന്‍, സലീന സജീവ്, സിന്ധു ഉണ്ണി തുടങ്ങിയവര്‍ പറഞ്ഞു.

നഴ്സിംഗ് മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും നീതി ലഭ്യമാക്കുവാന്‍ യുക്മ തുടങ്ങി വച്ചിരിക്കുന്ന കാന്പയിനുകളുമായി പരമാവധി സഹകരിക്കണമെന്ന് യുക്മ ദേശീയ കമ്മിറ്റി അഭ്യര്‍ഥിച്ചു. യുക്മ അംഗ അസോസിയേഷനുകള്‍ ഇല്ലാതെയുള്ള സ്ഥലങ്ങളില്‍ ഉള്ളവര്‍ക്കും കാന്പയിന്റെ ഭാഗമാകണമെന്ന് താല്പര്യമുള്ളവര്‍ക്കും മനോജ്കുമാര്‍ പിള്ള 07960357679, അലക്‌സ് വര്‍ഗീസ് 07985641921)എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സജീഷ് ടോം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക